Thursday, 7 August 2025
അംഗിരോമുനിപ്രണീതം
ശ്രീമന്നാരായണീയമാഹാത്മ്യം
(സ്വതന്ത്ര വ്യാഖ്യാനം - ചേറ്റൂർ മോഹൻ)
ആമുഖം-
ശ്രീകൃഷ്ണഭക്തന്മാർക്കിടയിൽ പ്രചുരപ്രചാരം നേടിയ സംസ്കൃതസ്തോത്രഗ്രന്ഥമാണ് മേൽപുത്തുർ നാരായണ ഭട്ടതിരിപ്പാടിന്റെ ‘നാരായണീയം’. പ്രസ്തുതഗ്രന്ഥത്തിന്റെ രചനയ്ക്ക് ആസ്പദമായ പുരാണസംഭവം അംഗിരസ് മഹർഷി വിവരിയ്ക്കുന്നതാണ് ‘ശ്രീമന്നാരായണീയമാഹാത്മ്യം’ എന്ന ഈ ലഘുകാവ്യം. നാരായണീയപാരായണതത്പരരായ ഭക്തജനങ്ങൾക്ക് ഏറെ ഉപകാരപ്രദമാവുമെന്ന പ്രതീക്ഷയോടെ ഈ വ്യാഖ്യാനം പ്രസിദ്ധീകരിയ്ക്കുന്നു.
ധ്യാനം-1.
ശ്രീകൃഷ്‌ണ കമലാകാന്ത കരുണാവരുണാലയ
വയം ത്വാം ശരണം യാമോ ഹര നോ നിഖിലാമയാൻ.
ഗുരുരൂപ മഹാഭാഗ കഥാകഥനകോവിദ
കർത്തവ്യം ബോധയിത്വാ നോ ജീവിതം സഫലം കുരു.
അർത്ഥം -
ശ്രീകൃഷ്‌ണ! ലക്ഷ്മീപതേ! കരുണാസാഗരമായവനേ! ഞങ്ങൾ അങ്ങയെ ശരണം പ്രാപിയ്ക്കുന്നു; ഞങ്ങളുടെ സർവ്വ ദുഖങ്ങളും ശമിപ്പിച്ചാലും. വിശ്വഗുരുവായ, സർവൈശ്വര്യങ്ങൾക്കും വിളനിലമായ, ഭഗവദ് ഗീതാകഥനത്തിലൂടെ വേദതത്വങ്ങൾ വിളംബരം ചെയ്ത അവിടുന്ന് സ്വകർമ്മങ്ങളെക്കുറിച്ച് ബോധവാന്മാരാക്കി ഞങ്ങളുടെ ജീവിതം സഫലമാക്കിയാലും!
ധ്യാനം- 2.
ശ്രീമന്നാരായണീയേ നിഹിതനിജതനും നിത്യമാർത്തിം ഹരന്തം
ബാലാനാനന്ദയന്തം ഗുരുപവനപുരാധീശമാർദ്രാന്തരംഗം
ബാഹുഭ്യാം ധാരയന്തം പ്രിയതര നവനീതാമൃതം ചാത്മലിലാ-
പൂർണ്ണം ഗ്രന്ഥം ച ഭാന്തം ജനഹൃദയനഭശ്ചന്ദ്രമേകം ഭജേഹം !
അർത്ഥം -
ശ്രീമന്നാരായണീയത്തിൽ വർണ്ണിക്കപ്പെട്ട സ്വരൂപത്തോടുകൂടിയവനും, നിത്യദുരിതങ്ങൾ നീക്കുന്നവനും, ആത്മജ്ഞാനം സിദ്ധിയ്ക്കാത്തവർക്കും ആനന്ദത്തെ പ്രദാനം ചെയ്യുന്നവനും, ഗുരുവായുപുരത്തിന്റെ അധീശനും, കാരുണ്യവും ദീനാനുകമ്പയും നിറഞ്ഞ മനസ്സോടുകൂടിയവനും, തനിക്കേറെ പ്രിയപ്പെട്ട അമൃതതുല്യമായ നറുവെണ്ണയും തന്റെ മഹത് ലീലാവർണ്ണന നിറഞ്ഞ വിശിഷ്ടഗ്രന്ഥവും കൈകളിലേന്തിയവനും, ഭക്തജനങ്ങളുടെ ഹൃദയാന്തരംഗമാകുന്ന ആകാശത്തിൽ വെട്ടിത്തിളങ്ങുന്ന ചന്ദ്രനുമായ ആ ഭഗവത്സ്വരൂപത്തെ ഞാൻ ഭജിയ്ക്കുന്നു.
ഒന്നാമദ്ധ്യായം
വ്യാസ ഉവാച-
ഉൽപ്പത്തിസ്ഥിതിനാശേഷു രജസ്സത്വതമോജുഷേ
അഗുണായ മഹാതാപനാശനായാത്മനേ നമഃ 1
അന്വയം-
ഉൽപ്പത്തിസ്ഥിതിനാശേഷു രജസ്സത്വതമോജുഷേ, അഗുണായ, മഹാതാപനാശനായ ആത്മനേ നമഃ.
അർത്ഥം-
വ്യാസൻ പറഞ്ഞു- പ്രപഞ്ചത്തിന്റെ സൃഷ്ടിയിലും സ്ഥിതിയിലും സംഹാരത്തിലും രജസ്സ്, സത്വം, തമസ്സ്, എന്നീ ഗുണങ്ങളോടുകൂടി വിളങ്ങുന്ന, മോക്ഷദായകനായ, സർവ്വദുഃഖങ്ങളും ശമിപ്പിക്കുന്നവനായ പരമാത്മാവിനെ നമിയ്ക്കുന്നു.
ഋഷിമംഗിരസം കൗത്സഃ കദാചിത് സാധു പൃഷ്‌ടവാൻ
കലിം ദുർവ്വിഷഹം ലോകഃ കഥം ലഘു തരിഷ്യതി 2
അന്വയം-
കൗത്സഃ ഋഷിം അംഗിരസം കദാചിത് സാധു പൃഷ്‌ടവാൻ - ലോകഃ ദുർവ്വിഷഹം കലിം കഥം ലഘു തരിഷ്യതി?
അർത്ഥം-
കൗത്സമുനി, ഒരിക്കൽ അംഗിരസ് മഹർഷിയോട് ബഹുമാനപുരസ്സരം ചോദിച്ചു : ദുസ്സഹമായ കലികാലത്തെ ലോകർ എങ്ങനെയാണ് ക്ലേശം കൂടാതെ തരണം ചെയ്യുക?
തദാ ഖലു പുരാണാനാം പ്രചാരോ വാ ഭവേദപി
താംസ്താംശ്ച മഹതോ ഗ്രന്ഥാൻ ശ്രോതും കശ്ശക്നുയാജ്ജനഃ 3
അന്വയം-
തദാ ഖലു പുരാണാനാം പ്രചാര: ഭവേത് വാ അപി, താൻ താൻ ച മഹത: ഗ്രന്ഥാൻ ശ്രോതും ക: ജനഃ ശക്നുയാത് ?
അർത്ഥം-
ആ കാലത്ത് പുരാണങ്ങൾക്ക് പ്രചാരം ഉണ്ടാവുമെന്നിരിക്കിലും ആ വലിയ ഗ്രന്ഥങ്ങൾ വായിച്ചുകേൾക്കാൻ ജനങ്ങൾക്ക് കഴിയുമോ?
അംഗിര ഉവാച-
ജ്ഞാനേനാത്മനി പശ്യാമി തവ പ്രശ്‌നസ്യ നിർണ്ണയം
വ്യാസവാക്യേന തൽസർവ്വം വക്ഷ്യാമി ശ്രുണു സാമ്പ്രതം 4
അന്വയം-
അംഗിര ഉവാച- തവ പ്രശ്‌നസ്യ നിർണ്ണയം ജ്ഞാനേന ആത്മനി പശ്യാമി. തത് സർവ്വം വ്യാസവാക്യേന വക്ഷ്യാമി- സാമ്പ്രതം ശ്രുണു.
അർത്ഥം-
അംഗിരസ് മഹർഷി പറഞ്ഞു- താങ്കളുടെ പ്രശ്നത്തിനുള്ള പരിഹാരം ജ്ഞാനദൃഷ്ടിയാൽ എന്റെ മനസ്സിൽ തെളിയുന്നുണ്ട്. അതൊക്കെയും വ്യാസമുനിയുടെ വാക്കുകളിലൂടെത്തന്നെ പറയാം- ഇതാ കേട്ടോളൂ-
വ്യാസ ഉവാച-
പാവനീമിലിതാ യത്ര ഗംഗാ യമുനയാ സഹ
തത്ര പുണ്യതമേ ദേശേ കദാചിദൃഷിസത്തമാഃ 5
അന്വയം-
വ്യാസ ഉവാച- യത്ര പാവനീ ഗംഗാ യമുനയാ സഹ മിലിതാ, പുണ്യതമേ തത്ര ദേശേ കദാചിദൃഷിസത്തമാഃ ….
അർത്ഥം-
വ്യാസമുനി പറഞ്ഞു - പാവനീ നദിയും ഗംഗയും യമുനയുമായി കൂടിച്ചേരുന്ന ആ പുണ്യദേശത്ത് ഒരിക്കൽ മുനിശ്രേഷ്ഠന്മാർ… …………
തപോനിരസ്‌തദുരിതാ ദയാവന്തസ്സുനിർമ്മലാഃ
ജഗതാം ഹിതമിച്ഛന്തസ്സതതം വ്രതശാലിനഃ 6
അന്വയം-
തപ:, നിരസ്‌തദുരിതാ:, ദയാവന്ത:, സുനിർമ്മലാഃ, ജഗതാം ഹിതം ഇച്ഛന്ത:, സതതം വ്രതശാലിനഃ ….
അർത്ഥം-
സിദ്ധരും, സർവദുഃഖങ്ങളും അകന്നവരും, കാരുണ്യവാന്മാരും, ശുദ്ധമാനസരും ലോകനന്മയിൽ മാത്രം തല്പരരായവരും സദാ വ്രതനിഷ്ഠയുള്ളവരുമായ ….
കലിദോഷപ്രശമനം നിഃശ്രേയസകരം പരം
ബഹുവത്സരനിർവ്വർത്യം മഹാസത്രം വിതേനിരേ 7
അന്വയം-
കലിദോഷപ്രശമനം, പരം നിഃശ്രേയസകരം, ബഹുവത്സര-നിർവ്വർത്യം മഹാസത്രം വിതേനിരേ.
അർത്ഥം-
(മുനിശ്രേഷ്ഠന്മാർ) കലിദോഷങ്ങളെയെല്ലാം ശമിപ്പിക്കുന്നതും, പരമമായ മോക്ഷം പ്രദാനം ചെയ്യുന്നതും, വർഷങ്ങളോളം നീണ്ടുനിൽക്കുന്നതുമായ മഹായാഗം നടത്തി.
സമസ്‌തദുരിതച്ഛേദി ഭവാമയമഹൗഷധം
സർവ്വലോകഹിതം ബുദ്ധ്വാ വർത്തമാനം തദദ്‌ഭുതം 8
അന്വയം-
സമസ്‌തദുരിതച്ഛേദി ഭവാമയമഹൗഷധം സർവ്വലോകഹിതം തദദ്‌ഭുതം വർത്തമാനം ബുദ്ധ്വാ………
അർത്ഥം-
സർവ്വദുരിതങ്ങളും ഇല്ലാതാക്കുന്നതും, എല്ലാ പ്രാപഞ്ചിക ദുഃഖങ്ങൾക്കും പരിഹാരമായതും, എല്ലാ ലോകർക്കും ഹിതകരമായതുമായ ആ അദ്‌ഭുതവാർത്തയെക്കുറിച്ച് കേട്ടറിഞ്ഞ്….
ശിഷ്യോ മഹർഷേർവ്യാസസ്യ സൂതഃ സർവ്വപുരാണവിത്
കൗതുകാദാഗതസ്‌തത്ര ദിദ്യക്ഷുർമ്മുനിമണ്ഡലം 9
അന്വയം-
സർവ്വപുരാണവിത്, മഹർഷേ: വ്യാസസ്യ ശിഷ്യ: സൂതഃ കൗതുകാത് മുനിമണ്ഡലം ദിദ്യക്ഷു: തത്ര ആഗത:
അർത്ഥം-
സർവ്വപുരാണങ്ങളിലും അവഗാഹം നേടിയ പണ്ഡിതനും, വ്യാസമഹർഷിയുടെ ശിഷ്യനുമായ സൂതമുനി അതീവ താത്പര്യത്തോടെ മഹർഷിമാരുടെ സംഘത്തെ കാണുവാൻ ആഗ്രഹിച്ചുകൊണ്ട് അവിടെ വന്നുചേർന്നു.
തേ ച തത്ര സമായാന്തം മുനയോ ഹർഷതുന്ദിലാഃ
നിരീക്ഷ്യ സത്വരതരാഃ സദകുർവ്വത സാധു തം 10
അന്വയം-
തത്ര ച സമായാന്തം തം നിരീക്ഷ്യ ഹർഷതുന്ദിലാഃ തേ മുനയ: സത്വരതരാഃ സാധു സത് അകുർവ്വത.
അർത്ഥം-
അവിടെ വന്നുചേർന്ന അദ്ദേഹത്തെ(സൂതമുനിയെ) കണ്ടപ്പോൾ ആഹ്ലാദഭരിതരായ ആ മുനിമാർ പെട്ടെന്നുതന്നെ ഏറെ ബഹുമാനത്തോടെ സ്വീകരിച്ചു.
പ്രഗൃഹ്യ ച സമാസീനം സപര്യാം പ്രീതമാനസം
പ്രോചുശ്ച മുനിവര്യാസ്തേ വചനം വിനയാന്വിതാഃ 11
അന്വയം-
സമാസീനം സപര്യാം പ്രഗൃഹ്യ ച പ്രീതമാനസം വിനയാന്വിതാഃ തേ മുനിവര്യാ:ച വചനം പ്രോചു: .
അർത്ഥം-
വിധിയാംവണ്ണം ചെയ്ത ഉപചാരങ്ങളെല്ലാം ഏറ്റുവാങ്ങി ഏറെ സന്തുഷ്ടചിത്തനായ മുനിയോട് വിനയാന്വിതരായ ആ ഋഷിമാർ ഇങ്ങനെ പറഞ്ഞു- .
ഋഷയ ഊചു:
ഹേ സൂത സ്വാഗതം തേസ്‌തു സുദിനം ജാതമദ്യ നഃ
ധന്യാശ്ച വയമേതേ ത്വം സഹസാ യദിഹാഗതഃ 12
അന്വയം-
ഹേ സൂത! തേ സ്വാഗതം അസ്‌തു; നഃ അദ്യ സുദിനം ജാത: . ത്വം യദ് ഇഹ സഹസാ ആഗതഃ ഏതേ വയം ധന്യാ: ച.
അർത്ഥം-
ഋഷിമാർ പറഞ്ഞു- അല്ലയോ സൂതമുനേ! അവിടത്തേക്കു സുസ്വാഗതം അരുളുന്നു. ഞങ്ങൾക്കിന്നു സുദിനമായി ഭവിച്ചിരിക്കുന്നു. താങ്കൾ ഇത്ര പെട്ടെന്ന് ഇവിടെ വന്നുചേർന്നതിൽ ഞങ്ങൾ ധന്യരാണ്.
വ്യാസസ്യ പ്രിയശിഷ്യത്വാദ്വിചിത്രാണാം ത്വമാകരഃ
കഥാനാം ചാരുമഹസാം മണീനാമിവ സാഗരഃ 13
അന്വയം-
വ്യാസസ്യ പ്രിയശിഷ്യത്വാത് ത്വം വിചിത്രാണാം കഥാനാം ആകരഃ ; സാഗരഃ ചാരുമഹസാം മണീനാം ഇവ.
അർത്ഥം-
സമുദ്രം, ചാരുതയാർന്ന വിശിഷ്ടരത്നങ്ങളുടെ എന്ന പോലെ, വ്യാസമഹർഷിയുടെ പ്രിയശിഷ്യനായതിനാൽ അവിടുന്ന് ശ്രേഷ്ഠമായ കഥകളുടെ കലവറ തന്നെയാണ്.
യച്ച ഭൂതം യച്ച ഭാവി വർത്തമാനം ച ഭാതി യത്
ത്വയാ നാവിദിതം കിഞ്ചിദസ്‌തി ലോകേഷു സാമ്പ്രതം 14
അന്വയം-
സാമ്പ്രതം ലോകേഷു യത് ച ഭൂതം, യത് ച ഭാവി, യത് ച വർത്തമാനം ഭാതി, ത്വയാ അവിദിതം കിഞ്ചിത് ന അസ്‌തി.
അർത്ഥം-
ലോകത്ത് പണ്ടുകാലത്തു എന്തെന്തൊക്കെ സംഭവിച്ചു, ഭാവിയിൽ എന്തെന്തൊക്കെ സംഭവിക്കാൻ പോകുന്നു, ഇപ്പോൾ എന്തെന്തൊക്കെ സംഭവിച്ചുകൊണ്ടിരിയ്ക്കുന്നു അതിലൊക്കെയും താങ്കൾക്കറിവില്ലാത്തതായി ഇപ്പോൾ, യാതൊന്നുമില്ല;
അസ്‌മദ്ഭാഗ്യമഹിമ്നൈവ സമ്പ്രത്യാഗതവാനസി
ശുഭാശുഭേദ്യ ലോകാനാം ശ്രോതവ്യം കിഞ്ചിദസ്‌തി നഃ 15
അന്വയം-
അസ്‌മദ് ഭാഗ്യമഹിമ്നാ ഏവ സമ്പ്രതി ത്വം ആഗതവാൻ അസി. അദ്യ ലോകാനാം ശുഭാശുഭേ നഃ കിഞ്ചിത് ശ്രോതവ്യം അസ്‌തി.
അർത്ഥം-
ഞങ്ങളുടെ ഭാഗ്യാതിരേകം ഒന്നുകൊണ്ടുമാത്രമാണ് അവിടുന്നു ഇപ്പോൾ ഇവിടെ വന്നുചേർന്നിരിക്കുന്നത്. ലോകരുടെ ശുഭാശുഭങ്ങളെക്കുറിച്ച് അല്പമെങ്കിലും കാര്യങ്ങൾ ഞങ്ങൾക്ക് കേട്ടാൽക്കൊള്ളാമെന്നുണ്ട്.
കലാവിഹ യുഗേ ഘോരേ സമ്പ്രാപ്‌തേ ദുരിതാകരേ
വർണാശ്രമാചാരരിപൗ വിഷ്‌ണുഭക്തിവിഘാതിനി 16
അന്വയം-
വർണാശ്രമാചാരരിപൗ വിഷ്‌ണുഭക്തിവിഘാതിനി ഘോരേ ദുരിതാകരേ കലൗ യുഗേ ഇഹ സമ്പ്രാപ്‌തേ….
അർത്ഥം-
വർണാശ്രമാചാരങ്ങളോടുള്ള ശത്രുതയും വിഷ്ണുഭക്തി- യോടുള്ള വിരോധവും അതികഠിനങ്ങളായ ദുരിതങ്ങളുടെ ആധിക്യവും നിറഞ്ഞുനിൽക്കുന്ന ഈ കലിയുഗം വന്നണയുമ്പോൾ…..
കുകർമ്മനിരതോ നിത്യം സ്വാർത്ഥപൂരണതൽപരഃ
നിപതേന്നിരയേ ലോകോ നൈതി ജാതു പരാം ഗതിം 17
അന്വയം-
കുകർമ്മനിരത:, നിത്യം സ്വാർത്ഥപൂരണതൽപരഃ, ലോക: നിരയേ നിപതേത്; ജാതു പരാം ഗതിം ന ഏതി.
അർത്ഥം-
ദുഷ്ക്കർമ്മങ്ങളിൽ വ്യാപൃതരായി, സ്വന്തം കാര്യങ്ങൾ നേടിയെടുക്കുന്നതിൽ മാത്രം തത്പരരായി ജനങ്ങൾ നരകത്തിൽ ചെന്ന് പതിയ്ക്കുന്നു; ഒരിക്കലും പരമമായ സദ്- ഗതിയെ പ്രാപിയ്ക്കുന്നില്ല.
ന കോപി സുകൃതം കർത്തും ശക്നോതി കലിവൈഭവാത്
അതഃ കിമത്ര നഃ കാര്യം വക്തവ്യം തദിദം ത്വയാ 18
അന്വയം-
കലിവൈഭവാത് കോപി സുകൃതം കർത്തും ന ശക്നോതി; അതഃ നഃ അത്ര കിം കാര്യം (കർത്തവ്യം), തത് ഇദം ത്വയാ വക്തവ്യം.
അർത്ഥം-
കലിയുടെ പ്രഭാവത്താൽ സൽക്കർമ്മങ്ങൾ ഒന്നുംതന്നെ ചെയ്യുവാൻ കഴിയുന്നില്ല; അതിനാൽ ഞങ്ങൾ ഇപ്പോൾ എന്താണ് ചെയ്യേണ്ടുന്നത് എന്ന് അവിടുന്നു പറഞ്ഞുതന്നാലും.
ശ്രീ സൂത ഉവാച-
സദൃശം ഭവതാമേതത് ജഗതാം ഹിതമിച്ഛതാം
കദാചിത് ജ്ഞാതമപ്യർത്ഥം പരം പൃച്ഛന്തി പണ്ഡിതാഃ 19
അന്വയം-
ശ്രീ സൂത ഉവാച- ജഗതാം ഹിതം ഇച്ഛതാം ഭവതാം ഏതത് സദൃശം; പരം ജ്ഞാതം അപി പണ്ഡിതാഃ കദാചിത് അർത്ഥം പൃച്ഛന്തി.
അർത്ഥം-
സൂതമുനി പറഞ്ഞു- ജനങ്ങളുടെ ഇംഗിതം ആഗ്രഹിയ്ക്കുന്ന ഭവാന്മാരുടെ ഈ ആവശ്യം യുക്തം തന്നെ; എല്ലാം അറിയുന്ന പണ്ഡിതർ പോലും ചിലപ്പോൾ സംശയങ്ങൾ ഉന്നയിക്കാറുണ്ട്.
യദർത്ഥമനുയുക്തോഹമിദം സാധു വദാമി വഃ
ശ്യണുതാവഹിതാസ്സന്തസ്സംശയാനാം നിരസ്‌തയേ 20
അന്വയം-
യത് അർത്ഥം അനുയുക്ത: അഹം ഇദം സാധു വദാമി; വഃ സന്ത: അവഹിതാ: സംശയാനാം നിരസ്‌തയേ ശ്യണുത.
അർത്ഥം-
യുക്തമായ പരിഹാരം ഞാൻ ഇപ്പോൾ വ്യക്തമായി പറഞ്ഞു തരാം; സദ്വൃത്തികളായ നിങ്ങളുടെ സംശയനിവാരണത്തിനായി ഇത് കേട്ടാലും-
അസ്‌തി ഭാഗവതം നാമ പുരാണം ഗുരുണാ കൃതം
നിഃശ്രേയസകരം സന്തഃ കലൗ കലുഷചേതസാം 21
അന്വയം-
കലൗ കലുഷചേതസാം സന്തഃ നിഃശ്രേയസകരം ഗുരുണാ കൃതം ഭാഗവതം നാമ പുരാണം അസ്‌തി.
അർത്ഥം-
കലികാലത്ത് മാനസവ്യഥ അനുഭവിയ്ക്കുന്ന സജ്ജനങ്ങൾക്ക് ശാന്തിയും സമാധാനവും പ്രദാനം ചെയ്യുന്ന, ഗുരുവര്യനാൽ രചിക്കപ്പെട്ട ഭാഗവതം എന്നൊരു പുരാണഗ്രന്ഥമുണ്ട്.
സമേപി യാന്തി തച്ഛ്റുത്വാ സപ്‌താഹേന പരാം ഗതിം
തന്നാന്വേഷ്ടവ്യമപരം സത്യസ്‌മിൻ സർവ്വസിദ്ധിദേ 22
അന്വയം-
തത് സപ്‌താഹേന ശ്രുത്വാ സമേപി പരാം ഗതിം യാന്തി.സർവ്വസിദ്ധിദേ തത് സതി, അസ്‌മിൻ അപരം ന അന്വേഷ്ടവ്യം.
അർത്ഥം-
അത് (ഭാഗവതപുരാണം) ഏഴു ദിവസങ്ങൾ കേൾക്കുന്ന സർവരും പരമമായ മോക്ഷത്തെ പ്രാപിയ്ക്കുന്നു. സർവസിദ്ധിപ്രദായകമായ ഈ മാർഗമുള്ളപ്പോൾ ഇതിന്നായി മറ്റൊരു പോംവഴി തേടേണ്ടതില്ല.
സഹസ്രബ്രഹ്മഹാ വാപി യച്ഛ്റുത്വാ യാതി സദ്‌ഗതിം
തന്നാന്വേഷ്ടവ്യമപരം സത്യസ്‌മിൻ സർവ്വസിദ്ധിദേ 23
അന്വയം-
സഹസ്രബ്രഹ്മഹാ വാ അപി യത് ശ്രുത്വാ സദ്‌ഗതിം യാതി; സർവ്വസിദ്ധിദേ തത് സതി, അസ്‌മിൻ അപരം ന അന്വേഷ്ടവ്യം.
അർത്ഥം-
ആയിരം ബ്രഹ്മഹത്യ നടത്തിയവർപോലും ഇത് കേൾക്കുന്നപക്ഷം പരമമായ മോക്ഷത്തെ പ്രാപിയ്ക്കുന്നു.
ഋഷയ ഊചു:-
യദഭ്യധായി ഭവതാ സത്യമേതന്ന സംശയഃ
ഇദമേവാത്ര പര്യാപ്‌തം ലോകാനാം ശിവസിദ്ധയേ 24
അന്വയം-
ഋഷയ ഊചു- യത് ഭവതാ അഭ്യധായി, ഏതത് സത്യം ന സംശയഃ. ലോകാനാം ശിവസിദ്ധയേ ഇദം ഏവ അത്ര പര്യാപ്‌തം.
അർത്ഥം-
ഋഷിമാർ പറഞ്ഞു- താങ്കൾ പറഞ്ഞത് സത്യം തന്നെ എന്നതിൽ സംശയലേശമില്ല; ജനങ്ങളുടെ മംഗള-സിദ്ധിയ്ക്ക് ഇതു പര്യാപ്തമാണ്.
കിന്തു കാലേന കിയതാ കലൗ പ്രബലതാം ഗതേ
ഭവിഷ്യന്തി ജനാസ്സർവേ ലലനാമദ്യതത്പരാഃ 25
അന്വയം-
കിന്തു കലൗ പ്രബലതാം ഗതേ, കിയതാ കാലേന സർവേ ജനാ: ലലനാമദ്യതത്പരാഃ ഭവിഷ്യന്തി.
അർത്ഥം-
എന്നാൽ, കലി ശക്തി പ്രാപിയ്ക്കുന്നതോടെ ചുരുങ്ങിയ കാലത്തിനുള്ളിൽ ജനങ്ങൾ എല്ലാവരും സ്ത്രീ-മദ്യവിഷയതത്പരരായിത്തീരുന്നു.
പരാപകാരനിരതാഃ പരദാരാപഹാരിണഃ
വിമുക്തസ്വകുലാചാരാ നാസ്‌തികാഃ പണ്ഡിതബ്രുവാഃ 26
അന്വയം-
പരാപകാരനിരതാഃ, പരദാരാപഹാരിണഃ, വിമുക്ത- സ്വകുലാചാരാ:, നാസ്‌തികാഃ, പണ്ഡിതബ്രുവാഃ..
അർത്ഥം-
അന്യർക്ക് നിരന്തരം ദ്രോഹം ചെയ്യുന്നവരും, അന്യന്റെ ഭാര്യയെ അപഹരിയ്ക്കുന്നവരും, സ്വന്തം കുലധർമ്മങ്ങൾ വർജ്ജിയ്ക്കുന്നവരും, ഈശ്വരന്റെ അധീശത്വം അംഗീകരിയ്ക്കാത്തവരും, സ്വയം പണ്ഡിതരെന്നു മേനി നടിയ്ക്കുന്നവരും…
അനധീതാഗമാ വ്യഗ്രാശ്ചപലാ മാരകിങ്കരാഃ
സത്ക്കർമ്മവിമുഖാഃ പാപാ വിഷ്‌ണുഭക്തിവിവർജിതാഃ 27
അന്വയം-
അനധീതാഗമാ:, വ്യഗ്രാ:, ചപലാ:, മാരകിങ്കരാഃ, സത്ക്കർമ്മവിമുഖാഃ, പാപാ, വിഷ്‌ണുഭക്തി-വിവർജിതാഃ …
അർത്ഥം-
വേദജ്ഞാനം ഇല്ലാത്തവരും മനഃശാന്തി നഷ്ടപ്പെട്ടവരും, ചഞ്ചലചിത്തരും, കാമത്തിന്നടിമപ്പെട്ടവരും, നല്ല പ്രവൃത്തികൾ ചെയ്യുന്നതിൽ വിമുഖരും, ദുഷ്ടരും, വിഷ്ണുഭക്തിയില്ലാത്തവരും…..
പുരാതനം കവികുലം ഹസന്തോ മന്ദബുദ്ധയഃ
ശ്രുതിസ്‌മൃതിപുരാണാനി നിന്ദന്തോ നിരപത്രപാഃ 28
അന്വയം-
പുരാതനം കവികുലം ഹസന്ത:, മന്ദബുദ്ധയഃ, ശ്രുതിസ്‌മൃതിപുരാണാനി നിന്ദന്ത:, നിരപത്രപാഃ….
അർത്ഥം-
പൂർവകാലകവിസമൂഹത്തെ പരിഹസിയ്ക്കു-ന്നവരും, മന്ദബുദ്ധികളായവരും, വേദ-ശാസ്ത്ര-പുരാണങ്ങളെ നിന്ദിയ്ക്കുന്നവരും, എന്ത് ഹീനകൃത്യത്തിനും മുതിരുന്നവരും…
കുകർമ്മനിരതാസ്സന്തോ നരകാദപി നിർഭയാഃ
ഭൂമേർഭാരായമാണാശ്ച ഭ്രമിഷ്യന്തി തതസ്‌തതഃ 29
അന്വയം-
കുകർമ്മനിരതാ;, അസന്ത:, നരകാദപി നിർഭയാഃ, ഭൂമേ: ഭാരായമാണാ: , തതസ്‌തതഃ ഭ്രമിഷ്യന്തി ച….
അർത്ഥം-
ദുഷ്ക്കർമ്മങ്ങളിൽ വ്യാപൃതരായവരും, നരകത്തെ-പ്പോലും ഭയക്കാത്തവരും, ഭൂമീദേവിയ്ക്കു ഭാരമായവരും, അവിടെയും ഇവിടെയും അലഞ്ഞുനടക്കുന്നവരും (ആയിത്തീരും).
വിസ്‌തീർണ്ണമർത്ഥബഹുളമിദം ഭാഗവതം തദാ
ശ്രോതും ജനാ ന ശക്ഷ്യന്തി നിഖിലേനാകുലാശയാഃ 30
അന്വയം-
തദാ വിസ്‌തീർണ്ണം, അർത്ഥബഹുളം , ഇദം ഭാഗവതം നിഖിലേന ശ്രോതും ആകുലാശയാഃ ജനാ: ന ശക്ഷ്യന്തി.
അർത്ഥം-
ആ അവസ്ഥയിൽ ബൃഹത്തായ,അർത്ഥസമ്പുഷ്ടമായ ഈ ഭാഗവതം മുഴുവനായും കേൾക്കാൻ വിവിധവിചാരവികാരങ്ങളാൽ മഥിയ്ക്കപ്പെട്ട മനസ്സുമായി ജീവിയ്ക്കുന്ന ജനങ്ങൾക്ക് കഴിയുന്നില്ല.
അതഃ കിമത്ര കർത്തവ്യം തദാ ശ്രേയസ്‌കരം നൃണാം
ലഘു ചാന്യദശക്യം വാ വിധാതും സർവ്വമുച്യതാം 31
അന്വയം-
അതഃ തദാ അത്ര നൃണാം ലഘു ശ്രേയസ്‌കരം ച കിം കർത്തവ്യം,, അന്യദ് വിധാതും അശക്യം വാ സർവം ഉച്യതാം.
അർത്ഥം-
അതിനാൽ,ഇവിടെമനുഷ്യർക്ക് ശ്രേയസ്കരമായി എന്താണ് ചെയ്യുവാൻ കഴിയുക, അഥവാ മറ്റൊന്നും ചെയ്യുവാൻ നിർവാഹമില്ല എന്നാണോ- ഇതെല്ലാംതന്നെ പറഞ്ഞാലും.
സൂത ഉവാച-
ഇദമേവ ഭൃശം നാസ്‌തി പരം പരമപാവനം
വിധാതും കിഞ്ചിദന്യത്തു ഗുരുണാപി ന ശക്യതേ 32
അന്വയം-
സൂത ഉവാച- ഇദം ഏവ ഭൃശം; പരമപാവനം പരം ന അസ്‌തി; കിഞ്ചിദ് അന്യദ് തു വിധാതും ഗുരുണാ അപി ന ശക്യതേ.
അർത്ഥം-
സൂതമുനി പറഞ്ഞു- ഇതൊക്കെത്തന്നെ മതിയാകുന്നതാണ്- ഇതിലും പരിപാവനമായി മറ്റൊന്നില്ല; ഇതിലും മെച്ചപ്പെട്ട മറ്റൊന്ന് വിധിക്കുവാൻ ഗുരുവിനുപോലും കഴിയുകയില്ല.
തഥാപി മുനയശ്ചിത്തേ ചിന്താം കുരുത മാ ചിരം
യതസ്സ ഭഗവാനേവ പാതീദം സചരാചരം 33
അന്വയം-
തഥാപി മുനയ: ചിത്തേ ചിരം ചിന്താം മാ കുരുത; യത: സ: ഭഗവാൻ ഏവ ഇദം സചരാചരം പാതി.
അർത്ഥം-
എന്നിരുന്നാലും മുനിമാരേ, നിങ്ങൾ മനസ്സിൽ ഏറെക്കാലം ഈ ചിന്ത വെച്ചുകൊണ്ടിരിക്കേണ്ടതില്ല; എന്തെന്നാൽ സർവശക്തനായ ആ ഭഗവാൻ തന്നെയാണ് ഇവിടെ സർവ ചരാചരങ്ങളേയും പരിപാലിയ്ക്കുന്നത്.
ഇദമേവ സുസംക്ഷിപ്‌തം വ്യാസഃ കാലേ കരിഷ്യതി
ഏകാഹേനൈവ സകലം ശ്രോതും ശക്യം യഥാ ജനൈഃ 34
അന്വയം-
വ്യാസഃ ഏവ ഇദം സുസംക്ഷിപ്‌തം കാലേ കരിഷ്യതി; യഥാ ജനൈഃ ഏക അഹേന ഏവ സകലം ശ്രോതും ശക്യം.
അർത്ഥം-
വ്യാസഗുരുതന്നെ ജനങ്ങൾക്ക് ഒരു ദിവസം കൊണ്ടു മുഴുവൻ കേൾക്കാൻ കഴിയുന്ന വിധത്തിൽ ഇതിനെ യഥാസമയത്ത് നല്ലവണ്ണം സംക്ഷേപിയ്ക്കുന്നതാണ്.
നാരായണേന വിഭുനാ തഥാജ്ഞപ്‌തസ്സ മദ്ഗുരുഃ
അതോ ഭവത്ഭിരധുനാ വിചാരോ ന വിധീയതാം 35
അന്വയം-
സ: മദ് ഗുരുഃ നാരായണേന വിഭുനാ തഥാ ആജ്ഞപ്‌ത: ; അത: ഭവദ്ഭി: അധുനാ വിചാര: ന വിധീയതാം.
അർത്ഥം-
അപ്രകാരം ചെയ്യാൻ സാക്ഷാൽ ഭഗവാൻ നാരായണനാൽ എന്റെ ഗുരുനാഥൻ ആജ്ഞാപിക്കപ്പെട്ടിരിയ്ക്കുന്നു; ; അതിനാൽ ഇക്കാര്യമോർത്ത് ഭവാന്മാർ ഒട്ടുംതന്നെ വിഷമിക്കണ്ടതില്ല.
യദാ ധർമ്മ: ക്ഷയം യാതി വൃദ്ധിമേതി തഥേതരഃ
തദാ തു ഭഗവാനത്ര കിം ന തം പാതി ശാശ്വതം 36
അന്വയം-
യദാ ധർമ്മ: ക്ഷയം യാതി; തഥാ ഇതരഃ വൃദ്ധിം ഏതി; തദാ തു ഭഗവാൻ അത്ര ശാശ്വതം തം ന പാതി കിം?
അർത്ഥം-
എപ്പോഴൊക്കെ ധർമ്മം ക്ഷയിയ്ക്കുന്നുവോ; എപ്പോഴൊക്കെ അധർമ്മം വർദ്ധിയ്ക്കുന്നുവോ, അപ്പോഴൊക്കെ ഭഗവാൻ ആ പരമധർമ്മത്തെ രക്ഷിയ്ക്കാറില്ലേ?
ഋഷയ ഊചു:
സൂത സൂത മഹാഭാഗ വ്യാസശിഷ്യ ദയാനിധേ
ന യാമസ്തൃപ്തിമധുനാ തതസ്സർവ്വം വദസ്വ നഃ 37
അന്വയം-
ഋഷയ ഊചു: - സൂത! സൂത! മഹാഭാഗ! വ്യാസശിഷ്യ! ദയാനിധേ! അധുനാ തൃപ്തീം ന യാമ: . തത: സർവ്വം നഃ വദസ്വ .
അർത്ഥം-
ഋഷിമാർ പറഞ്ഞു- അല്ലയോ സൂതമുനേ! മഹാത്മാവേ! വ്യാസമഹർഷിയുടെ ശിഷ്യനും ദയാനിധിയുമായവനേ! ഞങ്ങൾക്ക് തൃപ്തി കൈവരുന്നില്ലല്ലോ. അതിനാൽ ഞങ്ങൾക്ക് എല്ലാ കാര്യങ്ങളും വിശദമാക്കിത്തന്നാലും.
മന്ദാ നയന്തി തം കാലം ചിന്തയൈവ ദുരന്തയാ
അമന്ദാ ഹി കഥാം സാധു ശൃണ്വന്തസ്സജ്ജനോദിതാം 38
അന്വയം-
മന്ദാ തം കാലം ദുരന്തയാ ചിന്തയാ ഏവ നയന്തി; അമന്ദാ ഹി സജ്ജനോദിതാം കഥാം സാധു ശൃണ്വന്ത: (നയന്തി).
അർത്ഥം-
കലികാലത്തിൽ അല്പബുദ്ധികൾ ദുഷ്ചിന്തകളിൽ മുഴുകി ജീവിതം തള്ളിനീക്കുന്നു. ബുദ്ധിമാന്മാരാവട്ടെ, സജ്ജനങ്ങൾ പറയുന്ന കഥകൾ ശ്രവിച്ച് നല്ല രീതിയിൽ കാലം നയിയ്ക്കുന്നു.
നാരായണസ്സ ഭഗവാൻ മുനിം സത്യവതീസുതം
ആദിഷ്‌ടവാൻ യഥാ തച്ച ശ്രോതും കൗതുകമസ്‌തി നഃ 39
അന്വയം-
സ: ഭഗവാൻ നാരായണ: സത്യവതീസുതം മുനിം യഥാ ആദിഷ്‌ടവാൻ, തത് ച ശ്രോതും നഃ കൗതുകം അസ്‌തി.
അർത്ഥം-
എന്താണോ ആ സാക്ഷാൽ ഭഗവാൻ നാരായണൻ സത്യവതീപുത്രനായ മഹാമുനിയോട് കല്പിച്ച-രുളിയത്, അത് കേൾക്കുവാൻ ഞങ്ങൾക്ക് കൗതുകം ഉണ്ട്.
സൂത ഉവാച
ഭവദ്‌ഭിഃ സാധു പൃഷ്‌ടം തത് കാർത്സ്ന്യേനൈവ വദാമി വഃ
പൃച്ഛതാമേവ വക്തവ്യമിതി മേ ഗുരുണോദിതം 40
അന്വയം-
സൂത ഉവാച - ഭവദ്‌ഭിഃ സാധു പൃഷ്‌ടം. തത് കാർത്സ്ന്യേന ഏവ വഃ വദാമി. പൃച്ഛതാം ഏവ വക്തവ്യം ഇതി മേ ഗുരുണാ ഉദിതം.
അർത്ഥം-
സൂതമുനി പറഞ്ഞു- ഭവാന്മാർ ചോദിച്ചത് യുക്തം തന്നെ. അതെല്ലാം വിശദമായിത്തന്നെ നിങ്ങൾക്ക് പറഞ്ഞുതരാം. ചോദിച്ചവർക്കു മാത്രമേ മറുപടി നൽകാവൂ എന്ന് എന്റെ ഗുരു ഉപദേശിച്ചിട്ടുണ്ട്.
വന്ദമാനം ദയാമൂർത്തിം വ്യാസമാഹൂയ ജാതുചിത്
നാരായണസ്സ ഭഗവാനുവാച പ്രാഞ്ജലിം വചഃ 41
അന്വയം-
ജാതുചിത് ദയാമൂർത്തിം പ്രാഞ്ജലിം വന്ദമാനം വ്യാസം ആഹൂയ സ: ഭഗവാൻ നാരായണ: വചഃ ഉവാച.
അർത്ഥം-
ഒരിക്കൽ കൈകൂപ്പി വന്ദിച്ചു നിൽക്കുന്ന ദയാമൂർത്തിയായ വ്യാസമുനിയെ അടുത്തുവിളിച്ച് ആ ഭഗവാൻ നാരായണൻ ഈ വാക്കുകൾ പറഞ്ഞു-
നാരായണ ഉവാച-
മുനേ ഭാഗവതം നാമ പുരാണം യത്ത്വയാ കൃതം
മദ്ഭക്തിജനകം പുണ്യം മത്പ്രീതികരമുത്തമം 42
അന്വയം-
നാരായണ ഉവാച- മുനേ! മദ്ഭക്തിജനകം, പുണ്യം, മദ് പ്രീതികരം, ഉത്തമം, ഭാഗവതം നാമ പുരാണം, യത് ത്വയാ കൃതം…
അർത്ഥം-
ഭഗവാൻ നാരായണൻ പറഞ്ഞു- മഹാമുനേ! എന്നിൽ ഭക്തി വർദ്ധിപ്പിയ്ക്കുന്നതും പുണ്യകരവും എനിയ്ക്ക് ഏറ്റവും പ്രിയപ്പെട്ടതും ഉത്തമവും താങ്കൾ രചിച്ചതുമായ ഭാഗവതം എന്ന പുരാണം ...
കലൗ സൽക്കർമ്മഹീനാനാം സർവ്വസിദ്ധികരം നൃണാം
സപ്‌താഹേന ശ്രുതമിദം ഭവിതാ നാത്ര സംശയഃ 43
അന്വയം-
കലൗ സൽക്കർമ്മഹീനാനാം നൃണാം സപ്‌താഹേന ശ്രുതം ഇദം സർവ്വസിദ്ധികരം ഭവിതാ അത്ര ന സംശയഃ .
അർത്ഥം-
കലികാലത്ത് ദുർവൃത്തികളായ മനുഷ്യർ സപ്‌താഹത്തിലൂടെ ഇത് കേൾക്കുന്നതു വഴി സർവൈശ്വര്യങ്ങളും അവർക്ക് സിദ്ധിയ്ക്കും എന്നതിൽ തെല്ലും സംശയമില്ല.
ഉപബർഹണഗന്ധർവ്വഃ ശാപഗ്രസ്തോഭവത് പുരാ
പശ്ചാദിദം തു ശ്രുത്വൈവ സദ്ഭ്യോ മജ്ജനതാം ഗതഃ 44
അന്വയം-
പുരാ ഉപബർഹണഗന്ധർവ്വഃ ശാപഗ്രസ്ത: അഭവത്- പശ്ചാത് സദ്ഭ്യ: ഇദം തു ശ്രുത്വാ ഏവ മദ് ജനതാം ഗതഃ-
അർത്ഥം-
പണ്ട് ഉപബർഹണൻ എന്ന് പേരായ ഒരു ഗന്ധർവ്വന് ശാപം ലഭിയ്ക്കുവാനിടയായി. പിന്നീട് സജ്ജനങ്ങളിൽനിന്ന് ഈ ഭാഗവതം ശ്രവണം ചെയ്തതുകൊണ്ട് മാത്രമാണ് അദ്ദേഹം എന്റെ തികഞ്ഞ ഭക്തനായിത്തീർന്നത്.
കലൗ പാപമയേ ചാത്ര ഭൂയോ മൂർച്ഛതി വിസ്‌തൃതം
ശ്രോതും ന നിഖിലേനേദം ശക്ഷ്യന്തി ഹതബുദ്ധയഃ 45
അന്വയം-
കലൗ പാപമയേ ച അത്ര ഭൂയ: മൂർച്ഛതി വിസ്‌തൃതം ശ്രോതും ന നിഖിലേന ഇദം ശക്ഷ്യന്തി ഹതബുദ്ധയഃ
അർത്ഥം-
കലികാലം അതിന്റെ പാരമ്യത്തിലെത്തുമ്പോൾ, പാപകർമ്മങ്ങൾ വീണ്ടും വർധിക്കുമല്ലോ. അക്കാലത്ത് ബുദ്ധിശൂന്യരായ ജനങ്ങൾക്ക് ഇത് മുഴുവനായി കേൾക്കാൻ കഴിയാതെവരും.
അതോ ഭവാനേതദേവ സംക്ഷിപ്‌തം തന്തുമർഹതി
വിവശൈരപി സമ്പൂർണ്ണം ശ്രുയേതൈകാഹതോ യഥാ 46
അന്വയം-
അത: ഭവാൻ ഏതദ് ഏവ സംക്ഷിപ്‌തം തന്തും അർഹതി യഥാ വിവശൈ: അപി ഏകാഹത: സമ്പൂർണ്ണം ശ്രുയേത.
അർത്ഥം-
അതിനാൽ ആർത്തരായവർക്കും അവശൻമാർക്കും അശരണർക്കും എല്ലാംതന്നെ ഒരൊറ്റ ദിവസത്തിൽ പൂർണ്ണമായും കേൾക്കാനാവുന്ന വിധത്തിൽ ഇതിനെ സംഗ്രഹിച്ച് സംക്ഷിപ്തരൂപത്തിൽ ആക്കേണ്ടതാണ്.
സഹസ്രോത്തരപദ്യാഢ്യം നാനാവൃത്തവിരാജിതം
പ്രസാദഗുണസമ്പന്നം യമകാദ്യൈരലങ്കൃതം 47
അന്വയം-
സഹസ്രോത്തരപദ്യാഢ്യം, നാനാവൃത്തവിരാജിതം, പ്രസാദഗുണസമ്പന്നം, യമകാദ്യൈ: അലങ്കൃതം,.......
അർത്ഥം-
ആയിരത്തിലധികൾ ശ്ലോകങ്ങൾ അടങ്ങിയ, വിവിധ വൃത്തങ്ങളിൽ രചിയ്ക്കപ്പെട്ട, ഐശ്വര്യം, ശാന്തി തുടങ്ങിയ സദ്ഗുണങ്ങളാൽ സമ്പന്നമായ, യമകം തുടങ്ങിയ അലങ്കാരപ്രയോഗങ്ങളാൽ സമൃദ്ധമായ….
മനഃപ്രഹ്ലാദനം സദ്യഃ സരസം കാവ്യസമ്മിതം ലളിതൈർല്ലൗകികൈശ്ശബ്‌ദൈഃ കർത്തവ്യം ഭവതാഖിലം 48
അന്വയം-
സദ്യഃ മനഃപ്രഹ്ലാദനം, സരസം, കാവ്യസമ്മിതം, ലളിതൈ: ലൗകികൈ: ശബ്‌ദൈഃ അഖിലം ഭവതാ കർത്തവ്യം.
അർത്ഥം-
കേൾക്കുന്ന മാത്രയിൽത്തന്നെ മനസ്സിന് ആഹ്ലാദം പകരുന്ന, രസസമ്മിശ്രമായ, കാവ്യഗുണ-സമ്പുഷ്ടമായ ലളിതമായ ലൗകികപദങ്ങൾ കോർത്തിണക്കി ഭവാൻ ഈ കാവ്യം മുഴുവനും രചിക്കേണ്ടതാണ്.
പുരാണസംജ്ഞമേതത്തു സ്തോത്രസംജ്ഞം തദാ ഭവേത്
കദാ വിധീയതാമേതത് ബാഹുല്യേന തദുച്യതേ 49
അന്വയം-
പുരാണസംജ്ഞം ഏതത് തു തദാ സ്തോത്രസംജ്ഞം ഭവേത്; ഏതത് കദാ വിധീയതാം, തത് ബാഹുല്യേന ഉച്യതേ.
അർത്ഥം-
പുരാണമെന്ന് അറിയപ്പെട്ടിരുന്ന ഇതാവട്ടെ, ഇനി സ്തോത്രം എന്ന പേരിൽ അറിയപ്പെടും; ഇത് എപ്പോൾ രചിയ്ക്കണം എന്നത് സാമാന്യമായി പറയാം.
ചതുസ്സഹസ്രേ ശരദാം വ്യതീതേ ത്രിശതാധികേ
കലൗ മത്കലയാ യുക്തോ നിളാതീരേ ദ്വിജാന്വയേ 50
അന്വയം-
കലൗ ത്രിശതാധികേ ചതുസ്സഹസ്രേ ശരദാം വ്യതീതേ, മത് കലയാ യുക്ത: നിളാതീരേ ദ്വിജാന്വയേ…
അർത്ഥം-
കലികാലത്തിൽ നാലായിരത്തി മുന്നൂറു വർഷങ്ങൾ കഴിയവേ, നിളയുടെ തീരത്തു എന്റെ ലക്ഷണങ്ങളോടുകൂടി ബ്രാഹ്മണകുലത്തിൽ ….
മമൈവ നാമ്‌നാ വിഖ്യാതോ ഭവിഷ്യതി ഭവാൻ പുനഃ
തദാ മയോക്തം കർത്തവ്യം വച്‌മി കിഞ്ചിദപി സ്‌ഫുടം 51
അന്വയം-
മമ ഏവ നാമ്‌നാ ഭവാൻ വിഖ്യാത: ഭവിഷ്യതി; തദാ മയാ ഉക്തം കർത്തവ്യം. പുനഃ കിഞ്ചിത് അപി സ്‌ഫുടം വച്‌മി.
അർത്ഥം-
…എന്റെ പേരോടുകൂടിത്തന്നെ (നാരായണൻ) ഭവാൻ സുപ്രസിദ്ധനായിത്തീരുന്നതാണ്. ആ സമയത്ത് ഞാൻ പറഞ്ഞ കാര്യം നിർവഹിയ്ക്കേണ്ടതാണ്. വീണ്ടും അല്പം കാര്യങ്ങൾ കൂടി വിശദമായി പറയാം.
ഭുവമേത്യ ഭവാന്നൂനം മമ മായാവിമോഹിതഃ
വിജ്ഞോപി വിഷയീ തത്ര കാലം കഞ്ചന നേഷ്യതി 52
അന്വയം-
ഭുവം ഏത്യ ഭവാൻ നൂനം വിജ്ഞ: അപി മമ മായാവിമോഹിതഃ വിഷയീ തത്ര കഞ്ചന കാലം നേഷ്യതി.
അർത്ഥം-
ഭൂമിയിൽ അവതരിച്ചശേഷം, ജ്ഞാനിയാണെങ്കിൽ-പ്പോലും എന്റെ മായാപ്രഭാവത്താൽ വിഷയാസക്തനായി അവിടെ കുറച്ചുകാലം കഴിയ്ക്കുന്നതാണ്.
തഥാപി സുബഹൂൻ ഗ്രന്ഥാൻ വിദ്വത്സൂതമനഃപ്രിയാൻ
രചയൻ പവനവ്യാധിപീഡിതോഥ ഭവിഷ്യതി 53
അന്വയം-
അഥ വിദ്വത്സൂതമനഃപ്രിയാൻ സുബഹൂൻ ഗ്രന്ഥാൻ രചയൻ തഥാപി, പവനവ്യാധിപീഡിത: ഭവിഷ്യതി.
അർത്ഥം-
പണ്ഡിതന്മാർക്കും കവിപുംഗവന്മാർക്കും പ്രിയങ്കരമായ ഒട്ടേറെ ഗ്രന്ഥങ്ങൾ രചിക്കുമെങ്കിലും, വാതരോഗ-ഗ്രസ്തനായി ഭവിയ്ക്കുന്നതാണ്.
തതോ രാമാനുജാഖ്യേന കേരളേഷു യശോവതാ
മദ്ഭക്തേനോപദിഷ്ട്‌ടസ്‌ത്വം മദ്വാക്യം സംസ്‌മരിഷ്യസി 54
അന്വയം-
തത: കേരളേഷു രാമാനുജാഖ്യേന യശോവതാ മദ്ഭക്തേന ഉപദിഷ്ട്‌ട: ത്വം മദ് വാക്യം സംസ്‌മരിഷ്യസി.
അർത്ഥം-
അനന്തരം കേരളദേശത്തിൽ എന്റെ ഭക്തനായ രാമാനുജൻ എന്നുപേരുള്ള ഒരു യശസ്വിയാൽ ഉപദേശിയ്ക്കപ്പെട്ട് ഭവാൻ എന്റെ ഈ വാക്കുകൾ ഓർമ്മിയ്ക്കുന്നതാണ്.
തതോ വിനാ വിളംബേന പൂതേ ഗുരുമരുത്പുരേ
വസതോ മേഗ്രതഃ സ്ഥിത്വാ കുരു കാര്യമിദം ശുഭം 55
അന്വയം-
തത: വിനാ വിളംബേന പൂതേ ഗുരുമരുത് പുരേ വസത: മേ അഗ്രതഃ സ്ഥിത്വാ ഇദം ശുഭം കാര്യം കുരു.
അർത്ഥം-
അനന്തരം താമസം വിനാ പരമപാവനമായ ഗുരുവായൂരിൽ എന്റെ മുന്നിലിരുന്നുകൊണ്ടുതന്നെ ഈ ശുഭകാര്യവും നിർവഹിയ്ക്കുക.
നാരായണാഭിസംബന്ധാദ് ദ്വേധാ സ്തോത്രമിദം മഹത്
നാരായണീയമിത്യേവ സർവ്വത്ര വിദിതം ഭവേത് 56
അന്വയം-
ദ്വേധാ നാരായണാഭിസംബന്ധാദ് ഇദം മഹത് സ്തോത്രം നാരായണീയം ഇതി എവ സർവ്വത്ര വിദിതം ഭവേത്.
അർത്ഥം-
രണ്ടുവിധത്തിലും (നാരായണനെക്കുറിച്ചുള്ളതും നാരായണനാൽ രചിയ്ക്കപ്പെട്ടതും) നാരായണൻ എന്ന പേരുമായി ബന്ധപ്പെട്ടതിനാൽ ഈ മഹത് സ്തോത്രം ‘നാരായണീയം’ എന്ന പേരിൽത്തന്നെ അറിയപ്പെടും.
സർവ്വപാപഹരം പുണ്യം കലൗ കലുഷിതാത്മനാം
നിഃശ്രേയസകരം ചാപി ഭവിഷ്യതി ന സംശയഃ 57
അന്വയം-
കലൗ കലുഷിതാത്മനാം സർവ്വപാപഹരം പുണ്യം നിഃശ്രേയസകരം ച അപി ഭവിഷ്യതി ന സംശയഃ
അർത്ഥം-
കലികാലത്ത് ദുഷിച്ച മനസ്സുള്ളവരുടെ പോലും സർവ പാപങ്ങളും തീർത്ത് പുണ്യവും മോക്ഷവും പ്രദാനം ചെയ്യുന്നതായിത്തീരും ഇതെന്ന കാര്യത്തിൽ ഒട്ടുംതന്നെ സംശയമില്ല.
സൂത ഉവാച
ഇതി ശ്രുത്വാ മമ ഗുരുഃ സാക്ഷാന്നാരായണോദിതം
ശ്രോതും ച കിഞ്ചിത്തസ്യൈവ തസ്ഥൗ പ്രാഞ്ജലിരഗ്രതഃ 58
അന്വയം-
സൂത ഉവാച- ഇതി സാക്ഷാത് നാരായണോദിതം ശ്രുത്വാ മമ ഗുരുഃ കിഞ്ചിത് ച ശ്രോതും തസ്യ അഗ്രതഃ ഏവ പ്രാഞ്ജലി: തസ്ഥൗ.
അർത്ഥം-
സൂതമുനി പറഞ്ഞു- സാക്ഷാൽ ഭഗവാൻ നാരായണനാൽ ഇപ്രകാരം പറയപ്പെട്ട എന്റെ ഗുരു(വ്യാസമഹർഷി), ഭഗവാനിൽനിന്ന് അല്പം കൂടി കേൾക്കുവാനുള്ള ആഗ്രഹത്തോടെ തിരുസന്നിധിയിൽ കൈകൂപ്പി നിലകൊണ്ടു.
പൃഷ്‌ടം ഭവദ്‌ഭിരധുനാ നനു സാവധാനൈ-
ര്യത്തന്മയാ ഗുരുമുഖശ്രുതമീരിതം വഃ 59
അന്വയം-
ഭവദ്‌ഭി: പൃഷ്‌ടം അധുനാ നനു സാവധാനൈ: യത് ഗുരുമുഖശ്രുതം തത് മയാ വഃ ഈരിതം .
അർത്ഥം-
ഭവാന്മാർ ചോദിച്ചതിന് ഇപ്പോൾ ഞാൻ അവധാനതയോടെ നിങ്ങളോടു പറഞ്ഞതായ മറുപടിയെല്ലാംതന്നെ ഗുരുമുഖത്തിൽനിന്ന് കേട്ടതാണ്.
ഏതാവതാ തു ഭവതാം യദി നാപ്യലന്താ
പൃച്ഛന്തു സാധു മുനയഃ കഥയാമി സർവ്വം 60
അന്വയം-
മുനയഃ! ഏതാവതാ തു ഭവതാം യദി ന അപി അലന്താ, പൃച്ഛന്തു സാധു സർവ്വം കഥയാമി.
അർത്ഥം-
അല്ലയോ മുനിമാരേ! ഇത്രയും പറഞ്ഞതിൽ ഭവാന്മാർ തൃപ്തരല്ലെങ്കിൽ വീണ്ടും ചോദിച്ചുകൊള്ളുക; നല്ലതുപോലെ വിശദമാക്കിത്തരാം.
ഇത്യാംഗിരസേ ശ്രീമന്നാരായണീയമാഹാത്മ്യേ നാരായണീയോൽപത്തികഥനം നാമ പ്രഥമോദ്ധ്യായഃ
അംഗിരസ് മുനി രചിച്ച ശ്രീമന്നാരായണീയമാഹാത്മ്യത്തിലെ നാരായണീയോൽപത്തികഥനം എന്ന ഒന്നാം അദ്ധ്യായം സമാപ്തം.
രണ്ടാമദ്ധ്യായം
വ്യാസ ഉവാച-
ഇതി സൂതവചഃ ശ്രുത്വാ മുനയോ ഹൃഷ്ടചേതസഃ
തം പുനഃ പരിപപ്രച്ഛുർല്ലോകാനുഗ്രഹതത്പരാഃ 1
അന്വയം-
വ്യാസ ഉവാച- ഇതി സൂതവചഃ ശ്രുത്വാ ഹൃഷ്ടചേതസഃ ലോകാനുഗ്രഹതത്പരാഃ മുനയ: തം പുനഃ പരിപപ്രച്ഛു: .
അർത്ഥം-
വ്യാസമുനി പറഞ്ഞു- ഇപ്രകാരമുള്ള സൂത-വചനങ്ങൾ കേട്ട് സന്തുഷ്ടരായ, ലോകഹിത-തത്പരരായ ആ മുനിമാർ അദ്ദേഹത്തോട് വീണ്ടും ഇങ്ങനെ ചോദിച്ചു-
ഋഷയ ഊചു
സൂത സൂത മഹാഭാഗ സർവ്വജ്ഞ വിദുഷാം വര
ന തൃപ്യാമോ വയം സർവ്വേ ത്വദ്വാക്യാമൃതപാനതഃ 2
അന്വയം-
ഋഷയ ഊചു- സൂത! സൂത! മഹാഭാഗ! സർവ്വജ്ഞ! വിദുഷാം വര! ത്വത് വാക്യാമൃതപാനതഃ വയം സർവ്വേ ന തൃപ്യാമ: .
അർത്ഥം-
അല്ലയോ സൂതമുനേ! മഹാത്മൻ! എല്ലാം അറിയുന്നവനേ! വിദ്വാന്മാരിൽവെച്ചു ശ്രേഷ്ഠനായവനേ! അവിടുത്തെ വാക്കുകളാകുന്ന അമൃതം പാനം ചെയ്തിട്ടും ഞങ്ങൾക്ക് ആർക്കും തന്നെ തൃപ്തിയില്ല.
നനു സൂത ഭവദ്വാക്യാദശക്യം മന്തുമന്യഥാ
സുജ്ഞാതമധുനാസ്‌മാഭിഃ കൃതാർത്ഥാശ്ച വയം മുനേ 3
അന്വയം-
സൂത! ഭവത് വാക്യാത് അസ്‌മാഭിഃ അധുനാ സുജ്ഞാതം അന്യഥാ മന്തും അശക്യം നനു. മുനേ! വയം കൃതാർത്ഥാ: ച.
അർത്ഥം-
സൂതമുനേ! അങ്ങയുടെ വാക്കുകളെ ഞങ്ങൾ നല്ലതുപോലെ മനസ്സിലാക്കിയതിനെ മറ്റൊരു പ്രകാരത്തിൽ ചിന്തിയ്ക്കുവാൻ ഞങ്ങൾക്കാവില്ലതന്നെ. മഹർഷേ! ഞങ്ങൾ കൃതാർത്ഥരാണ്.
തദപ്യുദേതി ശ്രോതവ്യമപരം കിഞ്ചിദസ്‌തി നഃ
വിദുഷാമപി നാപൈതി വിവിത്സാ ജാതു ചേതസഃ 4
അന്വയം-
തദപി കിഞ്ചിത് അപരം ശ്രോതവ്യം അസ്‌തി ഉദേ ഇതി നഃ . വിദുഷാം അപി ചേതസഃ വിവിത്സാ ജാതു ന അപൈതി.
അർത്ഥം-
എന്നിരുന്നാലും കുറച്ചെന്തൊക്കെയോകൂടി താങ്കളിൽനിന്നു കേൾക്കാനുണ്ട് എന്ന് ഞങ്ങൾക്ക് തോന്നുന്നു. വിദ്വാന്മാരായാലും അറിയാനുള്ള ആഗ്രഹം മനസ്സിൽനിന്ന് മുഴുവനായി ഒരിയ്ക്കലും വിട്ടുപോകുന്നില്ല.
ശ്രോതവ്യം കേന വിധിനാ പഠിതവ്യം ച തത്തദാ
ഇദം ച സകലം സാധു ഭവാനേവ ബ്രവീതു നഃ 5
അന്വയം-
തദാ തത് കേന വിധിനാ ശ്രോതവ്യം പഠിതവ്യം ച ഇദം ച സകലം സാധു ഭവാൻ ഏവ നഃ ബ്രവീതു.
അർത്ഥം-
ആ കാലത്ത് ഇത് ഏതു പ്രകാരത്തിൽ കേൾക്കണം, ഏതു പ്രകാരത്തിൽ പഠിയ്ക്കണം ഇതെല്ലാം മുഴുവനായി ഭവാൻ തന്നെ വ്യക്തമായി ഞങ്ങൾക്ക് പറഞ്ഞു തന്നാലും.
അദ്യാവധി ന ചാസ്‌മാകം ത്വദുക്തം ശ്രുതിഗോചരം
ഇതിഹാസപുരാണേഷു കുത്ര കൃഷ്ണേന കീർത്തിതം 6
അന്വയം-
കൃഷ്ണേന കീർത്തിതം ഇതിഹാസപുരാണേഷു കുത്ര ത്വത് ഉക്തം (ഇതി) അസ്‌മാകം അദ്യാവധി ന ച ശ്രുതിഗോചരം.
അർത്ഥം-
വ്യാസമുനിയാൽ രചിയ്ക്കപ്പെട്ട ഇതിഹാസത്തിലോ പുരാണങ്ങളിലോ എവിടെയാണ് ഇതെല്ലാം വ്യക്തമായി പറഞ്ഞിരിയ്ക്കുന്നത് എന്ന് ഞങ്ങൾ ഇതുവരെയും കേട്ടിട്ടില്ല.
ത്രികാലജ്ഞേന നിയതം സദാ ലോകഹിതൈഷിണാ
പ്രിയശിഷ്യായ ഭവതേ കഥിതം ഗുരുണാഖിലം 7
അന്വയം-
ത്രികാലജ്ഞേന സദാ ലോകഹിതൈഷിണാ ഗുരുണാ അഖിലം നിയതം പ്രിയശിഷ്യായ ഭവതേ കഥിതം.
അർത്ഥം-
ത്രികാലജ്ഞനായ, എല്ലായ്പ്പോഴും ലോകഹിതം നോക്കി മാത്രം പ്രവർത്തിക്കുന്ന ഗുരു തന്റെ പ്രിയശിഷ്യനായ താങ്കൾക്കു നിശ്ചയമായും എല്ലാംതന്നെ ഉപദേശിച്ചുതന്നിരിയ്ക്കുമല്ലോ.
സൂത ഉവാച-
ഋഷയഃ സാധു പൃഷ്ടോഹം പ്രഷ്‌ടവ്യം യന്മനീഷിഭിഃ
ശ്രോതവ്യം ച സമൈരേവ കലൗ മർത്ത്യൈർവ്വിശേഷതഃ 8
അന്വയം-
സൂത ഉവാച- ഋഷയഃ! യത് മനീഷിഭിഃ സാധു പ്രഷ്‌ടവ്യം അഹം പൃഷ്ട: ; കലൗ സമൈ: വിശേഷതഃ മർത്ത്യൈ: ശ്രോതവ്യം ച ഏവ.
അർത്ഥം-
സൂതമുനി പറഞ്ഞു - മഹർഷിമാരേ! ബുദ്ധിശാലികളായവർ സ്വാഭാവികമായും ചോദിയ്ക്കാവുന്നതെല്ലാം എന്നോട് ചോദിച്ചു കഴിഞ്ഞു; (ഇതിനായി ഞാൻ പറയാൻ പോകുന്ന കാര്യങ്ങളാവട്ടെ,) കലികാലത്ത് എല്ലാവരും, പ്രത്യേകിച്ച് മനുഷ്യർ കേൾക്കേണ്ടതുതന്നെയാണ്.
പ്രഷ്ടവ്യം നൈവ പൃച്ഛന്തി ശ്രോതവ്യം നൈവ ശൃണ്വതേ
കർത്തവ്യം നൈവ കുർവ്വന്തി കലൗ മുഹ്യന്തി മാനവാഃ 9
അന്വയം-
പ്രഷ്ടവ്യം ന പൃച്ഛന്തി ഏവ; ശ്രോതവ്യം ന ശൃണ്വതേ ഏവ; കർത്തവ്യം ന കുർവ്വന്തി ഏവ; കലൗ മാനവാഃ മുഹ്യന്തി.
അർത്ഥം-
ചോദിക്കേണ്ടതായിട്ടുള്ളത് ചോദിക്കാതിരിയ്ക്കുന്നു; കേൾക്കേണ്ടതായിട്ടുള്ളത് കേൾക്കാതിരിയ്ക്കുന്നു; ചെയ്യേണ്ടതായിട്ടുള്ള കാര്യങ്ങൾ ചെയ്യുന്നുമില്ല; കലിയുഗത്തിൽ മനുഷ്യർ മോഹവലയത്തിൽ ഉഴലുന്നു.
സന്തസ്‌തദഭിധാസ്യാമി യന്മേ ഗുരുമുഖാച്ഛ്റുതം
സ്വയം നാരായണേനൈവ ഗുരവേ സമുദീരിതം 10
അന്വയം-
സ്വയം നാരായണേന ഏവ ഗുരവേ സമുദീരിതം, യത് മേ ഗുരുമുഖാത് ശ്രുതം, തത് സന്ത: അഭിധാസ്യാമി.
അർത്ഥം-
ഭഗവാൻ നാരായണനാൽത്തന്നെ സ്വയം എന്റെ ഗുരുവിനോട് പറയപ്പെട്ടതും ഞാൻ എന്റെ ഗുരുമുഖത്തിൽനിന്നു കേട്ടതുമായതെല്ലാം സജ്ജനങ്ങളായ നിങ്ങൾക്ക് പറഞ്ഞുതരാം.
നാരായണീയരചനാ കീദൃശീ സ്യാത് കദേതി ച
ശ്രുത്വാഥ മദ്‌ഗുരുഃ കൃഷ്‌ണഃ കൃഷ്‌ണം പപ്രച്ഛ സാഞ്ജലിഃ 11
അന്വയം-
നാരായണീയരചനാ കീദൃശീ സ്യാത് കദാ ഇതി ച ശ്രുത്വാ അഥ മദ്‌ഗുരുഃ കൃഷ്‌ണഃ കൃഷ്‌ണം സാഞ്ജലിഃ പപ്രച്ഛ.
അർത്ഥം-
‘നാരായണീയം’ എന്ന ഗ്രന്ഥത്തിന്റെ രചന എപ്രകാരമായിരിയ്ക്കണം; എപ്പോൾ നിർവഹിയ്ക്കണം എന്നീ കാര്യങ്ങൾ കേട്ടതിനു ശേഷം വ്യാസമഹർഷി തൊഴുകൈയ്യോടെ ശ്രീവിഷ്ണുഭഗവാനോട് ചോദിച്ചു:
കൃഷ്‌ണ ഉവാച-
നാരായണ മഹാദേവ ദേവദേവ ജഗത് പ്രഭോ
ത്വദാജ്ഞാം പാലയിഷ്യാമി സന്ദേഹോസ്‌തി തഥാപി മേ 12
അന്വയം-
കൃഷ്‌ണ ഉവാച- നാരായണ! മഹാദേവ! ദേവദേവ! ജഗത് പ്രഭോ! ത്വത് ആജ്ഞാം പാലയിഷ്യാമി; തഥാപി മേ സന്ദേഹ: അസ്‌തി.
അർത്ഥം-
വ്യാസമഹർഷി പറഞ്ഞു- നാരായണ! മഹാദേവ! ദേവദേവ! ജഗത് പ്രഭോ! അവിടുത്തെ ആജ്ഞ ഞാൻ അനുസരിച്ചുകൊള്ളാം. എന്നിരുന്നാലും എന്റെയുള്ളിൽ ഇപ്പോഴും ചില സംശയങ്ങൾ ഉണ്ട്.
കോ വക്താ കീദൃശഃ ശ്രോതാ കാലഃ കശ്ച ഫലപ്രദഃ
അസ്യാരംഭേ വിരാമേ ച കിം കിം കർത്തവ്യമസ്‌തി ച 13
അന്വയം-
ക: വക്താ? കീദൃശഃ ശ്രോതാ ? കാലഃ ക: ച ഫലപ്രദഃ? അസ്യ ആരംഭേ വിരാമേ ച കിം കിം കർത്തവ്യം അസ്‌തി ച.
അർത്ഥം-
ഇത് ആരാണ് വിവരിക്കുക? ഇത് കേൾക്കുന്നവർ ഏതു തരക്കാരാവണം? ഏറ്റവും ഫലപ്രദമായ കാലം ഏതാണ്? ഇത് തുടങ്ങുന്ന സമയത്തും അവസാനിപ്പിയ്ക്കുന്ന സമയത്തും ചെയ്യേണ്ടുന്ന കാര്യങ്ങൾ എന്തൊക്കെയാണ്?
ഇത്യാദ്യശേഷമദ്യൈവ മഹ്യം ശുശ്രൂഷവേ വദ
യതോ വിഫലതാമേതി യജ്ഞോ വിധിവിവർജിതഃ 14
അന്വയം-
ഇത്യാദി അശേഷം അദ്യ ഏവ ശുശ്രൂഷവേ മഹ്യം വദ; യത: വിധിവിവർജിതഃ യജ്ഞ: വിഫലതാം ഏതി.
അർത്ഥം-
ഇപ്രകാരമുള്ള എല്ലാ കാര്യങ്ങളും കേൾക്കാൻ താത്പര്യപ്പെടുന്ന എന്നോട് ഇപ്പോൾത്തന്നെ പറഞ്ഞാലും; എന്തുകൊണ്ടെന്നാൽ, വിധിയാംവണ്ണമല്ലാതെ നടത്തപ്പെടുന്ന യജ്ഞം വിഫലമായിത്തീരുകയേ ഉള്ളു.
സൂത ഉവാച-
ശ്രുത്വൈതന്മദ്‌ഗുരോർവ്വാക്യം ഭഗവാൻ ഭക്തവത്സലഃ
പ്രഹസ്യ പ്രോക്തവാനസ്യ യജ്ഞസ്യ വിധിമാദിതഃ 15
അന്വയം-
സൂത ഉവാച- മദ് ഗുരോ: എതത് വാക്യം ശ്രുത്വാ, ഭഗവാൻ ഭക്തവത്സലഃ പ്രഹസ്യ അസ്യ യജ്ഞസ്യ വിധിം ആദിതഃ പ്രോക്തവാൻ.
അർത്ഥം-
സൂതൻ പറഞ്ഞു: എന്റെ ഗുരുവിന്റെ ഈ വാക്കുകൾ കേട്ട് ഭക്തവത്സലനായ ഭഗവാൻ പുഞ്ചിരിച്ചുകൊണ്ട് ഈ യജ്ഞത്തിന്റെ ക്രിയാവിധി ആദ്യം മുതൽ വിവരിച്ചു.
ശ്രീ ഭഗവാനുവാച-
മുനേ ലോകഹിതം കർത്തുമദ്യാപി ത്വം സമീഹസേ
കഃ കരോത്യേവമന്യസ്‌തു തേന തുഷ്ടോസ്മ്യഹം ത്വയി 16
അന്വയം-
ശ്രീ ഭഗവാൻ ഉവാച- മുനേ! ലോകഹിതം കർത്തും അദ്യ അപി ത്വം സമീഹസേ; കഃ അന്യ: ഏവം കരോതി; തേന തു അഹം ത്വയി തുഷ്ട: അസ്മി.
അർത്ഥം-
ഭഗവാൻ അരുളിച്ചെയ്തു- മഹർഷേ! ജനങ്ങൾക്ക് നന്മ ചെയ്യുവാൻ താങ്കൾ ഇപ്പോഴും ആഗ്രഹിയ്ക്കുന്നു; മറ്റേതൊരാളാണ് ഇപ്രകാരം ചെയ്യുക? അതിനാൽത്തന്നെ ഞാൻ അങ്ങയിൽ സന്തുഷ്ട്ടനാണ്.
യാദൃഗസ്യ പുരാണസ്യ ശ്രുതിപാഠവിധൗ വിധിഃ
സ്തോത്രസ്യാപി സദാ തസ്യ സ ഏവ ക്രമ ഉത്തമഃ 17
അന്വയം-
അസ്യ പുരാണസ്യ യാദൃക് ശ്രുതിപാഠവിധൗ, തസ്യ സ്തോത്രസ്യ വിധിഃ അപി സ ക്രമ ഏവ സദാ ഉത്തമഃ .
അർത്ഥം-
ഈ ഭാഗവതപുരാണം കേൾക്കാനും ചൊല്ലാനും ഏതൊരു വിധിയാണോ ഉള്ളത് അതേ ക്രമം തന്നെയാണ് ഈ സ്തോത്രത്തിനും എപ്പോഴും ഉത്തമമായത്.
നിരസ്‌തസുകൃതസ്യ സ്യാത് കലേഃ പ്രഗുണിതൈനസഃ
സമുല്ലസതി സാമ്രാജ്യേ ന ശക്യം കർത്തുമേഷ തു 18
അന്വയം-
കലേഃ സാമ്രാജ്യേ നിരസ്‌തസുകൃതസ്യ പ്രഗുണിതൈനസഃ സമുല്ലസതി സ്യാത്; എഷ: കർത്തും ന ശക്യം തു.
അർത്ഥം-
കലിയുടെ സാമ്രാജ്യത്തിൽ സുകൃതമറ്റവരും പാപകർമങ്ങൾ ഏറെ വർദ്ധിച്ചവരും നിറയുന്നതിനാൽ ഈ വിധി അനുഷ്ഠിക്കുവാൻ കഴിയാതെ വരും.
വർണ്ണാശ്രമാചാരമുചോ നാസ്‌തികാ ദംഭചാരിണഃ
യയാ കയാപി വിധയാ യതമാനാ ധനായിതും 19
അന്വയം-
വർണ്ണാശ്രമാചാരമുച: നാസ്‌തികാ: ദംഭചാരിണഃ യയാ കയാപി വിധയാ ധനായിതും യതമാനാ:-----
അർത്ഥം-
വർണാശ്രമധർമ്മങ്ങൾ ഉപേക്ഷിച്ചവരും, ദൈവനിഷേധികളും, അഹങ്കാരികളും, ഏതു വിധേനയും ധനം സമ്പാദിക്കാൻ യത്നിക്കുന്നവരും…
നിന്ദന്തഃ സ്വകുലാചാരം സമുന്നദ്ധാസ്സനാതനം
വിഡംബയന്തഃ കർമ്മാണി വൈദികാനി യഥാ തഥാ 20
അന്വയം-
സമുന്നദ്ധാ: സനാതനം സ്വകുലാചാരം നിന്ദന്തഃ വിഡംബയന്തഃ കർമ്മാണി വൈദികാനി യഥാ തഥാ
അർത്ഥം-
അഹങ്കാരവും കാപട്യവും നിറഞ്ഞവരായിട്ട് സനാതനമായ സ്വകുലാചാരങ്ങളെ-പ്പോലും നിന്ദിയ്ക്കുന്നവരും, വേദവിഹിതമായ കർമ്മങ്ങളെ നിന്ദാപൂർവം കാപട്യത്തോടെ അനുസരിക്കുന്നുവെന്നു വരുത്തിത്തീർക്കുന്നവരും….
ജഘന്യജാചാരപരാ നിസ്ത്രപാ മന്ദബുദ്ധയഃ
ആഡംബരപ്രധാനാശ്ച ഭവിഷ്യന്തി ധ്രുവം ജനാഃ 21
അന്വയം-
ജഘന്യജാചാരപരാ: നിസ്ത്രപാ: മന്ദബുദ്ധയഃ ആഡംബരപ്രധാനാ: ച ജനാഃ ധ്രുവം ഭവിഷ്യന്തി.
അർത്ഥം-
നിന്ദ്യവും നീചവുമായ ആചാരാനുഷ്ഠാനങ്ങൾ വെച്ചുപുലർത്തുന്നവരും നിർല്ലജ്ജരും മന്ദബുദ്ധികളും ആഡംബരപ്രിയരും ആയിത്തീരുമെന്നു തീർച്ചയാണ്.
കിംച വർഷസഹസ്രേഷു വ്യതീതേഷ്വഥ പഞ്ചസു
അരാജകാ ച ജഗതീ സകലേയം ഭവിഷ്യതി 22
അന്വയം-
കിംച പഞ്ചസു വർഷസഹസ്രേഷു വ്യതീതേഷു അഥ ഇയം സകലാ ജഗതീ അരാജകാ: ച ഭവിഷ്യതി.
അർത്ഥം-
അതുതന്നെയുമല്ല, അയ്യായിരം വർഷങ്ങൾ കഴിയുമ്പോൾ പിന്നീട് ഈ ലോകത്തിൽ മുഴുവനും അരാജകത്വം വന്നു ഭവിയ്ക്കുന്നതാണ്.
അതോ വിധിം പ്രവക്ഷ്യാമി ശക്യം കർത്തും തദാ ജനൈഃ
പുനരേതത് സ്വശിഷ്യായ വക്തവ്യം ഭവതാഖിലം 23
അന്വയം-
അത: തദാ ജനൈഃ ശക്യം കർത്തും വിധിം പ്രവക്ഷ്യാമി; പുന: ഏതത് ഭവതാ സ്വശിഷ്യായ അഖിലം വക്തവ്യം.
അർത്ഥം-
അതിനാൽ, ആ കാലത്ത് ജനങ്ങൾക്ക് ആചരിയ്ക്കാൻ കഴിയുന്ന ക്രിയാവിധി ഞാൻ പറഞ്ഞുതരാം; അത് താങ്കൾ വീണ്ടും സ്വന്തം ശിഷ്യന് പൂർണമായിത്തന്നെ ഉപദേശിയ്‌ക്കേണ്ടതാണ്.
ആദൗ ദൈവജ്ഞമാഹൂയ ശുഭകാലസ്യ നിർണ്ണയഃ
കർത്തവ്യശ്ചാഥ യജ്ഞാർത്ഥം സംഭാരാനാഹരേത് സുധീഃ 24
അന്വയം-
സുധീഃ ആദൗ ദൈവജ്ഞം ആഹൂയ ശുഭകാലസ്യ നിർണ്ണയഃ കർത്തവ്യ; അഥ യജ്ഞാർത്ഥം സംഭാരാൻ ച ആഹരേത്.
അർത്ഥം-
ബുദ്ധിമതിയായ ഒരാൾ ജ്യോതിഷിയെ വിളിച്ച് ശുഭമുഹൂർത്തം നിർണ്ണയിക്കേണ്ടതാണ്. അനന്തരം യജ്ഞം നടത്തുന്നതിനുവേണ്ട എല്ലാ സാമഗ്രികളും സമാഹരിയ്ക്കുകയും വേണം.
മണ്ഡപം കാരയേത് പശ്ചാത് നാനാശില്‌പവിരാജിതം
ശൈത്യസ്യ ച തഥോഷ്‌ണസ്യ ബാധാത്ര ന ഭവേദ്യഥാ 25
അന്വയം-
പശ്ചാത് നാനാശില്‌പവിരാജിതം മണ്ഡപം യഥാ ശൈത്യസ്യ ച ഉഷ്‌ണസ്യ ബാധാ അത്ര ന ഭവേത് തഥാ കാരയേത്.
അർത്ഥം-
അതിനുശേഷം വിവിധശില്പങ്ങളാൽ മനോഹരമായതും തണുപ്പും ചൂടും അനുഭവപ്പെടാത്ത രീതിയിലുള്ളതുമായ മണ്ഡപം നിർമ്മിയ്ക്കണം.
അഥ ഭാഗവതേഭ്യശ്ച പത്രം പ്രേഷ്യം വിശേഷതഃ
പ്രായസ്തത്ര വിലേഖ്യം തു ശ്രൂയതാം മുനിസത്തമ! 26
അന്വയം-
അഥ ഭാഗവതേഭ്യ: ച വിശേഷതഃ പത്രം പ്രേഷ്യം. മുനിസത്തമ! തത്ര വിലേഖ്യം പ്രായ: തു ശ്രൂയതാം.
അർത്ഥം-
അനന്തരം ഭക്തജനങ്ങൾക്കെല്ലാം പ്രത്യേകം കത്ത് അയക്കേണ്ടതാണ്; മുനിശ്രേഷ്ഠ! ആ കത്തിൽ എഴുതേണ്ടുന്ന കാര്യങ്ങളെക്കുറിച്ചു പൊതുവെ പറയാനുള്ളത് കേട്ടുകൊള്ളുക:
അദ്യാരഭ്യ മഹാത്മാനോ ജ്ഞാനയജ്ഞോ ഭവിഷ്യതി
അത്ര നാരായണീയസ്യ വാചനം സർവ്വഥാ ഭവേത് 27
അന്വയം-
മഹാത്മാന:! അദ്യാരഭ്യ ജ്ഞാനയജ്ഞ: ഭവിഷ്യതി ; അത്ര നാരായണീയസ്യ സർവ്വഥാ വാചനം ഭവേത്.
അർത്ഥം-
മഹാത്മാക്കളേ! ഇന്നുമുതൽ ജ്ഞാനയജ്ഞം ആരംഭിയ്ക്കുകയായി; ഇവിടെ നാരായണീയത്തിന്റെ സമ്പൂർണപാരായണം നടക്കുന്നതാണ്.
യഥാവകാശമത്രൈത്യ ഭവന്തഃ ശ്രദ്ധയാന്വിതാഃ
ഭാഗം കുർവ്വന്തു സന്താപത്രയനാശോ യതോ ഭവേത് 28
അന്വയം-
ഭവന്തഃ യഥാവകാശം അത്ര ഏത്യ ശ്രദ്ധയാന്വിതാഃ ഭാഗം കുർവ്വന്തു യത: സന്താപത്രയനാശ: ഭവേത്.
അർത്ഥം-
ഭവാന്മാർ സാവകാശം ഇവിടെ വന്നുചേർന്ന് ശ്രദ്ധാപൂർവം ഇതിൽ ഭാഗഭാക്കാവുക; എന്തെന്നാൽ ഇതുകൊണ്ട് മൂന്ന് വിധത്തിലുമുള്ള - ആധിദൈവികവും, ആധിഭൗതികവും, ആദ്ധ്യാത്മികവുമായ - സന്താപങ്ങളും നശിയ്ക്കുന്നു.
യദി സ്യാദവകാശോ വഃ കാർത്സ്ന്യേന ശ്രോതുമത്ര യത്
പൂർവ്വപുണ്യേന ലഭ്യം തന്മാ മുഞ്ചത കദാചന 29
അന്വയം-
യദി അത്ര കാർത്സ്ന്യേന ശ്രോതും വഃ അവകാശ: സ്യാത് യത് പൂർവ്വപുണ്യേന ലഭ്യം തത് മാ മുഞ്ചത കദാചന.
അർത്ഥം-
ഭവാന്മാർക്കു ഇതു മുഴുവനും കേൾക്കാനുള്ള സാവകാശമുണ്ടെങ്കിൽ പൂർവ്വജന്മാർജ്ജിതമായ ഈ സൗഭാഗ്യത്തെ നഷ്ടപ്പെടുത്തരുത്.
ആചാര്യഃ സംസ്കൃതാഭിജ്ഞോ ഭക്തിമാൻ കാവ്യമർമ്മവിത് വിത്തലോഭവിഹീനശ്ച വരണീയ: സുധീമതാ 30
അന്വയം-
സുധീമതാ സംസ്കൃതാഭിജ്ഞ: ഭക്തിമാൻ കാവ്യമർമ്മവിത് വിത്തലോഭവിഹീന: ച ആചാര്യഃ വരണീയ: .
അർത്ഥം-
ബുദ്ധിമാനായ ഒരു വ്യക്തിയാൽ സംസ്കൃതപണ്ഡിതനും, ഭക്തശിരോമണിയും കലാസാഹിത്യവിശാരദനും സമ്പത്തിനുള്ള അത്യാർത്തി തൊട്ടുതീണ്ടിയിട്ടില്ലാത്ത-വനുമായ ഒരു ആചാര്യൻ തിരഞ്ഞെടുക്കപ്പെടണം.
വസ്ത്രമാല്യാദിദാനേന തോഷയേത്തം പ്രയത്നതഃ
അന്യഥാ തു വിധിർന്യൂനോ മന്യതേ സാധുഭിസ്‌തദാ 31
അന്വയം-
തം വസ്ത്രമാല്യാദിദാനേന പ്രയത്നതഃ തോഷയേത് ; അന്യഥാ തു തദാ വിധി: സാധുഭി: ന്യൂന: മന്യതേ.
അർത്ഥം-
അദ്ദേഹത്തെ വസ്ത്രം, പുഷ്പഹാരങ്ങൾ തുടങ്ങിയവ കൊണ്ട് ശ്രദ്ധാപൂർവം സന്തോഷിപ്പിക്കേണ്ടതാണ്. അല്ലാത്ത പക്ഷം ആ യജ്ഞത്തിന് കുറവുകൾ ഉള്ളതായി സജ്ജനങ്ങൾ കരുതാൻ ഇടയുണ്ട്.
അത്ര പൂജാവിധാനാർത്ഥം ഭക്തിമന്തം ച കംചന
വരയേച്ച യഥാചാര്യം പൂർവ്വം മാഹാത്മ്യവാചനാത് 32
അന്വയം-
അത്ര പൂജാവിധാനാർത്ഥം കംചന ഭക്തിമന്തം ച യഥാ ആചാര്യം മാഹാത്മ്യവാചനാത് പൂർവ്വം വരയേത് ച.
അർത്ഥം-
അനന്തരം പൂജാദി കർമ്മങ്ങൾ നിർവ്വഹിയ്ക്കുന്നതിനായി തികഞ്ഞ ഭക്തിയും ബ്രഹ്മജ്ഞാനവും ഒത്തിണങ്ങിയ ഒരു മഹാത്മാവിനെ ആചാര്യനെ നിശ്ചയിച്ചതുപോലെത്തന്നെ മാഹാത്മ്യപാരായണം നടത്തുന്നതിനു മുൻപായി സ്വീകരിച്ചിരുത്തണം.
സർവ്വവിഘ്‌നവിഘാതാർത്ഥം ഗണനാഥം പ്രസാദയേത്
യജ്ഞാരംഭേ പഠേന്നിത്യം വിഷ്ണോർന്നാമസഹസ്രകം 33
അന്വയം-
സർവ്വവിഘ്‌നവിഘാതാർത്ഥം ഗണനാഥം പ്രസാദയേത്; നിത്യം യജ്ഞാരംഭേ വിഷ്ണോ: നാമസഹസ്രകം പഠേത്.
അർത്ഥം-
എല്ലാവിധത്തിലുമുള്ള തടസ്സങ്ങൾ നീക്കിക്കിട്ടുന്ന-തിനായി വിഗ്നേശ്വരനെ പ്രസാദിപ്പിയ്ക്കണം; നിത്യവും യജ്ഞത്തിന്റെ ആരംഭത്തിൽ വിഷ്ണുസഹസ്രനാമം ചൊല്ലുകയും വേണം.
കഥാരംഭേ തു കർത്തവ്യാ ഭഗവത്പുരതോർത്ഥനാ
അഥ വക്തുശ്ച സാ കാര്യാ ക്രമേണോഭയമുച്യതേ 34
അന്വയം-
കഥാരംഭേ തു ഭഗവത് പുരത: അർത്ഥനാ കർത്തവ്യാ. അഥ വക്തു: ച സാ കാര്യാ. ഉഭയം ക്രമേണ ഉച്യതേ.
അർത്ഥം-
കഥാപാരായണത്തിന്റെ ആരംഭത്തിൽ ഭഗവാന്റെ മുൻപിൽ പ്രാർത്ഥന അനുഷ്ഠിക്കേണ്ടതാണ്. അതിനു ശേഷം ആചാര്യന്റെ മുൻപിലും ഇത് ആവർത്തിക്കേണ്ടതുണ്ട്. ഇത് രണ്ടും ക്രമത്തിൽ പറയാം.
ശ്രീകൃഷ്‌ണ കമലാകാന്ത കരുണാവരുണാലയ
വയം ത്വാം ശരണം യാമോ ഹര നോ നിഖിലാമയാൻ 35
അന്വയം-
ശ്രീകൃഷ്‌ണ! കമലാകാന്ത! കരുണാവരുണാലയ! വയം ത്വാം ശരണം യാമ: . ന: നിഖിലാ ആമയാൻ ഹര.
അർത്ഥം-
ശ്രീകൃഷ്‌ണ! കമലാകാന്ത! കരുണാസാഗര! ഞങ്ങൾ അങ്ങയെ ശരണം പ്രാപിയ്ക്കുന്നു. ഞങ്ങളുടെ സർവ ദു:ഖങ്ങളും ഇല്ലാതാക്കിയാലും.
ഗുരുരൂപ മഹാഭാഗ കഥാകഥനകോവിദ
കർത്തവ്യം ബോധയിത്വാ നോ ജീവിതം സഫലം കുരു 36
അന്വയം-
ഗുരുരൂപ! മഹാഭാഗ! കഥാകഥനകോവിദ! കർത്തവ്യം ബോധയിത്വാ ന: ജീവിതം സഫലം കുരു.
അർത്ഥം-
ഗുരുസ്വരൂപനേ ! മഹായശസ്വിനേ! പുരാണകഥാ-ഖ്യാനനിപുണ! കർത്തവ്യം എന്തെന്ന് ഉപദേശിച്ചുതന്ന് ഞങ്ങളുടെ ജീവിതം സഫലമാക്കിയാലും.
ശ്രോതാരഃ ശ്രദ്ധയാ ഭക്ത്യാ ശൃണുയുഃ സ്തോത്രമുത്തമം
ഉപക്രമേവസാനേ ച നമസ്‌കുര്യുർയഥാവിധി 37
അന്വയം-
ശ്രോതാരഃ ഉത്തമം സ്തോത്രം ശ്രദ്ധയാ ഭക്ത്യാ ശൃണുയുഃ . ഉപക്രമേ അവസാനേ ച യഥാവിധി നമസ്‌കുര്യു: .
അർത്ഥം-
അത്യുത്തമമായ ഈ സ്തോത്രത്തെ ശ്രോതാക്കൾ അതീവ ഭക്തിയോടേയും ശ്രദ്ധയോടേയും കേൾക്കേണ്ടതാണ്. ആരംഭത്തിലും അവസാനത്തിലും വിധിപ്രകാരം നമസ്കരിയ്ക്കേണ്ടതുമാണ്.
ഏകൈകദശകസ്യാന്തേ നീരാജനമുപാചരേത്
അന്യത്രാപി ക്വചിത് കാര്യം കർമ്മിണാ തു യഥോചിതം 38
അന്വയം-
ഏകൈകദശകസ്യ അന്തേ നീരാജനാം ഉപാചരേത്; അന്യത്ര അപി യഥോചിതം ക്വചിത് കാര്യം തു കർമ്മിണാ
അർത്ഥം-
ഓരോ ദശകത്തിന്റേയും അവസാനത്തിൽ ഭഗവാന് അർച്ചന ചെയ്യേണ്ടതാണ്; മറ്റു അവസരങ്ങളിലും കർമ്മി ഇത്തരം കാര്യങ്ങൾ ചെയ്യേണ്ടതാണ്.
ദിനേ ദിനേ വിരാമേ തു വക്താ ശ്രോതജനൈസ്സഹ
അഷ്ടോത്തരശതം ശൗരേർന്നാമ്നാം ജപ്യം യഥായഥം 39
അന്വയം-
ദിനേ ദിനേ വിരാമേ തു വക്താ ശ്രോതജനൈ: സഹ ശൗരേ:അഷ്ടോത്തരശതം നാമ്നാം യഥായഥം ജപ്യം.
അർത്ഥം-
ഓരോ ദിവസത്തിന്റേയും അവസാനത്തിൽ പാരായണകാരൻ ശ്രോതാക്കളായ ഭക്തജനങ്ങളോ-ടോത്ത് ശ്രീകൃഷ്ണഭഗവാന്റെ അഷ്ടോത്തരശതനാമാവലി യഥാവിധി ചൊല്ലേണ്ടതാണ്.
ത്രിമധുര പായസ ലഡ്ഡുകമോദകശഷ്കുല്യപൂപപക്വാദീൻ
തത്തദ്ദിനാനുയോജ്യം നിവേദ്യ ദദ്യാത് സമസ്തഭക്തേഭ്യഃ 40
അന്വയം-
ത്രിമധുരം, പായസം, ലഡ്ഡുകം, മോദകം, ശഷ്കുല്യം, പൂപം, പക്വാദീൻ തത് തത് ദിനാനുയോജ്യം നിവേദ്യ സമസ്തഭക്തേഭ്യഃ ദദ്യാത്.
അർത്ഥം-
ത്രിമധുരം, പായസം, ലഡ്ഡു, മോദകം, മുറുക്ക്, അപ്പം, പഴം തുടങ്ങിയവ അതതു ദിവസങ്ങക്കനുയോജ്യമായ തരത്തിൽ ഉണ്ടാക്കി, നിവേദിച്ച് എല്ലാ ഭക്തർക്കും വിതരണം ചെയ്യേണ്ടതാണ്.
ജന്മാഷ്ടമ്യാമിദം ശ്രുത്വാ സർവ്വാൻ കാമാനവാപ്നുയാത്
സപ്‌താഹേന ശ്രാവണേഽസ്യ ശ്രവണം മുക്തിദായകം 41
അന്വയം-
ജന്മാഷ്ടമ്യാം ഇദം ശ്രുത്വാ സർവ്വാൻ കാമാൻ അവാപ്നുയാത്; സപ്‌താഹേന ശ്രാവണേ അസ്യ ശ്രവണം മുക്തിദായകം.
അർത്ഥം-
ജന്മാഷ്ടമി നാളിൽ ഈ പാരായണം കേൾക്കുന്നവർക്ക് സർവ്വ അഭീഷ്ടങ്ങളും പ്രാപ്തമാവുന്നതാണ്; ശ്രാവണ മാസത്തിൽ സപ്‌താഹമായുള്ള ഈ പാരായണം കേൾക്കുന്നവർക്ക് മോക്ഷപ്രാപ്തി ഉണ്ടാവുന്നതാണ്.
ചൈത്രേ തഥാ ച വൈശാഖേ ശ്രവണം വരമുച്യതേ
ശ്രുത്വൈതത് ബഹവഃ സിദ്ധിം ഗമിഷ്യന്തി തദാ ജനാഃ 42
അന്വയം-
ചൈത്രേ തഥാ വൈശാഖേ ച ശ്രവണം വരം ഉച്യതേ; തദാ ഏതത് ശ്രുത്വാ ബഹവഃ ജനാഃ സിദ്ധിം ഗമിഷ്യന്തി.
അർത്ഥം-
ചൈത്രം, വൈശാഖം എന്നീ മാസങ്ങളിലും ഈ പാരായണശ്രവണം അത്യന്തം ശ്രേഷ്ഠകരമത്രേ; ഈ മാസങ്ങളിൽ നാരായണീയപാരായണം ശ്രവിച്ച് നിരവധി ജനങ്ങൾ മോക്ഷപ്രാപ്തി നേടുകയും ചെയ്യും.
ദിനേനാഥ യഥാശക്തി നിർവ്വർത്ത്യം യദിദം നൃഭിഃ
കൃതം ശ്രദ്ധാലുഭിർഭക്തൈ: സർവ്വം പ്രിയകരം ഹരേഃ 43
അന്വയം-
അഥ ഇദം ദിനേന നൃഭിഃ യഥാശക്തി നിർവ്വർത്ത്യം; യത് ശ്രദ്ധാലുഭി: ഭക്തൈ: കൃതം സർവ്വം ഹരേഃ പ്രിയകരം .
അർത്ഥം-
അതിനാൽ, ഇത് ജനങ്ങളെല്ലാവരുംതന്നെ സ്വന്തം ശക്തിയ്ക്കനുസരിച്ച് നിർവ്വഹിയ്‌ക്കേണ്ടതാണ്. ശ്രദ്ധാലുവായ ഒരു ഭക്തൻ ചെയ്യുന്നതൊക്കെയും ഹരിയ്ക്കു പ്രിയംകരം തന്നെയെന്നറിയുക.
ദ്രവിഡേ ബഹവോ ഭക്താഃ പഠിഷ്യന്തേ തദാദരാത്
മഹാരാഷ്ട്രേ വിശേഷേണ പ്രചാരോസ്യ ഭവിഷ്യതി 44
അന്വയം-
ദ്രവിഡേ ബഹവോ ഭക്താഃ തത് ആദരാത് പഠിഷ്യന്തേ. മഹാരാഷ്ട്രേ അസ്യ പ്രചാര: വിശേഷേണ ഭവിഷ്യതി.
അർത്ഥം-
ദ്രാവിഡദേശത്തിൽ നിരവധി ജനങ്ങൾ അത് ബഹുമാനപൂർവ്വം പാരായണം ചെയ്യുന്നതാണ്. മഹാരാഷ്ട്രത്തിലും ഇതിനു സവിശേഷമായ പ്രചാരം ലഭിയ്ക്കുന്നതാണ്.
കലൗ മന്നിത്യസാന്നിദ്ധ്യപൂതേ ഗുരുമരുത്പുരേ
അദ്ധ്യേഷ്യന്തി പരം ഭക്താ ബാലകാഃ കവയോപ്യദ: 45
അന്വയം-
കലൗ മദ് നിത്യസാന്നിദ്ധ്യപൂതേ ഗുരുമരുത്-പുരേ ഭക്താ ബാലകാഃ കവയ അപി അദ: പരം അദ്ധ്യേഷ്യന്തി.
അർത്ഥം-
കലികാലത്തിൽ എന്റെ സാന്നിധ്യത്താൽ പരിപാവനമാകുന്ന ഗുരുവായുപുരത്തിൽ ഭക്തന്മാരും വിദ്വാന്മാരും മാത്രമല്ല കുട്ടികൾ പോലും ആ സ്ത്രോത്രരത്നത്തെ തികഞ്ഞ ഭക്തിയോടെ പാരായണം ചെയ്യുന്നതാണ്.
ആവഭൃഥ്യം ച തത് സ്‌നാനം കർമ്മയജ്ഞേ മയോദിതം
ജ്ഞാനയജ്ഞേത്ര ഭക്താനാം കാര്യമിച്ഛാനുസാരതഃ 46
അന്വയം-
കർമ്മയജ്ഞേ മയോദിതം ആവഭൃഥ്യം തത് സ്‌നാനം അത്ര ജ്ഞാനയജ്ഞേ ച ഭക്താനാം ഇച്ഛാനുസാരതഃ കാര്യം.
അർത്ഥം-
യാഗാവസാനം ചെയ്യേണ്ടുന്നതും കർമ്മയജ്ഞത്തിൽ എന്നാൽ നിർദേശിയ്ക്ക-പ്പെട്ടതുമായ ‘അവഭൃഥ’ സ്‌നാനം ഈ ജ്ഞാനയജ്ഞത്തിന്റെ അവസാനത്തിലും ഭക്തജനങ്ങളുടെ താല്പര്യത്തിനനുസൃതമായി അനുഷ്ഠിയ്ക്കേണ്ടതാണ്.
വക്താരം തോഷയേത് സാധു ഭൂഷാവസ്ത്രധനാദിഭിഃ
യജ്ഞാന്തേ തത്ര തുഷടേ തു പ്രസീദേയുശ്ച ദേവതാഃ 47
അന്വയം-
യജ്ഞാന്തേ വക്താരം ഭൂഷാവസ്ത്രധനാദിഭിഃ സാധു തോഷയേത്; തത്ര തുഷടേ തു ദേവതാഃ ച പ്രസീദേയു: .
അർത്ഥം-
ഈ ജ്ഞാനയജ്ഞത്തിന്റെ അവസാനത്തിൽ യജ്ഞാചാര്യനെ ആഭരണം, വസ്ത്രം, ധനം എന്നിവ നൽകി നല്ലപോലെ തൃപ്തിപ്പെടുത്തേണ്ടതാണ്; ആചാര്യൻ സന്തോഷിക്കുമ്പോൾ ദേവതകളും സന്തോഷിയ്ക്കുന്നു.
അഥ തത്രാഗതാൻ ഭക്താൻ തന്മാല്യതുളസീദളൈ:
തോഷയേദന്നദാനൈശ്ച വചോഭിർമ്മധുരൈരപി 48
അന്വയം-
അഥ തത്ര ആഗതാൻ ഭക്താൻ തത് മാല്യതുളസീദളൈ: അന്നദാനൈ; മധുരൈ: വചോഭി: അപി ച തോഷയേത്.
അർത്ഥം-
അതുപോലെത്തന്നെ, അവിടെ വന്നുചേർന്നിട്ടുള്ള ഭക്തജനങ്ങളെ ദേവന് ചാർത്തിയിരുന്ന പൂമാലകൾ, തുളസിമാലകൾ, അന്നദാനം, മധുരഭാഷണം എന്നിവ കൊണ്ട് സന്തോഷിപ്പിയ്ക്കണം.
സദാ പേയാ കഥാ ചേയം ശ്രീമന്നാരായണാശ്രയാ
യഥാശക്തി യഥാബുദ്ധി യഥാരുചി യഥാവിധി 49
അന്വയം-
ഇയം ശ്രീമന്നാരായണാശ്രയാ കഥാ യഥാശക്തി, യഥാബുദ്ധി, യഥാരുചി, യഥാവിധി ച സദാ പേയാ.
അർത്ഥം-
ശ്രീമന്നാരായണനെ സംബന്ധിച്ചുള്ള ഈ കഥാമൃതം സ്വന്തം കഴിവിനും ബുദ്ധിശക്തിയ്ക്കും താല്പര്യത്തിനും അനുസരിച്ച് വിധിപ്രകാരം എല്ലായ്‌പ്പോഴും നുകരണം.
കൃത്യാന്തരേണ ബദ്ധോ വാ താപത്രയഹതോപി വാ
ഏകാഹേനാപി സംശ്രുത്യ സുഖമേതി ന സംശയഃ 50
അന്വയം-
കൃത്യാന്തരേണ ബദ്ധ: വാ താപത്രയഹത: അപി വാ ഏകാഹേന അപി സംശ്രുത്യ സുഖമേതി ന സംശയഃ .
അർത്ഥം-
മറ്റേതെങ്കിലും കർമ്മങ്ങളിൽ വ്യാപൃതരായവർ ആവട്ടേ, ആധ്യാത്മികവും, ആധിദൈവികവും ആധിഭൗതികവുമായ മൂന്നുതരത്തിലുള്ള ദു:ഖങ്ങളിൽ പെട്ടുഴലുന്നവരാവട്ടെ, ഒരു ദിവസത്തെ എങ്കിലും പാരായണശ്രവണം മൂലം ശാന്തിയും സമാധാനവും നേടുമെന്ന കാര്യത്തിൽ സംശയമില്ല.
സൂത ഉവാച-
നാരായണോക്തം ശ്രുത്വാസ്യ വിധിം വിസ്തരതോ ഗുരുഃ
തുഷ്ട്‌ട്യാ തുഷ്‌ടാവ തം ദേവമവതാരാൻ ദശ സ്മരൻ 51
അന്വയം-
സൂത ഉവാച- നാരായണോക്തം അസ്യ വിധിം വിസ്തരത: ശ്രുത്വാ ഗുരുഃ തുഷ്ട്‌ട്യാ ദശ അവതാരാൻ സ്മരൻ തം ദേവം തുഷ്‌ടാവ.
അർത്ഥം-
സൂതമുനി പറഞ്ഞു- ഭഗവാൻ നാരായണനാൽ പറയപ്പെട്ട ഈ യജ്ഞവിധി വിസ്തരിച്ചു കേട്ടിട്ട് എന്റെ ഗുരുവരൻ അത്യധികം സന്തോഷിച്ച് ദശാവതാരങ്ങളെ ഓർത്തുകൊണ്ട് ഭഗവാനെ സ്തുതിച്ചു.
ഋഷയ ഊചു-
ദശാവതാരസ്തോത്രം തത് സൂത നോ വക്തുമർഹസി
ഗുരവോ ബ്രുവതേ ഗുഹ്യമപി ശിഷ്യജനായ ഹി 52
അന്വയം-
ഋഷയ ഊചു- സൂത! തത് ദശാവതാരസ്തോത്രം ന: വക്തും അർഹസി; ഗുരവ: ഗുഹ്യം അപി ശിഷ്യജനായ ബ്രുവതേ ഹി.
.
അർത്ഥം-
ഋഷിമാർ പറഞ്ഞു- സൂതമുനേ! ആ ദശാവതാരസ്തോത്രം ഞങ്ങൾക്ക് പറഞ്ഞു തന്നാലും; ഗുരുജനങ്ങൾ തങ്ങൾക്കറിവുള്ള വലിയ രഹസ്യം പോലും ശിഷ്യന്മാർക്കു പറഞ്ഞുകൊടുക്കാറുണ്ടല്ലോ?
സൂത ഉവാച-
സ്തോത്രം തദുപദേക്ഷ്യാമി ശൃണുതാവഹിതാത്മനാ
സാർവ്വകാമികമേതത്തു പഠതാം ശൃണ്വതാമപി 53
അന്വയം-
സൂത ഉവാച- തത് സ്തോത്രം ഉപദേക്ഷ്യാമി; അവഹിത ആത്മനാ ശൃണുത ; ഏതത് തു പഠതാം ശൃണ്വതാം സാർവ്വകാമികം അപി.
അർത്ഥം-
സൂതമുനി പറഞ്ഞു- ഞാൻ ആ സ്തോത്രം പറഞ്ഞുതരാം- ശ്രദ്ധയോടെ കേട്ടുകൊള്ളുക; ഇത് പാരായണം ചെയ്യുന്നവർക്കും ശ്രവണം ചെയ്യുന്നവർക്കും സർവ അഭീഷ്ടങ്ങളും സിദ്ധിയ്ക്കുക്കുകയും ചെയ്യും.
ദശാവതാരസ്തോത്രം-1
ഹയഗ്രീവം നിഹത്യാശു വേദാൻ സംരക്ഷിതും പുരാ
ധൃതമത്സ്യസ്വരൂപായ ശ്രീകൃഷ്‌ണായ നമോ നമഃ 54
അന്വയം-
ഹയഗ്രീവം നിഹത്യ ആശു വേദാൻ സംരക്ഷിതും പുരാ ധൃതമത്സ്യസ്വരൂപായ ശ്രീകൃഷ്‌ണായ നമോ നമഃ .
അർത്ഥം-
ഹയഗ്രീവാസുരനെ വധിച്ച്, എത്രയും പെട്ടെന്ന് വേദങ്ങളെ വീണ്ടെടുക്കുന്നതിനായി മത്സ്യരൂപം ധരിച്ച ശ്രീകൃഷ്ണഭഗവാന് നമസ്കാരം. (ശ്രീമന്നാരായണീയം ദശകം 32 )
ദശാവതാരസ്തോത്രം-2
തദാ ക്ഷീരോദധൗ മഗ്നമുദ്ധർത്തും മന്ദരാചലം
ഗൃഹീതകൂർമ്മരൂപായ ശ്രീകൃഷ്‌ണായ നമോ നമഃ 55
അന്വയം-
തദാ ക്ഷീരോദധൗ മഗ്‌നം മന്ദരാചലം ഉദ്ധർത്തും ഗൃഹീതകൂർമ്മരൂപായ ശ്രീകൃഷ്‌ണായ നമോ നമഃ .
അർത്ഥം-
പാലാഴിമഥനസമയത്ത് കടലിൽ ആണ്ടുപോയ മന്ദരപർവതത്തെ പൊക്കി എടുക്കുന്നതിനായി കൂർമ്മാവതാരം കൈക്കൊണ്ട ശ്രീകൃഷ്ണഭഗവാന് നമസ്കാരം. (ശ്രീമന്നാരായണീയം ദശകം 27)
ദശാവതാരസ്തോത്രം-3
ഹിരണ്യാക്ഷഹതാം ഭൂമിമുദ്ധർത്തും പ്രളയാർണ്ണവാത് ധൃതപോത്രിസ്വരൂപായ ശ്രീകൃഷ്‌ണായ നമോ നമഃ 56
അന്വയം-
ഹിരണ്യാക്ഷഹതാം ഭൂമിം പ്രളയാർണ്ണവാത് ഉദ്ധർത്തും ധൃതപോത്രിസ്വരൂപായ ശ്രീകൃഷ്‌ണായ നമോ നമഃ .
അർത്ഥം-
ഹിരണ്യാക്ഷനാൾ അപഹരിയ്ക്കപ്പെട്ട ഭൂമിയെ പ്രളയസമുദ്രത്തിൽനിന്നും പൊക്കിയെടുക്കുന്നതിനായി ഭീമാകാരവരാഹമായി അവതരിച്ച ശ്രീകൃഷ്ണ ഭഗവാന് നമസ്കാരം. (ശ്രീമന്നാരായണീയം ദശകം 12)
ദശാവതാരസ്തോത്രം-4
ഹിരണ്യകശിപും ഹത്വാ ജഗതീമവിതും പുരാ
നൃസിംഹഗാത്രസ്വീകർത്രേ ശ്രീകൃഷ്‌ണായ നമോ നമഃ 57
അന്വയം-
പുരാ ഹിരണ്യകശിപും ഹത്വാ ജഗതീം അവിതും നൃസിംഹഗാത്രസ്വീകർത്രേ ശ്രീകൃഷ്‌ണായ നമോ നമഃ .
അർത്ഥം-
പണ്ട് മഹാവിഷ്ണുവിനെ വെല്ലുവിളിച്ച ഹിരണ്യ കശിപുവിനെ വധിച്ച് സർവ്വ ജഗത്തിനെയും രക്ഷിയ്ക്കാനായി നരസിംഹരൂപം സ്വീകരിച്ച ശ്രീകൃഷ്ണഭഗവാന് നമസ്കാരം. (ശ്രീമന്നാരായണീയം ദശകം 25)
ദശാവതാരസ്തോത്രം-5
ബലേർദ്ദിവം സമാദായ ദേവേഭ്യോർപ്പയിതും പുരാ
ധൃതവാമനരൂപായ ശ്രീകൃഷ്‌ണായ നമോ നമഃ 58
അന്വയം-
പുരാ ബലേ: ദിവം സമാദായ ദേവേഭ്യ: അർപ്പയിതും ധൃതവാമനരൂപായ ശ്രീകൃഷ്‌ണായ നമോ നമഃ .
അർത്ഥം-
പണ്ട് ശുക്രാചാര്യന്റെ അനുഗ്രഹത്താലും യാഗങ്ങളുടെ ശക്തിയാലും പ്രതാപശാലിയായി വാണിരുന്ന മഹാബലിയിൽനിന്നും സ്വർഗ്ഗം വീണ്ടെടുത്ത് ദേവന്മാർക്ക് നൽകാനായി വാമനരൂപം ധരിച്ച ശ്രീകൃഷ്ണ ഭഗവാന് നമസ്കാരം. (ശ്രീമന്നാരായണീയം ദശകം 30)
ദശാവതാരസ്തോത്രം-6
നിഹത്യ ദുഷ്ടരാജന്യാൻ ധർമ്മം സംരക്ഷിതും പുരാ
ഗൃഹീതരാമരൂപായ ശ്രീകൃഷ്ണായ നമോ നമഃ 59
അന്വയം-
പുരാ ദുഷ്ടരാജന്യാൻ നിഹത്യ ധർമ്മം സംരക്ഷിതും ഗൃഹീതരാമരൂപായ ശ്രീകൃഷ്ണായ നമോ നമഃ .
അർത്ഥം-
പണ്ട് ദുഷ്ടനായ രാജാക്കന്മാരെ ഒന്നടങ്കം വധിച്ച് ധർമ്മസംരക്ഷണം നിർവ്വഹിയ്ക്കാനായി ഭൃഗു വംശത്തിൽ ഭാർഗ്ഗവരാമനായിപ്പിറന്ന ശ്രീകൃഷ്ണ ഭഗവാന് നമസ്കാരം. (ശ്രീമന്നാരായണീയം ദശകം 36)
ദശാവതാരസ്തോത്രം-7
രാവണാദ്യസതോ ഹത്വാ ത്രിലോകീം രക്ഷിതും പുരാ
ധൃതരാമസ്വരൂപായ ശ്രീകൃഷ്‌ണായ നമോ നമഃ 60
അന്വയം-
പുരാ രാവണാദി അസത: ഹത്വാ ത്രിലോകീം രക്ഷിതും ധൃതരാമസ്വരൂപായ ശ്രീകൃഷ്‌ണായ നമോ നമഃ .
അർത്ഥം-
പണ്ട് രാവണൻ തുടങ്ങിയ ദുർജ്ജനങ്ങളെ വധിച്ച് മൂന്നു ലോകങ്ങളേയും രക്ഷിയ്ക്കുന്നതിനായി കൗസല്യാസുപ്രജാരാമനായിപ്പിറന്ന ശ്രീകൃഷ്ണ ഭഗവാന് നമസ്കാരം. (ശ്രീമന്നാരായണീയം ദശകം 34)
ദശാവതാരസ്തോത്രം-8
ധേനുകാദീൻ നിഹത്യാശു സതഃ സംരക്ഷിതും പുരാ
ധൃതരാമസ്വരൂപായ ശ്രീകൃഷ്‌ണായ നമോ നമഃ 61
അന്വയം-
പുരാ ധേനുകാദീൻ നിഹത്യ ആശു സതഃ സംരക്ഷിതും ധൃതരാമസ്വരൂപായ ശ്രീകൃഷ്‌ണായ നമോ നമഃ .
അർത്ഥം-
പണ്ട് ധേനുകൻ തുടങ്ങിയ അസുരന്മാരെ വധിച്ച് സജ്ജനങ്ങളെ സംരക്ഷിയ്ക്കുന്നതിനായി ബലരാമനായിപ്പിറന്ന ശ്രീകൃഷ്ണഭഗവാന് നമസ്കാരം. (ശ്രീമന്നാരായണീയം ദശകം 53)
ദശാവതാരസ്തോത്രം-9
ഭൂഭാരമുപസംഹർത്തും വസുദേവസ്യ വേശ്‌മനി
ഗൃഹീതാത്ഭുതരൂപായ ശ്രീകൃഷ്ണായ നമോ നമഃ 62
അന്വയം-
ഭൂഭാരം ഉപസംഹർത്തും വസുദേവസ്യ വേശ്‌മനി ഗൃഹീതാത്ഭുതരൂപായ ശ്രീകൃഷ്ണായ നമോ നമഃ .
അർത്ഥം-
ഭൂമിയുടെ ദുർജ്ജനങ്ങളെക്കൊണ്ടുള്ള ഭാരം ലഘൂകരിയ്ക്കുന്നതിനായി വസുദേവരുടെ വസതിയിൽ അദ്‌ഭുതരൂപമായി അവതരിച്ച ശ്രീകൃഷ്ണ ഭഗവാന് നമസ്കാരം. (ശ്രീമന്നാരായണീയം ദശകം 38)
ദശാവതാരസ്തോത്രം-10
കലേരന്തേ ഖലാൻ ഹത്വാ സത്യം സ്ഥാപയിതും സദാ
കല്‌കിരൂപമുപാദാത്രേ ശ്രീകൃഷ്ണായ നമോ നമഃ 63
അന്വയം-
കലേരന്തേ ഖലാൻ ഹത്വാ സത്യം സ്ഥാപയിതും സദാ കല്‌കിരൂപമുപാദാത്രേ ശ്രീകൃഷ്ണായ നമോ നമഃ
അർത്ഥം-
കലിയുഗാന്ത്യത്തിൽ ദുഷ്ടനിഗ്രഹം ചെയ്ത് എന്നെ-ന്നേക്കുമായി സത്യധർമ്മങ്ങൾ പുനഃസ്ഥാപിയ്ക്കാൻ കൽകിയായി അവതാരമെടുക്കുന്ന ശ്രീകൃഷ്ണ ഭഗവാന് നമസ്കാരം.
അഥ പ്രീതൈർമ്മുനിശ്രേഷ്ഠൈ: പൂജിതോ രൗമഹർഷണിഃ
പുനഃ സത്സംഗലാഭായ തീർത്ഥാത്തീർത്ഥം ചചാര ഹ 64
അന്വയം-
അഥ പ്രീതൈ: മുനിശ്രേഷ്ഠൈ: പൂജിത: രൗമഹർഷണിഃ പുനഃ സത്സംഗലാഭായ തീർത്ഥാത് തീർത്ഥം ചചാര ഹ.
അർത്ഥം-
അനന്തരം ഇത് ശ്രവിച്ച് സന്തുഷ്ടരായ മുനി വര്യന്മാരാൽ ബഹുമാനിതനും രോമഹർഷണ മുനിയുടെ പുത്രനുമായ ഉഗ്രശ്രവസ് എന്ന സൂതമുനി സത്‌സംഗപ്രാപ്തിയ്ക്കായി തീർത്ഥങ്ങൾ തോറും സഞ്ചരിച്ചു.
അംഗിര ഉവാച-
പുരാണേഷു ന കുത്രാപി കൃഷ്‌ണേനാപി പ്രകാശിതം
നാരായണീയമാഹാത്മ്യം കൗത്സ തുഭ്യം മയോദിതം 65
അന്വയം-
അംഗിര ഉവാച- കൗത്സ! പുരാണേഷു ന കുത്രാപി കൃഷ്‌ണേനാപി പ്രകാശിതം നാരായണീയമാഹാത്മ്യം തുഭ്യം മയോദിതം.
അർത്ഥം-
മഹർഷി അംഗിരസ് പറഞ്ഞു- കൗത്സ! പുരാണങ്ങളിൽ ഒരിടത്തും വ്യാസനാൽപ്പോലും പരാമർശിച്ചിട്ടില്ലാത്ത ഈ നാരായണീയമാഹാത്മ്യം ഞാൻ അങ്ങേയ്ക്കു പറഞ്ഞുതന്നിരിയ്ക്കുന്നു.
രഹസ്യാതിരഹസ്യം യദിദം നൂനമിതഃ പരം
കർണ്ണാകർണ്ണികയാ ശ്രുത്യാ സർവ്വത്ര പ്രചരിഷ്യതി 66
അന്വയം-
യദ് രഹസ്യാതിരഹസ്യം ഇദം നൂനം ഇതഃ പരം കർണ്ണാകർണ്ണികയാ ശ്രുത്യാ സർവ്വത്ര പ്രചരിഷ്യതി.
അർത്ഥം-
രഹസ്യങ്ങളിൽവെച്ച് അതീവ രഹസ്യമായ ഇതിനെ ഇന്നുമുതൽ ജനങ്ങൾ നിശ്ചയമായും കേൾപ്പിച്ച് പാരാകെ പ്രചരിയ്ക്കുന്നതാണ്.
നാരായണീയസ്തോത്രസ്യ പാരായണപരായണാഃ
ഇദം പീത്വാ പായയന്തു യഥേഷ്ടമപരാനപി 67
അന്വയം-
നാരായണീയസ്തോത്രസ്യ പാരായണപരായണാഃ ഇദം പീത്വാ അപരാനപി യഥേഷ്ടം പായയന്തു.
അർത്ഥം-
ഈ നാരായണീയസ്തോത്രം പാരായണം ചെയ്യുവാൻ താത്പര്യമുള്ള ഭക്തജനങ്ങൾ ഈ അമൃത് പാനംചെയ്യുകയും മറ്റുള്ളവർക്ക് ഇഷ്ടം പോലെ പകർന്നു കൊടുക്കുകയും ചെയ്യട്ടെ.
നാരായണീയമഹിമാമതുലപ്രഭാവാ-
മാപീയ സൂതവദനാദമിതാദരേണ
മോക്ഷാർത്ഥിനോപി മുനയസ്‌ത്വദസീയപാന-
ലോലായമാനമനസോഥ ഹരിം പ്രണേമുഃ 68
അന്വയം-
മുനയ: തു മോക്ഷാർത്ഥിന: അപി സൂതവദനാത് അമിതാദരേണ അതുലപ്രഭാവാം നാരായണീയമഹിമാം ആപീയ അഥ അദസീയപാനലോലായമാനമനസ: ഹരിം പ്രണേമുഃ .
അർത്ഥം-
ആ മുനിവര്യന്മാരാവട്ടെ, മോക്ഷപ്രാപ്തി കാംക്ഷിയ്ക്കുന്നവരായിട്ടുപോലും സൂതമുനിയിൽ നിന്ന് അത്യന്തം ബഹുമാനത്തോടെ അസാമാന്യ പ്രഭാവമുള്ള നാരായണീയമാഹാത്മ്യം പാനം ചെയ്തിട്ട് പിന്നെ അത് വീണ്ടും വീണ്ടും കേൾക്കണമെന്ന് ആഗ്രഹമുള്ളവരായി വിഷ്ണുഭഗവാനെ പ്രണമിച്ചു.
ദശാവതാരാൻ സംസ്‌മൃത്യ സ്തോത്രം തത്തു പഠന്നരഃ
ഇഹ ച പ്രേത്യഭാവേ ചഭുങ് ക്തേ കാമാന്ന സംശയഃ 69
അന്വയം-
ദശാവതാരാൻ സംസ്‌മൃത്യ തത് സ്തോത്രം തു പഠൻ നരഃ ഇഹ ച പ്രേത്യഭാവേ ച കാമാൻ ഭുംക്തേ ന സംശയഃ .
അർത്ഥം-
വിഷ്ണുഭഗവാന്റെ പത്ത് അവതാരങ്ങളേയും സ്മരിച്ചുകൊണ്ടുള്ള ആ സ്തോത്രം പഠിയ്ക്കുന്ന മനുഷ്യൻ ഇഹത്തിലും പരത്തിലും സുഖസൗഭാഗ്യങ്ങൾ ആസ്വദിയ്ക്കും എന്നതിൽ സംശയമില്ല.
മയാ തു പൃഷ്ടോ ജനിതാ കദാചി-
ദുപാദിശന്മാമിതിവൃത്തമേതത്
പുരോദിതം യദ്ധരിണൈവ തസ്മൈ
മയാ തവോക്തം ജഗതാം ഹിതായ 70
അന്വയം-
കദാചിത് മയാ തു പൃഷ്ട: ജനിതാ മാം ഉപാദിശത് ഏതത് ഇതിവൃത്തം യത് പുരാ ഹരിണാ എവ തസ്മൈ ഉദിതം മയാ ജഗതാം ഹിതായ തവ ഉക്തം.
അർത്ഥം-
ഒരിയ്ക്കൽ ഞാൻ ചോദിച്ചിട്ട് അച്ഛൻ എനിയ്ക്കു ഉപദേശിച്ചുതന്ന ഈ സ്‌തോത്രാമൃതം പണ്ട് സാക്ഷാൽ വിഷ്ണു ഭഗവാൻ എന്റെ അച്ഛന് പറഞ്ഞുകൊടുത്തതാകുന്നു; അതിപ്പോൾ ഞാൻ ലോകനന്മയെക്കരുതി അങ്ങേയ്ക്കു പറഞ്ഞുതന്നു.
ഇത്യാംഗിരസേ ശ്രീമന്നാരായണീയമാഹാത്മ്യേ ശ്രവണവിധികഥനം നാമ ദ്വിതീയോദ്ധ്യായഃ
അംഗിരസ് മുനി രചിച്ച ശ്രീമന്നാരായണീയമാഹാത്മ്യത്തിലെ ശ്രവണവിധികഥനം എന്ന രണ്ടാം അദ്ധ്യായം സമാപ്തം.
തൃതീയോദ്ധ്യായഃ
മൂന്നാമദ്ധ്യായം
കൗത്സ ഉവാച-
ഭഗവൻ സംസാരസാഗരസംക്രാമക സാർവ്വകാമികാണി ബ്രാഹ്മ വൈഷ്‌ണവ ശാങ്കര ശാക്ത ഗാണപത്യ സ്‌കാന്ദ വൈവസ്വത ചാന്ദ്രനാവഗ്രഹരൗദ്രാണി ത്രിംശദഷ്ടോത്തരശത-സ്തോത്രാണി അദ്യാവധി മയാധിഗതാനി യാനി നാരദാനകുശലമുഖഭാഗവതർഷീണാം മുഖാരവിന്ദാത് താപത്രയസന്തപ്‌താനാമനുഗ്രഹാർത്ഥം തദാ തദാ വിനിസ്സൃതാനി. 1
അർത്ഥം-
കൗത്സമുനി പറഞ്ഞു- ഹേ ഭഗവൻ!, ഐഹിക-ലോകമാകുന്ന കരകാണാക്കടൽ തരണം ചെയ്യാൻ പ്രാപ്തമാക്കുന്നതും, സർവാഭീഷ്ടങ്ങളും നൽകുന്നതും, ബ്രഹ്മ്മാവ്, വിഷ്ണു, മഹേശ്വരൻ, ദേവി, ഗണപതി, സുബ്രഹ്മണ്യൻ, വിവസ്വാൻ, ചന്ദ്രൻ, നവഗ്രഹങ്ങൾ, രുദ്രൻ, തുടങ്ങിയ ദേവതകളെക്കുറിച്ചുള്ളതും, മൂന്നു പ്രകാരത്തിലുമുള്ള ദു:ഖങ്ങളെക്കൊണ്ട് ദുരിതങ്ങൾ അനുഭവിയ്ക്കുന്നവർക്ക് അനുഗ്രഹവർഷം ചൊരിയുന്നതുമായ മംഗളദർശനദായകരും ഭാഗവതോത്തമന്മാരുമായ നാരദാദി മുനിമാരുടെ മുഖപദ്മത്തിൽനിന്നും അതതു കാലങ്ങളിൽ ഉദ്ഭവിച്ച മുപ്പതോളം അഷ്ടോത്തരശത സ്തോത്രങ്ങൾ എന്റെ പക്കലുണ്ട്.
അഥ കിമേതസ്‌മാത് ഭഗവൻ ബ്രഹ്മാനുത്തമ-സ്‌തുതിനികുരുംബ മകരന്ദബിന്ദുസന്ദോഹാത് വിചിത്യ വിനിയോജ്യമിതി നിതാന്തമന്ദം മമ സ്വാന്തം ഹന്ത ദോളായതേ. 2
അർത്ഥം-
ഹേ ഭഗവൻ!, അങ്ങനെയിരിക്കെ, ബ്രഹ്മജ്ഞാനം പകരുന്നതും ശ്രേഷ്ഠവുമായ സ്തുതികളുടെ സമാഹാരമാകുന്ന ഈ തേൻതുള്ളിക്കൂട്ടത്തിൽ നിന്ന് ഏതൊന്നാണ് തിരഞ്ഞെടുക്കേണ്ടത് എന്ന കാര്യത്തിൽ സംശയം പൂണ്ട എന്റെ മനസ്സ് ചഞ്ചലമാകുന്നു.
അതസ്‌തത്തു സ്തോത്രവരിഷ്‌ഠം ഋഷിച്ഛന്ദോദേവതാദി വിധാനുവിധയാ സഹ കാർത്സനേനാചഷ്ടുമർഹതി നമോ നമസ്തേ. 3
അർത്ഥം-
അതിനാൽ, ഋഷി, ഛന്ദസ്സ്, ദേവതാ തുടങ്ങിയ വിധിയാം വണ്ണമുള്ള ലക്ഷണങ്ങളോടുകൂടിയ, ശ്രേഷ്ഠവും സമ്പൂർണ്ണവുമായ സ്തോത്രം തന്നെ ഞങ്ങൾക്ക് ഉപദേശിച്ചരുളേണമേ! അവിടുത്തേക്കു നമസ്കാരം! നമസ്കാരം!
അംഗിര ഉവാച- ഭോസ്‌താത! ത്വയാ സാധ്വേവ മമാഭിപൃഷ്‌ടം. 4
അർത്ഥം-
മകനേ! എന്നോടുള്ള നിന്റെ ഈ ചോദ്യം ഉചിതം തന്നെ.
ശുശ്രൂഷുഭിരന്തേവാസിഭിഃ സദൈവമേവ നിതരാം ഭാവ്യം. 5
അർത്ഥം-
വിനയാന്വിതരും ശ്രദ്ധാലുക്കളുമായ ആശ്രമവാസികൾ സദാ ഇപ്രകാരം തന്നെയാണ് പെരുമാറേണ്ടത്.
ത്വന്മുഖാദേവമേവ വത്സ മനസ്‌തു മമ ശുശ്രൂഷതേ 6
അർത്ഥം-
മകനേ! നിന്നിൽ നിന്നും ഇപ്രകാരമുള്ള വാക്കുകൾ തന്നെയാണ് ഞാൻ കേൾക്കാൻ ആഗ്രഹിയ്ക്കുന്നത്.
അഥ കഥയാമി തേ തത് സ്തോത്രോദ്ഘം യത്തു രഹസ്യാതിരഹസ്യം. 7
അർത്ഥം-
ഇപ്പോൾ ഞാൻ ശ്രേഷ്ഠവും എന്നാൽ അതീവ രഹസ്യവുമായ ആ സ്തോത്രത്തെ നിനക്ക് ഉപദേശിച്ചുതരാം.
അത ഏവാധികാരിണാപി ഗുരുമുഖാദേവാവഗന്തവ്യമിതി വൈദിക മാർഗ്ഗപ്രദീപകേഷു നാനാർഗ്ഗളകവചസഹസ്രനാമാദി മന്ത്രാകരേഷു പുരാണേതിഹാസേഷു കുത്രാപ്യ-നാവിഷ്‌കൃതം. അകൃതകവചസാമാദിവിധാതുർവിധാതുമ്മമ പിതുർമ്മുഖ ചതുഷ്‌ടയ്യാഃ കദാചിദേകാന്തേ പൂർവ്വമുഖാത് സാവധാനസ്യാസ്യ ശ്രോത്രാഞ്ജലിപുടേ വാമേതര ഏവാമീലിതാക്ഷം ത്രിരഭിവൃഷ്ടം 8-9
അർത്ഥം-
അതിനാൽ (അതീവ രഹസ്യമായതിനാൽ)ത്തന്നെ, വൈദികവിധികൾ വർണ്ണിയ്ക്കുന്ന വിശുദ്ധ ഗ്രന്ഥങ്ങളിലോ, വിവിധങ്ങളായ അർഗ്ഗള-കവച- സഹസ്രനാമങ്ങൾ എന്നിവ വിവരിയ്ക്കുന്ന മന്ത്ര സംഹിതകളിലോ പുരാണേതിഹാസങ്ങളിലോ എവിടെയും പരാമർശിയ്ക്കുകപോലും ചെയ്യാത്ത ഈ സ്തോത്രം ആചാര്യസ്ഥാന-മലങ്കരിയ്ക്കുന്നവർ ആണെങ്കിൽപ്പോലും ഗുരുമുഖത്തുനിന്നു മാത്രമേ ഹൃദിസ്ഥമാക്കാവൂ. വേദങ്ങളുടെ രചനയിൽ ഏർപ്പെട്ടിരിക്കെത്തന്നെ ആദികവി കൂടിയായ, എന്റെ പിതാവ് തന്റെ ചതുർമുഖങ്ങളിൽ പൂർവഭാഗത്തുള്ള ശിരസ്സിലൂടെ ഒരിയ്ക്കൽ മറ്റാരുമില്ലാത്ത അവസരത്തിൽ ശ്രദ്ധാപൂർവം കേൾക്കാനായി അടുത്തിരുന്ന എന്റെ വലത്തെ ചെവിയിൽ പാതി-യടഞ്ഞ മിഴികളോടെ ഈ സ്തോത്രം മൂന്നാവർത്തി ചൊല്ലുകയുണ്ടായി.
തഥാഹി പിതാ മേ മാമേകാന്തേ കദാചിദാഹൂയാഹ. 10
അർത്ഥം-
എനിയ്ക്ക് ഈ ഉപദേശം എങ്ങനെ ലഭിച്ചു എന്നാണെങ്കിൽ, എന്റെ പിതാവ് ഒരിയ്ക്കൽ എന്നെ രഹസ്യമായി വിളിച്ചു ഇപ്രകാരം പറഞ്ഞു:
വത്സ, കിഞ്ചിത് കഥയാമി ശൃണുഷ്വാവഹിതാത്മാ 11
അർത്ഥം-
മകനേ! ഞാൻ ഇപ്പോൾ ഒരു കാര്യം നിന്നോട് പറയുവാൻ പോവുകയാണ്; അതീവ ശ്രദ്ധയോടെ കേൾക്കുക-
ത്വയാ ലോകസംഗ്രഹാർത്ഥം മർത്ത്യലോകേ തത്ര തത്ര കാലേ പ്രവ്രജനീയം 12
അർത്ഥം-
ലോകരെ പ്രബുദ്ധരാക്കുന്നതിനായി ഭൂലോകത്തിൽ ഉടനീളം ഈ കാലയളവിൽ(കലികാലത്തിൽ) നീ പരിവ്രാജകനായി സഞ്ചരിയ്ക്കണം.
അലംഘ്യവേഗേന ഭഗവതാ കാലാഖ്യേന പരിവർത്തമാനയുഗയുഗളയോഃ ചരമേണ കലിനാ കലുഷമതീനാം യദേതദുപദേഷ്‌ടവ്യം. 13
അർത്ഥം-
കാലമൂർത്തിയെന്നു വിഖ്യാതനായ ഭഗവാന്റെ ലീലയാൽ ആർക്കുംതന്നെ തടഞ്ഞുനിർത്താനാവാത്ത വേഗത്തിൽ യുഗങ്ങൾ മാറിമാറിവന്നു ഒടുവിലത്തേതിൽ എത്തിനിൽക്കവേ, കലിയുടെ പ്രഭാവത്താൽ തകർന്ന മനസ്സുകളോടെ ജീവിയ്ക്കുന്ന മനുഷ്യർക്ക് ഇത് ഉപദേശിയ്‌ക്കേണ്ടതാണ്.
മയൈവൈതത് സർഗ്ഗകർമ്മണി വിനിയോജ്യമാനായ സ്വപ്രവൃത്തസർഗ്ഗകർമ്മ-നിർവ്വിഘ്‌നസമ്പാദനാർത്ഥം മമ പൗത്രായ മാരീചായ സകലകാരണകാരണാഭാവ-പ്രതിയോഗിനോ മജ്ജനകാന്നാരായണമൂർത്തേഃ യഥാവഗതമുപദിഷ്ടചരമസ്തി. 14
അർത്ഥം-
ഞാൻ തന്നെ സർഗ്ഗസൃഷ്ടിയ്ക്കായി നിയോഗിച്ചവനും എന്റെ പുത്രന്റെ പുത്രനുമായ കാശ്യപൻ, തന്നിൽ അർപ്പിതമായ സൃഷ്ടികർമ്മം വിഘ്നങ്ങ-ളേതും കൂടാതെ നടത്തുന്നതിനായി, സർവപ്രപഞ്ച-ത്തിനും കാരണഭൂതനായിരിയ്ക്കുന്നവനും എന്റെ പിതാവുമായ സാക്ഷാൽ നാരായണനിൽനിന്നുതന്നെ ഹൃദിസ്ഥമാക്കിയ ഈ സ്തോത്രം അപ്രകാരംതന്നെ ഉപദേശിയ്ക്കുക-യായിരുന്നു.
യത് കിഞ്ചിദപിലിപ്സു: ആദൗ മന്ത്രാപ്ലവനപൂത: വിഹിതം സാന്ധ്യാദികം യഥാവിധി വിധായ മന്ത്രമൂർത്തിം ഗോലോകനാഥം-
ഗോലോകനാഥം നതപാരിജാതം
ഗോഗോപഗോപീനയനാബ്ജസൂരം
നാനാവിഭൂഷാപരിഭൂഷിതാംഗം
നമാമി കൃഷ്‌ണം കരുണാപയോധിം 15
ഇതി സംധ്യായ പൂജ്യത്വാദൃഷിം നാരായണം ശിരസി അക്ഷരത്വാച്ഛന്ദ ആനുഷ്‌ടുഭമധിനാസോത്തരോഷ്‌ഠം, ധ്യേയത്വാദ്ദേവതാം ഗോലോകനാഥം ശ്രീകൃഷ്‌ണ-പരമാത്മാനം ഹൃദി ച മാർഗ്ഗശീർഷേണ ഹസ്തേന ന്യസ്യൈവം സഞ്ജപേത് 16
അർത്ഥം-
അല്പം എന്തെങ്കിലും ആഗ്രഹിയ്ക്കുന്ന ഒരുവൻ ആദ്യം തന്നെ മന്ത്രോച്ചാരണത്തോടെ-യുള്ള സനാനത്താൽ സ്വയം ശുദ്ധീകരിച്ച് നിർദിഷ്ടമായ സന്ധ്യാവന്ദനക്രമങ്ങൾ യഥാവിധി അനുഷ്ഠിച്ച് മന്ത്രമൂർത്തിയായ സർവലോകനാഥനായ ഭഗവാനെ-
“ഗോലോകനാഥം നതപാരിജാതം
ഗോഗോപഗോപീനയനാബ്ജസൂരം
നാനാവിഭൂഷാപരിഭൂഷിതാംഗം
നമാമി കൃഷ്‌ണം കരുണാപയോധിം”
[ഗോലോകത്തിന്റെ നാഥനും, നമിയ്ക്കുന്നവർക്കു സർവവും പ്രദാനം ചെയ്യുന്ന കല്പവൃക്ഷവും, ഗോക്കളുടേയും ഗോപന്മാരുടേയും ഗോപികമാരുടേയും കണ്ണുകളാകുന്ന താമരയ്ക്കു സൂര്യനും വിവിധങ്ങളായ ആഭരണങ്ങളാൽ അലംകൃതമായ ശരീരത്തോടുകൂടിയവനും കരുണാസാഗരവുമായ ശ്രീകൃഷ്ണഭഗവാനെ ഞാൻ നമസ്കരിയ്ക്കുന്നു.]
-എന്ന് നന്നായി ധ്യാനിച്ചിട്ട് പൂജ്യനായതിനാൽ ഋഷിയായി നാരായണനെ ശിരസ്സിലും, അക്ഷരത്വത്താൽ അനുഷ്ടുഭ് ഛന്ദസ്സിനെ മൂക്കിനും ചുണ്ടിനും ഇടയിലും, ധ്യാനിയ്ക്കപ്പെടേണ്ട ദേവതയാകയാൽ ഗോലോകനാഥനും പരമാത്മാവുമായ ശ്രീകൃഷ്ണ ഭഗവാനെ ഹൃദയത്തിലും അസംയുത (ഏക)ഹസ്തമുദ്രയായ മൃഗശീർഷയാൽ സമർപ്പിച്ചിട്ട് ഇപ്രകാരം ജപിയ്ക്കണം.
ശ്രീകൃഷ്ണാഷ്ടോത്തരശതനാമസ്തോത്രം
ശ്രീനാരായണഃ ഋഷിഃ - അനുഷ്ടുപ് ഛന്ദഃ -
ഗോലോകനാഥഃ കൃഷ്‌ണപരമാത്മാ ദേവതാ.
ഗോലോകനാഥോ1 ഗോവിന്ദോ2 ഗോപികാജനവല്ലഭഃ3
രാധികാരമണോ4 രമ്യോ5 രാജീവദളലോചനഃ6 17
കരുണാസാഗരഃ7 കൃഷ്‌ണഃ8 കാമകോടിമനോഹരഃ9
സർവ്വകർത്താ10 സർവ്വഹർത്താ11 സച്ചിദാനന്ദവിഗ്രഹഃ12 18
വേദവേദ്യോ13 വിരാഡ്രൂപോ14 വിരിഞ്ചിഹരവന്ദിതഃ15
വൈകുണ്ഠനിലയോ16വിഷ്‌ണുർ17വ്വാസുദേവോ18 വിരാട്‌ധ്വജഃ19 19
പയഃപയോധിമദ്ധ്യസ്ഥഃ20 പന്നഗാധിപതല്പഗഃ21
സർവ്വഭൂതഗുഹാവാസഃ22 സൂര്യേന്ദുനയനഃ23 സ്വരാട്24 20
ശാർങ്‌ഗധന്വാ25 ശംഖചക്രഗദാംബുജലസദ്‌ഭുജഃ26
ശ്രിതാഭീഷ്ടദമന്ദാരഃ27 ശരണ്യഃ28 ശ്രീധരാധവഃ29 21
നവനീലഘനച്ഛായോ30 നരനാരായണാത്മകഃ31
മുമുക്ഷുസേവ്യോ32 മായേശോ33 മുകുന്ദോ34 മധുസൂദനഃ35 22
മത്സ്യരൂപധരോ36 മായീ37 മനുരൂപോ38 മനുസ്‌തുതഃ39
കഠോരപൃഷ്‌ഠവിധൃതമന്ദരഃ40 കമഠാകൃതിഃ41 23
ഹേലാധൃതക്രോഡതനു42ർഹിരണ്യാക്ഷനിഹാ43
ഹരിഃ44 അദ്ധ്വരാത്മാ45 ചലോദ്ധർത്താ46ഽച്യുതോ47ഽനുപമവൈഭവഃ48 24
നരസിംഹാകൃതി49ർന്നാദനിരാകൃതമഹാസുരഃ 50
ഭക്തപ്രഹ്ലാദവരദോ51 ഭവസാഗരതാരകഃ52 25
വലഭിത്സഹജോ53 വന്ദ്യോ54 വാമനോ55 ബലിദർപ്പഹാ56
ത്രിക്രമാക്രാന്തഭുവന57സ്ത്രിദിവേഡ്യ58സ്ത്രിവിക്രമഃ59 26
ഭഗവാൻ60 ഭാർഗ്ഗവോ രാമോ61 ഭീമകർമ്മാ62 ഭവപ്രിയഃ63
ദശാസ്യഹന്താ64 ദുർദ്ധർഷോ65 രാമോ ദശരഥാത്മജഃ66 27
ഭവ്യോ67 ഭരതശത്രുഘ്‌നലക്ഷ്‌മണാഗ്രിമസോദരഃ68
വസിഷ്‌ഠവിശ്വാമിത്രാദിഗുർവ്വാജ്ഞാപരിപാലകഃ69 28
ജാനകീമാനസോല്ലാസീ70 ജടായുസ്വർഗ്ഗദായകഃ71
വൈവസ്വതസഖോ72 ബാലിഹന്താ73 വായുസുതപ്രിയഃ74 29
ശബരീസൽകൃതിപ്രീതഃ75 ശാഖാമൃഗസഹായവാൻ76
രോഹിണീനന്ദനോ രാമോ77 രേവതീപ്രാണവല്ലഭഃ78 30
സൂരജാഭേദനഃ79 സീരമുസലാദ്യുദ്യദായുധഃ 80
ദേവകീനന്ദനോ81 ദാമോദരോ82 ദരവിനാശനഃ83 31
വൃന്ദാവനചരോ84 വത്സബകാഘാദ്യസുരാന്തകഃ85
യോഗേശോ86 യാദവാധീശോ87 യശോദാനന്ദനന്ദനഃ88 32
ഗോപ്‌താ89 ഗോവർദ്ധനോദ്ധർത്താ90 ഗുർവ്വഭീഷ്ടപ്രദായകഃ91
കാളിയാഹീന്ദ്രദർപ്പഘ്‌നഃ92 കലേശഃ93 കാലനേമിഹാ94 33
വിദുരോദ്ധവഭീഷ്‌മാദിവന്ദ്യോ95 ബാണമദാപഹഃ96
പാകാരിനന്ദനസഖഃ97 പാകശാസനശാസകഃ98 34
സുദാമസബ്രഹ്മചാരീ99 സീരപാണിസഹോദരഃ100
ഭൈഷ്‌മ്യാദ്യഷ്‌ടാധികദ്വ്യഷ്‌ടസഹസ്രസ്ത്രീവരേശ്വരഃ101 35
സദ്ഗീയമാനസത്‌കീർത്തിഃ102 സത്യകാമഃ103 സതാംഗതിഃ104
പുരാണപുരുഷഃ105 പൂർണ്ണഃ106 പാവനഃ107 പരമേശ്വരഃ108 36
ഫലശ്രുതി-
ഏവം ഗോലോകനാഥസ്യ ശ്രീകൃഷ്‌ണസ്യ മഹാപ്രഭോഃ
അഷ്ടോത്തരശതം നാമ്‌നാം ദിവ്യം സർവ്വാർത്ഥസിദ്ധിദം 37
ഗുഹ്യാദ്‌ഗുഹ്യമിദം സ്തോത്രം പ്രയതോ യഃ പഠേന്നരഃ
ശൃണുയാദ്വാ ശുചിർന്നിത്യം സ കൃഷ്ണപദവീമിയാത്. 38
അന്വയം-
ഏവം ഗോലോകനാഥസ്യ മഹാപ്രഭോഃ ശ്രീകൃഷ്‌ണസ്യ ദിവ്യം സർവ്വാർത്ഥസിദ്ധിദം ഗുഹ്യാത് ഗുഹ്യം ഇദം അഷ്ടോത്തര-ശതം നാമ്‌നാം സ്തോത്രം പ്രയതഃ യഃ നരഃ നിത്യം ശുചി: പഠേത് വാ ശൃണുയാത്, സ: കൃഷ്ണപദവീം ഇയാത്. 37 & 38
അർത്ഥം-
ഇപ്രകാരം ഗോലോകനാഥനും മഹാപ്രഭുവുമായ ശ്രീകൃഷ്ണഭഗവാന്റെ ദിവ്യവും ഭക്തർക്ക് എല്ലാ പ്രാർത്ഥനകളും നിവർത്തിച്ചുകൊടുക്കുന്നതും അതീവ രഹസ്യസ്വഭാവമുള്ളതും നൂറ്റിയെട്ടു നാമങ്ങളടങ്ങിയതുമായ ഈ സ്തോത്രം നിതാന്ത-ശ്രദ്ധയോടെ നിത്യവും അക്ഷരശുദ്ധിയോടെ വായിക്കുകയോ കേൾക്കുകയോ ചെയ്യുന്നവന് ഭഗവാന്റെ പരമപദം സിദ്ധിയ്ക്കുന്നതാണ്.
ഇത്യാംഗിരസേ ശ്രീമന്നാരായണീയമാഹാത്മ്യേ ശ്രീകൃഷ്ണാഷ്ടോത്തരശതകഥനം നാമ തൃതീയോദ്ധ്യായഃ
അംഗിരസ് മുനി രചിച്ച ശ്രീമന്നാരായണീയമാഹാത്മ്യത്തിലെ ശ്രീകൃഷ്ണാഷ്ടോത്തരശതകഥനം എന്ന മൂന്നാം അദ്ധ്യായം സമാപ്തം.
നൂറ്റിയെട്ടു നാമങ്ങളുടെ സ്വതന്ത്രവ്യാഖ്യാനം
1. ഗോലോകനാഥ: = ഗോലോകത്തിന്റെ നാഥൻ.
ശ്രീകൃഷ്ണന്റെ സ്ഥാനം.
“വൈകുണ്ഠസ്യ ദക്ഷഭാഗേ ഗോലോകം സർവ്വമോഹനം .
തത്രൈവ രാധികാ ദേവീ ദ്വിഭുജോ മുരളീധരഃ ..(തന്ത്രഗ്രന്ഥം)
[വൈകുണ്ഠത്തിനെ വലതുഭാഗത്താണ് സർവ്വ മോഹനമായ ഗോലോകം. അവിടെയാണ് മുരളീധരൻ രാധാദേവിയോടോത്ത് കുടി-കൊള്ളുന്നത്.]
ശ്രീകൃഷ്ണന്റെ നിത്യധാമം.
“നിരാധാരശ്ച വൈകുണ്ഠോ ബ്രഹ്മാണ്ഡാനാം പരോ വരഃ .
തത്പരശ്ചാപി ഗോലോകഃ പഞ്ചാശത്കോടി-യോജനാത്… (ബ്രഹ്മവൈവർത്തപുരാണം)
[ബ്രഹ്മാണ്ഡങ്ങൾക്കുമപ്പുറം ഏറ്റവും ശ്രേഷ്ഠമായതും ആധാരരഹിതമായതും ആയ വൈകുണ്ഠം നില കൊള്ളുന്നു; അതിൽനിന്നും പിന്നെയും അമ്പതുകോടി യോജനകൾക്കപ്പുറം ഗോലോകം സ്ഥിതിചെയ്യുന്നു.]
“ഏവം ബഹുവിധൈ: രൂപൈശ്ചരാമീഹ വസുന്ധരാം
ബ്രഹ്മലോകം ച കൗന്തേയ! ഗോലോകം ച സനാതനം.” (മഹാഭാരതം-ശാന്തിപർവം)
[അല്ലയോ കുന്തീപുത്രാ! ഞാൻ ഇത്തരത്തിൽ വിവിധ രൂപങ്ങൾ സ്വീകരിച്ച് ഈ ഭൂമിയിൽ, ബ്രഹ്മലോകത്തിൽ, സനാതനമായ ഗോലോകത്തിൽ എല്ലാംതന്നെ സഞ്ചരിയ്ക്കുന്നു; ]
“ദേവഗന്ധർവഗോലോകാൻ ബ്രഹ്മലോകാൻസ്തഥാ നരാ:
പ്രാപ്നുവന്തി മഹാത്മാനോ മാതാപിതൃപരായണാ:”
(വാല്മീകി രാമായണം-അയോധ്യാകാണ്ഡം)
[അച്ഛനമ്മമാരെ നിഷ്ഠയോടെ അനുസരിയ്ക്കുന്ന മഹാത്മാക്കളായ മനുഷ്യർ ദേവലോകം, ഗന്ധർവലോകം, ഗോലോകം എന്നിവയേയും അവയ്ക്കും ഉപരിയായി ബ്രഹ്മലോകങ്ങളേയും പ്രാപിയ്ക്കുന്നു.]
2. ഗോവിന്ദ:
1. ഗാം പൃഥ്വീം ധേനും വാ വിന്ദതീതി .
[കാളയെ, ഭൂമിയെ, പശുവിനെ പരിപാലിയ്ക്കുന്ന/ പരിപോഷിപ്പിക്കുന്ന/ സ്വന്തമാക്കുന്നവൻ.]
2. ഗാഃ ഉപനിഷദ്വാചഃ വിന്ദതി, ഗാം ഭുവം ധേനും സ്വർഗം വേദം വാ വിന്ദതി . ഗാഃ സ്തുതിഗിരഃ വിന്ദതി വാ .
[ഉപനിഷത് വാക്യങ്ങളെ, കാളയെ, ഭൂമിയെ, പശുവിനെ, സ്വർഗത്തെ, വേദത്തെ, ദേവതാസ്തുതിഗീതങ്ങളെ അറിയുന്ന/കണ്ടെത്തുന്ന/ പരിപാലിയ്ക്കുന്നവൻ.]
‘ഗോ’ എന്ന പദത്തിന് ഈ അർത്ഥങ്ങളൊക്കെയുണ്ട്: -
സ്വർഗം, ബുദ്ധി, വാക്ക്, നക്ഷത്രക്കൂട്ടങ്ങളിൽ നിന്നുള്ള രശ്മികൾ, കണ്ണ്, മിന്നൽ, ചന്ദ്രൻ, മുടി, ഭൂമി, ദിക്ക്, അസ്ത്രം, വെള്ളം, അഗ്നി, മുഖം, സത്യം, മാർഗം…ഈ പട്ടിക അപൂർണ്ണമാണ്. അപ്പോൾ ‘ഗോവിന്ദ:’ എന്ന നാമത്തിന്റെ അർത്ഥവ്യാപ്തി ഊഹിയ്ക്കാമല്ലോ.
‘ഗോവിന്ദ:’ (വിഷ്ണുസഹസ്രനാമം-187,539)
“ഗോമാതാ” (ലളിതാസഹസ്രനാമം-605)
“ജാനന്നുപായമഥ ദേഹമജോ വിഭജ്യ
സ്രീപുംസഭാവമഭജന്മനുതദ്വധൂഭ്യാം .
താഭ്യാം ച മാനുഷകുലാനി വിവർധയംസ്ത്വം
ഗോവിന്ദ മാരുതപുരേശ നിരുന്ധി രോഗാൻ.
(നാരായണീയം-ദശകം 38-10)
“സ്നേഹസ്നുതൈസ്ത്വാം സുരഭി: പയോഭിർ-
ഗോവിന്ദനാമാങ്കിതമഭ്യഷിഞ്ചത്
ഐരാവതോപാഹൃതദിവ്യഗംഗാ-
പാഥോഭിരിന്ദ്രോഽപി ച ജാതഹർഷ:” ..4.. (നാരായണീയം-ദശകം 64-4)
3. ഗോപികാജനവല്ലഭഃ
ഗോപായതി രക്ഷതി യാ. - (ഗോക്കളെ) രക്ഷിയ്ക്കുന്നവൾ. ഗോപികാജനവല്ലഭൻ = ഗോപികമാരുടെ ആത്മപ്രിയൻ
“ന ഖലു ഗോപികാനന്ദനോ ഭവാ-
നഖിലദേഹിനാമന്തരാത്മദൃക്.” (ഭാഗവതം 10.31.4)
[അവിടുന്ന് കേവലം ഗോപികമാരെ സന്തോഷിപ്പിക്കുന്നവൻ (യശോദാദേവിയുടെ പുത്രനെന്നും പറയാം) മാത്രമല്ല; സർവജീവാത്മാക്കളുടേയും അന്തരംഗത്തിൽ നിത്യസാക്ഷിയായി കുടികൊള്ളുന്നവനാണ്.]
4. രാധികാരമണ:
രാധികയെ രമിപ്പിയ്ക്കുന്നവൻ. രാധിക അഥവാ രാധ ശ്രീകൃഷ്ണന്റെ വാമഭാഗാംശശക്തി-യാണെന്നു പറയപ്പെടുന്നു.
അസ്യ പത്ന്യഃ ഗോലോകേ വൃന്ദാവനേ ച ശ്രീരാധാ. വൈകുണ്ഠേ ലക്ഷ്മീഃ. (ബ്രഹ്മവൈവർത്തം) [ഭഗവാന്റെ പത്നിമാർ-ഗോലോക വൃന്ദാവനത്തിലും ശ്രീരാധ. വൈകുണ്ഠത്തിൽ ലക്ഷ്മീദേവി.]
രാധികാ വിരഹേ തവ കേശവ!
സരസമസൃണമപി മലയജപങ്കം
പശ്യതി വിഷമിവ വപുഷി സശങ്കം…(ഗീതഗോവിന്ദം-9)
5. രമ്യ:
രമിപ്പിയ്ക്കുന്നവൻ, സന്തോഷിപ്പിക്കുന്നവൻ, സുന്ദരൻ.
“രമ്യാ”- (ലളിതാസഹസ്രനാമം-307)
“ആനീതമാശു ഭൃഗുഭിർമഹസാഽഭിഭൂതൈ-
സ്ത്വാം രമ്യരൂപമസുര: പുളകാവൃതാംഗ: .
ഭക്ത്യാ സമേത്യ സുകൃതീ പരിണിജ്യ പാദൗ
തത്തോയമന്വധൃത മൂർധനി തീർത്ഥതീർത്ഥം” ..
(നാരായണീയം-ദശകം 30-9)
“അഗ്രേ പശ്യാമി തേജോ നിബിഡതരകളായാവലീലോഭനീയം
പീയൂഷാപ്ലാവിതോഽഹം തദനു തദുദരേ ദിവ്യകൈശോരവേഷം .
താരുണ്യാരംഭരമ്യം പരമസുഖരസാസ്വാദരോമാഞ്ചിതാംഗൈ-
രാവീതം നാരദാദ്യൈർവിലസദുപനിഷത്സുന്ദരീമണ്ഡലൈശ്ച”
(നാരായണീയം-ദശകം 100-1)
സരസിജമനുവിദ്ധം ശൈവലേനാപി രമ്യം
മലിനമപി ഹിമാംശോർലക്ഷ്മ ലക്ഷ്മീം തനോതി.
ഇയമധികമനോജ്ഞാ വൽകലേനാപി തന്വീ
കിമിവ ഹി മധുരാണാം മണ്ഡനം നാകൃതീനാം ..
(അഭിജ്ഞാന ശാകുന്തളം-1 -2)
[താമരമലരിൽ ചേറും ചളിയും പറ്റിയാലും സൗന്ദര്യത്തിന് കുറവ് വരുന്നില്ല; അമ്പിളിക്കലയിൽ കറുത്തിരുണ്ട കളങ്കവും സൗന്ദര്യമേകുന്നു; ഇവളുടെ(ശകുന്തളയുടെ) ശരീരത്തിന് മരവുരിയും കാന്തിയേകുന്നു; സ്വാഭാവികസൗന്ദര്യമുള്ള ശരീരത്തിന് ഏതു വസ്തുവും മിഴിവേകുമല്ലോ?]
6. രാജീവദളലോചനഃ
താമരയിതൾ പോലെയുള്ള കണ്ണുകളോടുകൂടിയവൻ. രാജീവം= താമര, മാൻ, മത്സ്യം. മറ്റു രണ്ട് പദങ്ങളും ഇവിടെ അനുയോജ്യമാണ്. അത്യാകർഷകമായ കണ്ണുകളോടുകൂടിയ ഭഗവാന്റെ രൂപം ഭക്തന്റെ ഹൃദയത്തെ ഭാവാർദ്രമാക്കുന്നു.
a. “ഊനഷോഡശവർഷോ മേ രാമോ രാജീവലോചന:.
ന യുദ്ധയോഗ്യതാമസ്യ പശ്യാമി സഹ രാക്ഷസൈ: “
(വാല്മീകി രാമായണം ബാലകാണ്ഡം 20.2..)
[ദശരഥൻ പറയുന്നു: താമരക്കണ്ണനായ എന്റെയീ രാമന് പതിനാറിൽത്താഴെ പ്രായമേ ആയിട്ടുള്ളു: രാക്ഷസന്മാരുമായുള്ള യുദ്ധത്തിന് അവനു പ്രാപ്തിയില്ല.]
b)“ ഉത്താനപാണിദ്വയസന്നിവേശാത് പ്രഫുല്ലരാജീവമിവാങ്കമധ്യേ ..”
(കുമാരസംഭവം- 3-45)
[പരമശിവനെ വർണ്ണിയ്ക്കുന്നു: കൈപ്പടം രണ്ടും മേൽക്കുമേൽ മലർത്തിവെച്ചതുകൊണ്ട് മടിയിൽ ഒരു വിടർന്ന താമരപ്പൂവോടുകൂടിയവനെപ്പോലെ ഇരിയ്ക്കുന്നവനും…]
c) “രാജീവലോചനാ”- (ലളിതാസഹസ്രനാമം-308)
7. കരുണാസാഗരഃ
കടൽപോലെ ആഴവും പരപ്പും കൂടിയ ഭൂതാനുകമ്പയുള്ളവൻ. ഒരിയ്ക്കലും വറ്റാത്ത കാരുണ്യത്തിന്റെ ഉറവാണ് ഭഗവാൻ.
a) “ശ്രോണീസ്ഥലം മൃഗഗണാ: പദയോർനഖാസ്തേ
ഹസ്ത്യുഷ്ട്രസൈന്ധവമുഖാ ഗമനം തു കാല: .
വിപ്രാദിവർണഭവനം വദനാബ്ജബാഹു-
ചാരൂരുയുഗ്മചരണം കരുണാംബുധേ തേ” …8…
(നാരായണീയം-ദശകം 6-8)
b)“……..പ്രായഃ സർവോ ഭവതി കരുണാവൃത്തിരാർദ്രാന്തരാത്മാ.
(മേഘസന്ദേശം 91) [ഉള്ളിൽ അലിവുള്ള ഏതൊരുവനും പ്രായേണ കരുണ കാണിയ്ക്കുമല്ലോ?]
c) “കരുണാരസസാഗരാ”- (ലളിതാസഹസ്രനാമം-326)
8. കൃഷ്‌ണഃ
കറുപ്പ് നിറമുള്ളവൻ എന്നും ആകർഷിയ്ക്കുന്നവൻ എന്നും അർത്ഥങ്ങൾ; ശ്രീകൃഷ്ണന് രണ്ടും ചേരുമല്ലോ.
a)“കർഷത്യരീൻ മഹാപ്രഭാവശക്ത്യാ” [മഹാപ്രഭാവശക്തിയാൽ ശത്രുക്കളെ നശിപ്പിക്കുന്നവൻ.
b) “വസുദേവസുതം ദേവം, കംസചാണൂരമർദനം.
ദേവകീപരമാനന്ദം, കൃഷ്ണം വന്ദേ ജഗദ്ഗുരും .. .”
‘കൃഷ്‌ണഃ’ (വിഷ്ണുസഹസ്രനാമം-57,550)
‘കൃഷ്‌ണഃ’ (ശിവസഹസ്രനാമം-128)
ശ്രീകൃഷ്ണാവതാരം (നാരായണീയം-ദശകം 38)
9. കാമകോടിമനോഹരഃ
കോടി കാമദേവന്മാരുടെ സൗന്ദര്യമുള്ളവൻ.
“കാമകോടികാ”- (ലളിതാസഹസ്രനാമം-589)
10. സർവ്വകർത്താ
സർവം കരോതി- സർവത്തിന്റേയും കർതൃത്വമുള്ളവൻ.
“സർവകർത്താ സർവധർത്താ സർവഹർത്താ മംഗളം
സർവനാഥാ സർവദാതാ സർവമാതാ മംഗളം…”
(കർണാടകസംഗീതകീർത്തനം)
11. സർവ്വഹർത്താ
സർവം ഹരതി- സർവവും സംഹാരം ചെയ്യുന്നവൻ.
12. സച്ചിദാനന്ദവിഗ്രഹഃ
സച്ചിദാനന്ദ=സത്-ചിത്-ആനന്ദഃ =നിത്യജ്ഞാനസുഖസ്വരൂപം ബ്രഹ്മം.
a) “അഹം ദേവോ ന ചാന്യോഽസ്മി ബ്രഹ്മൈവാസ്മി നശോകഭാക് .സച്ചിദാനന്ദ രൂപോഽഹം നിത്യമുക്തസ്വഭാവവാൻ (”ആഹ്നികതത്ത്വം “)
[ഞാൻ ദേവനല്ല; മറ്റൊന്നുമല്ല; ഞാൻ ബ്രഹ്മം തന്നെയാകുന്നു; സച്ചിദാനന്ദരൂപനും നിത്യമുക്തനുമാകുന്നു.]
b) “അർചിരാദിഗതിമീദൃശീം വ്രജൻ വിച്യുതിം ന ഭജതേ ജഗത്പതേ .
സച്ചിദാത്മക ഭവത് ഗുണോദയാനുച്ചരന്തമനിലേശ പാഹി മാം” ..15..
(നാരായണീയം 4-15)
c) “സച്ചിദാനന്ദരൂപിണീ” (ലളിതാസഹസ്രനാമം-700)
d) കൃഷ്ണ! കൃഷ്ണ! മുകുന്ദ! ജനാർദ്ദന!
കൃഷ്ണ! ഗോവിന്ദ! നാരായണാ! ഹരേ!
അച്യുതാനന്ദ! ഗോവിന്ദ! മാധവാ!
സച്ചിദാനന്ദ! നാരായണാ! ഹരേ!
(ജ്ഞാനപ്പാന)
13. വേദവേദ്യ:
വേദഗ്രന്ഥങ്ങളിലൂടെ അറിയപ്പെടുന്നവൻ.
“വേദവേദ്യാ”- (ലളിതാസഹസ്രനാമം-335)
14. വിരാട് രൂപ:
പരബ്രഹ്മസ്വരൂപൻ.
അനേകവക്ത്രനയനമനേകാദ്ഭുതദർശനം |
അനേകദിവ്യാഭരണം ദിവ്യാനേകോദ്യതായുധം || 10||
ദിവ്യമാല്യാംബരധരം ദിവ്യഗന്ധാനുലേപനം |
സർവാശ്ചര്യമയം ദേവമനന്തം വിശ്വതോമുഖം || 11||
(ഭഗവദ് ഗീത-11 -10 & 11 )
[അനേകം മുഖങ്ങളും കണ്ണുകളും ഉള്ളതും, അദ്‌ഭുതക്കാഴ്ച്ചകളുള്ളതും, അനേകം ദിവ്യാഭരണങ്ങൾ ചാർത്തിയതും, ഉയർത്തിപ്പിടിച്ച അനേകം ദിവ്യായുധങ്ങൾ ഉള്ളതും ദിവ്യമാലകളും വസ്ത്രങ്ങളും അണിഞ്ഞതും, ദിവ്യമായ കുറിക്കൂട്ടുകൾ ചാർത്തിയതും എല്ലാവർക്കും ആശ്ചര്യമുളവാക്കുന്നതും, അനന്തമായതും സർവതോമുഖവും ദൈവീകവും ഐശ്വര്യപൂർണ്ണമായതും ശ്രേഷ്ഠവുമായ ആ തേജോമയരൂപത്തെ കാണിച്ചുകൊടുത്തു.]
“അണ്ഡം തത്ഖലു പൂർവസൃഷ്ടസലിലേഽതിഷ്ഠത് സഹസ്രം സമാ:
നിർഭിന്ദന്നകൃഥാശ്ചതുർദശജഗദ്രൂപം വിരാഡാഹ്വയം .
സാഹസ്രൈ: കരപാദമൂർധനിവഹൈർനിശ്ശേഷജീവാത്മകോ
നിർഭാതോഽസി മരുത്പുരാധിപ സ മാം ത്രായസ്വ സർവാമയാത്” ..10..
(നാരായണീയം 5 -10)
[എല്ലാത്തിനും ആദിയിൽ, കാരണജലധിയിൽ ആയിരം ആണ്ട് ആണ്ടുകിടന്ന ആ അണ്ഡത്തെ അവിടുന്ന് വിഭജിച്ച് പതിനാലുലോകങ്ങൾ സൃഷ്ടിച്ച് അതിനെ ‘വിരാട്’ എന്ന് വിളിച്ചു; സമസ്തജീവികളായി പരിണമിച്ച് ആയിരം കൈകാലുകളും ശിരസ്സുകളും ഉള്ള ‘വിരാട്പുരുഷനായി സ്വയം ഏറെ വിളങ്ങിയ സാക്ഷാൽ ഗുരുവായൂരപ്പനായ അവിടുന്നു എന്നെ സർവ്വദുരിതങ്ങളിൽനിന്നും മോചിപ്പിയ്ക്കേണമേ!
“വിരാട് രൂപാ”- (ലളിതാസഹസ്രനാമം-778)
15. വിരിഞ്ചിഹരവന്ദിതഃ
ബ്രഹ്മദേവനാലും പരമശിവനാലും വന്ദിയ്ക്കപ്പെടുന്നവൻ.
“ബ്രഹ്മോപേന്ദ്രമഹേന്ദ്രാദിദേവസംസ്തുതവൈഭവാ”-
[ബ്രഹ്മാവ്, വിഷ്ണു(ഉപേന്ദ്രൻ), മഹേന്ദ്രൻ തുടങ്ങിയ ദേവന്മാർ വാഴ്ത്തുന്ന വൈഭവത്തോടുകൂടിയവൾ.] (ലളിതാസഹസ്രനാമം-083)
“ഹരിബ്രഹ്മേന്ദ്രസേവിതാ”- (ലളിതാസഹസ്രനാമം-297)
യം ബ്രഹ്മാ വരുണേന്ദ്രരുദ്രമരുത: സ്തുന്വന്തി ദിവ്യൈ: സ്തവൈ:
വേദൈ: സാംഗപദക്രമോപനിഷദൈർഗായന്തി യം സാമഗാ: ………
(ശ്രീമദ് ഭാഗവതം 12-13-1)
[ഏതു പരമാത്മാവിനേയാണോ ബ്രഹ്മാവ്, വരുണൻ, ഇന്ദ്രൻ, രുദ്രൻ, മരുത്തുക്കൾ ദിവ്യസ്‌തോത്രങ്ങളാലും, അംഗോപാംഗങ്ങളോടും പദക്രമങ്ങളോടും ഉപനിഷത്തുകളോടുംകൂടെ വേദങ്ങളാലും വാഴ്ത്തുന്നത്, ആരുടെ അപദാനങ്ങൾ വാഴ്ത്തിയാണോ സാമഗായകർ ഗാനം ആലപിയ്ക്കുന്നത്…]
16. വൈകുണ്ഠനിലയഃ
വൈകുണ്ഠത്തിൽ വസിയ്ക്കുന്നവൻ.
അ) “വൈകുണ്ഠ:”(വിഷ്ണുസഹസ്രനാമം-405)
ആ) നിർവ്യാപാരോഽപി നിഷ്കാരണമജ! ഭജസേ യത്ക്രിയാമീക്ഷണാഖ്യാം
തേനൈവോദേതി ലീനാ പ്രകൃതിരസതികല്പാഽപി കല്പാദികാലേ.
തസ്യാ: സംശുദ്ധമംശം കമപി തമതിരോധായകം സത്ത്വരൂപം
സ ത്വം ധൃത്വാ ദധാസി സ്വമഹിമവിഭവാകുണ്ഠ! വൈകുണ്ഠ! രൂപം..5
.. (നാരായണീയം-ദശകം 1-5)
[അല്ലയോ ജന്മരഹിതനായവനേ! കർമ്മബന്ധിതനല്ലെന്നിരിയ്ക്കിലും പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെ ‘ഈക്ഷണം’ എന്ന പ്രക്രിയ സൃഷ്ടിയുടെ ആരംഭത്തിൽ അവിടുന്ന് കൈക്കൊണ്ടതിനാൽ അങ്ങയിൽ ലയിച്ചിരിയ്ക്കുന്ന മായ ഇല്ലാത്തതുപോലെ തോന്നിയ്ക്കുമെങ്കിലും ഉള്ളതായി ഭവിയ്ക്കുന്നു. തന്റെ വൈഭവത്താൽ അപാരമായ മഹിമയോടുകൂടിയ ഭഗവാനെ! അവിടുന്ന് ഒന്നിനെയും മറയ്ക്കാത്തതും ശുദ്ധവും സത്വഗുണാത്മകവുമായ ആ മായയുടെ അനിർവചനീയമായ ഒരു അംശത്തെ സ്വീകരിച്ച് തന്റെ കോമളസ്വരൂപത്തെ ധരിയ്ക്കുന്നു.]
ഇ) “മൂർതിത്രയേശ്വരസദാശിവപഞ്ചകം യത്
പ്രാഹു: പരാത്മവപുരേവ സദാശിവോഽസ്മിൻ .
തത്രേശ്വരസ്തു സ വികുണ്ഠപദസ്ത്വമേവ
ത്രിത്വം പുനർഭജസി സത്യപദേ ത്രിഭാഗേ “..2..
(നാരായണീയം-ദശകം 90- 2)
[ശൈവസിദ്ധാന്തമനുസരിച്ചുള്ള അഞ്ചു ദേവതാ സങ്കല്പമനുസരിച്ചുള്ള അഞ്ചു പേരിൽ (ബ്രഹ്മ്മാവ്, വിഷ്ണു, ശിവൻ, ഈശ്വരൻ, സദാശിവൻ) പ്രധാനമായ (അഞ്ചാമത്തേതായ) സദാശിവൻ അവിടുന്നുതന്നെയാണ്; തന്നെയുമല്ല, ഈശ്വരൻ എന്ന സങ്കൽപ്പവും വൈകുണ്ഠവാസിയായ അവിടുന്നു തന്നെ. സത്യലോകത്തിൽ ത്രിമൂർത്തീഭാവത്തിൽ വിരാജിയ്ക്കുന്നതും അവിടുന്നുതന്നെ.]
ഈ) “ഉപരിഷ്ടാത്ക്ഷിതേരഷ്ടൗ കോടയഃ സത്യമീരിതം .
സത്യാദുപരി വൈകുണ്ഠോ യോജനാനാം പ്രമാണതഃ ..
(പദ്മപുരാണം, സ്വർഗഖണ്ഡം അധ്യായഃ 6)
[ഭൂമിയുടെ ഉപരിഭാഗത്തുനിന്ന് എട്ടു കോടി യോജനകൾക്കപ്പുറത്ത് സത്യലോകം; അതിനും മുകളിലാണ് വൈകുണ്ഠം.]
17. വിഷ്‌ണു:
വിശ്വം-പ്രപഞ്ചം-മുഴുവൻ വ്യാപിച്ചവൻ-
യത് ത്രൈലോക്യമഹീയസോഽപി മഹിതം സമ്മോഹനം മോഹനാത്
കാന്തം കാന്തിനിധാനതോഽപി മധുരം മാധുര്യധുര്യാദപി .
സൗന്ദര്യോത്തരതോഽപി സുന്ദരതരം ത്വദ്രൂപമാശ്ചര്യതോഽ-
പ്യാശ്ചര്യം ഭുവനേ ന കസ്യ കുതുകം പുഷ്ണാതി വിഷ്ണോ വിഭോ ..
(നാരായണീയം-ദശകം 2-3)
[അല്ലയോ വിഷ്ണുഭഗവാനേ! മൂന്നു ലോകങ്ങളിലും വെച്ച് ശ്രേഷ്ഠമായതിനേക്കാൾ ശ്രേഷ്ഠമായതും, സുന്ദരമായതിനേക്കാൾ സുന്ദരമായതും, തേജസ്സുറ്റതിനേക്കാൾ തേജസ്സുറ്റതും, മാധുര്യമേറിയതിനേക്കാൾ മാധുര്യമേറിയതും അദ്‌ഭുതാവഹ-ങ്ങളായവയേക്കാൾ അദ്‌ഭുത-കരമായതും ആയ അവിടുത്തെ തിരുവുടൽ കാണാൻ ആർക്കാണ് കൗതുകം ഉണ്ടാവാത്തത്?]
ശുക്ലാംബരധരം വിഷ്ണും ശശിവർണം ചതുർഭുജം ।
പ്രസന്നവദനം ധ്യായേത് സർവവിഘ്നോപശാന്തയേ ॥
“വിഷ്‌ണു:” (വിഷ്ണുസഹസ്രനാമം-2, 258,657)
“വിഷ്‌ണു:” (ശിവസഹസ്രനാമം-621)
“വൈഷ്ണവീ”- (ലളിതാസഹസ്രനാമം-892)
“വിഷ്ണുരൂപിണീ”- (ലളിതാസഹസ്രനാമം-893)
18. വാസുദേവഃ.
വസുദേവരുടെ പുത്രൻ.
അ) ‘വാസുദേവഃ’ (വിഷ്ണുസഹസ്രനാമം-332,695,709)
ആ) “സർവ്വത്രാസൗ സമസ്തഞ്ച വസത്യത്രേതി വൈ യതഃ .
തതഃ സ വാസുദേവേതി വിദ്ബദ്ഭിഃ പരിഗീയതേ
(”ഇതി വിഷ്ണുപുരാണേ 1 അംശേ 2 അധ്യായഃ)
[എല്ലായിടത്തും എല്ലാ വസ്തുക്കളിലും വസിയ്ക്കുന്നതെന്തോ അതിനെ വാസുദേവൻ എന്ന് വിദ്വാന്മാർ വിളിയ്ക്കുന്നു.]
19. വിരാട്‌ധ്വജഃ
പ്രപഞ്ചാകാരത്തിനു അലങ്കാരമായി വർത്തിയ്ക്കുന്നവൻ.
20. പയഃപയോധിമദ്ധ്യസ്ഥഃ
പാൽക്കടലിൽ പള്ളികൊള്ളുന്നവൻ. ‘മഹോദധിശയ:’ (വിഷ്ണുസഹസ്രനാമം-519)
21. പന്നഗാധിപതല്പഗഃ
സർപ്പരാജാവിനെ ശയ്യാതല്പമാക്കിയവൻ.
a. “ശാന്താകാരം ഭുജഗശയനം പദ്മനാഭം സുരേശം
വിശ്വാധാരം ഗഗനസദൃശം മേഘവർണം ശുഭാംഗം .
ലക്ഷ്മീകാന്തം കമലനയനം യോഗിഭിർധ്യാനഗമ്യം
വന്ദേ വിഷ്ണും ഭവഭയഹരം സർവലോകൈകനാഥം”
[ശാന്തസ്വരൂപനും സർപ്പതൽപ്പത്തിൽ ശയിയ്ക്കുന്നവനും നാഭിയിൽ താമരയോടു-കൂടിയവനും ദേവന്മാരുടെ ദേവനും പ്രപഞ്ചത്തിന് ആധാരമായവനും ആകാശം പോലെ വ്യാപിച്ചുകിടക്കുന്നവനും നീലമേഘത്തിന്റെ നിറമുള്ളവനും ശുഭ കരങ്ങളായ അംഗങ്ങളോടുകൂടിയവനും ലക്ഷ്മീനാഥനും താമരക്കണ്ണനും യോഗി വര്യന്മാർക്കു ധ്യാനത്തിലൂടെ പ്രാപ്യമാവുന്നവനും സംസാരഭയങ്ങൾ അകറ്റുന്നവനും സർവ ലോകങ്ങൾക്കും ഏക നായകനുമായ വിഷ്ണുവിനെ വന്ദിയ്ക്കുന്നു.]
b. പന്നഗേന്ദ്രശയന! ശ്രീ പദ്മനാഭ… …….(സ്വാതിതിരുനാൾ കൃതി)
22. സർവ്വഭൂതഗുഹാവാസഃ
സർവ ജീവികളുടേയും ഹൃദയാന്തർഭാഗത്ത് കുടികൊള്ളുന്നവൻ.
“സർവാന്തര്യാമിനീ” (ലളിതാസഹസ്രനാമം-819)
“ഏഷ ത ആത്മാന്തര്യാമ്യമൃത” (മാണ്ഡൂക്യോപനിഷത്-6) [എല്ലാത്തിന്റേയും ഉള്ളിലുള്ളതും അമൃതവുമായ എന്റെ ആത്മാവ് ഇതാകുന്നു.]
23. സൂര്യേന്ദുനയനഃ
സൂര്യചന്ദ്രന്മാർ രണ്ട് നയനങ്ങളായവൻ.
“ഭൂഃ പാദൗ യസ്യ നാഭിർവിയദസുരനിലശ്ചന്ദ്രസൂര്യൗ ച നേത്രേ
കർണാവാശാ ശിരോ ദ്യൗർമുഖമപി ദഹനോ യസ്യ വാസ്തവ്യമബ്ധിഃ .
അന്തഃസ്ഥം യസ്യ വിശ്വം സുരനരഖഗഗോഭോഗിഗന്ധർവദൈത്യൈ-
ശ്ചിത്രം രംരമ്യതേ തം ത്രിഭുവനവപുഷം വിഷ്ണുമീശം നമാമി ..”
(ധ്യാനശ്ലോകം- വിഷ്ണുസഹസ്രനാമസ്തോത്രം; ശ്രീമദ് ശങ്കരാചാര്യശിഷ്യ ശ്രീതോടകാചാര്യ-വിരചിതം ശ്രുതിസാരസമുദ്ധരണം)
24. സ്വരാട്
സ്വയം പ്രകാശിയ്ക്കുന്നവൻ.
“തമേവ ഭാന്തമനുഭാതി സർവം തസ്യ ഭാസാ സർവമിദം വിഭാതി” (കഠം -2.2.15)
[പ്രകാശം ചൊരിയുന്ന അവനെ ആശ്രയിച്ചാണ് സർവവും പ്രകാശിയ്ക്കുന്നത്; അവന്റെ പ്രകാശത്തിൽനിന്നാണ് ഇത് സർവവും പ്രകാശിയ്ക്കുന്നത്.]
”ജന്മാദ്യസ്യ യതോഽന്വയാദിതരതശ്ചാർഥേഷ്വഭിജ്ഞ: സ്വരാട്
തേനേ ബ്രഹ്മ ഹൃദാ യ ആദികവയേ……………..സത്യം പരം ധീമഹി” .. 1 ..
(ശ്രീമദ് ഭാഗവതം 1.1.1)
[യാതൊരുവനിൽനിന്ന് ഈ പ്രപഞ്ചത്തിന്റെ സൃഷ്ടി-സ്ഥിതി-ലയങ്ങൾ നിരന്തരമായ കൂടിച്ചേരലും മറിച്ചുള്ള അവസ്ഥയും നിമിത്തം സംഭവിച്ചുകൊണ്ടിരിയ്ക്കുന്നുവോ, യാതൊരുവൻ സർവ ഭൂതങ്ങളിലും ബോധസ്വരൂപനായിരുന്നും സ്വപ്രകാശനായിരുന്നും സങ്കല്പശക്തിയാൽ ബ്രഹ്മദേവന് വേദത്തെ പ്രകാശിപ്പിച്ചു-കൊടുത്തുവോ, …………ആ പരമാത്മസ്വരൂപത്തെ ധ്യാനിയ്ക്കുന്നു.]
“സഭ്രാട് വിരാട് സ്വരാട് ചൈവ സുരരാജോഭവോദ്ഭവഃ.”
(മഹാഭാരതം. 12.43.111)
“സ്വപ്രകാശാ” (ലളിതാസഹസ്രനാമം-414)
25. ശാർങ്‌ഗധന്വാ
‘ശാർങ്‌ഗം’ എന്ന വില്ല് ധരിച്ചവൻ.
‘ശാർങ്‌ഗധന്വാ’ (വിഷ്ണുസഹസ്രനാമം-996)
“……………ശാർങ്ഗധന്വാ ഗദാധര ഇത്യസ്ത്രം…
(വിഷ്ണുസഹസ്രനാമസ്തോത്രം- പൂർവന്യാസഃ)
26. ശംഖചക്രഗദാംബുജലസദ്‌ഭുജഃ
ശംഖ്, ചക്രം, ഗദ, താമര എന്നിവ വിളങ്ങുന്ന കൈകളോടുകൂടിയവൻ.
(“...............ശംഖഭൃന്നന്ദകീ ചക്രീതി കീലകം .
ശാർങ്ഗധന്വാ ഗദാധര ഇത്യസ്ത്രം……..)
(ശ്രീവിഷ്ണുസഹസ്രനാമസ്തോത്രം- പൂർവന്യാസഃ)
“കേയൂരാംഗദകങ്കണോത്തമമഹാരത്നാംഗുലീയാങ്കിത-
ശ്രീമദ്ബാഹുചതുഷ്കസംഗതഗദാശംഖാരിപങ്കേരുഹാം .
കാഞ്ചിത് കാഞ്ചനകാഞ്ചിലാഞ്ച്ഛിതലസത്പീതാംബരാലംബിനീ-
മാലംബേ വിമലാംബുജദ്യുതിപദാം മൂർതിം തവാർതിച്ഛിദം” ..2.. (നാരായണീയം-ദശകം 1-2) [ഗദ, ശംഖ്, ചക്രം, താമര എന്നിവയേന്തിയ നാല് തൃക്കൈകൾ…]
27. ശ്രിതാഭീഷ്ടദമന്ദാരഃ
തന്നി8. ൽ ആശ്രയം നേടിയവർക്ക് ആഗ്രഹിച്ചതെല്ലാം പ്രദാനം ചെയ്യുന്ന ദിവ്യവൃക്ഷമായവൻ.
28. ശരണ്യഃ
ശരണം പ്രാപിച്ചവരെ രക്ഷിയ്ക്കുന്നവൻ.
“ശരണ്യഃ” (ശിവസഹസ്രനാമം-845)
‘ശരണ:’ (വിഷ്ണുസഹസ്രനാമം-86)
സർവ്വ മംഗള മംഗല്യേ ശിവേ സർവ്വാർത്ഥ സാധികേ
ശരണ്യേ ത്ര്യംബകേ ഗൗരി നാരായണീ നമോസ്തുതേ!
“ദേവർഷീണാം പിതൃണാമപി ന പുന: ഋണീ കിങ്കരോ വാ സ ഭൂമൻ .
യോഽസൗ സർവാത്മനാ ത്വാം ശരണമുപഗതസ്സർവകൃത്യാനി ഹിത്വാ .
തസ്യോത്പന്നം വികർമാപ്യഖിലമപനുദസ്യേവ ചിത്തസ്ഥിതസ്ത്വം
തന്മേ പാപോത്ഥതാപാൻ പവനപുരപതേ രുന്ധി ഭക്തിം പ്രണീയാ:.”. (നാരായണീയം-ദശകം -92-10)
[“അല്ലയോ ഗുരുവായുപുരേശനായ കൃഷ്ണ! യാതൊരു ഭക്തൻ എല്ലാ കര്‍മ്മങ്ങളേയും ഉപേക്ഷിച്ച് പൂർണമനസ്സോടെ ഭഗവാനെ ശരണം പ്രാപിയ്ക്കുന്നുവോ അവൻ പിന്നീടൊരിക്കലും ദേവന്മാർക്കോ മഹര്‍ഷിമാർക്കോ പിതൃക്കൾക്കു തന്നെയോ കടപ്പെട്ടവനായിട്ടോ ഭൃത്യനായിട്ടോ ഭവിയ്ക്കുന്നില്ല. അവന്റെ ഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന ഭഗവാൻ അവന് ഉണ്ടായിട്ടുള്ള എല്ലാ നിഷിദ്ധ കര്‍മ്മങ്ങളുടേയും വേരറുത്ത് കളയുന്നു; അതുകൊണ്ട് എന്റെ പാപകര്‍മ്മങ്ങൾ കൊണ്ടുണ്ടായിട്ടുള്ള ദുഖങ്ങളെല്ലാം നീക്കം ചെയ്യേണമേ! എന്റെ ഭക്തിയെ ദൃഢമാക്കേണമേ!]
29. ശ്രീധരാധവഃ
ഭൂമീദേവിയുടെ നാഥനായവൻ.
30. നവനീലഘനച്ഛായഃ
കാർമുകിൽവർണ്ണൻ.
“മേഘശ്യാമം പീതകൗശേയവാസം
ശ്രീവത്സാങ്കം കൗസ്തുഭോദ്ഭാസിതാംഗം .
പുണ്യോപേതം പുണ്ഡരീകായതാക്ഷം
വിഷ്ണും വന്ദേ സർവലോകൈകനാഥം ..” (ധ്യാനശ്ലോകം)
[കാർമുകിൽവർണ്ണനായ, മഞ്ഞപ്പട്ടുടയാട ചാർത്തിയ, ശ്രീവത്സം മാറിലണിഞ്ഞ, കൗസ്തുഭ രത്‌നത്തിന്റെ ശോഭയിൽ വിളങ്ങുന്ന തിരുവുടലോടുകൂടിയ, പുണ്യരൂപമായ, താമരയിതൾപോലെ നീണ്ടിടംപെട്ട കണ്ണുകളോടുകൂടിയ, വിശ്വത്തിൻറെ ഏകനാഥനായ വിഷ്ണുവിനെ വന്ദിയ്ക്കുന്നു.]
31. നരനാരായണാത്മകഃ
നരനാരായണസ്വരൂപമായവൻ.
‘നാരായണ:’ (വിഷ്ണുസഹസ്രനാമം-245)
‘നര:’ (വിഷ്ണുസഹസ്രനാമം-246)
“നാരായണീ” (ലളിതാസഹസ്രനാമം-298)
“മൂർതിർഹി ധർമ ഗൃഹിണീ സുഷുവേ ഭവന്തം
നാരായണം നരസഖം മഹിതാനുഭാവം .
യജ്ജന്മനി പ്രമുദിതാ: കൃത തൂര്യഘോഷാ:
പുഷ്പോത്കരാൻ പ്രവവൃഷുർനുനുവു: സുരൗഘാ:” (നാരായണീയം-ദശകം16-2)
[ധർമ്മദേവന്റെ പതിമൂന്നു ഭാര്യമാരിൽ ഒരുവളായ മൂർത്തിയാണല്ലോ അനിതരസാധാരണമായ മഹിമയോടുകൂടിയ, അവിടുത്തെ അംശങ്ങൾതന്നെയായ നരനോടൊപ്പം നാരായണനേയും പ്രസവിച്ചത്. നരനാരായണന്മാരായുള്ള അവിടുത്തെ അവതാരത്തിൽ ഏറെ സന്തോഷിച്ച ദേവവൃന്ദമാവട്ടെ, വാദ്യഘോഷം മുഴക്കുകയും പുഷ്പവൃഷ്ടി നടത്തുകയും സ്തുതിഗീതങ്ങൾ ആലപിയ്ക്കുകയും ചെയ്തു.]
32. മുമുക്ഷുസേവ്യ:
മോക്ഷകാംക്ഷികളാൽ സേവിയ്ക്കപ്പെടേണ്ടവൻ.
അ) “ഏവം ജ്ഞാത്വാ കൃതം കർമ പൂർവൈരപി മുമുക്ഷുഭിഃ .
കുരു കർമൈവ തസ്മാത്ത്വം പൂർവൈഃ പൂർവതരം കൃതം”
[ഇപ്രകാരം മനസ്സിലാക്കിക്കൊണ്ട് പണ്ട് മോക്ഷം കാംക്ഷിച്ചവരെല്ലാംതന്നെ കർമ്മം അനുഷ്ഠിച്ചു; അതിനാൽ പൂർവികർ പണ്ട് ചെയ്തതുപോലെ നീയും കർമ്മം അനുഷ്ഠിയ്ക്കുക തന്നെ വേണം.] (ഭഗവദ് ഗീത 4 -15)
ആ) “തദിച്ഛാമോ വിഭോ സൃഷ്ടം സേനാന്യം തസ്യ ശാന്തയേ|
കർമബന്ധച്ഛിദം ധർമം ഭവസ്യേവ മുമുക്ഷവഃ”. (കുമാരസംഭവം സർഗം-2-51)
[അതുകൊണ്ട്, ദേവ! മോക്ഷം ആഗ്രഹിയ്ക്കുന്നവർ സംസാരമുക്തിയ്ക്കായി ധർമ്മം കൊണ്ട് കർമ്മബന്ധങ്ങളെ അറുത്തുമാറ്റുന്നതുപോലെ അവനെ (താരകാസുരനെ) ഇല്ലാതാക്കുന്നതിനായി ഒരു ദേവസേനാപതിയെ (സുബ്രഹ്മണ്യനെ) സൃഷ്ടിച്ചുകാണുവാൻ ഞങ്ങൾ ആഗ്രഹിയ്ക്കുന്നു.]
33. മായേശഃ
മായാശക്തിയുടെ അധീശൻ.
അ) ശുദ്ധത്തെ അശുദ്ധമായും, ജ്ഞാനത്തെ അജ്ഞാനമായും തോന്നിപ്പിയ്ക്കുന്ന വിചിത്ര ശക്തിയാണ് മായ. വസ്തുവിന്റെ യഥാർത്ഥസ്വരൂപം മറയ്ക്കുകയും അതല്ലാത്ത മറ്റൊന്നിനെ അതിൽ പ്രതിഭാസിപ്പിയ്ക്കുകയും ചെയ്യുന്നതാണ് മായ.
വിചിത്രകാര്യകരണാ അചിന്തിതഫലപ്രദാ
സ്വപ്നേന്ദ്രജാലവല്ലോകേ മായാ തേന പ്രകീർതിതാ. (ദേവീപുരാണം)
[വിചിത്രങ്ങളായ കാര്യങ്ങൾ ചെയ്യിക്കുകയും, ചിന്തിയ്ക്കാൻപോലും കഴിയാത്ത തരത്തിൽ ഫലങ്ങൾ ഉളവാക്കുകയും സ്വപ്നമോ ഇന്ദ്രജാലമോ എന്ന് തോന്നിപ്പിയ്ക്കുകയും ചെയ്തുകൊണ്ട് മായ ഈ പ്രപഞ്ചത്തിൽ വർത്തിയ്ക്കുന്നു.]
ആ) “മായാ ” ( ലളിതാസഹസ്രനാമം-716)
ഇ) മായാ മനോഹരനേ ഗോപാല കൃഷ്ണാ
പിലിക്കാര്‍കൂന്തല്‍ കെട്ടി മാലതീമാല കെട്ടി
കാലിമേയ്ക്കുവാന്‍ കോലുമേന്തിയ ഭഗവാനേ
ചാലേ പൊ൯മേഖലയും പാലയ്ക്കാ പടിയമ്പും
ബാലഗോപിയും പൂണ്ട് ഗോപാല ഭഗവാനേ ..
കായാമ്പൂ നിറമാര്‍ന്ന മായാമാനുഷ കൃഷ്ണാ
കായക്ലേശങ്ങള്‍ നീക്കി പാലിക്ക ഭഗവാനേ
34. മുകുന്ദ:
മുകും ദദാതി- മുകു=മോക്ഷം. മുകു(മോക്ഷം) തരുന്നവൻ = മുകുന്ദൻ
അ) “മുകുന്ദാ” ( ലളിതാസഹസ്രനാമം-838)
ആ)‘മുകുന്ദ: ’ (വിഷ്ണുസഹസ്രനാമം-515)
ഇ) “മുകുന്ദ…” (നാരായണീയം-ദശകം 22/9)
ഉ) ബ്രൂഹി മുകുന്ദേതി രസനേ!
കേശവ-മാധവ-ഗോവിന്ദേതി
കൃഷ്ണാനന്ദ-സദാനന്ദേതി
രാധാരമണ-ഹരേ-രാമേതി
രാജീവാക്ഷ-ഘനശ്യാമേതി
ഗരുഡഗമന-നന്ദകഹസ്തേതി
ഖണ്ഡിതദശകന്ധരമസ്തേതി
അക്രൂരപ്രിയ-ചക്രധരേതി
ഹംസനിരഞ്ജന കംസഹരേതി (സദാശിവബ്രഹ്മേന്ദ്ര കൃതി)
[നാവേ! മുകുന്ദ!, കേശവ!, മാധവ!, ഗോവിന്ദ!, കൃഷ്ണാനന്ദ!, സദാനന്ദ!, രാധാരമണ!, ഹരേ!, രാമ!, രാജീവാക്ഷ!, ഘനശ്യാമ!, ഗരുഡഗമന!, നന്ദകഹസ്ത!, ഖണ്ഡിതദശകന്ധരമസ്ത!, അക്രൂരപ്രിയ!, ചക്രധര!, ഹംസനിരഞ്ജന!, കംസഹര! എന്നിങ്ങനെ പറയൂ…]
35. മധുസൂദനഃ
സൂദന= കൊല്ലുന്ന, കൊന്നവൻ. മധു എന്ന അസുരനെ ഉന്മൂലനം ചെയ്തവൻ.
“വിഷീദന്തമിദം വാക്യമുവാച മധുസൂദനഃ” (ഭാഗവതം 2.1, 4.)
“വൈഷ്ണവാസ്ത്രം പ്രയച്ഛാസ്മൈ വധാർത്ഥം ശംബരസ്യ ച .
അഭേദ്യം കവചം തസ്യ പ്രയച്ഛാസുരസൂദനേ ..(ഹരിവംശം 163. 42.)
‘മധുസൂദനഃ’ (വിഷ്ണുസഹസ്രനാമം-073)
“മുനീന്ദ്രൈരിത്യാദിസ്തവനമുഖരൈർമോദിതമനാ
മഹീയസ്യാ മൂർത്യാ വിമലതരകീർത്യാ ച വിലസൻ .
സ്വധിഷ്ണ്യം സമ്പ്രാപ്ത: സുഖരസവിഹാരീ മധുരിപോ
നിരുന്ധ്യാ രോഗം മേ സകലമപി വാതാലയപതേ” ..
(നാരായണീയം-ദശകം13/10)
[മുനിവര്യന്മാരുടെ ഇത്തരത്തിലുള്ള സ്തുതി വചനങ്ങളാൽ ആഹ്ലാദിപ്പിക്കപ്പെട്ട മനസ്സോടുകൂടിയവനും, ബൃഹത്തായ ശരീരത്തോടും മഹത്തായ യശസ്സോടും കൂടിയവനും, സ്വധാമമായ വൈകുണ്ഠത്തിൽ സ്വസ്ഥതയോടെ വിഹരി-യ്ക്കുന്നവനുമായ മധുസൂദനനായ ഗുരുവായുപുരേശാ! എന്റെ രോഗങ്ങൾ സർവ്വതും അവിടുന്ന് ഇല്ലായ്മ ചെയ്യേണമേ!]
36. മത്സ്യരൂപധരഃ
മത്സ്യരൂപം ധരിച്ചവൻ.
ഝഷാകൃതിം യോജനലക്ഷദീർഘാം
ദധാനമുച്ചൈസ്തരതേജസം ത്വാം .
നിരീക്ഷ്യ തുഷ്ടാ മുനയസ്ത്വദുക്ത്യാ
ത്വത്തുംഗശൃംഗേ തരണിം ബബന്ധു:
- മത്സ്യാവതാരം-(നാരായണീയം-ദശകം 32)
[ലക്ഷം യോജന വിസ്താരമുള്ള അവിടുത്തെ മഹനീയ മത്സ്യരൂപം കണ്ടിട്ട് മഹാമുനിമാർ അത്യധികം ആഹ്ലാദിച്ചു; അവിടുത്തെ ആജ്ഞയനുസരിച്ച് ആ നൗകയെ അങ്ങയുടെ ഉയർന്നുനിൽക്കുന്ന കൊമ്പിൽ ബന്ധിച്ചു.]
37. മായീ
മായാകാരൻ ; പ്രപഞ്ചത്തിലെ മായാ വൈഭവത്തിന്റെ അധീശൻ.
“യജ്വഭിഃ സംഭൃതം ഹവ്യം വിതതേഷ്വധ്വരേഷു സഃ ജാതവേദോമുഖാന്മായീ മിഷതാമാച്ഛിനത്തി നഃ ..(കുമാരസംഭവം 2.46)
[യജ്ഞങ്ങൾ ആരംഭിച്ചാൽപ്പിന്നെ ഞങ്ങൾ (മുനിമാർ) നോക്കിയിരിക്കേ മായാവിയായ അവൻ (താരകാസുരൻ) യജ്ഞാചാര്യന്മാർ അർപ്പിച്ച ഹവിസ്സ് അഗ്നിമുഖത്തുനിന്ന് തട്ടിയെടുക്കുന്നു.]
38. മനുരൂപ:
മന്ത്രസ്വരൂപമായവൻ.
‘മനു:’ (വിഷ്ണുസഹസ്രനാമം-051)
39. മനുസ്‌തുതഃ
വൈവസ്വതമനുവാൽ സ്തുതിയ്ക്കപ്പെട്ടവൻ.
40. കഠോരപൃഷ്‌ഠവിധൃതമന്ദരഃ
ആമയായി മന്ദരപർവതത്തെ താങ്ങി നിർത്തിയവൻ.
കൂർമ്മാവതാരം (നാരായണീയം-ദശകം 27)
41. കമഠാകൃതിഃ
ആമയായി അവതരിച്ചവൻ.
ക്ഷുബ്ധാദ്രൗ ക്ഷുഭിതജലോദരേ തദാനീം
ദുഗ്ധാബ്ധൗ ഗുരുതരഭാരതോ നിമഗ്നേ .
ദേവേഷു വ്യഥിതതമേഷു തത്പ്രിയൈഷീ
പ്രാണൈഷീ: കമഠതനും കഠോരപൃഷ്ഠാം ..6..
കൂർമ്മാവതാരം (നാരായണീയം-ദശകം 27)
42. ഹേലാധൃതക്രോഡതനു:
വരാഹമായി അവതരിച്ചവൻ.
“ശ്രീനാരദ ഉവാച- ഭ്രാതര്യേവം വിനിഹതേ
ഹരിണാ ക്രോഡമൂർതിനാ …(ഭാഗവതം .7.2.1)
[വരാഹമൂർത്തിയായ ഭഗവാൻ വിഷ്ണുവാൽ സഹോദരൻ
(ഹിരണ്യാക്ഷൻ) കൊല്ലപ്പെട്ടപ്പോൾ... ]
ഹാ ഹാ വിഭോ ജലമഹം ന്യപിബം പുരസ്താത്
അദ്യാപി മജ്ജതി മഹീ കിമഹം കരോമി .
ഇത്ഥം ത്വദംഘ്രി യുഗലം ശരണം യതോഽസ്യ
നാസാപുടാത് സമഭവ: ശിശുകോലരൂപീ .3..
വരാഹാവതാരം (നാരായണീയം-ദശകം 12)
[അയ്യോ പ്രഭോ! ഈ പ്രളയജലം ഞാൻ നേരത്തെ പാനം ചെയ്തുകഴിഞ്ഞല്ലോ. ഭൂമിയാവട്ടെ, ഇപ്പോഴും വെള്ളത്തിൽ താണു പോകുന്നു. ഇത്തരത്തിൽ അവിടുത്തെ പാദാരവിന്ദങ്ങളിൽ ശരണം പ്രാപിച്ച ഈ ബ്രഹ്മദേവന്റെ മൂക്കിൽ നിന്നും ശിശു രൂപത്തിലുള്ള ഒരു പന്നിയായി അവിടുന്നു അവതരിച്ചുവല്ലോ.]
43. ഹിരണ്യാക്ഷനിഹാ
ഹിരണ്യാക്ഷനെ വധിച്ചവൻ.
44. ഹരിഃ
ജനമനസ്സുകളെ അപഹരിയ്ക്കുന്നവൻ.
“ഹരിഃ” (ശിവസഹസ്രനാമം-377,712)
“ഹരിഃ”(വിഷ്ണുസഹസ്രനാമം-650)
45. അദ്ധ്വരാത്മാ
സത്യസ്വരൂപനായവൻ.
46. അചലോദ്ധർത്താ
പർവതത്തെ എടുത്തുയർത്തിയവൻ.
47. അച്യുത:
ച്യുതി-(ഇളക്കം-അനക്കം,ചലനം, നാശം എന്നിവ ഇല്ലാത്തത്); സ്വരൂപത്തിൽനിന്ന് മാറ്റമില്ലാത്തത്.
അച്യുതം കേശവം രാമ നാരായണം,
കൃഷ്ണ ദാമോദരം വാസുദേവം ഹരിം,
ശ്രീധരം മാധവം ഗോപികാവല്ലഭം,
ജാനകീനായകം രാമചന്ദ്രം ഭജേ.
48. അനുപമവൈഭവഃ
താരതമ്യപ്പെടുത്താനാവാത്ത വൈഭവത്തോടുകൂടിയവൻ.
49. നരസിംഹാകൃതി:
നരസിംഹമായി അവതരിച്ചവൻ.
ദൈത്യേ ദിക്ഷു വിസൃഷ്ടചക്ഷുഷി മഹാസംരംഭിണി സ്തംഭത:
സംഭൂതം ന മൃഗാത്മകം ന മനുജാകാരം വപുസ്തേ വിഭോ .
കിം കിം ഭീഷണമേതദദ്ഭുതമിതി വ്യുദ്ഭ്രാന്തചിത്തേഽസുരേ
വിസ്ഫൂർജ്ജദ്ധവലോഗ്രരോമവികസദ്വർഷ്മാ സമാജൃംഭഥാ: ..2
നരസിംഹാവതാരം-(നാരായണീയം-ദശകം 25)
“നാരസിംഹവപു:”(വിഷ്ണുസഹസ്രനാമം-021)
50. നാദനിരാകൃതമഹാസുരഃ
അതിഘോരഗർജ്ജനത്തോടെ മഹാസുരനെ വധിച്ചവൻ.
51. ഭക്തപ്രഹ്ലാദവരദ:
ഭക്തനായ പ്രഹ്ലാദനു വരം പ്രദാനം ചെയ്തവൻ.
52. ഭവസാഗരതാരകഃ
ലൗകികജീവിതമാകുന്ന മഹാസമുദ്രം തരണം ചെയ്യിയ്ക്കുന്നവൻ.
53. വലഭിത്സഹജ:
ഇന്ദ്രന്റെ സഹോദരനായവൻ.
വിഷ്ണുഃ ഖലു കശ്യപാത് അദിതൗ വാമനരൂപേണ ഇന്ദ്രസ്യ പശ്ചാത് ജാതഃ
[കശ്യപമഹർഷിയ്ക്ക് അദിതിയിൽ ഇന്ദ്രന് ശേഷം ജനിച്ച പുത്രനാണല്ലോ വിഷ്ണു?] അതിനാൽ വിഷ്ണു, ഇന്ദ്രന്റെ അനുജൻ എന്നർത്ഥമുള്ള ‘വലഭിത്സഹജൻ’ എന്നറിയപ്പെടുന്നു.
കശ്യപമഹർഷിയ്ക്ക് അദിതിയിൽ ഇന്ദ്രൻ തുടങ്ങിയ ദേവന്മാർ ജനിച്ചു. അതേസമയം, കശ്യപമഹർഷിയ്ക്ക് ദിതിയിൽ മഹാബലി തുടങ്ങിയ അസുരന്മാരും ജനിച്ചു. ഈ അസുരന്മാർ അദിതിപുത്രന്മാരായ ദേവന്മാരെ ഉപദ്രവിയ്ക്കാൻ തുടങ്ങി. അദിതി, കശ്യപമഹർഷിയോട് പരാതി ബോധിപ്പിച്ചു. മഹർഷി, ഭാര്യയോട് ‘പയോവ്രതം’ അനുഷ്ഠിയ്ക്കാൻ ആവശ്യപ്പെട്ടു. വ്രതത്തിനൊടുവിൽ അദിതി തന്റെ മുമ്പിൽ പ്രത്യക്ഷപ്പെട്ട മഹാവിഷ്ണുവിനോട് തന്റെ വിഷമം അറിയിച്ചു. ഭഗവാനാവട്ടെ, കശ്യപനിലൂടെ അദിതിയുടെ ഗർഭപാത്രത്തിൽ പ്രവേശിച്ചു സ്വയം അവതാരം എടുത്തു കൊള്ളാമെന്നു വാക്കുകൊടുക്കുകയും ചെയ്തു. അങ്ങനെയാണ് വാമനാവതാരം സംഭവിച്ചത്.
54. വന്ദ്യ:
വന്ദിയ്ക്കപ്പെടേണ്ടവൻ; സ്തുതിക്കപ്പെടേണ്ടവൻ.
“വന്ദ്യം യുഗം ചരണയോർജനകാത്മജായാഃ” (വാല്മീകിരാമായണം 13.78)
[സീതാദേവിയുടെ രണ്ട് പാദങ്ങളും വന്ദിയ്ക്കപ്പെടേണ്ടതാണ്.]
“വന്ദ്യാ” ( ലളിതാസഹസ്രനാമം-348)
55. വാമന:
വാമനനായി അവതരിച്ചവൻ.
പുണ്യാശ്രമം തമഭിവർഷതി പുഷ്പവർഷൈ-
ര്ഹർഷാകുലേ സുരഗണേ കൃതതൂര്യഘോഷേ .
ബധ്വാഽഞ്ജലിം ജയ ജയേതി നുത: പിതൃഭ്യാം
ത്വം തത്ക്ഷണേ പടുതമം വടുരൂപമാധാ: ..5..
വാമനാവതാരം-(നാരായണീയം-ദശകം 30)
“വാമന:”- (വിഷ്ണുസഹസ്രനാമം-152)
“വാമന:”- (ശിവസഹസ്രനാമം-340)
56. ബലിദർപ്പഹാ
ബലിയുടെ അഹങ്കാരത്തെ ഇല്ലാതാക്കിയവൻ.
57. ത്രിക്രമാക്രാന്തഭുവന:
മൂന്നു കാൽചുവടുകളാൽ മൂന്നുലോകങ്ങളും കീഴടക്കിയവൻ.
58. ത്രിദിവേഡ്യ:
സ്വർഗ്ഗലോകത്തിൽപ്പോലും ആരാധിയ്ക്കപ്പെടുന്നവൻ.
തസ്മാത്പ്രണമ്യ പ്രണിധായ കായം
പ്രസാദയേ ത്വാമഹമീശമീഡ്യം .
പിതേവ പുത്രസ്യ സഖേവ സഖ്യു:
പ്രിയ: പ്രിയായാർഹസി ദേവ സോഢും (ഭഗവദ് ഗീത 11-44 )
59. ത്രിവിക്രമഃ
(മൂന്നു കാൽചുവടുകളാൽ) മൂന്നുലോകങ്ങളും കീഴടക്കിയവൻ.
“ആനന്ദോ നന്ദനോ നന്ദഃ സത്യധർമ്മസ്ത്രിവിക്രമഃ ..(മഹാഭാരതം 13.149. 69)
“ത്രിവിക്രമഃ ”- (വിഷ്ണുസഹസ്രനാമം-530)
“ത്രിവിക്രമഃ”- (ശിവസഹസ്രനാമം-956)
നാഭിം വിഷ്ണുസ്തു മേ പാതു ജഠരം മധുസൂദന:
ഉര: ത്രിവിക്രമഃ പാതു ഹൃദയം പാതു വാമന:
(വിഷ്ണുസഹസ്രനാമസ്തോത്രം)
60. ഭഗവാൻ
ഭജിയ്ക്കുന്നവരെ അവനം (രക്ഷ) ചെയ്യുന്നവൻ.
“ഭഗ” എന്ന വാക്കിന് അധികാരം, കീർത്തി, ഇഷ്ടസിദ്ധി, ജ്ഞാനം, വിവേകം, മഹിമ, വിനയം, ശക്തി, ഉദ്യമം, ലൗകികവിഷയം, ശാന്തി, നിഷ്പക്ഷത, വാക്ക് എന്നിങ്ങനെ അർത്ഥങ്ങളുണ്ട്.
ആറ് ഗുണങ്ങളെയാണ് ഭഗം എന്ന് പറയുന്നത്.
“ഐശ്വര്യ1 സ്യ സമഗ്രസ്യ ധർമ്മ2 സ്യ യശ3സഃ ശ്രിയഃ4
ജ്ഞാന5 വിജ്ഞാന6 യോശ്ചൈവ ഷണ്ണാം ഭഗ ഇതീര്യതേ..
“ഭഗവാൻ”- (വിഷ്ണുസഹസ്രനാമം-558)
“ഭഗവാൻ”- (ശിവസഹസ്രനാമം-28)
“ഭഗവതീ”( ലളിതാസഹസ്രനാമം-279)
61. ഭാർഗ്ഗവ: രാമഃ
പരശുരാമനായി അവതാരമെടുത്തവൻ.
“സത്യം കർതുമഥാർജുനസ്യ ച വരം തച്ഛക്തിമാത്രാനതം
ബ്രഹ്മദ്വേഷി തദാഖിലം നൃപകുലം ഹന്തും ച ഭൂമേർഭരം .
സഞ്ജാതോ ജമദഗ്നിതോ ഭൃഗുകുലേ ത്വം രേണുകായാം ഹരേ
രാമോ നാമ തദാത്മജേഷ്വവരജ: പിത്രോരധാ: സമ്മദം 2..”
പരശുരാമാവതാരം (നാരായണീയം-ദശകം 36 )
[ഹേ ഭഗവന്‍! അനന്തരം നിന്തിരുവടി കാര്‍ത്തവീര്യാര്‍ജ്ജുനന്നു കൊടുത്ത വരത്തെ സത്യമാക്കിത്തീര്‍പ്പാനും ആ കാലത്ത് അവന്റെ ശക്തിക്കുമാത്രം കീഴടങ്ങുന്നതും ബ്രാഹ്മണ ദ്വേഷിയും ഭൂമിക്കു ഭാരവുമായിത്തീര്‍ന്നിട്ടുള്ള രാജവംശം മുഴുവന്‍ ഒടുക്കുന്നതിന്നുമായി ഭൂഗുവംശത്തില്‍ ജമദഗ്നി മഹര്‍ഷിയ്ക്ക് രേണുകാദേവിയില്‍ രാമനെന്ന പേരോടുകൂടി അവരുടെ പുത്രന്മാരില്‍ ഇളയവനായി ജനിച്ച് മാതാപിതാക്കന്മാര്‍ക്ക് സന്തോഷം പ്രദാനം ചെയ്തു.]
“ദിനകരാന്വയതിലകം ദിവ്യ-ഗാധിസുത-സവന-
വനരചിത-സുബാഹുമുഖ-വധ-മഹല്യാ-പാവനം .
അനഘ-മീശ-ചാപഭങ്ഗം ജനക-സുതാ-പ്രാണേശം
ഘനകുപിത-ഭൃഗുരാമ-ഗർവഹര-മിത-സാകേതം ..”
[സൂര്യവംശത്തിന്റെ തൊടുകുറിയായ, പുണ്യാത്മാവും ഗാധിപുത്രനുമായ വിശ്വാമിത്ര മഹർഷിയാൽ പരിശീലിക്കപ്പെട്ട, വനത്തിൽവെച്ച് സുബാഹുവിനെ വധിച്ച, അഹല്യയ്ക്ക് മോക്ഷം പ്രദാനം ചെയ്ത, പരിശുദ്ധാത്മാവായ, പരമശിവന്റെ വില്ലൊടിച്ച, ജനകപുത്രിയുടെ പ്രാണനാഥനായ, കഠിനമായ കോപത്തോടെ വന്ന പരശുരാമന്റെ ഗർവത്തെ ശമിപ്പിച്ച, ഒടുവിൽ അയോദ്ധ്യയിലെത്തിയ….]
62. ഭീമകർമ്മാ
അതിഭീകരകർമ്മങ്ങൾ ചെയ്യുന്നവൻ. (നരസിംഹാ-വതാരം ഓർക്കുക.)
പൗണ്ഡ്രം ദധ്മൗ മഹാശംഖം ഭീമകർമാ വൃകോദരഃ (ഭഗവദ് ഗീത 1-15)
[ഭീഷണകർമ്മങ്ങൾ ചെയ്യുന്നവനായ ഭീമസേനൻ പൗന്ദ്രമെന്ന മഹാശംഖ് മുഴക്കി.]
63. ഭവപ്രിയഃ
ഭക്തജനങ്ങളുടെ ഐശ്വര്യാദികൾ കാംക്ഷിയ്ക്കുന്നവൻ.
64. ദശാസ്യഹന്താ
രാവണവധം ചെയ്തവൻ.
“കലിത-വര-സേതുബന്ധം ഖല-നിസ്സീമ-പിശിതാശന-
ദലന-മുരു-ദശകണ്ഠ-വിദാരണ-മതി ധീരം
ജ്വലന-പൂത-ജനകജാ-സഹിതമിത-സാകേതം
വിലസിത-പട്ടാഭിഷേകം വിശ്വപാലം പദ്മനാഭം…”
[അതിശ്രേഷ്ഠമായ സേതുബന്ധനം നടത്തിയ, മാംസം ഭക്ഷിയ്ക്കുന്ന എണ്ണമറ്റ ദുഷ്ടന്മാരെ നശിപ്പിച്ച, ഭയങ്കരനായ രാവണനെ വധിച്ച, അതിധീരനായ, അഗ്നിശുദ്ധി വരുത്തിയ സീതാദേവിയോടൊപ്പം അയോദ്ധ്യയിൽ പ്രവേശിച്ച, പാട്ടാഭിഷേകം ഗംഭീരമായി ആഘോഷിച്ച, പ്രപഞ്ചപാലകനായ വിഷ്ണുദേവൻ തന്നെയായ….]
65. ദുർദ്ധർഷഃ
തോൽപ്പിയ്ക്കാൻ കഴിയാത്ത, അപ്രാപ്യമായ അകലത്തിൽ വർത്തിയ്ക്കുന്നവൻ.
“സ ഹി ദുർദ്ധർഷണോ വാലീ നിത്യം സമരകർമസു”
[ആ ബാലിയാവട്ടെ, യുദ്ധത്തിന്റെ കാര്യത്തിൽ എന്നും ആർക്കും തന്നെ കീഴടക്കാൻ കഴിയാത്തവണ്ണം ബലവാനാകുന്നു.]
(വാല്മീകി രാമായണം കിഷ്‌കിന്ധാകാണ്ഡം സർഗം 11 ശ്ലോകം 55)
66. രാമോ ദശരഥാത്മജഃ
ദശരഥപുത്രനായ ശ്രീരാമൻ.
“ഗീർവാണൈരർഥ്യമാനോ ദശമുഖനിധനം കോസലേഷ്വൃശ്യശൃംഗേ
പുത്രീയാമിഷ്ടിമിഷ്ട്വാ ദദുഷി ദശരഥക്ഷ്മാഭൃതേ പായസാഗ്ര്യം .
തദ്ഭുക്ത്യാ തത്പുരന്ധ്രീഷ്വപി തിസൃഷു സമം ജാതഗർഭാസു ജാതോ
രാമസ്ത്വം ലക്ഷ്മണേന സ്വയമഥ ഭരതേനാപി ശത്രുഘ്നനാമ്നാ ..1..”
ശ്രീരാമാവതാരം- (നാരായണീയം-ദശകം 34)
67. ഭവ്യ:
സർവഗുണാത്മകൻ; ശ്രേഷ്ഠപുരുഷൻ.
“ഭാവയാമി രഘുരാമം ഭവ്യസുഗുണാരാമം” (സ്വാതിതിരുനാൾ കൃതി)
68. ഭരതശത്രുഘ്‌നലക്ഷ്‌മണാഗ്രിമസോദരഃ
ഭരതശത്രുഘ്‌നലക്ഷ്‌മണന്മാരുടെ മൂത്ത സഹോദരൻ.
69. വസിഷ്‌ഠവിശ്വാമിത്രാദിഗുർവ്വാജ്ഞാപരിപാലകഃ
വസിഷ്‌ഠൻ, വിശ്വാമിത്രൻ തുടങ്ങിയ ഗുരുജനങ്ങളുടെ ആജ്ഞകളെ നിറവേറ്റുന്നവൻ.
70. ജാനകീമാനസോല്ലാസീ
സീതാദേവിയുടെ മനസ്സിനെ സന്തോഷിപ്പിയ്ക്കുന്നവൻ.
“ജാനകീരമണ ഭക്തപാരിജാത
പാഹി സകലലോകശരണ…” (ത്യാഗരാജകൃതി)
71. ജടായുസ്വർഗ്ഗദായകഃ
ജടായുവിന് സ്വർഗ്ഗലോകവാസം പ്രദാനം ചെയ്തവൻ.
“ഭൂയസ്തന്വീം വിചിന്വന്നഹൃത ദശമുഖസ്ത്വദ്വധൂം മദ്വധേനേ-
ത്യുക്ത്വാ യാതേ ജടായൗ ദിവമഥ സുഹൃദ: പ്രാതനോ: പ്രേതകാര്യം...
(ജടായുഗതി-(നാരായണീയം-ദശകം 34-10)
[പിന്നീടു നിന്തിരുവടി ആ പെണ്‍കൊടിയേയും തിരഞ്ഞു നടക്കുമ്പോള്‍ "രാവണന്‍ എന്നെ നിഗ്രഹിച്ച് അങ്ങയുടെ പത്നിയേയും കൊണ്ടുപോയി” എന്നിങ്ങനെ പറഞ്ഞുകൊണ്ട് ജടായു പരലോകം പ്രാപിച്ചപ്പോള്‍ സുഹൃത്തായ ആ പക്ഷിയുടെ സംസ്കാരകർമ്മങ്ങൾ ചെയ്തു;]
72. വൈവസ്വതസഖ:
വൈവസ്വതമനുവിന് സഹായിയായവൻ.
പ്രളയകാലത്ത് ഒരിയ്ക്കൽ ഹയഗ്രീവൻ വേദങ്ങളുമായി കടന്നുകളഞ്ഞപ്പോൾ, വിഷ്ണു മത്സ്യത്തിന്റെ രൂപമെടുത്ത് അർഘ്യം അർപ്പിയ്ക്കുകയായിരുന്ന സത്യവ്രതന്റെ കൈക്കുടന്നയിൽ വന്നു പതിച്ചു.ആ മത്സ്യം ക്രമത്തിൽ വളർന്നു വലുതായി കടലിലെത്തി. സത്യവ്രതനോട് കാര്യങ്ങൾ വിശദീകരിച്ച ഭഗവാൻ വരാനിരിയ്ക്കുന്ന മഹാപ്രളയത്തിൽ തന്റെ കൊമ്പിൽ കെട്ടിയ ഒരു നൗകയിൽ കയറാനും ആവശ്യപ്പെട്ടു. പ്രളയത്തിൽ പൊങ്ങിക്കിടക്കുന്ന വേളയിൽ ഭഗവാൻ സത്യവ്രതന് മത്സ്യപുരാണം പറഞ്ഞുകൊടുത്തു. പ്രളയശേഷം ഹയഗ്രീവനെ വധിച്ച് വേദങ്ങളെ വീണ്ടെടുത്ത വിഷ്ണു, സത്യവ്രതനെ വൈവസ്വതമനുവാക്കി വാഴിച്ചു.
73. ബാലിഹന്താ
ബാലിയെ വധിച്ചവൻ.
നീതസ്സുഗ്രീവമൈത്രീം തദനു ഹനുമതാ ദുന്ദുഭേ: കായമുച്ചെ:
ക്ഷിപ്ത്വാംഗുഷ്ടേന ഭൂയോ ലുലവിഥ യുഗപത് പത്രിണാ സപ്തസാലാന്‍
ഹത്വാ സുഗ്രീവഘാതോദ്യതമതുലബലം ബാലിനം വ്യാജവൃത്ത്യാ
വര്‍ഷാവേലാമനൈഷീര്‍വ്വിരഹതരളിതസ്ത്വം മതംഗാശ്രമാന്തേ ॥
(നാരായണീയം-ദശകം 35 -1)
[അതിന്നുശേഷം ഹനുമാനാല്‍ സുഗ്രീവനോടുകൂടി സഖ്യം പ്രാപിപ്പിക്കപ്പെട്ട നിന്തിരുവടി ദുന്ദഭിയെന്ന അസുരന്റെ അസ്ഥികൂടത്തെ കാല് പെരുവിരല്‍കൊണ്ട് ഈക്കോടെ എടുത്തെറിഞ്ഞിട്ട് അനന്തരം ഒരു ബാണം കൊണ്ട് ഏഴു സാലങ്ങളേയും ഒരുമിച്ചു മുറിച്ച; സുഗ്രിവനെ കൊല്ലുവാനൊരുങ്ങിയ എതിരില്ലാത്ത ബലത്തോടുകൂടിയ ബാലിയെ മറഞ്ഞുനിന്നു നിഗ്രഹിച്ചിട്ട് നിന്തിരുവടി ഭാര്യാവിയോഗത്താല്‍ ഏറ്റവും കലങ്ങിയ മനസ്സോടുകൂടിയവനായി മതംഗമഹര്‍ഷിയുടെ ആശ്രമപ്രദേശത്ത് മഴക്കാലം കഴിച്ചകൂട്ടി.]
74. വായുസുതപ്രിയഃ
ഹനുമാന് ഏറ്റവും പ്രിയപ്പെട്ടവൻ.
75. ശബരീസൽകൃതിപ്രീതഃ
ശബരിയുടെ ഉപചാരങ്ങളിൽ സന്തുഷ്ടനായവൻ.
“ഗൃഹ്ണാനം തം കബന്ധം ജഘനിഥ ശബരീം
പ്രേക്ഷ്യ പമ്പാതടേ ത്വം
സമ്പ്രാപ്തോ വാതസൂനും ഭൃശമുദിതമനാ:
പാഹി വാതാലയേശ” (നാരായണീയം-ദശകം 34-10)
[അനന്തരം വഴിയില്‍ തടുത്തു പിടികൂടിയ ആ കബന്ധനെ നിഗ്രഹിച്ചു; പമ്പാനദീതീരത്തില്‍ ശബരിയെ ദര്‍ശിച്ച് ഹനൂമാനോടു സമ്മേളിച്ച് ഏറ്റവും സന്തുഷ്ടചിത്തനായിത്തീര്‍ന്ന ഹേ ഗുരുവായൂരപ്പ! നിന്തിരുവടി എന്നെ കാത്തരുളേണമേ.]
76. ശാഖാമൃഗസഹായവാൻ
വാനരന്മാരാൽ സഹായിയ്ക്കപ്പെട്ടവൻ.(ശ്രീരാമൻ)
77. രോഹിണീനന്ദനോ രാമഃ
രോഹിണീപുത്രനായ ബലരാമൻ
78. രേവതീപ്രാണവല്ലഭഃ
രേവതിയുടെ പ്രാണനായകനായ ബലരാമൻ
79. സൂരജാഭേദനഃ
കാളിന്ദി(യമുന)യുടെ ഒഴുക്കിന്റെ ഗതി മാറ്റിയ ബലരാമൻ.
സ്രഗ്വ്യേകകുണ്ഡലോ മത്തോ വൈജയന്ത്യാ ച മാലയാ .
ബിഭ്രത് സ്മിതമുഖാംഭോജം സ്വേദപ്രാലേയഭൂഷിതം .
സ ആജുഹാവ യമുനാം ജലക്രീഡാർഥമീശ്വര: ..
നിജം വാക്യമനാദൃത്യ മത്ത ഇത്യാപഗാം ബല: .
അനാഗതാം ഹലാഗ്രേണ കുപിതോ വിചകർഷ ഹ ..
(ഭാഗവതം 10.65.22&23)
[മദ്യലഹരിയിൽ ബലരാമൻ വൈജയന്തി തുടങ്ങിയ മാലകൾ അണിഞ്ഞ്, ഒരൊറ്റക്കമ്മൽ ധരിച്ച്, വിയർപ്പ്തുള്ളികൾ ഒഴുകുന്ന മുഖത്തോടെ യമുനാ നദിയുടെ വെള്ളത്തിൽ കളിക്കാൻ വേണ്ടി നദിയെ തന്റെ അടുത്തേക്ക് വിളിച്ചു, എന്നാൽ അവൻ മദ്യപിച്ചിട്ടുണ്ടെന്ന് കരുതി നദി അവൻ്റെ കൽപ്പന അവഗണിച്ചു. ഇത് ബലരാമനെ ചൊടിപ്പിച്ചു; ബലരാമൻ തൻ്റെ കലപ്പയുടെ അറ്റം കൊണ്ട് നദി വലിച്ചുകീറി ചാലുകളുണ്ടാക്കൻ തുടങ്ങി.]
80. സീരമുസലാദ്യുദ്യദായുധഃ
കലപ്പ, ഉലക്ക എന്നീ ആയുധങ്ങളേന്തിയ ബലരാമൻ.
81. ദേവകീനന്ദന:
ദേവകിയുടെ പുത്രനായ ശ്രീകൃഷ്ണൻ.
82. ദാമോദരഃ
ദാമം= കയർ. ദാമം കൊണ്ട് ഉദരം (വയർ) ബന്ധിയ്ക്കപ്പെട്ടവൻ. വളർത്തമ്മയായ യശോദ ശിശുവായിരുന്ന കൃഷ്ണനെ ഒരു കയറുകൊണ്ട് ഉരലിൽ കെട്ടിയിട്ട കഥ പ്രസിദ്ധമാണല്ലോ?
“ദാമ്നാ ചൈവോദരേ ബദ്ധ്വാ പ്രത്യബന്ധദുദൂഖലേ .
യദിശക്തോഽസി ഗച്ഛേതി തമുക്ത്രാ കർമ്മ സാകരോത് …. (ഹരിവംശപുരാണം.)
[നിനക്ക് ശക്തിയുണ്ടെങ്കിൽ ഈ ബന്ധനത്തിൽനിന്നു മോചിതനാകൂ എന്ന് പറഞ്ഞുകൊണ്ട് യശോദ കൃഷ്ണന്റെ വയറിൽ കയർ ഉരലുമായി ചേർത്തുകെട്ടി. ]
മുദാ സുരയഘൈസ്ത്വമുദാരസമ്മദൈഃ
ഉദീര്യ 'ദാമോദര' ഇത്യഭിഷ്ടതഃ
മൃദുദരദഃസ്വൈരമൂലുഖലേ ലഗന്‍
അദുരതോദ്വയ കകുഭാവുദൈക്ഷഥാഃ ॥ 1 || (നാരായണീയം-ദശകം 48-1)
[സന്തുഷ്ടചിത്തരായ സുരസംഘങ്ങളാല്‍ ‘ദാമോദരന്‍’ എന്നുച്ചരിച്ച് വര്‍ദ്ധിച്ച സന്തോഷത്തോടെ സ്തതിക്കപ്പെട്ട സുകുമാരമായ ഉദരത്തോടുകൂടിയ നിന്തിരുവടി സുഖമായി ഉരലില്‍ ബന്ധിക്കപ്പെട്ടവനായി സ്ഥിതിചെയ്യമ്പോള്‍ അധികം അകലെയല്ലാതെ രണ്ടു മരുത് മരങ്ങളെ ഉയര്‍ന്നുകണ്ടു.]
“ദാമോദരഃ”- (വിഷ്ണുസഹസ്രനാമം-367)
ശ്രീധര: പാതു മേ കണ്ഠം ഹൃഷീകേശോ മുഖം മമ
പദ്മനാഭസ്തു നയനേ ശിരോ ദാമോദരോ മമ.
(വിഷ്ണുസഹസ്രസ്തോത്രം)
[ശ്രീധരനായ വിഷ്ണു! എന്റെ കഴുത്തിനെ രക്ഷിയ്‌ക്കേണമേ! ഹൃഷീകേശനായ വിഷ്ണു! എന്റെ വദനത്തെ രക്ഷിയ്‌ക്കേണമേ! പദ്മനാഭനായ വിഷ്ണു! എന്റെ കണ്ണുകളെ രക്ഷിയ്‌ക്കേണമേ! ദാമോദരനായ വിഷ്ണു! എന്റെ ശിരസ്സിനെ രക്ഷിയ്‌ക്കേണമേ!]
83. ദരവിനാശനഃ
ഭയം ഉന്മൂലനം ചെയ്യുന്നവൻ.
ലക്ഷ്മീകാന്തം കമലനയനം യോഗിഭിർധ്യാനഗമ്യം
വന്ദേ വിഷ്ണും ഭവഭയഹരം സർവലോകൈകനാഥം ..”
….
തസ്യ ലോകപധാനസ്യ ജഗന്നാഥസ്യ ഭൂപതേ
വിഷ്ണോർനാമസഹസം മേ ശൃണു പാപഭയാപഹം.
(വിഷ്ണുസഹസ്രനാമസ്തോത്രം)
“ഭയനാശനഃ (വിഷ്ണുസഹസ്രനാമം-834)
“ദരാന്ദോളിതദീർഘാക്ഷീ ”(ലളിതാസഹസ്രനാമം-601)
“ദരഹാസോജ്വലൻമുഖീ ”( ലളിതാസഹസ്രനാമം-602)
“ദരസ്‌മേരമുഖാംബുജാ” ( ലളിതാസഹസ്രനാമം-924)
84. വൃന്ദാവനചരഃ
വൃന്ദാവനത്തിൽ വിലസിയ്ക്കുന്നവൻ.
തഥാവിധേ/സ്മിന്‍ വിപിനേ പശവ്യേ
സമുത്സുകോ വത്സഗണപ്രചാരേ
ചരന്‍ സരാമോ/ഥ കുമാരകൈസ്ത്വം
സമീരഗേഹാധിപ ! പാഹി രോഗാത്. (നാരായണീയം-ദശകം 49-10)
[ഹേ ഗുരുവായുപുരേശാ! അനന്തരം അപ്രകാരം പശുക്കള്‍ക്കിഷ്ടപ്പെട്ട ഈ വൃന്ദാവനത്തില്‍ കാലിക്കിടാങ്ങളെ മേയ്ക്കുന്നതില്‍ ഏറെ താത്പര്യമുള്ളവനായി ഗോപബാലരൊരുമിച്ച് സഞ്ചരിക്കുന്ന ബലരാമസമേതനായ അവിടുന്ന് രോഗപീഡയില്‍നിന്ന് (എന്നെ) രക്ഷിക്കേണമേ.]
നാരായണം ഭജേ നാരായണം ലക്ഷ്മീ-
നാരായണം ഭജേ നാരായണം
വൃന്ദാവനസ്ഥിതം നാരായണം ദേവ-
വൃന്ദൈരഭിഷ്ടുതം നാരായണം….
85. വത്സബകാഘാദ്യസുരാന്തകഃ
വത്സൻ, ബകൻ, അഘൻ തുടങ്ങിയ അസുരന്മാരെ വധിച്ചവൻ.
രഭസവിസലത്പുച്ഛം വിച്ഛായതോ/സ്യ വിലോകയന്‍
കിമപി വലിതസ്കന്ധം രന്ധ്രപ്രതീക്ഷമുദീക്ഷിതം,
തമഥ ചരണേ ബിഭ്രദ്വിഭ്രാമയന്‍ മുഹുരുച്ചകൈഃ
കുഹചന മഹാവൃക്ഷേ ചിക്ഷേപിഥ ക്ഷതജീവിതം.
(വത്സവധം-നാരായണീയം-ദശകം 50-4)
[സന്തോഷത്തെ സൂചിപ്പിക്കുന്ന വിധത്തില്‍ അതിവേഗത്തില്‍ വാലിളക്കിക്കൊണ്ടു സഞ്ചരിക്കുന്ന ഇവന്റെ(വത്സന്റെ) കഴുത്ത് അല്പം തിരിച്ചുകൊണ്ടുള്ള പരുങ്ങിനോക്കുന്ന നോട്ടത്തെ കണ്ടിട്ട് അനന്തരം അവിടുന്ന് കാലിൽപ്പിടിച്ച് അവനെ പലവുരു അതിവേഗത്തില്‍ ചുഴറ്റി; ജീവന്‍ പോയപ്പോള്‍ ഒരു വന്മരത്തിലേക്ക് എറിഞ്ഞുകളഞ്ഞു.]
പിബതി സലിലം ഗോപവ്രാതേ ഭവന്തമഭിദ്രുതഃ
സ കില നിഗിലന്നഗ്നിപ്രഖ്യം പുനര്‍ദ്ദുദ്രുതമുദ്വമന്
ദലയിതുമഗാത് ത്രോട്യാഃ കോട്യാ തദാ//ശു ഭവാ വിഭോ !
ഖലജനഭിദാ പുഞ്ചുഃ ചഞ്ചു പ്രഗൃഹ്യ ദദാര തം.
(ബകവധം-നാരായണീയം-ദശകം 50-8)
[ഗോപബാലകന്മാര്‍ വെള്ളം കുടിച്ചു കൊണ്ടിരിക്കുമ്പോള്‍ ആ ബകനാവട്ടെ, അങ്ങയുടെ നേര്‍ക്ക് പാഞ്ഞുവന്നു നിന്തിരുവടിയെ വിഴുങ്ങുകയും അഗ്നിയുടെ ശക്തിയോടു-കൂടിയവനായതുകൊണ്ട് അടുത്ത ക്ഷണത്തില്‍ ത്തന്നെ ഛര്‍ദ്ദിക്കുകയും ചെയ്തിട്ട് കൊക്കിന്റെ തലപ്പുകൊണ്ട് കൊത്തിക്കീറുവാനായടുത്തു. സര്‍വ്വശക്തനായ ഭഗവാൻ! ദുഷ്ടനിഗ്രഹ-വിഷയത്തില്‍ സമർത്ഥനായ അവിടുന്ന് അപ്പോള്‍ ഉടനെ കൊക്കിനെ പിടിച്ച് അതിനെ രണ്ടായി പിളര്‍ന്നു.]
ഗളോദരേ വിപുലിതവര്‍ഷ്മണാ ത്വയാ
മഹോരഗേ ലുഠതി നിരുദ്ധമാരുതേ
ദ്രുതം ഭവാന്‍ വിദലിതകണ്ഠമണ്ഡലോ
വിമോചയന്‍ പശുപപശൂന്‍ വിനിർയയൗ
(അഘവധം-നാരായണീയം-ദശകം 51-6)
[കഴുത്തിനുള്ളിൽ സ്വശരീരത്തെ വളര്‍ത്തിയ ഭഗവാനാൽ പെരുമ്പാമ്പ് തടുക്കപ്പെട്ട ശ്വാസഗതി-യോടുകൂടിയവനായി കിടന്നു പിടയുമ്പോള്‍ അവിടുന്ന് വേഗം അതിന്റെ കഴുത്തു പിളര്‍ന്നിട്ട് ഗോപബാലകരേയും പശുക്കുട്ടികളേയും മോചിപ്പിച്ചിട്ട് സ്വയം പുറത്തുവന്നു.]
82. യോഗേശഃ
യോഗേശ്വരൻ.
യത്ര യോഗേശ്വര: കൃഷ്ണോ യത്ര പാർഥോ ധനുർധര: |
തത്ര ശ്രീർവിജയോ ഭൂതിധ്രുവാ നീതിർമതിർമമ || 78||
(ഭഗവദ് ഗീത 18-78)
[എവിടെയാണോ യോഗേശ്വരനായ ശ്രീകൃഷ്ണൻ, എവിടെയാണോ വില്ലേന്തിയ അർജുനൻ, അവിടെയാണ് അഭിവൃദ്ധിയും, വിജയവും, ഐശ്വര്യവും, അക്ഷയമായ നീതിയും സ്ഥിരമായിരിയ്ക്കുന്നത് എന്നാണ് എന്റെ അഭിപ്രായം.]
83. യാദവാധീശഃ
യാദവന്മാരുടെ നായകൻ.
“സഖേതി മത്വാ പ്രസഭം യദൃക്തംഹേ കൃഷ്ണ !
ഹേ യാദവ ! ഹേ സഖേതി .
അജാനതാ മഹിമാനം തവേദം
മയാ പ്രമാദാത് പ്രണയേന വാപി ..(ഭഗവദ് ഗീത 11-41)
84. യശോദാനന്ദനന്ദനഃ
യശോദയ്ക്ക് ആനന്ദം പകരുന്ന പുത്രൻ. (നന്ദനന്ദനഃ= നന്ദന്റെ പുത്രൻ എന്നും ആവാം)
ഭജേ വ്രജൈകമണ്ഡനം സമസ്തപാപഖണ്ഡനം
സ്വഭക്തചിത്തരഞ്ജനം സദൈവ നന്ദനന്ദനം |
സുപിച്ഛഗുച്ഛമസ്തകം സുനാദവേണുഹസ്തകം
അനംഗരംഗസാഗരം നമാമി കൃഷ്ണനാഗരം ||1||
(ശ്രീമദ് ശങ്കരാചാര്യകൃതം ശ്രീകൃഷ്ണാഷ്ടകം)
85. ഗോപ്‌താ
പരിപാലിയ്ക്കുന്നവൻ; രക്ഷകൻ.
ഗോഹിതോ ഗോപതിർഗോപ്താ വൃഷഭാക്ഷോ വൃഷപ്രിയഃ
“ഗോപ്താ” (വിഷ്ണുസഹസ്രനാമം-496)
“ഗോപ്ത്രീ”(ലളിതാസഹസ്രനാമം-266) പരിപാലിയ്ക്കുന്നവൾ; രക്ഷക.
86. ഗോവർദ്ധനോദ്ധർത്താ
ഗോവർദ്ധനപർവതത്തെ ഉയർത്തിയവൻ.
“മഹാദ്രിദൃക്”(വിഷ്ണുസഹസ്രനാമം-180) [മഹാപർവതത്തെ ഉയർത്തിയവൻ.]
ധരണിമേവ പുരാ ധൃതവാനസി
ക്ഷിതിധരോദ്ധരണേ തവ കഃ ശ്രമഃ?
ഇതി നുതസ്ത്രിദശൈഃ കമലാപതേ !
ഗുരുപുരാലയ ! പാലയ മാം ഗദാത് ॥ 10 I
(നാരായണീയം-ദശകം 63- 10)
[“ലക്ഷ്മീകാന്ത! ഗുരുവായൂരപ്പ! പണ്ട് അവിടുന്ന് ഭൂമിയെത്തന്നെ ധരിച്ചിട്ടുണ്ട്. അപ്പോൾപ്പിന്നെ അവിടുത്തേക്ക് ഒരു മലയെടുത്തു പൊന്തിക്കുവാന്‍ എന്താണ് പ്രയാസം?” എന്നിങ്ങിനെ ദേവന്മാരാല്‍ സ്കൃതിക്കപ്പെട്ട അവിടുന്ന് എന്നെ രോഗത്തില്‍നിന്നു രക്ഷിക്കേണമേ.]
87. ഗുർവ്വഭീഷ്ടപ്രദായകഃ
നേടണമെന്ന് ആഗ്രഹിച്ചതെല്ലാം നേടിത്തരുന്നവൻ.
88. കാളിയാഹീന്ദ്രദർപ്പഘ്‌നഃ
കാളിയസർപ്പത്തിന്റെ അഹങ്കാരത്തെ ശമിപ്പിച്ചവൻ.
ഫണിവധൂഗണഭക്തിവിലോകന
പ്രവികസത്കരുണാകുലചേതസാ
ഫണിപതിര്‍ഭവതാച്യുത! ജീവിത-
സ്ത്വയി സമര്‍പ്പിതമൂര്‍ത്തിരവാനമത് ॥ 5॥ (നാരായണീയം-ദശകം 56- 5)
[അല്ലയോ അച്യുത! നാഗസ്തീകളുടെ ഭക്തി കാണ്കയാല്‍ വര്‍ദ്ധിച്ച കരുണകൊണ്ട് മനസ്സിളകിയ ഭഗവാനാൽ അഭയം നല്‍കപ്പെട്ട കാളിയന്‍ ഭഗവാനിൽ സമര്‍പ്പിക്കപ്പെട്ട ശരീരത്തോടുകൂടിയവനായിട്ട് വീണു നമസ്കരിച്ചു.]
89. കലേശഃ
കലകളുടെ അധീശൻ; പരമാത്മാവ്
90. കാലനേമിഹാ
കാലനേമി എന്ന അസുരനെ വധിച്ചവൻ. ഈ കാലനേമി മറ്റൊരു ജന്മത്തിൽ ജനിച്ചു. കംസനേയും ശ്രീകൃഷ്ണൻ വധിച്ചു.
സ്വയംഭുവമന്വന്തരത്തിൽ മരീചിക്ക് ഊർണാ എന്ന പേരുള്ള ഭാര്യയും അവർക്ക് ശക്തരായ ആറ് പുത്രന്മാരും ഉണ്ടായിരുന്നു. ഒരു ദിവസം അവർ ബ്രഹ്മാവിനെ ഇങ്ങനെ പരിഹസിച്ചു: ‘തൻ്റെ മകളെ വിവാഹം കഴിച്ച അച്ഛൻ' (ബ്രഹ്മാവ് സ്വന്തം മകളായ സരസ്വതിയെ വിവാഹം കഴിച്ചുവല്ലോ). കോപാകുലനായ ബ്രഹ്മാവ് അവരെ ഭൂമിയിൽ അസുരന്മാരായി ജനിക്കട്ടെ എന്ന് ശപിച്ചു. അതിനാൽ ആറ് പുത്രന്മാരും ഭൂമിയിൽ കാലനേമി എന്ന അസുരൻ്റെ മക്കളായി ജനിച്ചു. അടുത്ത ജന്മത്തിൽ അവർ ഹിരണ്യകശിപുവിൻ്റെ പുത്രന്മാരായി ജനിച്ചു. അവർ ധർമ്മനിഷ്ഠയുള്ള ജീവിതം നയിക്കുകയും അതിൽ സന്തുഷ്ടനായ ബ്രഹ്മാവ് അവരോട് എന്ത് വരം വേണമെന്ന് ചോദിക്കുകയും തങ്ങളെ ആരും കൊല്ലരുതെന്ന് ആവശ്യപ്പെടുകയും ചെയ്തു. അവരുടെ പിതാവായ ഹിരണ്യകശിപു, തൻ്റെ പുത്രന്മാർക്ക് താനറിയാതെ ഒരു വരം ലഭിക്കുന്നത് ഇഷ്ടപ്പെട്ടില്ല, അതിനാൽ അവൻ തൻ്റെ മക്കളെ ശപിച്ചു "നിങ്ങൾ ആറുപേരും പാതാളത്തിൽ പോയി അവിടെ വളരെക്കാലം ഉറങ്ങട്ടെ. പുത്രന്മാർ ശാപമോക്ഷത്തിനായി യാചിച്ചു, വളരെക്കാലം ഉറങ്ങിയ ശേഷം അവർ വീണ്ടും ജനിക്കുമെന്ന് ഹിരണ്യകശിപു പറഞ്ഞു. ഈ ആറു പേർ വസുദേവരുടെ ഭാര്യയായ ദേവകിയുടെ മക്കളായും അവരുടെ മുൻ ജന്മത്തിൽ അവരുടെ പിതാവായ കാലനേമി പിന്നീട് കംസനായും ജനിച്ചു. ദേവകിയുടെ ഈ ആറു മക്കളെയാണ് കംസൻ നിലത്ത് തലയടിച്ച് കൊല്ലുന്നത്. (ദേവീഭാഗവതം, സ്കന്ദം 4).
95. വിദുരോദ്ധവഭീഷ്‌മാദിവന്ദ്യ:
വിദുരർ, ഉദ്ധവർ, ഭീഷ്മർ തുടങ്ങിയവരാൽ വന്ദിയ്ക്കപ്പടുന്നവൻ.
96. ബാണമദാപഹഃ
ബാണാസുരന്റെ അഹങ്കാരത്തെ നശിപ്പിച്ചവൻ.
ബാണം നാനായുധോഗ്രം പുനരഭിപതിതം ദര്‍പ്പദോഷാദ്വിതന്വൻ
നിര്‍ല്ലൂനാശേഷദോഷം, സപദി ബുബുധുഷാ ശങ്കരേണോപഗീതഃ
തദ്വാചാ ശിഷ്യബാഹുദ്വിതയമുഭയതോ നിര്‍ഭയം തത്പ്രിയം തം
മുക്ത്വാ തദ്ദത്തമാനോ നിജപുരമഗമഃ സാനിരുദ്ധഃ സഹോഷഃ | 8॥
(നാരായണീയം-ദശകം 82-8)
[അഹങ്കാരത്തിന്റെ ദോഷംകൊണ്ട് പലവിധത്തിലുള്ള ആയുധങ്ങള്‍ കൊണ്ടും അത്യധികം ഭയങ്കരനായി വീണ്ടും എതിര്‍ത്തുവന്ന ബാണാസുരനെ ഛേദിക്കപ്പെട്ട അനവധി ദോഷങ്ങളോടും (കൈകളോടും എന്നും) കൂടിയവനാക്കി, പിന്നീട് ജ്ഞാനോദയം വന്നപ്പോള്‍ പരമേശ്വരനാൽ സ്കൂതിക്കപ്പെട്ടവനായ നിന്തിരുവടി അദ്ദേഹത്തിന്റെ ഭക്തനായ ആ ബാണാസുരനെ ആ പരമേശ്വരന്റെ വാക്കനുസരിച്ച് രണ്ടു ഭാഗത്തും ശേഷിച്ച ഈ രണ്ടു കൈകളോടുകൂടിയവനും ഭയരഹിതനുമാക്കി മോചിചപ്പിച്ചിട്ട് അവനാല്‍ പൂജിക്കപ്പെട്ടവനായി അനിരുദ്ധനോടും ഉഷയോടുംകൂടി സ്വപുരമായ ദ്വാരകാനഗരത്തിലേക്ക് തിരിച്ചെഴുന്നെള്ളി.]
97. പാകാരിനന്ദനസഖഃ
പാകൻ എന്ന അസുരനെ വധിച്ചത് ഇന്ദ്രൻ. അതിനാൽ പാകാരി=ഇന്ദ്രൻ; അർജുനൻ ഇന്ദ്രന്റെ പുത്രനായി അറിയപ്പെടുന്നു. അതിനാൽ പാകാരിനന്ദനൻ = അർജുനൻ; അർജുനന്റെ സുഹൃത്താണല്ലോ ശ്രീകൃഷ്ണൻ. അതിനാൽ പാകാരിനന്ദനസഖഃ= ശ്രീകൃഷ്ണൻ.
98. പാകശാസനശാസകഃ
പാകശാസന = പാകൻ എന്ന അസുരനെ അമർച്ച ചെയ്തവൻ. ഇന്ദ്രൻ. പാകശാസനശാസകഃ = ഇന്ദ്രനെ ശാസിയ്ക്കാനും അടക്കി നിർത്താനും കെൽപ്പുള്ളവൻ- മഹാവിഷ്ണു.
അചലതി ത്വയി ദേവ പദാത് പദം
ഗലിത സർവ ജലേ ച ഘനോത്കരേ .
അപഹൃതേ മരുതാ മരുതാം പതി:
ത്വദയി ശങ്കിതധീ: സമുപാദ്രവത് ..8.. (നാരായണീയം-ദശകം 63-8)
[അല്ലയോ ഭഗവാനേ! അവിടുന്ന് കാൽ വെച്ചിടത്തുനിന്ന് ഒരടി പോലും മാറാതെ നിൽക്കവേ വെള്ളം മുഴുവൻ മാറിപ്പോയി കാറ്റിൽ കാർമേഘങ്ങളും ഒഴിഞ്ഞപ്പോൾ, ഇന്ദ്രൻ ഭഗവാനെ ഭയന്ന് ഓടിപ്പോയി.]
99. സുദാമസബ്രഹ്മചാരീ
സുദാമൻ ( കുചേലൻ ) സഹപാഠിയായവൻ.
കുചേലനാമാ ഭവതഃ സതീര്‍ത്ഥ്യതാം
ഗതഃ സ സാന്ദീപനിമന്ദിരേ ദ്വിജഃ
ത്വദേകരാഗേണ ധനാദിനിസ്പഹോ
ദിനാനി നിന്യേ പ്രശമീ ഗൃഹാശ്രമീ ॥ 1॥ (നാരായണീയം-ദശകം 87-1)
[സാന്ദീപനിയെന്ന മഹര്‍ഷിയുടെ പര്‍ണ്ണശാലയില്‍ ഭഗവാനോടൊരുമിച്ച് പഠിക്കുവാനുള്ള ഭാഗ്യം സിദ്ധിച്ചവനും മനസ്സിനു ശാന്തത വന്നവനും ഗൃഹസ്ഥാശ്രമം കൈക്കൊണ്ടിരിക്കുന്നവനുമായ കുചേലന്‍ എന്നു പേരോടുകൂടിയ ആ ബ്രാഹ്മണന്‍ ഭഗവാനിൽ പരമഭക്തിയോടു കൂടി ധനം തുടങ്ങിയവയില്‍ അശേഷം ആഗ്രഹമില്ലാത്തവനായി ദിവസങ്ങള്‍ കഴിച്ചക്കൂട്ടിക്കൊണ്ടിരുന്നു.]
100. സീരപാണിസഹോദരഃ
സീര:= കലപ്പ; സീരപാണി -= കലപ്പയേന്തിയവൻ; ബലരാമൻ; സീരപാണിസഹോദരഃ = ബലരാമന്റെ സഹോദരൻ - ശ്രീകൃഷ്ണൻ.
101. ഭൈഷ്‌മ്യാദ്യഷ്‌ടാധികദ്വ്യഷ്‌ടസഹസ്രസ്ത്രീവരേശ്വരഃ
ഭൈഷ്മീ= വിദർഭയിലെ രാജാവായിരുന്ന ഭീഷ്മകന്റെ മകൾ; രുക്മിണി. അഷ്‌ടാധികദ്വ്യഷ്‌ടസഹസ്രസ്ത്രീവരാ = പതിനാറായിരത്തിയെട്ടു സ്ത്രീരത്നങ്ങൾ. ഭൈഷ്‌മ്യാദ്യഷ്‌ടാധികദ്വ്യഷ്‌ടസഹസ്രസ്ത്രീവരേശ്രഃ = രുക്മിണി തുടങ്ങിയ പതിനാറായിരത്തിയെട്ടു സ്ത്രീരത്നങ്ങളുടെ ഈശ്വരൻ= ശ്രീകൃഷ്ണൻ.
ശ്രീകൃഷ്ണന്റെ പത്നിമാർ-ഗോലോകത്തിലും വൃന്ദാവനത്തിലെ രാധാദേവി; വൈകുണ്ഠത്തിൽ ലക്ഷ്മി; (ബ്രഹ്മവൈവർത്ത പുരാണം)
ശ്രീകൃഷ്ണന്റെ പ്രധാനപത്നിമാർ- രുക്മിണീ 1 ജാംബവതീ 2 സത്യഭാമാ 3 കാളിന്ദീ 4 മിത്രവിന്ദാ 5 നാഗ്നജിതീ 6 ഭദ്രാ 7 ലക്ഷ്മണാ 8 (ഭാഗവതം)
102. സദ്ഗീയമാനസത്‌കീർത്തിഃ
നല്ലപോലെ വാഴ്ത്തിപ്പാടപ്പെടുന്ന സൽക്കീർത്തിയോടുകൂടിയവൻ.
ഭീഷ്മരുടെ വിഷ്ണുസ്തുതി നോക്കുക: ഭീഷ്മ ഉവാച-
ജഗത്പ്രഭും ദേവദേവമനന്തം പുരുഷോത്തമം
സ്തുവന്‍ നാമസഹസ്രേണ പുരുഷഃ സതതോത്ഥിതഃ
തമേവ ചാര്‍ചയന്നിത്യം൦ ഭക്ത്യാ പുരുഷമവ്യയം
ധ്യായന്‍ സ്തുവന്‍ നമസ്യംശ്ച യജമാനസ്തമേവ ച
അനാദിനിധനം വിഷ്ണും സര്‍വലോകമഹേശ്വരം
ലോകാധ്യക്ഷം സ്തുവന്നിത്യം സര്‍വദുഃഖാതിഗോ ഭവേത്
ബ്രഹ്മണ്യം സര്‍വധര്‍മജ്ഞം ലോകാനാം കീര്‍തിവര്‍ധനം
ലോകനാഥം മഹദ്ഭൂത൦ സര്‍വഭൂതഭവോദ്ഭവം
ഏഷ മേ സര്‍വധര്‍മാണാം ധര്‍മോ/ധികതമോ മതഃ
യദ്ഭക്ത്യാ പുണ്ഡരീകാക്ഷം സ്തവൈര്‍ചേന്നരഃ സദാ
പരമം യോ മഹത്തേജഃ പരമം യോ മഹത്തപഃ
പരമം യോ മഹദ്രബഹ്മ പരമം യഃ പരായണം
പവിത്രാണാം പവിത്രം യോ മംഗളാനാം ച മംഗളം
ദൈവതം ദേവതാനാം ച ഭൂതാനാം യോ//വ്യയഃ പിതാ
യതഃ സർവാണി ഭൂതാനി ഭവന്ത്യാദിയുഗാഗമേ
യസ്മിംശ്ച പ്രലയം യാന്തി പുനരേവ യുഗക്ഷയേ
തസ്യ ലോക്രപധാനസ്യ ജഗന്നാഥസ്യ ഭൂപതേ
വിഷ്ണോര്‍നാമസഹ്രസം മേ ശൃണു പാപഭയാപഹം
യാനി നാമാനി ഗൗണാനി വിഖ്യാതാനി മഹാത്മനഃ
ഋഷിഭിഃ പരിഗീതാനി താനി വക്ഷ്യാമി ഭൂതയേ
103. സത്യകാമഃ
സത്യസ്വരൂപൻ; സത്യം കാമിയ്ക്കുന്നവൻ.
“സത്യ:” -(വിഷ്ണുസഹസ്രനാമം- 106, 212, 869 )
“സത്യസന്ധ:” (വിഷ്ണുസഹസ്രനാമം- 510)
“സത്യധർമ്മാ” (വിഷ്ണുസഹസ്രനാമം- 529)
“സത്യധർമ്മപരാക്രമഃ” (വിഷ്ണുസഹസ്രനാമം-289)
“സത്യധർമ്മപരായണ:” (വിഷ്ണുസഹസ്രനാമം-870)
“സത്യപരാക്രമഃ” (വിഷ്ണുസഹസ്രനാമം-213)
“സത്യമേധാ” (വിഷ്ണുസഹസ്രനാമം-755)
“സത്യരൂപാ” (ലളിതാസഹസ്രനാമം-818)
“സത്യാനന്ദസ്വരൂപിണീ” (ലളിതാസഹസ്രനാമം-646)
“സത്യജ്ഞാനാനന്ദരൂപാ"(ലളിതാസഹസ്രനാമം-791)
“സത്യസന്ധാ” (ലളിതാസഹസ്രനാമം-693)
“സത്യവ്രതാ” (ലളിതാസഹസ്രനാമം-817)
ഹിരണ്മയേന പാത്രേണ സത്യസ്യാപിഹിതം മുഖം.
തത് ത്വം പൂഷന്നപാവൃണു സത്യധർമായ ദൃഷ്ടയേ ..
(ഈശാവാസ്യോപനിഷത് -15)
[സത്യത്തിന്റെ മുഖം സ്വർണമയമായ പാത്രം കൊണ്ട് മൂടിയിരിയ്ക്കുന്നു. അല്ലയോ സൂര്യഭഗവാനേ! സത്യദർശനത്തിനായി ആ ആവരണം മാറ്റിത്തരേണമേ!]
സത്യം ശുദ്ധം വിബുദ്ധം ജയതി തവ വപുഃ
നിത്യമുക്തം നിരീഹം
നിര്‍ദ്വന്ദം നിര്‍വ്വികാരം നിഖിലഗുണഗണ-
വ്യഞ്ജനാധാരഭൂതം
നിര്‍മ്മൂലം നിര്‍മ്മലം തന്നിരവധി മഹിമോ-
ല്ലാസി നിര്‍ല്ലീനമന്തര്‍-
നിസ്സംഗാനാം മുനീനാം നിരുപമപരമാ-
നന്ദസാന്ദ്രപ്രകാശം || 10॥ (നാരായണീയം-ദശകം 98-10)
[പരമാര്‍ത്ഥമായിട്ടുള്ളതും മായാസംബന്ധമില്ലാത്തതുകൊണ്ട് പരിശുദ്ധവും പ്രകാശാത്മകവും മായകാര്യങ്ങളില്‍നിന്നു വേര്‍പെട്ടതും കര്‍തൃഭോക്തൃത്വങ്ങളായ അഭിമാനങ്ങളില്ലാത്തതും വികാരങ്ങളൊന്നുമില്ലാത്തതും ഭേദമില്ലാത്തതും എല്ലാ ഗുണഗണങ്ങളടേയും ഉത്പത്തിക്ക് ആധാരമായിരിക്കുന്നതും മറ്റൊരുപാധിയില്ലാത്തതും ദോഷലേശമേൽക്കാത്തതും മഹിമാവിശേഷങ്ങളാല്‍ പരിശോഭിക്കുന്നതും സംഗങ്ങളൊന്നുമില്ലാത്തവരായ മഹര്‍ഷിമാരുടെ അന്തഃകരണത്തിൽ ഉറച്ചിരിക്കുന്നതും നിസ്തൂല്യമായ പരമാനന്ദത്തോടും വര്‍ദ്ധിച്ച പ്രകാശത്തോടും കൂടിയതുമായ നിന്തിരുവടിയുടെ ആ സ്വരൂപം ജയിച്ചരുളന്നു.]
104. സതാംഗതിഃ
സജ്ജനങ്ങൾക്കു ആശ്രയമായവൻ.
സതാംഗതിഃ-(വിഷ്ണുസഹസ്രനാമം-184)
“സദ് ഗതിപ്രദാ” (ലളിതാസഹസ്രനാമം-201)
105. പുരാണപുരുഷഃ
പുരാണപുരുഷൻ = കാലത്തിനു അതീതനായവൻ; പണ്ടുപണ്ട് ഉണ്ടായിരുന്നവൻ.
ന ജായതേ മ്രിയതേ വാ കദാചി-
ന്നായം ഭൂത്വാ ഭവിതാ വാ ന ഭൂയഃ .
അജോ നിത്യഃ ശാശ്വതോഽയം പുരാണോ
ന ഹന്യതേ ഹന്യമാനേ ശരീരേ (ഭഗവദ് ഗീത 2-20)
106. പൂർണ്ണഃ
സമ്പൂർണ്ണനായവൻ.
"പൂർണ്ണഃ " (വിഷ്ണുസഹസ്രനാമം-685)
"പൂർണ്ണാ" (ലളിതാസഹസ്രനാമം-292
107. പാവനഃ
പവിത്ര-പുണ്യചരിതൻ
"പാവനഃ" (വിഷ്ണുസഹസ്രനാമം-811)
"പാവനാകൃതാ" (ലളിതാസഹസ്രനാമം-619)
പാവന ഗുരുപവനപുരാധീശമാശ്രയേ...
ജീവനധരസങ്കാശം കൃഷ്ണം ഗോലോകേശം
ഭാവിതനാരദഗിരീശം ത്രിഭുവനാവനാവേശം
പൂജിതവിധിപുരന്ദരം രാജിതമുരളീധരം
വ്രജളലനാനന്ദകരം അജിതമുദാരം കൃഷ്ണാ
സ്മരശതസുഭഗാകാരം നിരവധി കരുണാപൂരം
രാധാവദനചകോരം ലളിതാസോദരം പരം ..
108. പരമേശ്വരഃ
സർവലോകങ്ങളെയും ഭരിയ്ക്കുന്നവൻ.
"പരമേശ്വരഃ"(വിഷ്ണുസഹസ്രനാമം-811)
"പരമേശ്വരീ"(ലളിതാസഹസ്രനാമം-396)
ശ്യാമകൃഷ്ണ സോദരി ഗൗരി
പരമേശ്വരി ഗിരിജാല നീലവെണി
കീരവാണി ശ്രീ ലളിതേ ...
ഇതോടെ 108 നാമങ്ങളുടെ വ്യാഖ്യാനവും ഈ പരമ്പരയും അവസാനിയ്ക്കുന്നു. എല്ലാ സജ്ജനങ്ങൾക്കും എന്റെ വിനീത നമസ്കാരം.
Subscribe to:
Post Comments (Atom)
No comments:
Post a Comment