Monday, 4 August 2025
ശ്രീകൃഷ്ണാവതാരവർണ്ണന-വിവിധ ഗ്രന്ഥങ്ങളിൽ
ശ്രീകൃഷ്ണാവതാരവർണ്ണന-വിവിധ ഗ്രന്ഥങ്ങളിൽ
(ചേറ്റൂർ മോഹൻ-9995458963)
ഭഗവാന്റെ അസംഖ്യം അവതാരങ്ങളിൽ ഇരുപതാമത്തേതായി കണക്കാക്കപ്പെടുന്ന ശ്രീകൃഷ്ണാവതാരം അവതാരങ്ങളിൽ പൂർണ്ണമായതു-കൂടിയാണെന്ന് ശ്രീമദ് ഭാഗവതം പറയുന്നു. ശ്രീകൃഷ്ണാവതാരത്തിലെ ഭഗവാന്റെ രൂപവർണ്ണന വിവിധ ഗ്രന്ഥങ്ങളിൽ എങ്ങിനെയാണ് നിർവ്വഹിച്ചിരിയ്ക്കുന്നത് എന്ന് പരിശോധിക്കുകയാണ് ഈ ലേഖനത്തിന്റെ ഉദ്ദേശ്യം.
ഒരിയ്ക്കൽ, കാലനേമി തുടങ്ങിയ അസുരന്മാരുടെ ഭാരം താങ്ങാനാവാതെ വന്നപ്പോൾ ഭൂമീദേവി ബ്രഹ്‌മാവിനെ സമീപിച്ചു സങ്കടമുണർത്തിച്ചു; ബ്രഹ്മദേവന്റെ അഭ്യർത്ഥന അനുസരിച്ച് മഹാവിഷ്ണു, വിഷ്ണുമായ, ആദിശേഷൻ എന്നിവരും വിവിധ ദേവതകളും നിയതമായ അവതാരലക്ഷ്യങ്ങളോടെ ഭൂമിയിൽ അവതരിയ്ക്കുമെന്നു ബ്രഹ്‌മാവിന് ഉറപ്പുകിട്ടി. അതുപ്രകാരം ഭൂമീദേവിയെ സാന്ത്വനപ്പെടുത്തി അയയ്ക്കുകയും ചെയ്തു. വസുദേവ-ദേവകീ ദമ്പതിമാരുടെ ഗൃഹത്തിൽ ശ്രീകൃഷ്ണൻ രോഹിണിനാളിൽ- 'ജയന്തി' നാളിൽ- (ശ്രാവണമാസത്തിൽ രോഹിണിയും കൃഷ്ണാഷ്ടമിയും ചേർന്നുവരുന്ന നാൾ)*- അവതരിച്ചു.
ഭഗവാന്റെ ഈ അവതാരരൂപത്തെ വിവിധ ഗ്രന്ഥങ്ങളിൽ എങ്ങിനെയാണ് വർണിച്ചിരിയ്ക്കുന്നത് എന്ന് പരിശോധിയ്ക്കാം:
"തമദ്ഭുതം ബാലകമംബുജേക്ഷണം
ചതുർഭുജം ശംഖഗദാദ്യുദായുധം .
ശ്രീവത്സലക്ഷ്മം ഗലശോഭികൗസ്തുഭം
പീതാംബരം സാന്ദ്രപയോദസൗഭഗം .. ..
മഹാർഹവൈഡൂര്യകിരീടകുണ്ഡല-
ത്വിഷാ പരിഷ്വക്തസഹസ്രകുന്തളം .
ഉദ്ദാമകാഞ്ച്യംഗദകങ്കണാദിഭിർ-
വിരോചമാനം വസുദേവ ഐക്ഷത". [ഭാഗവതം-10.3.9-10]
[താമരക്കണ്ണനും, നാലു തൃക്കൈകളോടുകൂടിയവനും, ശംഖ്, ചക്രം, ഗദ, എന്നീ വരായുധങ്ങൾ ധരിച്ചവനും, മാറിൽ ശ്രീവത്സം എന്ന ചിഹ്നവും കഴുത്തിൽ ശോഭയേറിയ കൗസ്തുഭരത്‌നവും അണിഞ്ഞവനും, മഞ്ഞപ്പട്ടുടയാട ചാർത്തിയവനും കാർമുകിൽവർണത്തോടുകൂടിയവനും, അമൂല്യ വൈഡൂര്യ-രത്നങ്ങൾ പതിച്ച കിരീടത്തിന്റേയും കർണാഭരങ്ങളുടേയും കാന്തിയിൽ വിളങ്ങുന്ന കേശഭാരത്തോടുകൂടിയവനും ശ്രേഷ്ഠമായ അരപ്പട്ട, തോൾവള തുടങ്ങിയ ആഭരണങ്ങളാൽ പരിശോഭിയ്ക്കുന്നവനും ആയ ആ അദ്‌ഭുതബാലനെ വസുദേവർ കണ്ടു.]
* "പ്രാജാപത്യേന സംയുക്താ കൃഷ്ണാ നഭസി യാഷ്ടമീ ജയന്തീ നാമ സാ പ്രോക്താ."
ഈ കാഴ്ച നാരായണീയത്തിൽ ഇങ്ങനെ-
"ബാല്യസ്പൃശാഽപി വപുഷാ ദധുഷാ വിഭൂതീ-
രുദ്യത് കിരീടകടകാംഗദഹാരഭാസാ .
ശംഖാരിവാരിജഗദാപരിഭാസിതേന
മേഘാസിതേന പരിലേസിഥ സൂതിഗേഹേ" [നാരായണീയം 38-3.]
[ബാലഭാവം കൈക്കൊണ്ടതായിരുന്നുവെങ്കിലും ഐശ്വര്യങ്ങളെ ധരിയ്ക്കുന്നതും ജാജ്വല്യമാനങ്ങളായ കിരീടം, കൈവളകൾ, തോൾവളകൾ, മാലകൾ, ഇവയുടെ ശോഭ ചേർന്നതും, ശംഖം, ചക്രം, പത്മം, ഗദ ഇവകളാല്‍ ചുറ്റും പരിശോഭിച്ചുകൊണ്ടിരിയ്ക്കുന്നതും മേഘശ്യാമളവുമായ തിരുമേനികൊണ്ട് ഈറ്റില്ലത്തില്‍ അവിടുന്ന് പരിലസിച്ചു.]
കുഞ്ചൻനമ്പ്യാർ ഈ രംഗം ഇങ്ങനെ വർണിയ്ക്കുന്നു:
കിരീടസൽക്കുണ്ഡലഹാരമാലാ-
പരീതനായ് പീതദുകൂലധാരി
കരങ്ങളിൽ ചക്രഗദാരിപങ്കജം
ധരിച്ചു ദേവൻ വിവിധം വിളങ്ങി.
[ശ്രീകൃഷ്ണ ചരിതം മണിപ്രവാളം]
[[കിരീടം, വിളങ്ങുന്ന കുണ്ഡലങ്ങൾ, രത്നമാലകൾ, പൂമാലകൾ എന്നിവയോടുകൂടിയ, മഞ്ഞപ്പട്ടണിഞ്ഞ, കൈകളിൽ, ശംഖ്, ചക്രം, പത്മം, ഗദ എന്നിവ അണിഞ്ഞ് വിഷ്ണുദേവൻ വിവിധപ്രകാരത്തിൽ വിളങ്ങി.]
സകലകലാവല്ലഭനായ സ്വാതിതിരുനാൾ മഹാരാജാവ് തന്റെ 'ഭക്തിമഞ്ജരി' എന്ന ഗ്രന്ഥത്തിൽ ശ്രീകൃഷ്ണന്റെ ജനനത്തിൽ ദേവകീവസുദേവന്മാർക്കുണ്ടായ ആനന്ദാതിരേകത്തെ ഇങ്ങനെ വർണ്ണിയ്ക്കുന്നു:
ലോകേ ദുസ്സഹശീതവാതതപനക്ലേശാംസ്തൃണീകൃത്യ തേ
കാരുണ്യാമൃതലിപ്സയൈവ ചരതോഃ പൂർവ കിലോഗ്രം തപഃ .
ഭക്തിം വീക്ഷ്യ ഹരേ ! പ്രസന്നഹൃദയോ യദ് ദേവകീശുരയോഃ
പുത്രത്വം ഗതവാൻ സ്വയം ത്രിജഗതാം കർതുശ്ച കർതാ ഭവാൻ ..74 ..
[ലോകത്തിൽ ദുസ്സഹമായ തണുപ്പ്, വാതം, ഉഷ്ണം, തുടങ്ങിയ ശാരീരിക ക്ലേശങ്ങളെ തൃണവൽഗണിച്ചുകൊണ്ട് അവിടുത്തെ കാരുണ്യാമൃതം നേടുവാൻ ആഗ്രഹിച്ച് പണ്ടുമുതലേ കൊടുംതപസ്സ് അനുഷ്ഠിയ്ക്കുന്നവരുടെ ഭക്തിയെ കണ്ടിട്ട് പ്രസന്നഹൃദയനായ, മൂന്നുലോകങ്ങൾക്കും അധീശനായ അവിടുന്ന് ദേവകിയുടേയും വാസുദേവരുടെയും പുത്രനായി അവതാരം എടുത്തു.]
അങ്കേ ത്വാമധിരോപ്യ മൂർധ്നി ച സമാഘ്രായാച്യുതാനുക്ഷണം
സ്വാംഗുല്യഗ്രതലേന ഹന്ത ചിബുകേ തൗ സ്പൃഷ്ടവന്തൗ യദാ .
താവത് കോമളസൃക്കയുഗ്മവിഗലദ്ഗോക്ഷീരവിന്ദ്രന്വിതം
ദൃഷ്ട്വാ തേ ഹസിതം ഭൃശം ജഹൃഷതുഃ കോഽന്യോ ഹി ധന്യസ്തതഃ .
[ശിശുവായ അവിടുന്നിനെ മടിയിലെടുത്തുവച്ച്, നിറുകയിൽ മുഖം ചേർത്ത് ചുംബിച്ചനേരം തന്റെ കുഞ്ഞുവിരലിന്റെ അറ്റംകൊണ്ട് നിങ്ങൾ രണ്ടുപേരുടെയും (ദേവകിയുടേയും വാസുദേവരുടേയും) താടിയിൽ തടവിയപ്പോൾ പശുവിൻ പാലുകുടിച്ച പാട് മായാതെ നിൽക്കുന്ന ആ ഇളംചുണ്ടുകളുടെ രണ്ടു കോണുകൾ കണ്ടു മന്ദഹാസം തൂകി നിങ്ങൾ ആനന്ദഭരിതരായല്ലോ?]
ശ്രീ നാരായണതീർത്ഥർ തന്റെ ക്രീർത്തനത്തിൽ ഇങ്ങനെ വർണിയ്ക്കുന്നു:
ശംഖീ ചക്രീ ഗദീ പദ്മീ ശാർങ്ഗം കിരീടകുണ്ഡലീ .
ശ്രീവത്സകൗത്സുഭീ ദിവ്യപീതാംബരോ വിരാജതേ ..
……………………………………………………………….
കല്യാണം വിതനോതു കൗത്സുഭമണിം
കണ്ഠേ ദദാനഃ ശിശുഃ കല്യാണീമപി
മേ കരോതു ശുഭദാം വാണീം പ്രവീണാം ദിയം .
[ശ്രീകൃഷ്ണ ലീലാ തരംഗിണി]
[ശംഖ്, ചക്രം, ഗദ, പത്മം, ശാർങ്ഗം(വില്ല്), കിരീടം, കുണ്ഡലങ്ങൾ, ശ്രീവത്സം, കൗസ്തുഭം, ദിവ്യമായ മഞ്ഞപ്പട്ട്, എന്നിവ ധരിച്ച് വിഷ്ണുഭഗവാൻ വിരാജിയ്ക്കുന്നു. കൗസ്തുഭമണി കഴുത്തിലണിഞ്ഞ, ഈ ബാലകൻ മംഗളം അരുളട്ടെ; ശുഭോദർക്കമായ വാക് ചാതുരിയും പ്രാവീണ്യവും ഐശ്വര്യവും എനിയ്‌ക്കേകണേ !]
വിഷ്ണുപുരാണത്തിൽ ഇങ്ങനെയാണ് വർണന:
ഫുല്ലേന്ദീവരപത്രാഭം ചതുർബാഹുമുദീക്ഷ്യ തം
ശ്രീവത്സവക്ഷസം ജാതം തുഷ്ടാവാനകദുന്ദുഭി: (വിഷ്ണുപുരാണം)
[വിടർന്ന ഇന്ദീവരപുഷ്പത്തിന്റെ ശോഭയോലുന്ന, ശ്രീവത്സം തിരുമാറിലണിഞ്ഞ നാല് കൈകളോടുകൂടി അവതരിച്ച ഭഗവാനെക്കണ്ട് വസുദേവർ അത്യന്തം സന്തോഷിച്ചു.]
പ്രശസ്ത സംസ്കൃതപണ്ഡിതനും ഭക്തശ്രേഷ്ഠനുമായിരുന്ന മഹാകവി സാമൂതിരിരാജ മാനവേദൻ രചിച്ച 'കൃഷ്ണഗീതി'യിൽ ഈ രംഗം വിശദമായി ഭക്തിപാരവശ്യത്തോടെ വിവരിയ്ക്കുന്നു. (ഗുരുവായൂരിൽ അരങ്ങേറാറുള്ള 'കൃഷ്ണനാട്ടം' ഈ കൃതിയെ ചിട്ടപ്പെടുത്തി ആവിഷ്കരിച്ച നൃത്തനാട്യ കലയാണ്.}
അക്ഷീണാഭം ദയാർദ്രൈർമൃദുഹതിതസഖൈർ-
വീക്ഷണൈരീക്ഷമാണം
ലക്ഷ്മീനാഥം സ സാക്ഷാത് പരമിഹ പുരുഷം
ലക്ഷ്യമക്ഷാമപുണ്യൈഃ .
ത്രൈലോക്യാധീശമാലോക്യ ച നിജതനയം
വിസ്മയസ്നേഹമോദൈ-
രാവിഷ്ടാത്മാഥ ശൗരിഃ സദയിത ഇതി തു-
ഷ്ടാവ പുഷ്ടാദരം ത്വാം .
[മങ്ങാത്ത കാന്തിയോടുകൂടിയവനും ദയാർദ്രങ്ങളും മന്ദഹാസമധുരങ്ങളുമായ നയങ്ങളാൽ വീക്ഷിയ്ക്കുന്നവനും ലക്ഷ്മീവല്ലഭനും സാക്ഷാൽ പരബ്രഹ്മവും ഈ ലോകത്തിൽ പുണ്യവാന്മാർക്കു മാത്രം കാണാൻ കഴിയുന്നവനുമായ ത്രൈലോക്യനാഥനെ തന്റെ മകനായിക്കാണുകയും ചെയ്തിട്ട് ആ വസുദേവർ അദ്‌ഭുതസ്നേഹാഹ്ലാദങ്ങൾ ഉള്ളിൽ ഉയരുന്നവനായിട്ട് ഉടനെ പത്നീസമേതം ഇപ്രകാരം അങ്ങയെ ആദരപൂർവം വാഴ്ത്തി സ്തുതിച്ചു.]
മഹിതശിരോധൃതമണിമകുടം വരതിലകവിഭാസിതഫാലം
നതചില്ലീജിതവല്ലീതതി പൃഥു നയനജിതാംബുജജാലം
[തലയിൽ അമൂല്യമായ രത്നകിരീടമണിഞ്ഞ, ശ്രേഷ്ഠമായ തിലകക്കുറിയണിഞ്ഞ തിരുനെറ്റിയുള്ള, പുഷ്പലതകളെ വെല്ലുന്ന വളഞ്ഞ പുരികക്കൊടികളുള്ള, താമരപ്പൂക്കളെ തോൽപ്പിക്കുന്ന നീണ്ടിടംപെട്ട കണ്ണുകളുള്ള...
ത്രിഭുവനബന്ധുരഗന്ധവഹം മണികുണ്ഡലമണ്ഡിതഗണ്ഡം
അധരരുഗഞ്ചിതദന്തഗണം മുഖനിന്ദിതപങ്കജഷണ്ഡം...
[മൂന്നു ലോകങ്ങളിലും വെച്ച് മനോഹരമായ നാസികയുള്ള, മണികുണ്ഡലങ്ങളുടെ കാന്തിയാൽ വിളങ്ങുന്ന കവിൾത്തടങ്ങളുള്ള, അധരത്തുടുപ്പിൽ മിന്നുന്ന പല്ലുകളുള്ള, താമരപ്പൂക്കൾ വെല്ലുന്ന മുഖകാന്തിയുള്ള….
നിർമ്മലകൗസ്തുഭകമ്രഗളം ലസദംസഗളിതവനമാലം
വത്സവിരാജിതവത്സതലം വരഹാരോദിതരുചിജാലം
[പവിത്രമായ കൗസ്തുഭം വിളങ്ങുന്ന കഴുത്തുള്ള, ചാരുതയാർന്ന ചുമലിലൂടെ തൂങ്ങിക്കിടക്കുന്ന വനമാലയുള്ള, ശ്രീവത്സം ശോഭിയ്ക്കുന്ന തിരുമാറുള്ള, അമൂല്യമായ മുത്തുമാലകളിൽ നിന്നുയരുന്ന കാന്തിയുള്ള...
കരധൃതദരകമലാരിഗദം ജഠരോഷിതഭുവനകദംബം
കേസരഭാസുരനാഭിതലം കപിശാംബരകമ്രനിതംബം
[കൈകളിൽ ശംഖ്, പത്മം, ചക്രം, ഗദ ഇവയണിഞ്ഞ, ഉദരത്തിൽ ലോകങ്ങളെയെല്ലാം ഒതുക്കിയ, ഇലഞ്ഞിപ്പൂപോലെ സുന്ദരമായ നാഭീപ്രദേശമുള്ള, മഞ്ഞപ്പട്ടണിഞ്ഞു മനോഹരമായ നിതംബത്തോടുകൂടിയ ...
വൽഗുരുഗാതതഗുൽഫയുഗം വരനൂപുരഭാസുരപാദം
ഭംഗിപദാംഗുലിപങ്ക്തിധരം നഖമണിഘൃണിധൃതവിധുപാദം
[അത്യന്തം സുന്ദരമായ ഞെരിയാണികളുള്ള, ശ്രേഷ്ഠമായ കാൽ ച്ചിലങ്കകൾ അണിഞ്ഞു വിളങ്ങുന്ന തൃപ്പാദങ്ങളോടുകൂടിയ, അല്പം വളഞ്ഞ കാൽ വിരലുകളുള്ള, നഖങ്ങളാകുന്ന രത്നങ്ങളുടെ കിരണങ്ങളാൽ തിങ്കൾക്കതിരുകളെ തോൽപ്പിച്ച....
കഥയേ മാധവ കഥമിവ രൂപം തവ നിതരാമനുരൂപം...
ദിവ്യമിദം ഖലു തവ രൂപം ലഘുസംഹര ജഗദഭിരൂപം
അയി മാമചിരാദവ കംസാദലമവമാദസവതംസാത്
[മാധവാ! ഏറ്റവും അനുരൂപമായ അവിടുത്തെ ഈ സുന്ദരരൂപം ഞാൻ എങ്ങനെയാണ് വാഴ്ത്തേണ്ടത് എന്നറിയുന്നില്ല. അല്ലയോ ഭഗവാനേ! അവിടുത്തെ ലോകശ്രേഷ്ഠവും ദിവ്യവുമായ ഈ രൂപത്തെ പെട്ടെന്ന് മാറ്റേണമേ! ദുഷ്ടനും അധമനുമായ കംസനിൽനിന്നു എന്നെ വേഗത്തിൽ രക്ഷിയ്ക്കേണമേ!
ചെറുശ്ശേരിയുടെ കൃഷ്ണഗാഥയിൽ സാമാന്യം ദീർഘമായ വർണനയാണുള്ളത്; വിസ്താരഭയത്താൽ അതിൽനിന്നും ചിലവരികൾ മാത്രം ഇവിടെ ചേർക്കുന്നു:
ദേവകിയായൊരു കൽപകവല്ലിമേൽ മേവി നിന്നീടുന്ന ദിവ്യരത്നം
ഭൂതലംതന്നിലങ്ങായതു കാണായി പൂതനായുള്ളൊരു താതന്നപ്പോൾ
കാർമുകിൽമാലകൾ കാൽപിടിച്ചീടുന്ന കാന്തിയെപ്പൂണ്ടൊരു മെയ്യുമായി.
രമ്യമായുള്ളൊരു മൗലിയിൽ ചേർന്നുണ്ടു പൊന്മയമായൊരു നന്മകുടം
………………………………………………
ഖേദങ്ങൾ പോക്കുന്ന വേദങ്ങൾ നാലിന്നും കാതലായ്മേവുന്ന നാഥനപ്പോൾ
മംഗലം നൽകുവാൻ മാലോകർക്കായിക്കൊണ്ടിങ്ങനെ പോന്നു പിറന്നനേരം
തുഞ്ചത്തെഴുത്തച്ഛൻ തന്റെ സ്വത:സിദ്ധമായ ശൈലിയിൽ സാമാന്യം വിസ്തരിച്ചുതന്നെ വർണ്ണന നടത്തുന്നുണ്ട്. മാതൃകയ്ക്കായി ചില ശ്ലോകങ്ങൾ താഴെക്കൊടുക്കുന്നു-
ശംഖചക്രാബ്ജ ഗദാദ്യായുധ ചതുര്‍ഭുജ
ചക്ര കേയൂര വലയാംഗുലീയോദ്യോതവും
വക്ഷസി മുക്താഹാരകൗസ്തുഭ വനമാലാ--
ലക്ഷ്മീമന്ദിര ഭൃഗുപാദ ലക്ഷണങ്ങളും
പത്മജാണ്ഡങ്ങളഖിലങ്ങളും ധരിച്ചുകൊ--
ണ്ടെത്രയും മനോഹരമുദരരോമാളിയും...
(ശ്രീ മഹാഭാഗവതം-കിളിപ്പാട്ട്)
ഇത്തരത്തിൽ നിരവധി ഗ്രന്ഥങ്ങളിൽ ശ്രീകൃഷ്ണന്റെ അവതാരത്തെക്കുറിച്ച് ഭക്തിപാരവശ്യത്തോടുകൂടി വർണ്ണിയ്ക്കുന്നതു കാണാം. ഇവയിൽ എല്ലാംതന്നെ ഈ അവതാരത്തിന്റെ ഉദ്ദേശ്യവും സാഹചര്യവും അതിലേയ്ക്ക് നയിച്ച വിവിധ സംഭവങ്ങളും അദ്‌ഭുതകരമായ സമാനതകളോടെ വിവരിച്ചിരിയ്ക്കുന്നു. വിവിധ സന്ദർഭങ്ങൾ വ്യത്യസ്ത ദൈർഘ്യത്തിൽ അവതരിപ്പിച്ചിരിയ്ക്കുന്നു എന്നൊരു വ്യത്യാസമേ കാണുന്നുള്ളൂ. ഭഗവാന്റെ അവതാരസമയത്തെ അംഗപ്രത്യംഗ-വർണ്ണനയിലാണ് മിക്ക കവികളും ശ്രദ്ധ ചെലുത്തിയിരിയ്ക്കുന്നതു എന്നതും ശ്രദ്ധേയമാണ്.
****************
Subscribe to:
Post Comments (Atom)
No comments:
Post a Comment