നവഗ്രഹ സ്തോത്രങ്ങള്‍
(തർജമ- മോഹൻ ചേറ്റൂർ)
1. സൂര്യന്‍ (sun)
'ജപാകുസുമസങ്കാശം
കാശ്യപേയം മഹാദ്യുതിം
തമോരീം സര്‍വ്വപാപഘ്‌നം
പ്രണതോസ്മി ദിവാകരം'
[ചെമ്പരത്തപ്പൂവിന്റെ അരുണിമയിൽ ശോഭിക്കുന്ന,
കശ്യപമഹർഷിയുടെ പുത്രനായ,
ഉജ്ജ്വലപ്രഭയിൽ വിളങ്ങുന്ന,
അന്ധകാരത്തെ ഉന്മൂലനം ചെയ്യുന്ന,
സർവപാപങ്ങളെയും നശിപ്പിക്കുന്ന,
പകലിന്റെ സ്രഷ്ടാവിനെ
ഞാൻ പ്രണമിക്കുന്നു. ]
2. ചന്ദ്രന്‍(Moon)
'ദധിശംഖതുഷാരാഭം
ക്ഷീരോദാര്‍ണവ സംഭവം
നമാമി ശശിനം സോമം
ശംഭോര്‍മ്മുകുടഭൂഷണം'
[തൈരിന്റെ, ശംഖിന്റെ, മഞ്ഞിന്റെ വെണ്മയുടെ കാന്തി തൂകുന്ന;
പാലാഴിമഥനത്തിൽ ജന്മമെടുത്ത,
ശിവന്റെ മുടിക്കെട്ടിനെ അലങ്കരിക്കുന്ന;
മുയലിന്റേതെന്ന് തോന്നിക്കുന്ന അടയാളമുള്ള
ചന്ദ്രനെ ഞാൻ നമിക്കുന്നു.]
3.ചൊവ്വ(Mars)
'ധരണീഗര്‍ഭസംഭൂതം
വിദ്യുത് കാന്തിസമപ്രഭം
കുമാരം ശക്തിഹസ്തം തം
മംഗളം പ്രണമാമ്യഹം'
[ഭൂമീദേവിയുടെ ഗർഭത്തിൽ പിറന്നവനായ;
മിന്നൽപ്പിണർ പോലെ വിളങ്ങുന്ന;
സുബ്രഹ്മണ്യനെപ്പോലെ 'ശക്തി'(എന്ന ആയുധം) കൈയിൽ ഏന്തിയ;
കുജനെ ഞാൻ പ്രണമിക്കുന്നു.]
4. ബുധന്‍(Mercury)
പ്രിയംഗുകലികാശ്യാമം
രൂപേണാപ്രതിമം ബുധം
സൌമ്യം സൌമ്യഗുണോപേതം
തം ബുധം പ്രണമാമ്യഹം'
[തിനച്ചെടിയുടെ മൊട്ടുകൾപോലെ എണ്ണക്കറുപ്പാർന്ന;
അതിശയിപ്പിക്കുന്ന സൗന്ദര്യമുള്ള;
അതിബുദ്ധിമാനായ;
ചന്ദ്രപുത്രനായ;
സൗമ്യശീലഗുണവാനായ;
ബുധനെ ഞാൻ പ്രണമിക്കുന്നു.]
5. വ്യാഴം(Jupiter)
ദേവാനാം ച ഋഷീണാം ച
ഗുരും കാഞ്ചനസന്നിഭം
ബുദ്ധിഭൂതം ത്രിലോകേശം
തം നമാമി ബൃഹസ്പതിം'
[ദേവന്മാരുടെയും ഋഷിമാരുടെയും ഗുരുവായ;
സുവർണ്ണപ്രഭയാർന്ന;
ബുദ്ധിയുടെ നിറകുടമായ;
മൂന്നു ലോകത്തിനും നാഥനായിട്ടുള്ള;
ബൃഹസ്‌പതിയെ നമിക്കുന്നു.]
6. ശുക്രന്‍(Venus)
ഹിമകുന്ദമൃണാളാഭം
ദൈത്യാനാം പരമം ഗുരും
സര്‍വ്വശാസ്ത്രപ്രവക്താരം
ഭാര്‍ഗ്ഗവം പ്രണമാമ്യഹം.
മഞ്ഞുതുള്ളിപോലെ, മുല്ലപ്പൂവിനെപ്പോലെ,
താമരപ്പൂവിനെപ്പോലെ കാന്തിയാർന്ന;
അസുരന്മാരുടെ പരമാചാര്യനായ;
സര്‍വ്വശാസ്ത്രങ്ങളുടെയും വക്താവായ;
ഭൃഗു മഹർഷിയുടെ പുത്രനായ;
ശുക്രനെ പ്രണമിക്കുന്നു.
7. ശനി (Saturn)
നീലാഞ്ജനസമാഭാസം
രവിപുത്രം യമാഗ്രജം
ഛായാമാര്‍ത്താണ്ഡസംഭൂതം
തം നമാമി ശനൈശ്ചരം.
നീല അഞ്ജനക്കല്ലിനു സമാനമായ ശോഭയുള്ള;
സൂര്യപുത്രനായ;
യമന്റെ ജ്യേഷ്ഠനായ;
ഛായക്കും മാർത്താണ്ഡ(സൂര്യൻ)നും ജനിച്ച;
മന്ദഗാമി(ശനൈ:+ചര:)യായ;
ആ ഭഗവാനെ നമിക്കുന്നു.
8. രാഹു
'അര്‍ദ്ധകായം മഹാവീര്യം
ചന്ദ്രാദിത്യവിമര്‍ദ്ദനം
സിംഹികാഗര്‍ഭസംഭൂതം
തം രാഹും പ്രണമാമ്യഹം'
അർദ്ധശരീരം ഉള്ളവനായ;
മഹാബലവാനായ;
സൂര്യചന്ദ്രന്മാരുടെ പീഡകനായ;
സിംഹികയുടെ ഗർഭത്തിൽ പിറന്ന;
ആ രാഹുവിനെ ഞാൻ പ്രണമിക്കുന്നു.
9. കേതു
'പലാശപുഷ്പസംകാശം
താരകാഗ്രഹമസ്തകം
രൌദ്രം രൌദ്രാത്മകം ഘോരം
തം കേതും പ്രണമാമ്യഹം'
പ്ലാശിൻ പുഷ്പം പോലെ വിളങ്ങുന്ന;
നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയും അധിപനായ;
ക്രുദ്ധനും രൗദ്രഭാവം പൂണ്ടവനും ഭയങ്കരനുമായ;
ആ കേതുവിനെ ഞാൻ പ്രണമിക്കുന്നു.
മറ്റു ഗ്രഹങ്ങൾക്കു വീനസ്, മാഴ്സ് എന്നിങ്ങനെ പേരുകൾ ഉള്ളതുപോലെ രാഹുവിനും കേതുവിനും ഇംഗ്ളീഷിൽ സമാനമായ പേരുകൾ ഉണ്ടോ? -ഒരു പഠനം-
രാഹുവും കേതുവും പൂർണ ഗ്രഹങ്ങൾ അല്ല. അവ ചരിത്രപരമായ കാരണങ്ങളാൽ നവഗ്രഹങ്ങളുടെ പട്ടികയിൽ ഇടം പിടിച്ചതാണ്. അതുകൊണ്ടുതന്നെ അവയ്ക്കു മറ്റു ഗ്രഹങ്ങൾക്കുള്ളതുപോലെയുള്ള പേരുകൾ ഇല്ല. പാലാഴിമഥനത്തിൽ കിട്ടിയ അമൃത് ദേവന്മാർ തനിച്ച് ഭക്ഷിച്ചു കൊണ്ടിരിക്കെ, ഒരു അസുരൻ വേഷം മാറി ദേവന്മാരുടെ കൂട്ടത്തിൽ നുഴഞ്ഞുകയറി ഒരു പങ്കുപറ്റി. ഇതുകണ്ട സൂര്യനും ചന്ദ്രനും ഈ വിവരം മഹാവിഷ്ണുവിനെ അറിയിച്ചു. കുപിതനായ വിഷ്ണു തന്റെ സുദർശനചക്രം കൊണ്ട് അസുരന്റെ തല അറുത്തു. എന്നാൽ അമൃത് ഉള്ളിൽച്ചെന്ന അസുരന്റെ ജീവൻ നഷ്ടപ്പെട്ടില്ല. തലയും ഉടലും വെവ്വേറെ ആയപ്പോൾ രണ്ടു ഭാഗത്തിനും ഗ്രഹങ്ങളുടെ പട്ടികയിൽ സ്ഥാനം നൽകി. തലഭാഗം രാഹുവും ഉടൽഭാഗം കേതുവും ആയി. ഇവർ രണ്ടുപേരെയും ഒന്നിച്ചുനിർത്താതിരിക്കാൻ രാഹുവിനെ വടക്കേ ദിശയിലും കേതുവിനെ തെക്കേ ദിശയിലും. തങ്ങളുടെ ഈ ദുർവിധിയ്ക്കു കാരണക്കാരായ സൂര്യനും ചന്ദ്രനും അങ്ങനെ ഇവരുടെ ആജന്മശത്രുക്കളുമായി. അതിനാലാണ് സൂര്യ-ചന്ദ്രഗ്രഹണങ്ങൾ ഉണ്ടാവുന്നത് എന്നാണു വിശ്വാസം.
രാഹു നെപ്ട്യൂൺ ആണെന്നും കേതു പ്ലൂട്ടോ ആണെന്നും ചിലർ പറയുന്നു. എന്നാൽ അതിനു ഉപോൽബലകമായ, യുക്തിസഹമായ തെളിവുകൾ ഇല്ല. അതിനാൽ മിക്ക ഗ്രന്ഥങ്ങളിലും ഇവയെ രാഹു, കേതു എന്നുതന്നെയാണ് വിശേഷിപ്പിക്കുന്നത്.
എന്നാൽ ചിലർ രാഹുവിനെ 'Dragon head' എന്നും കേതുവിനെ 'Dragon's Tail' എന്നും വിളിക്കുന്നു. അതുപോലെ ചിലർ രാഹുവിനെ 'Shadow body associated with the ascending (or north) lunar node' എന്നും കേതുവിനെ 'Shadow body associated with the descending (or south) lunar node' എന്നും വിളിക്കുന്നു.
No comments:
Post a Comment