മാ നിഷാദ
കണ്ണുനീരൊട്ടുമൊഴുക്കില്ല ഞാനിനി
മാനവരാശിതൻ ദുർവിധിയോർത്തിന്ന്;
വേയ്ക്കുമീ പാദങ്ങൾ; വേവും മനസ്സുകൾ;
വറ്റാത്ത കണ്ണുനീർ; തീരാത്ത
നോവുകൾ.
ഉള്ളിൽ വിഷാദാഗ്നിയാളിപ്പടരുന്നോ?
ജീവിതം വ്യർത്ഥമെന്നാർത്തു കരയുന്നോ?
എങ്ങുപോയ് മാഞ്ഞുനിൻ മോദത്തിമിർപ്പുക-
ളെങ്ങുപോയ് നിൻമുഖമുദ്രയാം പാരുഷ്യം?
പാടിപ്പറക്കും പറവ, ശലഭങ്ങൾ ,
പച്ചപ്പുതപ്പിൽപ്പുളയും പ്രകൃതിയും,
വാനിൽപ്പതിപ്പിച്ച താരപ്പതക്കങ്ങ-
ളൊന്നുമേയാസ്വാദ്യമല്ലാതായ്ത്തീർന്നുവോ?
വർണ്ണസുരഭിലസുന്ദരപുഷങ്ങൾ,
വിണ്ണിൽ നിറക്കൂട്ട് ചാലിയ്ക്കും
മേഘങ്ങൾ,
കാവ്യബിംബങ്ങളൊരായിരം ചിത്രങ്ങൾ,
കണ്ണിൽ നിറയ്ക്കാത്തതെന്തേയാ ദൃശ്യങ്ങൾ?
മാനസപ്പൊയ്കയിൽ നീന്തിത്തുടിച്ചൊരാ
സ്വർണ്ണമരാളങ്ങളെല്ലാമിന്നെങ്ങു പോയ്?
ഓർമ്മകൾ പോലുമിന്നന്യമായ്ത്തീർന്നിതോ?
ഓർക്കുകിലെല്ലാം നിൻ ദുര്യോഗം, നിശ്ചയം.
പണ്ടെങ്ങോ കൈവിട്ടു പോയൊരാത്മാവിന്റെ
നിത്യവിരഹവും പേറിയൊഴുകുമീ
കൊച്ചരുവിക്കരയിലീ പ്രപഞ്ചത്തിൻ
വ്യർത്ഥതയോർത്ത് ഞാൻ വ്യാകുലചിത്തനായ്.
ദുഷ്ടനെന്നുച്ചത്തിലാർത്തുവിളിച്ചങ്ങു
പുച്ഛരസത്തിലാ പക്ഷി പാടുന്നിതാ:
“ഓർക്കുന്നുവോ നിന്റെ മുൻഗാമിയന്നൊരീ
കൊമ്പിലിരുന്നതാം ക്രൗഞ്ചമിഥുനത്തി-
ലൊന്നിനെയമ്പെയ്തു വീഴ്ത്തി;യതിൻ പ്രായ-
ശ്ചിത്തമായ് നിർമ്മിച്ചു കാവ്യമനശ്വരം!
എന്തുള്ളു കാര്യ;മിതെങ്ങു
ലഭിക്കുവാൻ
സ്വസ്ഥത, ദിവ്യമാം പ്രേമത്തിൻ
ഘാതകൻ
നീയാ വിരഹിണീതപ്തഹൃദയത്തിൻ
ശാപമതേറ്റു പുളഞ്ഞവനല്ലയോ?”
-മോഹൻ ചേറ്റൂർ
No comments:
Post a Comment