Sunday, 19 July 2020

കർക്കിടകവാവ്

 

കർക്കിടകവാവിന് ബലിതർപ്പണം നടത്തുന്ന എന്റെ സുഹൃത്തുക്കൾക്കായി ഞാനിതു സമർപ്പിക്കുന്നു. നമ്മൾ ചൊല്ലുന്ന, അല്ലെങ്കിൽ ഏറ്റുചൊല്ലുന്ന മന്ത്രങ്ങളുടെ അർഥം അറിയുക. പ്രബുദ്ധരാവുക. 

 

കർക്കിടക വാവിൽ പിതൃകർമം ചെയ്യുമ്പോൾ ചൊല്ലേണ്ടുന്ന ശ്ലോകങ്ങളും

അവയുടെ അർത്ഥവും

 

ബലിതർപ്പണത്തിനു ഉപയോഗിക്കുന്ന ശുദ്ധജലം  കിണ്ടിയിൽ  എടുത്ത് തീർഥമായി കണക്കാക്കണം.

 

1.       ‘‘ഗംഗേ യമുനേ ചൈവ

           ഗോദാവരി സരസ്വതി

           നർമദേ സിന്ധു കാവേരി

           ജലേസ്മിൻ സന്നിധിം കുരു’’

 

[അർത്ഥം: അല്ലയോ ഗംഗേ, യമുനേ, ഗോദാവരീ സരസ്വതീ, നർമദേ സിന്ധൂ, കാവേരീ നിങ്ങൾ എല്ലാവരും ഈ ജലത്തിൽ സാന്നിധ്യം ഉറപ്പാക്കൂ.]

 

മന്ത്രം ചൊല്ലി മേൽപ്പറഞ്ഞ പുണ്യനദികളെയെല്ലാം തീർത്ഥത്തിലേക്കു ആവാഹിക്കുന്നു എന്ന സങ്കൽപത്തിൽ പ്രാർത്ഥിച്ച് കിണ്ടിയിലെ വെള്ളത്തിൽ സമർപ്പിക്കണം. തീർഥം കൊണ്ടാണു തുടർന്നുള്ള  ചടങ്ങുകൾ ചെയ്യേണ്ടത്.

 

2. " ബ്രഹ്മണോ യേ പിതൃവംശ

    ജാതാ മാതുസ്തഥാ വംശഭവാ

   മദീയാ വംശദ്വയേസ്മിൻ

   മമ ദാസഭൂതാ: ഭൃത്യാസ്തഥൈവ

  ആശ്രിത സേവകാശ്ച: മിത്രാണി

  സഖ്യ പശവശ്ച വൃക്ഷാ

  ദൃഷ്ടാശ്ചദൃഷ്ടാശ്ച കൃതോപകാര

  ജന്മാന്തരേ യേ മമ സംഗതാശ്ച

  തേഭ്യ സ്വയം പിണ്ഡബലിം ദദാമി."

[അർത്ഥം: ഈ പ്രപഞ്ചത്തിൽ, എന്റെ പിതാവിന്റെ വംശത്തിൽ പിറന്നവർക്കും, മാതാവിന്റെ വംശത്തിൽ പിറന്നവർക്കും, എന്റെ ബന്ധുക്കളുടെ വംശത്തിൽ പിറന്നവർക്കും, എന്റെ രണ്ടു ജന്മങ്ങളിലെ സേവകരായിരുന്നവർക്കും, എന്നെ ആശ്രയിച്ചവര്‍ക്കും എന്നെ സഹായിച്ചവര്‍ക്കും എന്റെ സുഹൃത്തുക്കള്‍ക്കും എന്നോട് സഹകരിച്ചവര്‍ക്കും മൃഗങ്ങൾക്കും സസ്യജാലത്തിനും, പ്രത്യക്ഷമായും പരോക്ഷമായും എന്നെ സഹായിച്ച എല്ലാവർക്കും ജന്മാന്തരങ്ങളിൽ എന്റെ കൂടെ ഉണ്ടായിരുന്നവർക്കുമായി ഞാനിതാ പിണ്ഡം അർപ്പിക്കുന്നു.]

 

3. മാതൃ വംശേ മൃതായേശ്ച പിതൃവംശേ തഥൈവ  

    ഗുരു ശ്വശുര ബന്ധൂനാം യെ ചാന്യേ ബാന്ധവാ മൃതാ: 

     യേ മേ കുലേ ലുപ്ത പിണ്ഡാ പുത്ര ദാരാ വിവർജിതാ

     ക്രിയാ ലോപാ ഹതാശ്ചൈവ ജാത്യന്താ പങ്കവസ്ഥതാ

    വിരൂപാ ആമഗർഭാശ്ച ജ്ഞാതാജ്ഞാതാ കുലേ മമ.

    ഭൂമൗ ദത്തേന ബലിനാ തൃപ്തായാന്തു പരാം ഗതിം

    അതീത കുല കുടീനാം സപ്ത ദ്വീപ നിവാസിനാം 

    പ്രാണീനാം ഉദകം ദത്തം അക്ഷയം ഉപ്തിഷ്ഠതു

[അർത്ഥം: എന്റെ മാതാവിന്റേയും, പിതാവിന്റേയും കുലത്തിൽ പിറന്നു, പിന്നീട് ഈ ലോകം വിട്ടു പോയവർക്കും ഗുരുക്കന്മാർ, ഭാര്യവീട്ടുകാർ, ബന്ധുക്കൾ തുടങ്ങിയവരുടെ കുലത്തിൽ പിറന്നു, പിന്നീട് ഈ ലോകം വിട്ടു പോയവർക്കും എന്റെ കുലത്തില്‍ ഭാര്യയും മക്കളുമില്ലാതെ മരിച്ചവർക്കും പിണ്ഡ സമര്‍പ്പണം സ്വീകരിക്കാന്‍ കഴിയാതിരുന്നവർക്കും, ജനനം മുതൽ അന്ത്യം വരെയും ദുർഗതിയിൽ നരകിച്ച് മരിച്ചവർക്കും, അൽപായുസ്സായി മരിച്ചവര്ക്ക് വേണ്ടിയും ലോകത്തിന്റെ പ്രകാശം കാണാനാകാതെ അമ്മയുടെ ഗര് പാത്രത്തില്തന്നെ മരിച്ചവര്ക്ക് വേണ്ടിയും, ആജീവനാന്തം വിരൂപരായും വികലാംഗരായും ജീവിച്ചു മരിച്ചവർക്കും, എനിക്കറിയുന്നവരും അറിയാത്തവരുമായ ബന്ധുക്കളായി ജീവിച്ചു മരിച്ചവർ ക്കുമായി ഈ ഭൂമിയിൽ ഞാൻ നൽകുന്ന ബലിയാൽ തൃപ്തിയടഞ്ഞാലും! ഈ ഭൂമിയിൽ ഏഴു ദ്വീപുകളിലുമായി അനാദികാലം തൊട്ടു നിവസിച്ച് വന്ന ജനകോടികൾക്കും സർവ്വചരാചരങ്ങൾക്കും എന്റെയീ ഉദകത്താൽ നിത്യശാന്തി കൈവരട്ടെ!