ദശരഥൻ പായസം പങ്കുവെച്ച
കഥ -വിവിധ രാമായണങ്ങളിലൂടെ [സമ്പാ:മോഹൻ
ചേറ്റൂർ]
പുത്രലബ്ധിക്കായി ദശരഥ മഹാരാജാവ്
പുത്രകാമേഷ്ടി യാഗം നടത്തിയതും യാഗാഗ്നിയിൽ നിന്നും ഉയർന്നുവന്ന അദ്‌ഭുതരൂപം
രാജാവിന് ദിവ്യമായ പായസം നൽകിയതും ഏവർക്കും അറിവുള്ള കാര്യമാണ്. എന്നാൽ ഈ പായസം
അദ്ദേഹം തന്റെ മൂന്ന് പത്നിമാർക്കിടയിൽ എങ്ങനെ വീതിച്ചുനൽകി എന്നത്
പരിശോധിച്ചപ്പോൾ ഒരു കാര്യം മനസ്സിലായി. ഈ കാര്യത്തിൽ ഏകരൂപമായ ഒരു അഭിപ്രായം ഇല്ല; അതായത് വിവിധ രാമായണങ്ങളിൽ ഈ പങ്കുവെയ്പ്പിന്റെ അനുപാതം
വ്യത്യസ്തമാണ്. ഇവിടെ ഞാൻ പരിശോധിക്കുന്നതും ഈ അനുപാതമാണ്.
1.
ആദ്യം നമ്മുടെ
എഴുത്തച്ഛന്റെ അദ്ധ്യാത്മ രാമായണം കിളിപ്പാട്ട് തന്നെ എടുക്കാം.
തുഞ്ചത്താചാര്യന്റെ കണക്കു ഇങ്ങനെ:
ദക്ഷനാം
ദശരഥൻ തൽക്ഷണം പ്രീതിയോടെ
കൗസല്യാദേവിക്കർദ്ധം
കൊടുത്തു നൃപവരൻ
ശൈഥില്യാത്മനാ
പാതി നല്കിനാൻ കൈകേയിക്കും
അന്നേരം
സുമിത്രയ്ക്കു കൗസല്യാദേവി താനും
തന്നുടെ
പാതി കൊടുത്തീടിനാൾ മടിയാതെ. :
എന്നത്
കണ്ടു പാതി കൊടുത്തു കൈകേയിയും...
അപ്പോൾ കൗസല്യ- 1/ 4 ;
കൈകേയി- 1/ 4 ;
സുമിത്ര 1/2
2.
ഇനി വാൽമീകി രാമായണം
നോക്കാം:
കൗസല്യായൈ
നരപതിഃ പായസാർധം ദദൗ തദാ |
അർധാദർധം
ദദൗ ചാപി സുമിത്രായൈ നരാധിപഃ || 1-16-27
കൈകേയ്യൈ
ചാവശിഷ്ടാർധം ദദൗ പുത്രാർഥകാരണാത് |
പ്രദദൗ
ചാവശിഷ്ടാർധം പായസസ്യാമൃതോപമം || 1-16-28
അനുചിന്ത്യ
സുമിത്രായൈ പുനരേവ മഹീപതിഃ |
ഏവം താസാം
ദദൗ രാജാ ഭാര്യാണാം പായസം പൃഥക് || 1-16-29
അപ്പോൾ കൗസല്യ- 1/2 ;
കൈകേയി- 1/8 ;
സുമിത്ര 1/ 4+1/8 = 3/8 (പകുതിയോടടുത്ത്)
3.
രാമചരിതമാനസത്തിൽ (മലയാളം
തർജ്ജമ) കണക്ക് ഇങ്ങനെ:
ദശരഥൻ നിജ
പ്രേയസിമാരേ
യാശു
വരുത്തീ യജ്ഞപായസം
പകുത്തു
കൗസല്യക്കു കൊടുത്തു
പകുതി,ബാക്കി രണ്ടാക്കിത്തീർത്തു.
ഒരുഭാഗം
കൈകേയിക്കേകീ
പരം
പിന്നെയും ഭാഗിച്ചവയേ
ഇരുപേർക്കേകിയതവരിലുദിച്ചൊരു
കൂറൊടു റാണി
സുമിത്രക്കേകി.
അപ്പോൾ കൗസല്യ- 1/2 ;
കൈകേയി- 1/8 ;
സുമിത്ര 1/ 4+1/8 = 3/8 (പകുതിയോടടുത്ത്)
4. കണ്ണശ്ശ രാമായണം ബാലകാണ്ഡം പാട്ട് -40
ഭൂതലപതി, കൗസല്യക്കെന്നേ
പൊലിവൊടു പാതി കൊടുത്താൻ
പായസം
ആദരവോടെ; ശേഷിച്ചതിന്
നാലൊന്ന്
അന്നു
സുമിത്രക്കെന്നു കൊടുത്താൻ;
നീതിയൊടുള്ളതിൽ മൂവിരുകൂറും
നിരുപമകൈകേയിക്കു കൊടുത്താൻ
ചേത തെളിഞ്ഞു സുമിത്രക്കരുളീ
ശേഷമിരുന്നതു
പിന്നെയും അരചൻ .
കണ്ണശ്ശന്റെ കണക്കുപ്രകാരം :
കൗസല്യ- 1/2 ;
സുമിത്ര- 1/4 ;
കൈകേയി 1/ 4
5. കമ്പ രാമായണം-ബാലകാണ്ഡം പടലം – 5
(മലയാളം തർജ്ജമയിൽനിന്ന്
പ്രസക്തഭാഗങ്ങൾ മാത്രം എടുത്ത് താഴെക്കൊടുക്കുന്നു.)
267. ആ മഹദ്‌രൂപത്തിന്റെ നിർദ്ദേശപ്രകാരം,
ആ രാജാവ്, കൗസല്യയുടെ
കയ്യിൽ ആ അമൃത് പോലെയുള്ള പായസത്തിന്റെ ഒരു ഭാഗം കൊടുത്തു.
268. ദശരഥ രാജാവ്,
സമാനമായ രീതിയിൽ ആ പായസത്തിന്റെ ഒരു ഭാഗം കേകയന്റെ മകളുടെ
കൈകളിൽ നൽകി.
269. ആ രാജാവ്,
തന്റെ ഇളയഭാര്യയായ സുമിത്രയ്ക്ക് ഒരു ഭാഗം കൊടുത്തു.
270. ആ മഹാൻ വീണ്ടും ബാക്കിയുള്ള പായസത്തിനെ ശേഖരിച്ചു.
സുമിത്രയ്ക്ക്
തന്നെ കൊടുത്തു.
കമ്പ രാമായണക്കണക്ക്
പരിശോധിക്കാം:
കൗസല്യ- ഒരു ഭാഗം= (1/3 ?) ;
കൈകേയി- ഒരു ഭാഗം= (1/3 ?) ;
സുമിത്ര - ബാക്കിയുള്ളതിൽ ഒരു ഭാഗം + പാത്രത്തിൽ ബാക്കി
വന്നത് = (1/3
?) - [ഇവിടെ ഭാഗം വെച്ചത് കൃത്യമായ കണക്കിലല്ലാത്തതിനാൽ
സുമാർ കണക്കു എഴുതുകയേ വഴിയുള്ളു.]
6. ബ്രഹ്മാണ്ഡപുരാണാന്തർഗതമായ
അധ്യാത്മരാമായണത്തിൽ ഇത് പരിശോധിക്കുമ്പോൾ:
കൗസല്യായൈ സ കൈകേയ്യൈ അർധമർധം പ്രയത്നതഃ:
തത: സുമിത്രാ സംപ്രാപ്താ ജഗൃഘ്നു: പൗത്രികം ചരു:
കൗസല്യാ തു
സ്വഭാഗാർധം ദദൗ തസ്യൈ മുദാന്വിതാ
കൈകേയീ ച സ്വഭാഗാർധം ദദൗ
പ്രീതിസമന്വിതാ.
കൗസല്യ- 1/ 4 ;
കൈകേയി- 1/ 4 ;
സുമിത്ര 1/2