ഇന്ന് -സെപ്തംബർ 29 - ലോക ഹൃദയ ദിനം!
Friday, 29 September 2023
ഇന്ന് -സെപ്തംബർ 29 - ലോക ഹൃദയ ദിനം!
Saturday, 5 August 2023
ദശരഥൻ പായസം പങ്കുവെച്ച
കഥ -വിവിധ രാമായണങ്ങളിലൂടെ [സമ്പാ:മോഹൻ
ചേറ്റൂർ]
പുത്രലബ്ധിക്കായി ദശരഥ മഹാരാജാവ്
പുത്രകാമേഷ്ടി യാഗം നടത്തിയതും യാഗാഗ്നിയിൽ നിന്നും ഉയർന്നുവന്ന അദ്‌ഭുതരൂപം
രാജാവിന് ദിവ്യമായ പായസം നൽകിയതും ഏവർക്കും അറിവുള്ള കാര്യമാണ്. എന്നാൽ ഈ പായസം
അദ്ദേഹം തന്റെ മൂന്ന് പത്നിമാർക്കിടയിൽ എങ്ങനെ വീതിച്ചുനൽകി എന്നത്
പരിശോധിച്ചപ്പോൾ ഒരു കാര്യം മനസ്സിലായി. ഈ കാര്യത്തിൽ ഏകരൂപമായ ഒരു അഭിപ്രായം ഇല്ല; അതായത് വിവിധ രാമായണങ്ങളിൽ ഈ പങ്കുവെയ്പ്പിന്റെ അനുപാതം
വ്യത്യസ്തമാണ്. ഇവിടെ ഞാൻ പരിശോധിക്കുന്നതും ഈ അനുപാതമാണ്.
1.
ആദ്യം നമ്മുടെ
എഴുത്തച്ഛന്റെ അദ്ധ്യാത്മ രാമായണം കിളിപ്പാട്ട് തന്നെ എടുക്കാം.
തുഞ്ചത്താചാര്യന്റെ കണക്കു ഇങ്ങനെ:
ദക്ഷനാം
ദശരഥൻ തൽക്ഷണം പ്രീതിയോടെ
കൗസല്യാദേവിക്കർദ്ധം
കൊടുത്തു നൃപവരൻ
ശൈഥില്യാത്മനാ
പാതി നല്കിനാൻ കൈകേയിക്കും
അന്നേരം
സുമിത്രയ്ക്കു കൗസല്യാദേവി താനും
തന്നുടെ
പാതി കൊടുത്തീടിനാൾ മടിയാതെ. :
എന്നത്
കണ്ടു പാതി കൊടുത്തു കൈകേയിയും...
അപ്പോൾ കൗസല്യ- 1/ 4 ;
കൈകേയി- 1/ 4 ;
സുമിത്ര 1/2
2.
ഇനി വാൽമീകി രാമായണം
നോക്കാം:
കൗസല്യായൈ
നരപതിഃ പായസാർധം ദദൗ തദാ |
അർധാദർധം
ദദൗ ചാപി സുമിത്രായൈ നരാധിപഃ || 1-16-27
കൈകേയ്യൈ
ചാവശിഷ്ടാർധം ദദൗ പുത്രാർഥകാരണാത് |
പ്രദദൗ
ചാവശിഷ്ടാർധം പായസസ്യാമൃതോപമം || 1-16-28
അനുചിന്ത്യ
സുമിത്രായൈ പുനരേവ മഹീപതിഃ |
ഏവം താസാം
ദദൗ രാജാ ഭാര്യാണാം പായസം പൃഥക് || 1-16-29
അപ്പോൾ കൗസല്യ- 1/2 ;
കൈകേയി- 1/8 ;
സുമിത്ര 1/ 4+1/8 = 3/8 (പകുതിയോടടുത്ത്)
3.
രാമചരിതമാനസത്തിൽ (മലയാളം
തർജ്ജമ) കണക്ക് ഇങ്ങനെ:
ദശരഥൻ നിജ
പ്രേയസിമാരേ
യാശു
വരുത്തീ യജ്ഞപായസം
പകുത്തു
കൗസല്യക്കു കൊടുത്തു
പകുതി,ബാക്കി രണ്ടാക്കിത്തീർത്തു.
ഒരുഭാഗം
കൈകേയിക്കേകീ
പരം
പിന്നെയും ഭാഗിച്ചവയേ
ഇരുപേർക്കേകിയതവരിലുദിച്ചൊരു
കൂറൊടു റാണി
സുമിത്രക്കേകി.
അപ്പോൾ കൗസല്യ- 1/2 ;
കൈകേയി- 1/8 ;
സുമിത്ര 1/ 4+1/8 = 3/8 (പകുതിയോടടുത്ത്)
4. കണ്ണശ്ശ രാമായണം ബാലകാണ്ഡം പാട്ട് -40
ഭൂതലപതി, കൗസല്യക്കെന്നേ
പൊലിവൊടു പാതി കൊടുത്താൻ
പായസം
ആദരവോടെ; ശേഷിച്ചതിന്
നാലൊന്ന്
അന്നു
സുമിത്രക്കെന്നു കൊടുത്താൻ;
നീതിയൊടുള്ളതിൽ മൂവിരുകൂറും
നിരുപമകൈകേയിക്കു കൊടുത്താൻ
ചേത തെളിഞ്ഞു സുമിത്രക്കരുളീ
ശേഷമിരുന്നതു
പിന്നെയും അരചൻ .
കണ്ണശ്ശന്റെ കണക്കുപ്രകാരം :
കൗസല്യ- 1/2 ;
സുമിത്ര- 1/4 ;
കൈകേയി 1/ 4
5. കമ്പ രാമായണം-ബാലകാണ്ഡം പടലം – 5
(മലയാളം തർജ്ജമയിൽനിന്ന്
പ്രസക്തഭാഗങ്ങൾ മാത്രം എടുത്ത് താഴെക്കൊടുക്കുന്നു.)
267. ആ മഹദ്‌രൂപത്തിന്റെ നിർദ്ദേശപ്രകാരം,
ആ രാജാവ്, കൗസല്യയുടെ
കയ്യിൽ ആ അമൃത് പോലെയുള്ള പായസത്തിന്റെ ഒരു ഭാഗം കൊടുത്തു.
268. ദശരഥ രാജാവ്,
സമാനമായ രീതിയിൽ ആ പായസത്തിന്റെ ഒരു ഭാഗം കേകയന്റെ മകളുടെ
കൈകളിൽ നൽകി.
269. ആ രാജാവ്,
തന്റെ ഇളയഭാര്യയായ സുമിത്രയ്ക്ക് ഒരു ഭാഗം കൊടുത്തു.
270. ആ മഹാൻ വീണ്ടും ബാക്കിയുള്ള പായസത്തിനെ ശേഖരിച്ചു.
സുമിത്രയ്ക്ക്
തന്നെ കൊടുത്തു.
കമ്പ രാമായണക്കണക്ക്
പരിശോധിക്കാം:
കൗസല്യ- ഒരു ഭാഗം= (1/3 ?) ;
കൈകേയി- ഒരു ഭാഗം= (1/3 ?) ;
സുമിത്ര - ബാക്കിയുള്ളതിൽ ഒരു ഭാഗം + പാത്രത്തിൽ ബാക്കി
വന്നത് = (1/3
?) - [ഇവിടെ ഭാഗം വെച്ചത് കൃത്യമായ കണക്കിലല്ലാത്തതിനാൽ
സുമാർ കണക്കു എഴുതുകയേ വഴിയുള്ളു.]
6. ബ്രഹ്മാണ്ഡപുരാണാന്തർഗതമായ
അധ്യാത്മരാമായണത്തിൽ ഇത് പരിശോധിക്കുമ്പോൾ:
കൗസല്യായൈ സ കൈകേയ്യൈ അർധമർധം പ്രയത്നതഃ:
തത: സുമിത്രാ സംപ്രാപ്താ ജഗൃഘ്നു: പൗത്രികം ചരു:
കൗസല്യാ തു
സ്വഭാഗാർധം ദദൗ തസ്യൈ മുദാന്വിതാ
കൈകേയീ ച സ്വഭാഗാർധം ദദൗ
പ്രീതിസമന്വിതാ.
കൗസല്യ- 1/ 4 ;
കൈകേയി- 1/ 4 ;
സുമിത്ര 1/2
Tuesday, 18 July 2023
ശ്രീരാമഗീത(മലയാളം)

രാമായണമാസമായി നാം ആചരിക്കുന്ന കർക്കിടകമാസത്തിൽ ഒന്നാം തിയ്യതി-അതായത് ജൂലൈ 17- മുതൽക്കുള്ള ദിവസങ്ങളിൽ രാമഗീതയിലെ ഓരോ ശ്ലോകങ്ങൾ ദിവസേന വായിക്കാം.
എല്ലാവർക്കും ഒരു നല്ല കർക്കിടകമാസവും രാമായണമാസവും ആശംസിച്ചുകൊണ്ട് ശ്രീരാമഗീതയുടെ ആമുഖം ഇവിടെ ചേർക്കുന്നു:
[സംസ്കൃതത്തിൽ നിന്നും തർജ്ജമ : മോഹൻ ചേറ്റൂർ]
ഗീതകള്‍ നിരവധി:
ഗീത എന്നു കേള്ക്കുമ്പോള് നമ്മളാദ്യം സ്മരിക്കുന്നത് ശ്രീമദ് ഭഗവദ്ഗീതയാണ്. എന്നാല് അതിനു പുറമെ നിരവധി ഗീതകള് മഹാഭാരതത്തിലും പുരാണങ്ങളിലും മറ്റു ഗ്രന്ഥങ്ങളിലും കാണപ്പെടുന്നുണ്ട്. മഹാഭാരതം ശാന്തിപര്വ്വത്തില് മാത്രമായി ഒന്പത്
ഗീതകളുള്ളതായി ബാലഗംഗാധരതിലകന്റെ ഗീതാരഹസ്യത്തില് സൂചിപ്പിച്ചിട്ടുണ്ട്. മറ്റു പര്വ്വങ്ങളിലും വിവിധ ഗീതകളുണ്ട്. ഭാഗവതത്തിലും കപിലഗീത, ഉദ്ധവഗീത ഇത്യാദി ഗീതകളുണ്ട്. ഇതുകൂടാതെ വിവിധ പുരാണങ്ങളിലുള്ള ശിവഗീത, ദേവീഗീത, ഗണേശഗീത, ഈശ്വരഗീത, ഭഗവതിഗീത, അവധൂതഗീത, അഷ്ടാവക്രഗീത, ഋഭുഗീത, അഗസ്ത്യഗീത, ബ്രഹ്മഗീത, എന്നു തുടങ്ങി 123 ഗീതകളുടെ ഒരു പട്ടിക ഡോ. വി. രാഘവന് രചിച്ച “റീഡിങ്ങ്സ് ഫ്രം ദി ഭഗവദ്ഗീത”
എന്ന കൃതിയില് ഉള്ക്കൊള്ളിച്ചിട്ടുണ്ട്. പൗരാണികഗീതാസാഹിത്യം എന്നാണ് ഇവ പൊതുവെ അറിയപ്പെടുന്നത് ഇതുകൂടാതെ ആധുനികമായ ഗാന്ധിഗീത, സത്യാഗ്രഹഗീത, ക്രിസ്തുഗീത, ഗിരിഗീത, അല്ലാഗീത തുടങ്ങിയവയുമുണ്ട്.
ഭഗവദ്ഗീതയാണ് ഇവയില് ഏറ്റവും പ്രാചീനമെന്നും, അതിനെ അനുകരിച്ചുണ്ടായവയാണ് പൗരാണികമായ മറ്റു ഗീതകളെന്നുമാണ് പണ്ഡിതമതം. ഉള്ളടക്കത്തിന്റെ കാര്യത്തില് മഹാഭാരതത്തിലെ മറ്റു ഗീതകള്ക്ക്
ഭഗവദ്ഗീതയുമായി സാദൃശ്യമൊന്നുമില്ല. എന്നാല് പൗരാണികഗീതകളില് പലതിനും ഭഗവദ്ഗീതയുമായി ഒരു പരിധി വരെ സാദൃശ്യമുണ്ട്.
ശ്രീരാമഗീത:
വേദവ്യാസവിരചിതമായ ബ്രഹ്മാണ്ഡപുരാണത്തിലെ ഉത്തര കാണ്ഡത്തിലുള്ള ശിവപാര്വ്വതിസംവാദത്തില് വര്ണ്ണിക്കപ്പെടുന്ന രാമകഥയാണ് അദ്ധ്യാത്മ രാമായണം എന്ന പേരില് പ്രശസ്തിയാര്ജ്ജിച്ചത്. അദ്ധ്യാത്മരാമായണത്തിലെ ഉത്തരകാണ്ഡം അഞ്ചാം സര്ഗ്ഗത്തില് ശ്രീരാമന് ലക്ഷ്മണന് ബ്രഹ്മവിദ്യ ഉപദേശിക്കുന്ന സന്ദര്ഭമുണ്ട്. അദ്ധ്യാത്മരാമായണത്തിലെ ഈ സര്ഗ്ഗം ശ്രീരാമഗീത എന്ന പേരിലറിയപ്പെടുന്നു.
സീതാപരിത്യാഗത്തിനുശേഷം ഏകാന്തനായിരിക്കുന്ന ശ്രീരാമചന്ദ്രനെ സമീപിച്ച് ലക്ഷ്മണന് യഥാവിധി പ്രണാമങ്ങളര്പ്പിച്ചശേഷം സംസാര
സാഗരത്തില്നിന്ന് മുക്തി നേടുന്നതിനുള്ള ഉപായം തനിക്ക് ഉപദേശിക്കണമെന്ന് അപേക്ഷിക്കുന്നു. ലക്ഷ്മണന്റെ പ്രാര്ത്ഥന കേട്ട് ശ്രീരാമന് വേദോക്തവും വിശിഷ്ടവുമായ ആത്മജ്ഞാനം ലക്ഷ്മണന് ഉപദേശിച്ചു. അതാണ് ശ്രീരാമഗീത.
ശ്രീരാമഗീതയുടെ ഉള്ളടക്കം:
ശ്രീരാമോപദിഷ്ടമായ ഈ അന്പത്തിയാറു ശ്ലോകങ്ങളില് സര്വ്വ വേദാന്തസാരം തന്നെ നമുക്ക് ദര്ശിക്കാന് കഴിയും. ശിഷ്യന്റെ യോഗ്യതകള്, സദ്ഗുരുവിന്റെ ആവശ്യകത, മുക്തിയ്ക്കുള്ള ഉപായം, ജ്ഞാനകര്മ്മസമുച്ചയവാദഖണ്ഡനം, മഹാവാക്യവിചാരം, അവസ്ഥാ ത്രയവിവേകം, പഞ്ചകോശവിവേകം, അദ്ധ്യാസനിരൂപണം, ഓം കാരോപാസന, ആത്മവിചാരം എന്നീ വിഷയങ്ങള് വളരെ ചുരുക്കി ശ്രീരാമഗീതയില് വര്ണ്ണിക്കപ്പെട്ടിരിക്കുന്നു.
ശ്രീരാമഗീത(മലയാളം) -1
തർജ്ജമ : ചേറ്റൂർ
മോഹൻ
श्रीमहादेव उवाच –
ततो जगन्मङ्गलमङ्गलात्मना विधाय रामायणकीर्तिमुत्तमाम् ।
चचार पूर्वाचरितं रघूत्तमो राजर्षिवर्यैरभिसेवितं यथा ॥ १ ॥
ശ്രീമഹാദേവ ഉവാച –
തതോ ജഗന്മംഗലമംഗലാത്മനാ
വിധായ രാമായണകീർതിമുത്തമാം ।
ചചാര പൂർവാചരിതം രഘൂത്തമോ
രാജർഷിവര്യൈരഭിസേവിതം യഥാ ॥ 1 ॥
അർത്ഥം:
ശ്രീ പരമേശ്വരൻ
പറഞ്ഞു:
(അല്ലയോ പാർവതീദേവി,)
അതിനുശേഷം രഘുശ്രേഷ്ഠനായ ശ്രീരാമൻ ലോകമംഗളത്തിനായി തന്റെ മംഗളസ്വരൂപം
കൊണ്ട് രാമായണത്താൽ
ആർജിച്ച സൽക്കീർത്തിയിൽ വിളങ്ങി, തന്റെ പൂർവസൂരികളായ രാജശ്രേഷ്ഠന്മാർ എപ്രകാരം ഉത്തമകീർത്തി നേടിയോ, അപ്രകാരം
തന്നെ രാജ്യ പാലനം ആചരിച്ചുപോന്നു.
सौमित्रिणा पृष्ट उदारबुद्धिना रामः कथाः प्राह पुरातनीः शुभाः ।
राज्ञः प्रमत्तस्य नृगस्य शापतो द्विजस्य तिर्यक्त्वमथाह राघवः ॥ २ ॥
സൗമിത്രിണാ പൃഷ്ട ഉദാരബുദ്ധിനാ
രാമഃ കഥാഃ പ്രാഹ പുരാതനീഃ ശുഭാഃ ।
രാജ്ഞഃ പ്രമത്തസ്യ നൃഗസ്യ ശാപതോ
ദ്വിജസ്യ തിര്യക്ത്വമഥാഹ രാഘവഃ ॥ 2 ॥
അർത്ഥം:
ഉത്കൃഷ്ഠചിത്തനും സുമിത്രാപുത്രനുമായ ലക്ഷണൻ
ചോദിച്ചതനുസരിച്ച് രാമൻ പണ്ടത്തെ ശുഭോദർക്കമായ കഥകൾ പറയുകയായിരുന്നു;
കുറ്റകരമായ
അനാസ്ഥ മൂലം ബ്രാഹ്മണശാപത്താൽ നൃഗൻ എന്ന രാജാവിന് അനുഭവിക്കേണ്ടിവന്ന മൃഗജന്മം രാമൻ വിവരിച്ചുകൊടുത്തു.
कदाचिदेकान्त उपस्थितं प्रभुं रामं रमालालितपादपङ्कजम् ।
सौमित्रिरासादितशुद्धभावनः प्रणम्य भक्त्या विनयान्वितोऽब्रवीत् ॥ ३ ॥
കദാചിദേകാന്ത ഉപസ്ഥിതം
പ്രഭും
രാമം രമാലാളിതപാദപങ്കജം ।
സൗമിത്രിരാസാദിതശുദ്ധഭാവനഃ
പ്രണമ്യ ഭക്ത്യാ വിനയാന്വിതോഽബ്രവീത് ॥ 3 ॥
ഒരിക്കൽ, സാക്ഷാൽ ലക്ഷ്മീദേവിയാൽ പൂജിക്കപ്പെടുന്ന പാദപങ്കജങ്ങളോടുകൂടിയ ശ്രീരാമദേവൻ ഏകാന്തതയിൽ ഇരിക്കുന്ന വേളയിൽ ശുദ്ധ മനസ്കനായ ലക്ഷ്മണൻ അദ്ദേഹത്തെ നമിച്ച് ഭക്തി- വിനയപുര:സ്സരം ഇങ്ങനെ പറഞ്ഞു:
त्वं शुद्धबोधोऽसि हि सर्वदेहिनामात्मास्यधीशोऽसि निराकृतिः स्वयम् ।
प्रतीयसे ज्ञानदृशां महामते पादाब्जभृङ्गाहितसङ्गसङ्गिनाम् ॥ ४ ॥
ത്വം ശുദ്ധബോധോഽസി ഹി സർവദേഹിനാ-
മാത്മാസ്യധീശോഽസി നിരാകൃതിഃ സ്വയം ।
പ്രതീയസേ ജ്ഞാനദൃശാം മഹാമതേ
പാദാബ്ജഭൃംഗാഹിതസംഗസംഗിനാം ॥ 4 ॥
അങ്ങ് ശുദ്ധജ്ഞാനസ്വരൂപനാണ്; സമസ്ത ജീവികളുടേയും ആത്മാവാണ്; സർവത്തിന്റേയും അധീശനാണ്; സ്വയം രൂപരഹിതനാണ്; അല്ലയോ മഹാത്മാവേ, ജ്ഞാനദൃഷ്ടി ഉള്ളവർക്കും താമരപ്പൂവിൽ വണ്ടെന്ന പോലെ അവിടുത്തെ പാദാരവിന്ദത്തിൽ മനസ്സർപ്പിച്ച മഹാ ഭാഗവതന്മാരുമായുള്ള സംഗത്തിൽ തല്പരരായവർക്കും അങ്ങ് അനുഭവവേദ്യമാകുന്നു.
