Tuesday, 26 July 2022

മുകുന്ദമാലാസ്തോത്രം

മുകുന്ദമാലാസ്തോത്രം കുലശേഖരവിരചിതം 

 




കുലശേഖര ആൾവാർ

 

ക്രി.പി. ഒൻപതാം നൂറ്റാണ്ടിനടുത്ത് കേരളത്തിന്റെ ചില ഭാഗങ്ങൾ ഭരിച്ചിരുന്ന ചേരവംശരാജാക്കന്മാരിൽ ഒരാളാണ് കുലശേഖര ആൾവാർ എന്ന ഭക്തകവി. രാജാക്കന്മാരിൽ കവിയും കവികളിൽ രാജാവുമായിരുന്നു അദ്ദേഹം. അതിതീവ്രമായ വിഷ്ണുഭക്തി കാരണം രാജ്യഭാരം തന്നെയുപേക്ഷിച്ച് ശ്രീരംഗക്ഷേത്രത്തിലേക്ക് പലായനം ചെയ്തതായി കാണുന്നു. തമിഴിൽ എഴുതിയപെരുമാൽ തിരുമൊഴി’, സംസ്കൃതത്തിൽ എഴുതിയ  ‘മുകുന്ദമാലാസ്തോത്രംഎന്നിവ അദ്ദേഹത്തിന്റെ സംഭാവനയാണ്

40  ശ്ലോകങ്ങളുള്ള മുകുന്ദമാലാസ്തോത്രത്തിന്റെ ഒരേകദേശ തർജ്ജമ ചെയ്യാനുള്ള ഒരു എളിയ ശ്രമം ഇവിടെ ആരംഭിക്കുന്നു. തെറ്റുകുറ്റങ്ങൾ പൊറുക്കുക.


-മോഹൻ ചേറ്റൂർ 

 

 

മുകുന്ദമാലാസ്തോത്രം


കുലശേഖരവിരചിതം

 

 

ശ്രീവല്ലഭേതി വരദേതി ദയാപരേതി

ഭക്തപ്രിയേതി ഭവലുണ്ഠനകോവിദേതി

നാഥേതി നാഗശയനേതി ജഗന്നിവാസേ-

ത്യാലാപിനം പ്രതിദിനം കുരു മാം മുകുന്ദ 1

 

ശ്രീവല്ലഭൻ, വരദൻ, ദയാപരൻ, ഭക്തപ്രിയൻ, സംസാര ദുഃ:ഖങ്ങൾ അകറ്റുന്നവൻ, നാഥൻ, സർപ്പത്തിൽ ശയിക്കുന്നവൻ, ജഗന്നിവാസൻ എന്നീ നാമങ്ങൾ എന്നെക്കൊണ്ട് നിത്യേന ചൊല്ലിക്കണേ, മുകുന്ദാ.

 

 

ജയതു ജയതു ദേവോ ദേവകീനന്ദനോഽയം

ജയതു ജയതു കൃഷ്ണോ വൃഷ്ണിവംശപ്രദീപഃ

ജയതു ജയതു മേഘശ്യാമലഃ കോമലാംഗോ 

ജയതു ജയതു പൃഥ്വീഭാരനാശോ മുകുന്ദഃ 2

 

ദേവകീനന്ദനനായ ദേവൻ ജയിക്കട്ടെ, ജയിക്കട്ടെ; വൃഷ്ണി(യദുവിന്റെ പിൻഗാമി)വംശത്തിന്റെ പ്രദീപം ജയിക്കട്ടെ, ജയിക്കട്ടെ; മേഘശ്യാമളവർണ്ണൻ, കോമളാംഗൻ ജയിക്കട്ടെ, ജയിക്കട്ടെ; ജനങ്ങളുടെ  ഭാരം ഇല്ലാതാക്കുന്ന മുകുന്ദൻ ജയിക്കട്ടെ, ജയിക്കട്ടെ

 

 

മുകുന്ദ മൂർ ധ്നാ  പ്രണിപത്യ യാചേ

ഭവന്തമേകാന്തമിയന്തമർഥം 

അവിസ്മൃതിസ്ത്വച്ചരണാരവിന്ദേ

ഭവേ ഭവേ മേഽസ്തു ഭവത്പ്രസാദാത് 3

 

മുകുന്ദാ, ഏകരൂപനും സർവ്വജഗത്തും നിറഞ്ഞുനിൽക്കുന്നവനും സർവ്വസാരവുമായ ഭവാനെ  ഞാൻ ശിരസാ നമിച്ചുകൊണ്ടു യാചിക്കുന്നു: ഭവാന്റെ പ്രസാദത്താൽ ഓരോ ജന്മത്തിലും എനിക്ക് അവിടുത്തെ പാദാരവിന്ദത്തിൽ സ്മരണ ഉണ്ടാവട്ടെ.

 

 

നാഹം വന്ദേ തവ ചരണയോർദ്വന്ദ്വമദ്വന്ദ്വഹേതോഃ

കുംഭീപാകം ഗുരുമപി ഹരേ നാരകം നാപനേതും

രമ്യാരാമാമൃദുതനുലതാ നന്ദനേ നാപി രന്തും

ഭാവേ ഭാവേ ഹൃദയഭവനേ ഭാവയേയം ഭവന്തം 4

 

ഹരി! അദ്വൈതം ഹേതുവായിട്ടല്ല ഞാൻ അവിടത്തെ പാദദ്വയത്തെ വന്ദിക്കുന്നത്; ഭയങ്കരമായ കുംഭീപാകം എന്ന നരകത്തെ മറികടക്കാനുമല്ല; മൃദുലലതകൾ നിറഞ്ഞ മനോഹരമായ നന്ദനം എന്ന ഇന്ദ്രലോകത്തെ പൂവാടിയിൽ രമിക്കാനുമല്ലമറിച്ച്, എന്റെ ഓരോ അവസ്ഥയിലും എന്റെ ഹൃദയാന്തർഭാഗത്ത് അവിടുന്ന് കുടികൊള്ളണേ!

 

 

നാസ്ഥാ ധർമ്മേന വസുനിചയേ നൈവ കാമോപഭോഗേ

യദ് ഭാവ്യം തദ് ഭവതു ഭഗവൻ പൂർവ്വകർമ്മാനുരൂപം 

ഏതത്പ്രാർഥ്യം മമ ബഹുമതം ജന്മജന്മാന്തരേഽപി

ത്വത്പാദാമ്ഭോരുഹയുഗഗതാ നിശ്ചലാ ഭക്തിരസ്തു 5

 

 

ധർമ്മത്തെ ഞാൻ കൂട്ടാക്കുന്നില്ല; സമ്പത്ത് സമാഹരിക്കുന്നതിലും താല്പര്യമില്ല; വിഷയാസക്തിയുമില്ല. നടക്കേണ്ടത് എന്താണോ, അത് നടക്കട്ടെ; ഭഗവാനേ, അത് പൂർവ്വകർമ്മങ്ങൾക്കനുസൃതമാണല്ലോ.

 

ദിവി വാ ഭുവി വാ മമാസ്തു വാസോ

നരകേ വാ നരകാന്തക പ്രകാമം

അവധീരിതശാരദാരവിന്ദൌ

ചരണൌ തേ മരണേഽപി ചിന്തയാമി 6

 

നരകാസുരനെ വധിച്ചവനേ! എന്റെ വാസം സ്വർഗ്ഗത്തിലോ ഭൂമിയിലോ നരകത്തിലോ ആവട്ടെ; സന്തോഷമേയുള്ളൂ; പക്ഷേ മരണത്തിൽപ്പോലും ശരത്‌കാലത്തെ താമരയെ വെല്ലുന്ന സുന്ദരമായ അവിടുത്തെ പാദങ്ങളെക്കുറിച്ചാണ് ഞാൻ ചിന്തിക്കുക

 

കൃഷ്ണ ത്വദീയപദപങ്കജപഞ്ജരാന്തം

അദ്യൈവ മേ വിശതു മാനസരാജഹംസഃ

പ്രാണപ്രയാണസമയേ കഫവാതപിത്തൈഃ

കണ്ഠാവരോധനവിധൌ സ്മരണം കുതസ്തേ 7

 

കൃഷ്ണ! എന്റെ മനസ്സാകുന്ന രാജഹംസം അവിടുത്തെ പദപങ്കജമാകുന്ന കൂട്ടിൽ ഇപ്പോൾത്തന്നെ ചേക്കേറട്ടെ; പ്രാണൻ വേർപെട്ടുപോകുന്ന നേരത്ത് കഫവാതപിത്തങ്ങളാൽ കണ്ഠം അടയുന്നനേരത്ത് എനിക്കെങ്ങനെ അങ്ങയെ സ്മരിക്കാനാവും?

 

ചിന്തയാമി ഹരിമേവ സന്തതം

മന്ദഹാസമുദിതാനനാംബുജം

നന്ദഗോപതനയം പരാത് പരം

നാരദാദിമുനിവൃന്ദവന്ദിതം 8

 

മന്ദസ്മിതം പൊഴിക്കുന്ന മുഖാംബുജത്തോടുകൂടിയ ഹരിയെനാരദൻ തുടങ്ങിയ മുനിവൃന്ദത്താൽ വന്ദിക്കപ്പെട്ട, ശ്രേഷ്ഠരിൽ ശ്രേഷ്ഠനായ നന്ദഗോപ- പുത്രനെത്തന്നെയാണ്  ഞാനെപ്പോഴും സ്മരിക്കുന്നത്

 

കരചരണസരോജേ കാന്തിമന്നേത്രമീനേ

ശ്രമമുഷി ഭുജവീചിവ്യാകുലേഽഗാധമാർഗേ

ഹരിസരസി വിഗാഹ്യാപീയ തേജോജലൌഘം

ഭവമരുപരിഖിന്നഃ ക്ലേശമദ്യ ത്യജാമി 9

 

കരചരണങ്ങളാകുന്ന താമരകളോടുകൂടിയ, പ്രകാശമാനമായ നേത്രങ്ങളാകുന്ന മീനുകളോടുകൂടിയ, കൈകളാകുന്ന തിരകളാൽ അനായാസമായി ഇളകിക്കളിക്കുന്ന, ഹരിയാകുന്ന സരസ്സിൽ ആഴത്തിൽ മുങ്ങി അതിന്റെ ചൈതന്യദായകമായ ജലധാര പാനം ചെയ്ത് സംസാരമാകുന്ന മരുപ്രദേശത്തിന്റെ ക്ലേശങ്ങൾ ഇന്ന് ഞാൻ അകറ്റുന്നു.  

 

സരസിജനയനേ സശങ്ഖചക്രേ

മുരഭിദി മാ വിരമസ്വ ചിത്ത രന്തും

സുഖതരമപരം ജാതു ജാനേ 

ഹരിചരണസ്മരണാമൃതേന തുല്യം 10

 

മനസ്സേ, പങ്കജനേത്രനായ, ശംഖചക്രസമേതനായ മുരാരിയിൽ വിഹരിക്കുന്നതിൽനിന്നും നീ പിന്തിരിയല്ലേ; ഹരിയുടെ പാദസ്മരണാമൃതം പോലെ സുഖദായകമായ മറ്റൊന്നിനെയും തന്നെ എനിക്കറിവില്ല.

 

മാഭീർമന്ദമനോ വിചിന്ത്യ ബഹുധാ യാമീശ്ചിരം യാതനാഃ 

നാമീ നഃ പ്രഭവന്തി പാപരിപവഃ സ്വാമീ നനു ശ്രീധരഃ

ആലസ്യം വ്യപനീയ ഭക്തിസുലഭം ധ്യായസ്വ നാരായണം

ലോകസ്യ വ്യസനാപനോദനകരോ ദാസസ്യ കിം ക്ഷമഃ 11

 

മൂഢമനസ്സേ, മരണയാതനകളെക്കുറിച്ച് ഏറെ ചിന്തിച്ച് ഭയപ്പെടാതിരിക്കൂ. നമ്മുടെ നാഥൻ ശ്രീകൃഷ്ണനായിരിക്കെ, പാപങ്ങളായ നമ്മുടെ ശത്രുക്കൾ അശക്തരാണ്. ആലസ്യം അകറ്റുക; ഭക്തിയാൽ എളുപ്പം പ്രാപിക്കാനാവുന്ന നാരായണനെ ധ്യാനിക്കുക. ലോകരുടെ മുഴുവൻ ദു:ഖങ്ങൾ അകറ്റുന്നവൻ അവന്റെ സ്വന്തം ദാസനെ പരിപാലിക്കാതിരിക്കുമോ?  

 

ഭവജലധിഗതാനാം ദ്വന്ദ്വവാതാഹതാനാം

സുതദുഹിതൃകളത്രത്രാണഭാരാർദിതാനാം 

വിഷമവിഷയതോയേ മജ്ജതാമപ്ലവാനാം

ഭവതു ശരണമേകോ വിഷ്ണുപോതോ നരാണാം 12  

 

ദ്വൈതമാകുന്ന കൊടുങ്കാറ്റിൽ ഭവസാഗരത്തിൽ പെട്ടുഴലുന്ന,   ആൺമക്കളെ, പെണ്മക്കളെ, ഭാര്യയെ ഒക്കെ സംരക്ഷിക്കാനുള്ള തത്രപ്പാടിൽ ദുരിതഭാരം പേറുന്ന, പ്രക്ഷുബ്ധമായ വിഷയക്കയത്തിൽ മുങ്ങിത്താഴുന്ന മനുഷ്യർക്ക് വിഷ്ണുവാകുന്ന കടത്തുതോണി ഏക ശരണമാവട്ടെ.

 

ഭവജലധിമഗാധം ദുസ്തരം നിസ്തരേയം

കഥമഹമിതി ചേതോ മാ സ്മ ഗാഃ കാതരത്വം 

സരസിജദൃശി ദേവേ താരകീ ഭക്തിരേകാ 

നരകഭിദി നിഷണ്ണാ താരയിഷ്യത്യവശ്യം  13

 

മനസ്സേ,അഗാധവും തരണം ചെയ്യാൻ വിഷമമുള്ളതുമായ ജീവിതക്കടൽ എങ്ങിനെ മുറിച്ചുകടക്കുമെന്നു ഭയപ്പെടരുത്; നരകാസുരനെ വധിച്ച, കമലനേത്രനായ ഭഗവാനിൽ അർപ്പിച്ച നിന്റെ ഏകാഗ്രമായ ഭക്തി നിശ്ചയമായും നിന്നെ അത് തരണം .ചെയ്യിക്കുന്നതാണ്.

 

തൃഷ്ണാതോയേ മദനപവനോദ്ധൂതമോഹോർമിമാലേ

ദാരാവർത്തേ തനയസഹജഗ്രാഹസങ്ഘാകുലേ

സംസാരാഖ്യേ മഹതി ജലധൌ മജ്ജതാം നസ്ത്രിധാമൻ 

പാദാംഭോജേ വരദ ഭവതോ ഭക്തിനാവം പ്രയച്ഛ 14

ആഗ്രഹമാകുന്ന കടലിൽ കാമമാകുന്ന കാറ്റിൽ ഉയർന്നടിക്കുന്ന മോഹമാകുന്ന തിരമാലകളുള്ള, ഭാര്യമാരാകുന്ന വൻചുഴികളുള്ള, മക്കളും മറ്റു ബന്ധുജനങ്ങളുമാകുന്ന വമ്പൻ സ്രാവുകളും മറ്റു കടൽജീവികളുമുള്ള, സംസാരമാകുന്ന മഹാസാഗരത്തിൽ ഞങ്ങളെ ആഴ്ത്താതെ  അല്ലയോ ത്രിലോകനാഥനേ, വരദായകനേ, അവിടുത്തെ പാദപങ്കജത്തിലേക്ക് (എത്തിച്ചേരാനായിഭക്തിയാകുന്ന തോണി ഞങ്ങൾക്ക് തന്നാലും

 

മാദ്രാക്ഷം ക്ഷീണപുണ്യാൻക്ഷണമപി ഭവതോ ഭക്തി ഹീനാൻ പദാബ്ജേ

മാശ്രൌഷം ശ്രാവ്യബന്ധം തവ ചരിതമപാസ്യാന്യദാഖ്യാനജാതം   

മാസ്മാർഷം മാധവ ത്വാമപി ഭുവനപതേ ചേതസാപഹ്നുവാനാൻ 

മാഭൂവം ത്വത്സപര്യാപരികരരഹിതോ ജന്മജന്മാന്തരേഽപി 15॥॥ 

 

മാധവ! അവിടുത്തെ പാദപങ്കജങ്ങളിൽ ഭക്തിയില്ലാത്തതിനാൽ പുണ്യം ശോഷിച്ചവരുടെ നേരെ എന്റെ  ഒരു നോട്ടം പോലും പതിയാൻ അനുവദിക്കരുതേ! മറ്റു വർണ്ണനകളാൽ ആകൃഷ്ടനായി അവിടുത്തെ പുണ്യചരിതം കേൾക്കുന്നതിൽ നിന്നും എന്നെ വ്യതിചലിപ്പിക്കരുതേ. അല്ലയോ ലോകനാഥ! അങ്ങയെക്കുറിച്ച് ചിന്തിക്കുക കൂടി ചെയ്യാത്തവരെക്കുറിച്ച് ഞാൻ ചിന്തിക്കുക പോലും ചെയ്യാതിരിക്കട്ടെ. ജന്മജന്മാന്തരങ്ങളിലും അവിടുത്തെ സേവിക്കാനുള്ള അവസരം ഇല്ലാതാവുന്ന അവസ്ഥ ഒരിക്കലും ഉണ്ടാവാതിരിക്കട്ടെ!  

 

 

ജിഹ്വേ കീർത്തയ കേശവം മുരരിപും ചേതോ ഭജ ശ്രീധരം

പാണിദ്വന്ദ്വ സമർച്ചയാച്യുതകഥാഃ ശ്രോത്രദ്വയ ത്വം ശൃണു

കൃഷ്ണം ലോകയ ലോചനദ്വയ ഹരേർഗച്ഛാങ്ഘ്രിയുഗ്മാലയം

ജിഘ്ര ഘ്രാണ മുകുന്ദപാദതുളസീം മൂർധൻ നമാധോക്ഷജ॥ 16

 

നാവേ! കേശവനെ പ്രകീർത്തിക്കൂ; മനസ്സേ മുരാരിയെ ധ്യാനിക്കൂ; ഇരുകൈകളേ, ശ്രീധരനെ സേവിക്കൂ; ഇരുചെവികളേ, അച്യുതന്റെ കഥകൾ കേൾക്കൂ; കണ്ണുകളേ, കൃഷ്ണനെ കാണൂ; കാലുകളേ, ഹരിയുടെ സവിധത്തിലേക്ക് പോകൂ; നാസാരന്ധ്രമേ,   പാദത്തിൽ കിടക്കുന്ന തുളസീദളത്തെ മണക്കൂ; ശിരസ്സേ, വിഷ്ണുവിനെ നമസ്കരിക്കൂ.

 

ഹേ ലോകാഃ ശ്രുണുത പ്രസൂതിമരണവ്യാധേശ്ചികിത്സാമിമാം യോഗജ്ഞാഃ സമുദാഹരന്തി മുനയോ യാം യാജ്ഞവൽക്യാദയഃ

അന്തർജ്യോതിരമേയമേകമമൃതം കൃഷ്ണാഖ്യമാപീയതാം

തത്പീതം പരമൌഷധം വിതനുതേ നിർവാണമാത്യന്തികം 17

 

                                  അല്ലയോ ജനങ്ങളേ! ജനനമരണങ്ങളിൽനിന്നും  വ്യാധികളിൽനിന്നും  യാജ്ഞവൽക്യൻ തുടങ്ങിയ യോഗജ്ഞാനികളും മുനിമാരും നിർദ്ദേശിക്കുന്ന ചികിത്സയെക്കുറിച്ച് കേട്ടാലും! അന്തരാത്മപ്രകാശം ചൊരിയുന്നതും അളവറ്റതും അനന്യമായതുമായ  കൃഷ്ണനാമമെന്ന അമൃത് നുകർന്നാലും! പരമൗഷധം നുകർന്ന് പരമമായ ശരണാഗതി പ്രാപിച്ചാലും!

 

 ഹേ മർത്ത്യാഃപരമം ഹിതം ശ്രുണുത വോ വക്ഷ്യാമി സങ്ക്ഷേപതഃ

സംസാരാർണ്ണവമാപദൂർമ്മിബഹുലം സമ്യക് പ്രവിശ്യ സ്ഥിതാഃ

നാനാജ്ഞാനമപാസ്യ ചേതസി നമോ നാരായണായേത്യമും

മന്ത്രം സപ്രണവം പ്രണാമസഹിതം പ്രാവർത്തയധ്വം മുഹുഃ 18

 

അല്ലയോ മനുഷ്യജന്മങ്ങളേ! ആപത്തുകളാകുന്ന വൻതിരമാലകളുള്ള സംസാരസാഗരത്തിൽ അങ്ങേയറ്റം മുങ്ങിക്കിടക്കുന്ന നിങ്ങൾക്കായി പരമമായ നന്മ എന്തെന്ന് ഞാൻ ചുരുക്കമായി പറഞ്ഞുതരുന്നത് കേട്ടാലും. വിവിധ ജ്ഞാനങ്ങളുപേക്ഷിച്ച്  ഓംകാരത്തോടെയുള്ളനമോ നാരായണഎന്ന മന്ത്രം നമ്രശിരസ്കരായി ആവർത്തിച്ച് മനസ്സിൽ ജപിച്ചുറപ്പിക്കുക.

 

പൃഥ്വീരേണുരണുഃ പയാംസി കണികാഃ ഫല്ഗുസ്ഫുലിങ്ഗോഽനല -

സ്തേജോ നിഃശ്വസനം മരുത് തനുതരം രന്ധ്രം സുസൂക്ഷ്മം നഭഃ

ക്ഷുദ്രാ രുദ്രപിതാമഹപ്രഭൃതയഃ കീടാഃ സമസ്താഃ സുരാ

ദൃഷ്ടേ യത്ര താവകോ വിജയതേ ഭൂമാവധൂതാവധിഃ 19

 

അവിടുത്തെ ശക്തി അപാരമാണ്; അത് എവിടെ പ്രത്യക്ഷമാകുന്നുവോ അവിടെ ഭൂമി ഒരു മണ്‍തരി മാത്രം; മഹാസാഗരങ്ങൾ വെറും ജലബിന്ദുക്കൾ; അഗ്നിതേജസ്സ് വെറും നിസ്സാരമായ സ്ഫുലിംഗം മാത്രം; കാറ്റ് വെറുമൊരു നേർത്ത നിശ്വാസം മാത്രം; ആകാശം വളരെ ചെറിയൊരു സുഷിരം മാത്രം; ബ്രഹ്മമഹേശ്വരന്മാർ അസ്തപ്രഭൻമാർ; സർവ്വദേവന്മാരും നിസ്സാരന്മാർ.  

 

ബദ്ധേനാഞ്ജലിനാ നതേന ശിരസാ ഗാത്രൈഃ സരോമോദ്ഗമൈഃ

കണ്ഠേന സ്വരഗദ്ഗദേന നയനേനോദ്‌ഗീർണ്ണബാഷ്‌പാംബുനാ

നിത്യം ത്വച്ചരണാരവിന്ദയുഗളധ്യാനാമൃതാസ്വാദിനാം

അസ്മാകം സരസീരുഹാക്ഷ സതതം സമ്പദ്യതാം ജീവിതം 20 

 അല്ലയോ വിഷ്ണുഭഗവാനേ! (സരസീരുഹാക്ഷ!) കൂപ്പിയ കൈകളാൽ, കുനിഞ്ഞ ശിരസ്സാൽ, എഴുന്നുനിൽക്കുന്ന രോമങ്ങളോടുകൂടിയ ശരീരത്താൽ, വിതുമ്പുന്ന ശബ്ദത്തോടുകൂടിയ കണ്ഠത്താൽ, ബാഷ്പബിന്ദുക്കൾ പ്രവഹിക്കുന്ന കണ്ണുകളാൽ, നിത്യം അവിടുത്തെ പാദങ്ങളാകുന്ന രണ്ടു താമരപ്പൂക്കളെ ധ്യാനിക്കുന്നതിലൂടെ അമൃതം ആസ്വദിക്കുന്ന ഞങ്ങളുടെ ജീവിതങ്ങളെ എന്നെന്നും സമ്പുഷ്ടമാക്കിയാലും!     

 

ഹേ ഗോപാലക ഹേ കൃപാജലനിധേ ഹേ സിന്ധുകന്യാപതേ

ഹേ കംസാന്തക ഹേ ഗജേന്ദ്രകരുണാപാരീണ ഹേ മാധവ

ഹേ രാമാനുജ ഹേ ജഗത്ത്രയഗുരോ ഹേ പുണ്ഡരീകാക്ഷ മാം

ഹേ ഗോപീജനനാഥ പാലയ പരം ജാനാമി ത്വാം വിനാ 21

 

ഗോക്കളുടെ   രക്ഷകനേ, കാരുണ്യക്കടലേ, ലക്ഷ്മീപതേ, കംസഘാതകാഗജേന്ദ്രനിൽ കരുണ ചൊരിഞ്ഞവനേ, മാധവ, രാമാനുജാ, മൂന്ന് ലോകത്തിനും ഗുരു ആയവനേ, വെള്ളത്താമരപോലെയുള്ള കണ്ണുകളോടുകൂടിയവനേ, ഗോപീജനങ്ങളുടെ നാഥനേ ഞങ്ങളെ പരിപാലിച്ചാലും; അങ്ങയെയല്ലാതെ മറ്റാരെയുംകുറിച്ച് ഞങ്ങൾക്ക് അറിവില്ല.

 

ഭക്താപായഭുജങ്ഗഗാരുഡമണിസ്ത്രൈലോക്യരക്ഷാമണിർ- ഗോപീലോചനചാതകാംബുദമണിഃ സൌന്ദര്യമുദ്രാമണിഃ

യഃ കാന്താമണിരുക്മിണീഘനകുചദ്വന്ദ്വൈകഭൂഷാമണിഃ 

ശ്രേയോ ദേവശിഖാമണിര്ദിശതു നോ ഗോപാലചൂഡാമണിഃ 22

 

ഭക്തജനങ്ങൾക്ക് ആപത്തുകളാകുന്ന ഉഗ്രസർപ്പങ്ങളിൽ നിന്നുള്ള രക്ഷാകവചമാകുന്ന ഗാരുഡമന്ത്രമായ, മൂന്നു ലോകങ്ങൾക്കും  രക്ഷാകവചമായ, ഗോപസ്ത്രീകളുടെ കണ്ണുകളാകുന്ന  വേഴാമ്പലിന് മേഘകണമായ, സൗന്ദര്യത്തിന്റെ പാരമ്യചിഹ്നമാകുന്ന വിശിഷ്ടരത്നമായ, തന്റെ ഭാര്യമാരിൽ രത്നമായ രുഗ്മിണിയുടെ ഘനസ്തനദ്വന്ദത്തെ അലങ്കരിക്കുന്ന രത്നമായ, ദേവന്മാരിലെ ശ്രേഷ്ഠരത്നമായഗോപാലന്മാരിലെ ശ്രേഷ്ഠരത്നമായ (അവിടുന്ന്) ഞങ്ങൾക്ക് ശ്രേയസ്സരുളിയാലും.   

 ശത്രുച്ഛേദൈകമന്ത്രം സകലമുപനിഷദ് വാക്യസംപൂജ്യമന്ത്രം

സംസാരോത്താരമന്ത്രം സമുചിതതമസഃ സങ്ഘനിര്യാണമന്ത്രം 

സർവൈശ്വര്യൈകമന്ത്രം വ്യസനഭുജഗസന്ദഷ്ടസന്ത്രാണമന്ത്രം

ജിഹ്വേ ശ്രീകൃഷ്ണമന്ത്രം ജപ ജപ സതതം ജന്മസാഫല്യമന്ത്രം 23

 

നാവേ! ശത്രുക്കളെ നശിപ്പിക്കുന്ന ഒന്നേ ഒന്നായ, സമ്പൂർണ്ണമായതും ഉപനിഷദ് വാക്യങ്ങളിൽ മാനിതമായതുമായ, ലൗകികജീവിതം തരണം ചെയ്യാനുതകുന്നതായ, അടിഞ്ഞുകൂടുന്ന അന്ധകാരത്തെ ഉന്മൂലനം ചെയ്യുന്നതായ, സർവ ഐശ്വര്യങ്ങളും പ്രദാനം ചെയ്യുന്ന ഒന്നേ ഒന്നായ, ദുഃഖങ്ങളാകുന്ന സർപ്പദംശനത്തിൽനിന്നും രക്ഷിക്കുന്നതായ, ജന്മസാഫല്യം നൽകുന്നതായ  ശ്രീകൃഷ്ണമന്ത്രം നിരന്തരം ജപിക്കുക.

 

വ്യാമോഹപ്രശമൌഷധം മുനിമനോവൃത്തിപ്രവൃത്ത്യൌഷധം ദൈത്യേന്ദ്രാര്തികരൌഷധം ത്രിജഗതാം സഞ്ജീവനൈകൌഷധം ഭക്താത്യന്തഹിതൌഷധം ഭവഭയപ്രധ്വംസനൈകൌഷധം ശ്രേയഃപ്രാപ്തികരൌഷധം പിബ മനഃ ശ്രീകൃഷ്ണദിവ്യൌഷധം  24

 

മനസ്സേ! വ്യാമോഹത്തെ നശിപ്പിക്കുന്നതായ, മുനിമാരുടെ മനോവ്യാപാരങ്ങളെ പ്രവർത്തിപ്പിക്കുന്നതായ, അസുര നായകന്മാർക്ക് പ്രഹരമേൽപ്പിക്കുന്നതായ, മൂന്നു ലോകങ്ങളുടെയും ഏക സഞ്ജീവനൗഷധമായ, ഭക്തർക്ക് അത്യന്തം സൗഖ്യം വരുത്തുന്നതായ, ലൗകിക ജീവിതത്തിലെ ഭയം ഇല്ലാതാക്കുന്ന ഒന്നേ ഒന്നായ, ശ്രേയസ്സ് നേടിത്തരുന്നതായ ശ്രീകൃഷ്ണദിവ്യൌഷധം നുകർന്നാലും.

 

ആമ്നായാഭ്യസനാന്യരണ്യരുദിതം വേദവ്രതാന്യന്വഹം 

മേദശ്ഛേദഫലാനി പൂർത്തവിധയഃ സർവ്വം ഹുതം ഭസ്മനി  

തീർഥാ നാമവഗാഹനാനി ഗജസ്നാനം വിനാ യത്പദ -

ദ്വന്ദ്വാമ്ഭോരുഹസംസ്മൃതിം വിജയതേ ദേവഃ നാരായണഃ 25

 

 

ആരുടെ പാദപങ്കജങ്ങളെ നല്ലപോലെ സ്മരിക്കാതെയുള്ള വേദപാരായണം വെറും വനരോദനമാകുന്നുവോ,  നിത്യേനയുള്ള വൈദികവ്രതാനുഷ്ഠാനങ്ങൾ അമിതവണ്ണം കുറക്കാൻ മാത്രം ഉതകുന്നതാകുന്നുവോ, സൽക്കർമ്മങ്ങൾ വെറും ചാരത്തിൽ ചെയ്യുന്ന തർപ്പണം പോലെ ആകുന്നുവോ, (പുണ്യ)തീർത്ഥങ്ങളിൽ മുങ്ങൽ ആനയുടെ കുളി പോലെ  ആകുന്നുവോ നാരായണദേവന് സ്തുതി.

 

ശ്രീമന്നാമ പ്രോച്യ നാരായണാഖ്യം

കേന പ്രാപുർവാഞ്ഛിതം പാപിനോഽപി

ഹാ നഃ പൂർവ്വം വാക് പ്രവൃത്താ തസ്മിം -

സ്തേന പ്രാപ്തം ഗർഭവാസാദിദുഃഖം 26

 

ശ്രീമന്നാരായണന്റെ (പുണ്യ)നാമം ജപിച്ചവർ ആർക്കെങ്കിലും- അവർ പാപികളാണെങ്കിൽക്കൂടി- ആഗ്രഹിച്ചതു ലഭിക്കാതിരുന്നിട്ടുണ്ടോ? ഹാ കഷ്ട്ടം! മുൻ ജന്മങ്ങളിൽ  ഞങ്ങൾ അപ്രകാരം ചെയ്യാതിരുന്നതിനാൽ (ഇപ്പോഴിതാ) ആവർത്തിച്ചുള്ള ജന്മം തുടങ്ങിയ ദുഃഖങ്ങൾ അനുഭവിക്കുന്നു.

 

മജ്ജന്മനഃ ഫലമിദം മധുകൈടഭാരേ

മത്പ്രാർത്ഥനീയമദനുഗ്രഹ ഏഷ ഏവ

ത്വദ്ഭൃത്യഭൃത്യപരിചാരകഭൃത്യഭൃത്യ-

ഭൃത്യസ്യ ഭൃത്യ ഇതി മാം സ്മര ലോകനാഥ 27

 

ലോകനാഥ! മധുകൈടഭാസുരന്മാരുടെ ശത്രുവായവനേ! ഇതെന്റെ  ജന്മഫലമാണ്; എന്റെ പ്രാർത്ഥനയും എനിക്കുള്ള അനുഗ്രഹവും ഇതാണ്: അങ്ങയുടെ ഭൃത്യന്റെ  ഭൃത്യന്റെ പരിചാരകന്റെ  ഭൃത്യന്റെ ഭൃത്യന്റെ  ഭൃത്യന്റെ  ഭൃത്യനായി എന്നെ കണക്കാക്കുക!

 

നാഥേ നഃ പുരുഷോത്തമേ ത്രിജഗതാമേകാധിപേ ചേതസാ 

സേവ്യേ സ്വസ്യ പദസ്യ ദാതരി പരേ നാരായണേ തിഷ്ഠതി

യം കഞ്ചിത്പുരുഷാധമം കതിപയഗ്രാമേശമല്പാർത്ഥദം

സേവായൈ മൃഗയാമഹേ നരമഹോ മൂഢാ വരാകാ വയം 28

 

നമ്മുടെയൊക്കെ നാഥനും പുരുഷോത്തമനും മൂന്നു ലോകങ്ങളുടെയും ഏക അധിപനുമായ, തന്റെ സ്വന്തം സ്ഥാനം പോലും നമുക്ക് നൽകാൻ തയ്യാറായ ശ്രീമന്നാരായണൻ ഉള്ളപ്പോൾ ഏതോ കുറച്ച് ഗ്രാമങ്ങളുടെ മാത്രം അധിപനായ, പിശുക്കനായ, അധമനായ ഒരു മനുഷ്യനെ സേവിക്കാൻ താൽപ്പര്യം കാണിക്കുന്ന നമ്മൾ എത്ര വിഡ്ഢികളാണ്;എത്ര നീച ജന്മങ്ങളാണ്

 

മദന പരിഹര സ്ഥിതിം മദീയേ

മനസി മുകുന്ദപദാരവിന്ദധാമ്നി

ഹരനയനകൃശാനുനാ കൃശോഽസി

സ്മരസി ചക്രപരാക്രമം മുരാരേഃ 29

 

അല്ലയോ കാമദേവാ, എന്റെ മനസ്സിൽനിന്നും ഒഴിഞ്ഞുപോയ് ക്കൊള്ളൂക; (എന്തെന്നാൽ) മനസ്സിൽ വിഷ്ണുദേവന്റെ  പാദാരവിന്ദങ്ങൾ (അവിടെ) കുടികൊള്ളുന്നു. (അല്ലെങ്കിൽത്തന്നെ) നീ പരമശിവന്റെ നേത്രാഗ്നിയേറ്റ്‌ അവശനായിരിക്കുകയാണല്ലോ. മുരാരിയുടെ സുദർശനചക്രത്തിന്റെ ശൗര്യം നീ മറന്നുവോ ?

 

തത്ത്വം ബ്രുവാണാനി പരം പരസ്താൻ  

മധു ക്ഷരന്തീവ മുദാവഹാനി  

പ്രവർത്തയ പ്രാഞ്ജലിരസ്മി ജിഹ്വേ 

നാമാനി നാരായണഗോചരാണി 30

 

അല്ലയോ നാവേ, കൈകൾ കൂപ്പി ഞാൻ അഭ്യർത്ഥിക്കുകയാണ്. പരമായതിലും പരമായ തത്വങ്ങൾ പറയുന്ന, തേൻ നുകരുന്നപോലെ സുഖദായകമായ നാരായണനെ പ്രകീർത്തിക്കുന്ന നാമങ്ങൾ ചൊല്ലുക.

 

ഇദം ശരീരം പരിണാമപേശലം 

പതത്യവശ്യം ശ്ലഥസന്ധിജർജ്ജരം

കിമൌഷധൈഃ ക്ലിശ്യസി മൂഢ ദുർമ്മതേ

നിരാമയം കൃഷ്ണരസായനം പിബ 31

 

ശരീരത്തിന്റെ സൗന്ദര്യം(ആരോഗ്യം) മാറ്റത്തിന് വിധേയമാണ്; നിശ്ചയമായും അസ്ഥികൾക്കു തേയ്മാനം വന്ന്  അത് ദുർബ്ബലമായിത്തീരുന്നു.    അങ്ങനെയുള്ളപ്പോൾ അല്ലയോ മൂഢ! ബുദ്ധികെട്ടവനേ, നീ എന്തിന് ഔഷധങ്ങളെക്കൊണ്ട് അതിനെ പീഡിപ്പിക്കുന്നു? പകരം പൂർണ്ണ ഓജസ്സു പകരുന്നകൃഷ്ണരസായനംപാനം ചെയ്യുക.

 

 

ദാരാ വാരാകരവരസുതാ തേ തനൂജോ വിരിഞ്ചിഃ 

സ്തോതാ വേദസ്തവ സുരഗണോ ഭൃത്യവർഗ്ഗ: പ്രസാദഃ

മുക്തിർമ്മായാ ജഗദ് അവികലം താവകീ ദേവകീ തേ

മാതാ മിത്രം ബലരിപുസുതസ്തത്ത്വദന്യംന ജാനേ 32

 

 

ശ്രേഷ്ഠയായ ലക്ഷ്മീദേവി അവിടുത്തെ പത്നിയാണ്; ബ്രഹ്മദേവൻ പുത്രൻ; വേദങ്ങൾ അവിടുത്തെ സ്തുതികൾ  വാഴ്ത്തുന്നു; ദേവഗണങ്ങൾ അവിടുത്തെ ആജ്ഞാനുവർത്തികൾ; മോക്ഷം അവിടുത്തെ വരദാനം; സർവ്വ ജഗത്തും അവിടുത്തെ മായ; ദേവകി അവിടുത്തെ മാതാവ്; ബലാസുരന്റെ ശത്രുവായ ഇന്ദ്രന്റെ പുത്രൻ (അർജുനൻ)അവിടുത്തെ സുഹൃത്ത്; അത്രമാത്രമേ അവിടുത്തെക്കുറിച്ച് എനിക്ക് അറിവുള്ളൂ

 

കൃഷ്ണോ രക്ഷതു നോ ജഗത്ത്രയഗുരുഃ കൃഷ്ണം നമസ്യാമ്യഹം 

കൃഷ്ണേനാമരശത്രവോ വിനിഹതാഃ കൃഷ്ണായ തസ്മൈ നമഃ

കൃഷ്ണാദേവ സമുത്ഥിതം ജഗദിദം കൃഷ്ണസ്യ ദാസോഽസ്മ്യഹം

കൃഷ്ണേ തിഷ്ഠതി വിശ്വമേതദ് അഖിലം ഹേ! കൃഷ്ണ രക്ഷസ്വ മാം 33

 

മൂന്നുലോകങ്ങൾക്കും ഗുരുവായ കൃഷ്ണൻ നമ്മെ രക്ഷിക്കട്ടെ! കൃഷ്ണനെ ഞാൻ നമിക്കുന്നു; കൃഷ്ണനാൽ സർവശത്രുക്കളും നശിപ്പിക്കപ്പെട്ടു; കൃഷ്ണനായിക്കൊണ്ട് നമസ്കാരം; കൃഷ്ണനിൽനിന്നാണല്ലോ ജഗത്ത് ഉടലെടുത്തത്; കൃഷ്ണന്റെ ദാസനാണ് ഞാൻ; ലോകം മുഴുവൻ കൃഷ്ണനിൽ സ്ഥിതി ചെയ്യുന്നു; ഹേ കൃഷ്ണാ, എന്നെ രക്ഷിച്ചാലും. [കൃഷ്ണൻ, കൃഷ്ണനെ, കൃഷ്ണനാൽ, കൃഷ്ണനായിക്കൊണ്ട്കൃഷ്ണനിൽനിന്ന്കൃഷ്ണന്റെകൃഷ്ണനിൽ, ഹേ കൃഷ്ണാ എന്നിങ്ങനെ എട്ടു വിഭക്തിരൂപങ്ങളെക്കൊണ്ട് രചിച്ച ശ്ലോകം എന്ന പ്രത്യേകത ശ്രദ്ധിക്കുമല്ലോ.] 

 

തത് ത്വം പ്രസീദ ഭഗവൻ  കുരു മയ്യനാഥേ

വിഷ്ണോ കൃപാം പരമകാരുണികഃ ഖലു ത്വം

സംസാരസാഗരനിമഗ്നമനന്ത ദീനം

ഉദ്ധർത്തുമർഹസി ഹരേ പുരുഷോത്തമോഽസി 34

 

അതുകൊണ്ട് ഭഗവാനേ, എന്നിൽ പ്രസാദിച്ചാലും; വിഷ്ണുദേവാ, അനാഥനായ എന്നിൽ കൃപ ചൊരിഞ്ഞാലും. അവിടുന്ന് പരമകാരുണികനാണല്ലോ. അനന്തസ്വരൂപമേ, ഹരേ, സംസാരസാഗരത്തിൽപ്പെട്ടുഴലുന്ന  എന്നെ കര കയറ്റിയാലുംഅവിടുന്ന് പുരുഷോത്തമനാണ് .

 

നമാമി നാരായണപാദപങ്കജം

കരോമി നാരായണപൂജനം സദാ

വദാമി നാരായണനാമ നിർമ്മലം

സ്മരാമി നാരായണതത്ത്വമവ്യയം 35

 

നാരായണന്റെ പാദപങ്കജത്തെ ഞാൻ നമിക്കുന്നു; സദാ നാരായണപൂജ ചെയ്യുന്നു; നിർമ്മലമായ നാരായണ മന്ത്രം ജപിക്കുന്നു; അനശ്വരമായ നാരായണതത്വം സ്മരിക്കുന്നു.

 

ശ്രീനാഥ നാരായണ വാസുദേവ

ശ്രീകൃഷ്ണ ഭക്തപ്രിയ ചക്രപാണേ

ശ്രീപദ്മനാഭാച്യുത കൈടഭാരേ

ശ്രീരാമ പദ്മാക്ഷ ഹരേ മുരാരേ 36

 

ശ്രീനാഥാ, നാരായണാ, വാസുദേവാ, ശ്രീകൃഷ്ണാ, ഭക്തപ്രിയനേ, ചക്രപാണിയേ, ശ്രീപദ്മനാഭാ, അച്യുതാ, കൈടഭാസുരവൈരിയേ, ശ്രീരാമാ,  പദ്മാക്ഷാ, ഹരേ മുരാരേ

 

അനന്ത വൈകുണ്ഠ മുകുന്ദ കൃഷ്ണ

ഗോവിന്ദ ദാമോദര മാധവേതി

വക്തും സമർഥോഽപി വക്തി കശ്ചിത്

അഹോ ജനാനാം വ്യസനാഭിമുഖ്യം  37

 അനന്താ, വൈകുണ്ഠാ, മുകുന്ദാ, കൃഷ്‌ണാ, ഗോവിന്ദാ, ദാമോദരാമാധവാ എന്നൊക്കെ പറയാൻ അറിയാമെങ്കിലും ആരും തന്നെ അതിനു മുതിരുന്നില്ല; കഷ്ടം! ജനങ്ങൾക്ക് ദുരിതം അനുഭവിക്കാനാണ് വിധി

 

ധ്യായന്തി യേ വിഷ്ണുമനന്തമവ്യയം

ഹൃത്പദ്മമധ്യേ സതതം വ്യവസ്ഥിതം 

സമാഹിതാനാം സതതാഭയപ്രദം

തേ യാന്തി സിദ്ധിം പരമാം തു വൈഷ്ണവീം   38

 

ഹൃദയകമലമധ്യത്തിൽ എന്നും വസിക്കുന്ന, തന്നിൽ ശരണം പ്രാപിക്കുന്നവർക്കു അഭയമരുളുന്ന, അനന്തനും അനശ്വരനുമായ വിഷ്ണുവെ ആരാണോ ധ്യാനിക്കുന്നത്, അവർ  പരമമായ സിദ്ധിയെ, വിഷ്ണുപദത്തെ പ്രാപിക്കുന്നു.

 

ക്ഷീരസാഗരതരംഗശീകരാ -

സാരതാരകിതചാരുമൂര്തയേ

ഭോഗിഭോഗശയനീയശായിനേ

മാധവായ മധുവിദ്വിഷേ നമഃ 39  

 

അനന്തശയനത്തിൽ  കിടക്കുന്ന, പാൽക്കടലിൽ തിരമാലകൾ തെറിപ്പിക്കുന്ന വെള്ളത്തുള്ളികൾ നക്ഷത്രങ്ങളെപ്പോലെ തോന്നിക്കുന്ന തിരുവുടലോടുകൂടിയ, മധുശത്രുവായ അല്ലയോ മാധവാ, അവിടുത്തേയ്ക്ക് നമസ്കാരം.

 

യസ്യ പ്രിയൌ ശ്രുതിധരൌ കവിലോകവീരൌ 

മിത്രേ ദ്വിജന്മവരപദ്മ ശരാവഭൂതാം  

തേനാംബുജാക്ഷചരണാംബുജഷട്പദേന

രാജ്ഞാ കൃതാ കൃതിരിയം കുലശേഖരേണ 40

 

കൃതി വിഷ്ണുദേവന്റെ പാദാരവിന്ദങ്ങളിലെ വണ്ടാകുന്ന കുലശേഖരരാജാവിനാൽ വിരചിക്കപ്പെട്ടതാണ്. ഏറെ പ്രിയപ്പെട്ടവരും വേദപണ്ഡിതരും കവിപുംഗവരുമായ പദ്മൻ, ശരൺ, എന്ന രണ്ടു ബ്രാഹ്മണശ്രേഷ്ഠർ തന്റെ മിത്രങ്ങളാണ്.

 

 

ഇതി ശ്രീകുലശേഖരേണ വിരചിതാ മുകുന്ദമാലാ സമ്പൂർണ്ണാ

 

കുലശേഖരരാജാവിനാൽ വിരചിക്കപ്പെട്ട മുകുന്ദമാല ഇവിടെ പൂർണ്ണമാകുന്നു.