Saturday, 15 May 2021

 

കോവിദഃ' രണ്ടാം അധ്യായം-ഒരു അനുബന്ധ പാഠം :1

[തയ്യാറാക്കിയത്: ചേറ്റൂർ മോഹൻ]

സമാസം

ഒന്നിലധികം പദങ്ങൾ ചേർന്ന് ഒറ്റ പദമായി മാറുന്നതിനെയാണ് സമാസം എന്ന് പറയുന്നത്. അവയെ ആദ്യമായി നാല് തരമായി തിരിക്കാം.

 

പട്ടിക-I

 

1. തത് പുരുഷ

 

2. ദ്വന്ദ്വ

 

3. ബഹുവ്രീഹി

 

4. അവ്യയീഭാവ

 

തത് പുരുഷ: സമാസത്തെ നാലാക്കി വീണ്ടും വിഭജിച്ചു;     

കാണുക:

 

പട്ടിക-II

 

1. തത് പുരുഷ (സാമാന്യ)

2. കർമധാരയ

3. ദ്വിഗു

4 നഞ് പ്രഭൃതയഃ (നഞ് തുടങ്ങിയവ)

 

ഇവയിൽനിന്നും നാലാമത്തെ ഇനം ഒഴിവാക്കി ആദ്യത്തെ മൂന്നെണ്ണം മാത്രമെടുത്ത് പട്ടികതാഴെക്കാണും വിധം പുതുക്കി:

 

പട്ടിക-III

 

തത് പുരുഷ:- 1. തത് പുരുഷ (സാമാന്യ)

           2. കർമധാരയ

           3. ദ്വിഗു                              

4.  ദ്വന്ദ്വ

 

5.  ബഹുവ്രീഹി

 

6.  അവ്യയീഭാവ

 

പട്ടിക-III -ൽ ഉള്ള ആറ് സമാസങ്ങളാണ് നമുക്ക് കോവിദഃ-യിൽ പഠിക്കാനുള്ളത്. ഇവയിൽ ഓരോന്നായി ഇനിയുള്ള പാഠങ്ങളിൽ പഠിക്കാം.

കോവിദഃ' രണ്ടാം അധ്യായം-ഒരു അനുബന്ധ പാഠം :2

[തയ്യാറാക്കിയത്: ചേറ്റൂർ മോഹൻ]

സമാസം -ചില പൊതു നിയമങ്ങൾ:

 

1.  ഒന്നിലധികം പദങ്ങൾ ചേർന്ന്  ഒറ്റ പദമായി മാറുന്നതാണ് സമാസം.  (ഉദാ: വൃക്ഷ, മൂലം= വൃക്ഷസ്യ മൂലം= വൃക്ഷമൂലം; ചോരാത്  ഭയം=ചോരഭയം)

2. ഇത്തരത്തിൽ ഉണ്ടാവുന്ന ഒറ്റ പദങ്ങളെ സമസ്തപദങ്ങൾ എന്ന് പറയുന്നു. (ഉദാ: വൃക്ഷമൂലം- )

3. സമസ്തപദത്തിന്റെ ഘടകപദങ്ങളിൽ ആദ്യത്തെ പദത്തെ പൂർവ്വപദമെന്നും രണ്ടാമത്തെ പദത്തെ ഉത്തര പദമെന്നും പറയുന്നു. (ഉദാ: വൃക്ഷമൂലം = വൃക്ഷ-എന്നത് പൂർവ്വപദവും ; മൂലം എന്നത് ഉത്തരപദവുമാണ്)

4. ഇത്തരത്തിൽ ഒറ്റ പദമായി മാറിയ പദത്തെ പിരിച്ച് അർത്ഥം വിശദീകരിക്കുന്നതിനെ- അതായത് സമാസത്തിന്റെ നേരെ വിപരീതം ചെയ്യുന്നതിനെ- വിഗ്രഹം എന്ന് പറയുന്നു. (ഉദാ: വൃക്ഷമൂലം = വൃക്ഷസ്യ മൂലം; ചോരഭയം= ചോരാത്  ഭയം)

5. പൊതുവെ സുബന്തങ്ങൾ -അതായത് നാമപദങ്ങൾ- തമ്മിലേ സമാസം നടക്കുകയുള്ളൂ; (തിങന്തങ്ങൾ -ക്രിയാപദങ്ങൾതമ്മിലോ സുബന്തവും തിങന്തവും ചേർന്നോ സാധാരണയായി സമാസം വരില്ല.)

6. ഒന്നിലധികം നാമപദങ്ങൾ ചേരുമ്പോൾ ഒരു മാലയെന്നോണം കോർത്തു കോർത്തു സമാസം വരും (ഉദാ:രാജപുരുഷാഗമനം: രാജ്ഞ: പുരുഷ:= രാജപുരുഷ:; രാജപുരുഷസ്യ ആഗമനം= രാജപുരുഷാഗമനം)

7. പരസ്പരം ബന്ധമുള്ള നാമപദങ്ങൾ-തമ്മിലേ  സമാസം നടക്കുകയുള്ളൂ;(ഉദാ: രാജപുരുഷസ്യ ആഗമനം= രാജപുരുഷാഗമനം- വരുന്നത് രാജപുരുഷനാണ്; അതുകൊണ്ടാണ് രണ്ടു പദങ്ങൾ തമ്മിൽ സമാസം ഉണ്ടാവുന്നത്)

8. സമാസത്തിൽ ഉൾപ്പെട്ട പൂർവ-ഉത്തരപദങ്ങൾ പ്രാതിപദികത്തിന്റെ രൂപത്തിലാണ് ഉണ്ടാവുക. അതിനാൽ അവയെ കൂട്ടിച്ചേർക്കാൻ വിഭക്തി ഉപയോഗിക്കണം. (ഉദാ: ശാസ്ത്രേ(സപ്തമീവിഭക്തി) നിപുണ: (പ്രഥമാ വിഭക്തി=ശാസ്ത്രനിപുണ:)                                                                                                       


കോവിദഃ' രണ്ടാം അധ്യായം-ഒരു അനുബന്ധ പാഠം : 3

[തയ്യാറാക്കിയത്: ചേറ്റൂർ മോഹൻ]

സമാസം-തുടർച്ച

സമാസത്തിൽ പൂർവ്വപദവും ഉത്തരപദവും ഉണ്ടെന്നു നാം കണ്ടുവല്ലോ. രണ്ടുപദങ്ങൾക്കും തനതായ അർത്ഥം ഉണ്ടാകും എന്നും നമുക്കറിയാം. സമാസത്തിൽ നാലു തരം  സാധ്യതകൾ ഉണ്ട്.

1   പൂർവ്വപദത്തിനു പ്രാധാന്യം ഉണ്ടാവുക; (അവ്യയീഭാവഃ)

2 .  ഉത്തരപദത്തിനു പ്രാധാന്യം ഉണ്ടാവുക; (തത് പുരുഷഃ)

3. പൂർവ്വ-ഉത്തരപദങ്ങൾ അല്ലാതെ മറ്റൊരു-അന്യ-പദത്തിന് പ്രാധാന്യം ഉണ്ടാവുക; (ബഹുവ്രീഹിഃ)

4  . പൂർവ്വ-ഉത്തരപദങ്ങൾക്ക് തുല്യപ്രാധാന്യം ഉണ്ടാവുക; (ദ്വന്ദ്വഃ)

ഇങ്ങനെ വ്യത്യസ്തമായ അർത്ഥതലങ്ങൾ ഉണ്ടാവുമ്പോൾ നാം ഏതു പദത്തിന്റെ പ്രാധാന്യമാണ് സമാസം നിർണയിക്കാൻ എടുക്കേണ്ടത് എന്ന ഒരു സംശയം ന്യായമായും വരാം. പദമേതെന്നു കണ്ടുപിടിക്കാൻ ഒരു ഉപായം പറഞ്ഞുതരാം:

സമസ്തപദം ഉൾപ്പെടുന്ന വാചകത്തിൽ ക്രിയാപദം ഉണ്ടായിരിക്കും. ക്രിയാപദവുമായി ഏറ്റവും ബന്ധമുള്ള പദം ഏതെന്നു നമ്മൾ കണ്ടുപിടിക്കണം. അത് മേലേക്കൊടുത്ത നാല് നിബന്ധനകളിൽ ഏത് ഇനത്തിൽ പെടുന്നു എന്ന് നോക്കി ഏതു സമാസം ആണെന്ന് നിശ്ചയിക്കാനാവും.

ഒരു ഉദാഹരണം നോക്കാം. सीतापति: गछति ഇവിടെ सीताया: पति: എന്നാണു വിഗ്രഹവാക്യം. ശ്രദ്ധിക്കേണ്ടത് ആരാണ്-സീതയാണോ, സീതയുടെ പതിയാണോ-പോകുന്നത് എന്നതാണ്.  ഇവിടെ സീതയല്ല; അവരുടെ പതിയാണ് പോകുന്നത് എന്ന് നമുക്കറിയാം. ‘ഗച്ഛതി’ എന്ന ക്രിയയുമായി സീതയേക്കാൾ അടുപ്പം അവരുടെ പതിയ്ക്കാണ്. അതിനാൽ സീതാപതി എന്ന സമസ്തപദത്തിൽ ഉത്തരപദമായ പതിയ്ക്കാണ് പ്രാധാന്യം. അറിവ് മേലേക്കൊടുത്ത പട്ടികയുമായി ബന്ധപ്പെടുത്തിയാൽ ഇത് ഏതു സമാസമാണെന്നു അറിയാം. ഒന്ന് ശ്രമിക്കൂ...

ഇനി നമുക്ക് ഓരോ സമാസങ്ങളെക്കുറിച്ച് പഠിക്കാം. 

 

(തുടരും...)