പന്ത്രണ്ടാം നൂറ്റാണ്ടിൽ
ജീവിച്ചിരുന്നുവെന്നു വിശ്വസിക്കപ്പെടുന്ന
ശ്രീ ജയദേവർ രചിച്ച
ഒരു അനശ്വരപ്രേമഗീതമാണ് ഗീതഗോവിന്ദം.
ശ്രീകൃഷ്ണനോടുള്ള രാധയുടെ അദമ്യമായ
പ്രേമമാണ് ഇതിലെ മൂലതന്തു.
ശ്രീമദ് ഭാഗവതത്തിലെ ദശമസ്കന്ധത്തിലെ
28 മുതൽ 33 വരെയുള്ള
അദ്ധ്യായത്തിലെ രാസക്രീഡാ വർണ്ണനത്തെ
ആസ്പദമാക്കിയാണ് ഇതിന്റെ രചന.
ഈ ഗ്രന്ഥത്തിലെ നാലാം
അദ്ധ്യായത്തിലെ രണ്ടാമത്തേതാണ്
'രാധികാ...കൃഷ്ണാ...' എന്ന്
തുടങ്ങുന്ന ഗീതം. 'മോഹിനിയാട്ടം'
എന്ന മലയാള സിനിമയിൽ
ശ്രീ ദേവരാജൻ സംഗീതം
ചിട്ടപ്പെടുത്തി, പ്രശസ്ത സംഗീതജ്ഞനായ ശ്രീ മണ്ണൂർ
രാജകുമാരനുണ്ണി അവർകൾ ഹൃദ്യമായി
ആലപിച്ച ഈ ഗാനം മലയാളികൾക്ക്
ഏറെ പ്രിയങ്കരമാണ്. സംസ്കൃതഭാഷയിലുള്ള
ഈ ഗീതത്തെ മലയാളത്തിലേക്ക്
തർജമ ചെയ്തു നിങ്ങൾക്കുമുമ്പിൽ
അവതരിപ്പിക്കുന്നു. ശ്രീകൃഷ്ണജയന്തികൂടിയായ
ഈ സുദിനത്തിൽ(10-9-2020) ഇത്
എന്റെ കുടുംബസുഹൃത്തും പരിണതപ്രജ്ഞനും
ആദരണീയനായ ഗുരുവുമായ ശ്രീ
മണ്ണൂർ രാജകുമാരനുണ്ണി അവർകൾക്ക്
ഞാൻ സമർപ്പിക്കുന്നു.
[മലയാളം തർജ്ജമയും അടിക്കുറുപ്പുകളും
തയ്യാറാക്കിയത് :
ചേറ്റൂർ മോഹൻ]
സ്തനവിനിഹിതമപി ഹാരമുദാരം .
സാ മനുതേ കൃശതനുരതിഭാരം ..
രാധികാ വിരഹേ തവ കേശവ .. 1..
അല്ലയോ കൃഷ്‌ണാ, നിന്റെ വേർപാടിനാലുള്ള മനസ്താപത്താൽ കൃശഗാത്രിയായ രാധയ്ക്കു സ്തനങ്ങൾക്ക് മേലെക്കിടക്കുന്ന മുത്തുമണിമാലപോലും അതിഭാരമുള്ളതായി അനുഭവപ്പെടുന്നു. (1) ...രാധികാ.....
സരസമസൃണമപി മലയജപങ്കം .
പശ്യതി വിഷമിവ വപുഷി സശങ്കം .. 2.. രാധികാ
അല്ലയോ കൃഷ്‌ണാ, നിന്റെ വേർപാടിനാലുള്ള മനസ്താപത്താൽ രാധ സുഖശീതളവും മൃദലവുമായ ചന്ദനലേപത്തെപ്പോലും ശരീരത്തിന് കൊടുംവിഷമായി സംശയത്തോടെ കാണുന്നു. (2) ...രാധികാ.....
ശ്വസിതപവനമനുപമപരിണാഹം .
മദനദഹനമിവ വഹതി സദാഹം .. 3.. രാധികാ
അല്ലയോ കൃഷ്‌ണാ,
നിന്റെ വേർപാടിനാലുള്ള മനസ്താപത്താൽ രാധയ്ക്കു
സ്വന്തം ശ്വാസോച്ഛാസം പോലും കാമദേവന്റെ
ദഹനമെന്നോണം ദേഹമാസകലം
ചുട്ടുനീറുന്നതായി അനുഭവപ്പെടുന്നു. (3) ...രാധികാ.....
ദിശി ദിശി കിരതി സജലകണജാലം .
നയനനളിനമിവ വിഗളിതനാളം .. 4.. രാധികാ
ഇതളുകളിലെ ജലകണങ്ങളുടെ ഭാരം താങ്ങാനാവാതെ ആടി യുലയുന്ന തണ്ടിലെ താമരപോലെയുള്ള കണ്ണുകളോടുകൂടിയ ആ രാധ ചുറ്റിലും നിന്നെ തിരയുമ്പോൾ ഉതിരുന്ന കണ്ണുനീർ പ്രവാഹം നാലു ദിക്കിലേക്കും ചിതറുന്നു. (4) ...രാധികാ...
നയനവിഷയമപി കിസലയതല്പം.
കലയതി വിഹിതഹുതാശനകല്പം ..5..
തളിരിലകൾകൊണ്ടുള്ള മെത്ത കാണുമ്പോൾപ്പോലും അത് അവൾക്കായി ഒരുക്കപ്പെട്ട അഗ്നിശയ്യയാണെന്നു സംശയിക്കുന്നു. (5 ) ...രാധികാ.....
ത്യജതി ന പാണിതലേന കപോലം .
ബാലശശിനമിവ സായമലോലം .. 6.. രാധികാ
ശോകമൂകയായിരിക്കുന്ന അവൾ, സന്ധ്യാസമയത്തെ ഉദിച്ചു തുടങ്ങുന്ന ചന്ദ്രനെപ്പോലെ(വിളറിയിരിക്കുന്ന)യുള്ള കവിളുകളിൽ നിന്നും കൈകൾ മാറ്റുന്നതേയില്ല. (ചിന്താധീനയായി താടിക്ക് കൈകാടുത്ത് അനങ്ങാതെ ഇരിക്കുന്നു.) (6) ...രാധികാ.....
ഹരിരിതി ഹരിരിതി ജപതി സകാമം .
വിരഹവിഹിതമരണേന നികാമം .. 7.. രാധികാ
തീവ്രമായ വിരഹവേദനയാൽ നീറുന്ന അവൾ, വർദ്ധിച്ച മോഹത്തോടെ, ആസന്നമായ മരണത്തെ മുന്നിൽകാണുന്നവർ ചെയ്യുന്നതുപോലെ 'ഹരി…ഹരി...' എന്ന് ജപിച്ചുകൊണ്ടേയിരുന്നു. (7) ...രാധികാ.....
ജയദേവവിരചിതമായ ഈ ഗീതം ശ്രീകൃഷ്ണപാദങ്ങളെ നമിക്കുന്ന ഭക്തർക്ക് സൗഖ്യമേകട്ടെ.
स्तनविनिहितमपि हारमुदारम् ।
सा मनुते कृशतनुरतिभारम् ॥
राधिका
विरहे तव केशव ॥ १॥
सरसमसृणमपि मलयजपङ्कम् ।
पश्यति विषमिव वपुषि सशङ्कम् ॥
२॥ राधिका
श्वसितपवनमनुपमपरिणाहम् ।
मदनदहनमिव वहति सदाहम् ॥ ३॥
राधिका
दिशि
दिशि किरति सजलकणजालम् ।
नयननलिनमिव विगलितनालम् ॥
४॥ राधिका
नयनविषयमपि
किसलयतल्पम् ।
कलयति विहितहुताशविकल्पम् ॥ ५॥ राधिका
പാഠഭേദം :-
नयनविषयमपि किसलयतल्पम्।
कलयति विहितहुताशनकल्पम् ॥५॥
त्यजति न पाणितलेन कपोलम् ।
बालशशिनमिव सायमलोलम् ॥
६॥ राधिका
हरिरिति हरिरिति जपति सकामम् ।
विरहविहितमरणेन निकामम् ॥ ७॥ राधिका
പാഠഭേദം :-
हरिरिति हरिरिति जपति सकामम्।
विरहविहितमरणेव निकामम् ॥७॥
श्रीजयदेवभणितमिति गीतम् ।
सुखयतु
केशवपदमुपनीतम् ॥ राधिका