പാലക്കാട് മങ്കരയിലെ വിശ്വപ്രസിദ്ധമായ ചേറ്റൂർ തവാട്ടിൽ 1948-ലാണ് രാധാകൃഷ്ണന്റെ ജനനം. മാണിക്കത്ത് ബാലകൃഷ്ണൻ നായരുടെയും ചേറ്റൂർ പാറുക്കുട്ടിഅമ്മയുടേയും സീമന്തപുത്രൻ.
സ്വയം പാടാൻ കഴിവില്ലായിരുന്നുവെങ്കിലും തികഞ്ഞ സംഗീതാസ്വാദകനായിരുന്ന അച്ഛൻറ നിരന്തരമായ പ്രോത്സാഹനമാണ് രാധാകൃഷ്ണനെ സംഗീതജ്ഞനാക്കിയത്. പല തലമുറകളിലും വ്യക്തിമുദ്ര പതിപ്പിച്ച മഹദ് വ്യക്തികൾക്ക് ജന്മം കൊടുത്ത ചേറ്റൂർ തറവാടിന് “സംഗീതപാരമ്പര്യം" മാത്രം അതുവരെ അവകാശപ്പെടാനുണ്ടായിരുന്നില്ല.
ഇരയിമ്മൻ തമ്പിയുടെ' "ഓമന തിങ്കൾക്കിടാവോ" എന്ന് അമ്മയുടെ കണ്ഠസ്വരങ്ങളിൽ നിന്നുതിർന്ന ഈരടികളിൽ നിന്നാണ് രാധാക്യഷ്ണന് സംഗീതത്തിൻറ ആദ്യ പ്രചോദനം ലഭിക്കുന്നത്. കൊച്ചു കൊച്ചു ഗാനങ്ങളും സംഗീതത്തിന്റെ പ്രണവസ്വരങ്ങളും കുഞ്ഞായിരിക്കുമ്പോൾ തന്നെ അമ്മയിൽ നിന്ന് ഏറ്റുവാങ്ങി. എം. എസ്. സുബ്ബലക്ഷ്മി , ഡി.കെ. പട്ടാംബാൾ, ചെമ്പൈ, അരിയക്കുടി എന്നീ മഹാപ്രതിഭകളെക്കുറിച്ചുള്ള കഥകൾ കൗമാരപ്രായത്തിൽ മനസ്സിൽ താലോലിച്ചു നടന്നു. സഹോദരിമാർ മണ്ണൂർ രാജകുമാരനുണ്ണിയെന്ന സംഗീതവിദ്വാന്റെ അടുത്ത് പാട്ട് പഠിക്കാൻ പോകുമ്പോൾ, കൂട്ടിനുപോയിരുന്ന രാധാകൃഷ്ണൻ അടുത്ത മുറിയിലിരുന്ന് ശാസ്ത്രീയസംഗീതത്തിന്റെ സ്വരാവലികളും, ഗീതങ്ങളും വർണ്ണങ്ങളും - രാഗഭാവങ്ങളും ഹൃദിസ്ഥമാക്കി - നിലവിളക്കും ദക്ഷിണയും പുൽപ്പായയുമില്ലാതെ.. !
1968ൽ റെയിൽവേയിൽ സ്റ്റേഷൻമാസ്റ്ററായി തമിഴ് നാട്ടിലെ സേലത്ത് നിയമിതനായി. അവിടെവെച്ചാണ് മുറപ്രകാരമുള്ള സംഗീതാഭ്യസനം ആരംഭിക്കുന്നത്. വയലിൻ ചൗഡയ്യയുടെ ശിഷ്യനായ, വോക്കലിസ്റ്റ് കൂടിയായ പ്രശസ്ത സംഗിതവിദ്വാൻ ഏത്താപ്പൂർ ശ്രീനിവാസയ്യരുടെ കീഴിൽ എട്ടു വർഷം നീണ്ടുനിന്ന തപസ്യ. 1970ൽ സേലത്തുതന്നെ അരങ്ങേറ്റം നടന്നു. സംഗീതക്ലാസ്സുകൾക്ക് വേണ്ടി സമയം കണ്ടെത്താനായി എന്നും നൈററ് ഡ്യൂട്ടി. നരകതുല്യമായ ഔദ്യോഗിക ജീവിതത്തിൽ മേഗ്നസൈറ്റ് കേബിനിൽ വെച്ചും, പോകുന്നവഴിക്കുള്ള ചോളവയലുകളിലും തെങ്ങിൻതോപ്പുകളിലും വെച്ചുമാണ് നൂറോളം കീർത്തനങ്ങൾ അഭ്യസിച്ചത്!
1977ൽ കേരളത്തിലേക്ക് സ്ഥലംമാറ്റം ലഭിച്ചതിനെ തുടർന്ന് പാലക്കാട് താരക്കാട് ഗ്രാമത്തിൽ ശെമ്മങ്കുടി ശ്രീനിവാസയ്യരുടെ ശിഷ്യനായ കെ.എസ്. നാരായണസ്വാമിയുടെ കീഴിൽ അഭ്യസനം തുടർന്നു. കേരളത്തിനകത്തും പുറത്തുമായി ഇതിനകം നൂറ്റമ്പതോളം കച്ചേരികൾ നടത്തിക്കഴിഞ്ഞു. "സംഗീതമപി സാഹിത്യം സരസ്വത്യാ സ്തനദ്വയം ഏകമാപാദമധുരം അന്യദാലോചനാമൃതം" എന്ന വചനം മാനിച്ച് സാഹിത്യത്തിലും സംഗീതമാധുര്യം പകരാൻ രാധാകൃഷ്ണൻ അതിതാല്പര്യം കാണിച്ചു. പുരോഗമന കലാസാഹിത്യസംഘം, 'ആലോചന' സാഹിത്യവേദി, കേരളസംഗീതനാടക അക്കാദമി, തപസ്യ, ഭാരതീയ വിചാരകേന്ദ്ര എന്നീ സാംസ്കാരിക സംഘടനകളിൽ ഒട്ടനേകം വേദികളിലായി നിരവധി കവിതകൾക്ക് സംഗീതാവിഷ്ക്കരണം നടത്തിയിട്ടുണ്ട്. 1992ൽ സാക്ഷരതാഗാനങ്ങളുടെ ഒരു കാസറ്റും പ്രകാശനം ചെയ്തിട്ടുണ്ട്.
രാധാകൃഷ്ണൻ ആലപിച്ച സച്ചിദാനന്ദന്റെ "ഇവനെക്കൂടി സ്വീകരിക്കുക”, മഹാകവി കുഞ്ഞിരാമൻനായരുടെ "വിവേകാനന്ദ പ്പാറയിൽ, എന്നീ കവിതകൾ നല്ല കവിതാവതരണമായി ത്യശ്ശൂരിലെ "സ്കുൾ ഓഫ് ഡ്രാമ”യുടെ ആൽബത്തിൽ സൂക്ഷിച്ചിരിക്കുന്നു. ചിറ്റൂരിൽ നടന്ന തുഞ്ചൻ മഹോത്സവത്തിലും, പാലക്കാട് നടന്ന "അഖില കേരള ക്ഷേത്ര സംരക്ഷണസമിതി” യോഗത്തിലും എഴുത്തച്ഛൻറ അദ്ധ്യാത്മരാമായണം മുപ്പതോളം ശാസ്ത്രീയരാഗങ്ങളിൽ അവതരിപ്പിച്ചു. 1985 മുതൽ തൃശ്ശൂർ ആകാശവാണിയിൽ "സുഗം സംഗീത് ആർട്ടിസ്റ്റാണ്.
1989ൽ ഊട്ടിയിലെ 'ഫേൺഹിൽ' എന്ന സ്ഥലത്ത് ശ്രീനിത്യചൈതന്യയതി സംഘടിപ്പിച്ച നാരായണ ഗുരുകുലത്തിന്റെ അഖിലേന്ത്യാ സംഗീത-നാട്യ സമ്മേളനത്തിൽ കച്ചേരി അവതരിപ്പിക്കുവാൻ രാധാകൃഷ്ണന് ക്ഷണം ലഭിച്ചു. കച്ചേരിമദ്ധ്യത്തിൽ “യമൻ കല്യാണിയിൽ "കൃഷ്ണ നീ ബേഗനെ" എന്ന പുരന്ദരദാസകൃതി ആലപിച്ചപ്പോൾ, യതി "ചേറ്റൂർ രാധാകൃഷ്ണന് - നിറകണ്ണോടെ” എന്ന് എഴുതിയ ഒരു ഗ്രന്ഥം പാരിതോഷികമായി നൽകി. രാധാകൃഷ്ണനെ അനുമോദിച്ചുകൊണ്ട് ഇങ്ങനെ എഴുതി. "How sweet is your soul!" ലോകത്തിൽ നിലവിലുള്ള ശാസ്ത്രീയവും അല്ലാത്തതുമായ എല്ലാ സംഗീതരൂപങ്ങളിലും രാധാകൃഷ്ണൻ ആസ്വാദ്യത കണ്ടെത്തുന്നു. ശാസ്ത്രീയസംഗിതത്തിൽ കർണ്ണാടക ഹിന്ദുസ്ഥാനി പദ്ധതികൾ, ലളിതഗാനങ്ങൾ, ' നാടോടിപ്പാട്ടുകൾ, പാശ്ചാത്യ ക്ലാസിക്കൽ സംഗീതം, പോപ്പ് മ്യൂസിക്ക്, സിനിമാഗാനങ്ങൾ എന്നി സംഗീതത്തിൻറെ വിവിധവശങ്ങൾ സമന്വയിച്ചു താരതമ്യ പഠനം നടത്തുന്നതിൽ ഏറെ തൽപ്പരനാണ് രാധാകൃഷ്ണൻ. 1991ൽ തിരുവനന്തപുരം ദൂരദർശൻ സംപ്രേഷണം ചെയ്ത മഹാകവി ഒളപ്പമണ്ണയുടെ “നങ്ങേമക്കുട്ടി' എന്ന സീരിയലിൽ നങ്ങമക്കുട്ടിയിലെ കവിതകൾ ശാസ്ത്രീയ സംഗീതത്തിലെ രാഗങ്ങളിൽ രാധാകൃഷ്ണൻ “പ്ളേ ബേക്ക്” ആയി അവതരിപ്പിച്ചിട്ടുണ്ട്.
1994ൽ 'തപസ്യ' കലാവേദി പുറത്തിറക്കിയ "വൈഖരി” എന്ന കവിത ആഡിയോ കാസറ്റിൽ ,ടി.എസ്. രാധാകൃഷ്ണൻറെ സംഗീതസംവിധാനത്തിൽ ഒളപ്പമണ്ണയുടെ 'നിഴലാന', വിഷ്ണുനാരായണൻ നമ്പൂതിരിയുടെ "യാങ്‌സിയിലെ ചെന്താമര" എന്നീ കവിതകൾ ശാസ്ത്രീയരാഗങ്ങളിൽ ആലപിച്ചിട്ടുണ്ട്. മാനവമൈത്രി സംഗീതോത്സവത്തിൽ രാധാകൃഷ്ണൻ സ്വന്തമായി സംഗീതസംവിധാനം ചെയ്തവതരിപ്പിച്ച വൈശാഖന്റെ രംഗസ്തുതിഗാനം ഏഷ്യാനെറ്റിൽ പല തവണ പ്രക്ഷേപണം ചെയ്തിട്ടുണ്ട്.
ദൂരദർശൻ ഇപ്പോൾ പ്രദക്ഷിണം ചെയ്തുവരുന്ന 'തുഞ്ചത്താചാര്യൻ' എന്ന സീരിയലിൽ സംഗീത സംവിധാനവും, പാട്ടും (എഴുത്തച്ഛന്റെ ശബ്ദപശ്ചാത്തലം) രാധാകൃഷ്ണൻ നിർവ്വഹിച്ചു.
ഗുരുവായൂർ ചെമ്പൈ സംഗീതോത്സവം, ' കാന്തള്ളൂർ ചെമ്പൈ സംഗീതോത്സവം, കോട്ടായി ചെമ്പൈ സ്മാരകവിദ്യാപീഠത്തിന്റെ വാർഷികോത്സവങ്ങൾ, ചെമ്പൈ പാർത്ഥസാരഥി ക്ഷേതത്തിലെ ഏകാദശി ഉത്സവം തുടങ്ങി ഒട്ടനവധി മേളകളിൽ കഴിഞ്ഞ പത്തുവർഷമായി ' മുടങ്ങാതെ കച്ചേരികൾ നടത്തിവരുന്നു. 1989ൽ ചെമ്പൈ സ്മാരകവിദ്യാപീഠത്തിനുവേണ്ടി ' മഹാകവി ഒളപ്പമണ്ണ രാധാകൃഷ്ണനെ പൊന്നാട അണിയിച്ചാദരിച്ചിരുന്നു. -
കാൽനൂറ്റാണ്ടുകാലത്തെ റെയിൽവെ ജീവിതത്തിനിടയിൽ പ്രോത്സാഹനത്തിൻറ 'കണിക പോലും കാണാനാകാതെ 1992-ൽ സ്വമേധയാ' റിട്ടയർ ചെയ്ത് പാലക്കാട് കല്ലേക്കുളങ്ങരയിലെ സ്വവസതി “നീലാംബരി'യിൽ ഭാര്യ ഇന്ദിരയും മക്കൾ ശ്യാമും, ശൈലയുമൊത്ത് . കഴിയുന്നു. മൂന്നുപേരും സംഗിതപ്രിയർ - തികച്ചും ധന്യമായ കുടുംബജീവിതം. മുതൽക്കൂട്ടിന്നായി ഇരുപത്തഞ്ചോളം ശിഷ്യഗണങ്ങളും.
പാശ്ചാത്യ സംഗിതശാസ്ത്രം - (Musicology) അനുദിനം വളർന്ന് നവീകരണത്തിൻറെ മൂർദ്ധന്യത്തിലെത്തിനിൽക്കെ - ഇന്ത്യൻ സംഗീതം - പ്രത്യേകിച്ചും ദക്ഷിണേന്ത്യൻ സംഗീതം യാഥാസ്ഥികത്വത്തിന്റെ മറവിൽ വളർച്ച മുറ്റിനിൽക്കുന്നതിൽ രാധാകൃഷ്ണന് അത്യധികം ഉൽക്കണ്ഠയുണ്ട്. ഉപനിഷത്തുകളിൽ വിവരിച്ചിരിക്കുന്ന സഹിഷ്ണുത സംഗീതത്തിനും ബാധകമാണ്. കേൾക്കാനിമ്പമുള്ള പ്രകൃതിയിലെ എല്ലാ ശബ്ദവിന്യാസങ്ങളിലും രാധാകൃഷ്ണൻ സംഗീതം കണ്ടെത്താൻ ശ്രമി ക്കുന്നു,